Image

ലോക ഫോട്ടോഗ്രാഫി ദിനം (ഓർമ്മപ്പാടങ്ങളിലൂടെ : ജോൺ മാത്യു)

Published on 19 August, 2023
ലോക ഫോട്ടോഗ്രാഫി ദിനം (ഓർമ്മപ്പാടങ്ങളിലൂടെ : ജോൺ മാത്യു)

നെല്‍ പാടങ്ങള്‍..
ഈ ചിത്രം പോലെ ഏറെ ഹൃദ്യമാണത്. 

കൊയ്യാന്‍ പാകമായ നെല്‍ചെടികളുടെ ഗന്ധം. 

വഴുക്കുന്ന പാടവരമ്പത്ത് കാളപൂട്ടന്നതു കൗതുകത്തോടെ നോക്കി നിന്ന ബാല്യം ഓര്‍മ്മയിലുണ്ട്. 

വഴുതിവീഴാതിരിക്കാന്‍ കാല്‍വിരല്‍ ഈന്നിവേണം പാടവരമ്പത്തൂകൂടി നടക്കാന്‍. 
കൊയ്ത്തു യന്ത്രവും ബംഗാളികളും കൊയ്ത്തും മെതിയുമെല്ലാം കൈയ്യേറുന്നതