Image

കർക്കടകം മുപ്പത്തിയൊന്ന് : രാമായണ മാസം അവസാന ദിനം ; (ദുർഗ മനോജ് )

ദുർഗ മനോജ് Published on 16 August, 2023
കർക്കടകം മുപ്പത്തിയൊന്ന് : രാമായണ മാസം അവസാന ദിനം ; (ദുർഗ മനോജ് )

രാമായണം എന്ന ആദി കാവ്യം കാലാതിവർത്തിയായി ഇന്നും മനുഷ്യരെ ചിന്തിപ്പിക്കുകയും, വ്യാഖ്യാനങ്ങൾക്കും വിശകലനങ്ങൾക്കും ഇടം നൽകി പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അനേകം വിമർശനങ്ങൾക്കിടയിലും അതിലുമനേകം സാധൂകരണങ്ങൾ രാമായണത്തിനുണ്ട്. അതുകൊണ്ടാണത് ഇതിഹാസമാകുന്നതും, മഹാഭാരതത്തിനപ്പുറം മറ്റൊരു ഇതിഹാസം രാമായണത്തിനൊപ്പം നിൽക്കത്ത വിധം രചിക്കാൻ ആർക്കും സാധിക്കാത്തതും. രാമായണത്തെ ഭക്തിപൂർവം സമീപിക്കുന്ന ബഹുസഹസ്രം ജനങ്ങൾക്കിടയിൽ നിന്നു കൊണ്ടുതന്നെ, അതിന്റെ ഭക്തി രസത്തെ മാറ്റി നിർത്തി, രാമായണം എന്ന കൃതി മുന്നോട്ടുവയ്ക്കുന്ന ആശയമെന്തെന്നു ചിന്തിക്കുന്നവരും തീരെ അപൂർവ്വമല്ല. നാരായണന്റെ അവതാരം, ഭൂമിയുടെ രക്ഷയ്ക്കായ് രാക്ഷസ കുലത്തേയും രാവണനേയും നശിപ്പിക്കാൻ ഭൂജാതനായി എന്ന കഥ, ജീവിതത്തിന്റെ ആപത്ഘട്ടത്തിൽ, ഈശ്വരന്റെ ഒരു കൈ തനിക്കു നേരെ നീണ്ടുവരും എന്ന തീർത്തും സാധാരണ ചിന്തയാണ്. എന്നാൽ ആ ചിന്തയും ആ ഉറപ്പും അവന് തന്റെ പ്രാരാബ്ദങ്ങൾ മാത്രം നിറഞ്ഞ ജീവിതത്തിൽ വലിയ ആശ്വാസമാണ്. എല്ലാവർക്കും വേണ്ടത് തന്റെ പ്രശ്നങ്ങൾ കേൾക്കാനുള്ള മനസ്സുള്ള ഒരു കേൾവിക്കാരനെയാണ്. പ്രാർത്ഥനയിൽ തനിക്കു പറയാനുള്ളത് ഈശ്വര സമക്ഷം സമർപ്പിക്കുന്ന ഭക്തന് ഹൃദയഭാരമിറക്കി വെച്ച സമാധാനം ലഭിക്കുന്നു. അത്തരം മനുഷ്യർ രാമനെ, തന്റെ സകല പ്രശ്നങ്ങളിലും ആലംബമായി കാണുന്നു. രാമൻ മനുഷ്യനായി അവതരിച്ചപ്പോൾ എന്തെല്ലാം സഹിച്ചു, അപ്പോൾ കേവലം മനുഷ്യനായ തനിക്ക് എന്തുകൊണ്ട് ഇവ തരണം ചെയ്തു കൂടാ എന്നൊരു ചിന്ത അവരിൽ ഉദിക്കുന്നു. ഇതു ഭക്തരുടെ ചിന്ത, എന്നാൽ രാമായണത്തെ മറ്റൊരു ദിശയിൽ സമീപിച്ചാൽ അത് ഏറ്റവും മികച്ച രാഷ്ട്രമീമാംസയാണ് ഉൾക്കൊള്ളുന്നതെന്നു കാണാം. ആരാണ് ഒരു രാജാവ് / ഭരണാധികാരി / രാജ്യരക്ഷകൻ എന്നാണു ചോദ്യം. കേവലം ഭരണം നടത്തുക, നികുതി പിരിക്കുക, അന്തഃപുരത്തു പരശതം നാരിമാരോടൊത്തു രമിക്കുക, നായാടുക, ഇടയ്ക്കു യുദ്ധം ചെയ്യുക, എന്ന നാട്ടുനടപ്പിനെയാണ് രാമൻ എന്ന ബിംബത്തിലൂടെ വാല്മീകി ചോദ്യം ചെയ്യുന്നത്. ഭരിക്കുന്നവർ മനുഷ്യർക്കു സാധിക്കുന്നതിലുമധികം നീതിയും ധർമ്മവും ആചരിക്കുന്നവരാകണം. അവർക്കു തെറ്റു സംഭവിക്കാൻ പാടില്ല. അവർ ഭോഗങ്ങളിൽ മുഴുകുന്നവരാകരുത്. സദാ, അവർ രാജാവു മാത്രമായിത്തുടരണം. നേതാവിനു സ്വകാര്യ ജീവിതമില്ല. ഭാര്യയും മക്കളുമൊക്കെ പ്രജകൾക്കു പിന്നിലാണ് നിലകൊള്ളേണ്ടത്. പ്രജകൾക്കു അവിശ്വാസമുണ്ടായാൽ, അതിനു ഭൂരിപക്ഷം വേണമെന്ന വാദമൊന്നുമില്ല, പ്രജകളുടെ വിശ്വാസം രക്ഷിക്കാൻ വേണ്ടി വന്നാൽ ജീവൻ തന്നെ ആ രാജാവു ത്യജിക്കും.

വർത്തമാനകാല രാഷ്ട്രീയ സ്ഥിതിഗതികൾ കാണുന്ന ഏതൊരാൾക്കും രാമായണം മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ പരിശുദ്ധി അതിശയിപ്പിക്കുന്ന ചിന്തയാണ്.

രാമനു സീത, രാമനോളം പ്രാധാന്യമുള്ളതാണ്. എന്നിട്ടും രണ്ടു പ്രാവശ്യം അഗ്നിശുദ്ധി വരുത്താൻ രാമൻ ആവശ്യപ്പെടുന്നുണ്ട് സീതയോട്. അത് വൈകാരികതകൾക്കും മേലെയാണ് തന്റെ പ്രജകളോടുള്ള കടപ്പാട് എന്ന രാമന്റെ നിലപാടിനു പുറത്താണ്. സീതയും അത് അംഗീകരിക്കുന്നുണ്ട്. ഒപ്പം സ്ത്രീയെന്ന അവളുടെ ആത്മസത്തയെ ചോദ്യം ചെയ്യുന്നു എന്ന ചിന്ത ഉണ്ടാകുന്ന നിമിഷം, സീത ഭൂമിക്കുള്ളിലേക്ക് അന്തർധാനം ചെയ്യുന്നുമുണ്ട്.

രാമനും സീതയും ഉത്തമപുരുഷനും സ്ത്രിയുമാണ്. നന്മകൾ, മുഴുവൻ റദ്ദു ചെയ്യപ്പെടുന്ന വർത്തമാനകാലത്ത് രാമൻ, സീത, രാമായണം, എഴുത്തച്ചൻ, രാമായണ പാരായണം തുടങ്ങിയ വാക്കുകൾ പലരേയും അസ്വസ്ഥപ്പെടുത്തുന്നുമുണ്ട്. അത് നന്മകളെ എങ്ങനെ സ്വീകരിക്കണമെന്ന പരിഭ്രാന്തിയിൽ നിന്നും ഉളവാകുന്നതാണ്. നന്മയും, നീതിയും ഭൂമി നിലനിൽക്കുവോളം ഭൂമിയിൽ പുലരും, അത്രത്തോളം കാലം രാമായണവും രാമനും സീതയും മനുഷ്യമനസ്സിൽ നിലകൊള്ളും.

പണ്ട് കർക്കടകം പഞ്ഞമാസമായിരുന്നു. ഇന്ന് ഏതു മാസവും വിപണി നിശ്ചയിക്കുന്ന ആഘോഷമാസമാണ്. എന്നാൽ മനുഷ്യഹൃദയങ്ങളിൽ കാർമേഘം ഘനീഭവിച്ചു കിടക്കുകയും ചെയ്യുന്നു. വൈരുദ്ധ്യങ്ങൾ നിറഞ്ഞ ദിവസങ്ങളാണ് ഓരോ മനുഷ്യന്റെ മുന്നിലും ഇന്നുള്ളത്. അവൻ ആശങ്കയിലാണ്. അതേസമയം മത്സരങ്ങളിലുമാണ്. കലുഷിതമനസ്സിൽ അല്പം ആശ്വാസം നിറയ്ക്കാൻ ഈശ്വര ചിന്തയ്ക്കു സാധിക്കും. നാളെ ചിങ്ങം പിറക്കുകയാണ്. ഒരു മാസം നീണ്ട രാമായണ വായനയിൽ നിന്നുൾക്കൊണ്ട ഊർജം ഒരു സംവത്സരം താണ്ടാനുള്ള ത്രാണിയേകട്ടെ എന്നു നമുക്കു പ്രാർത്ഥിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക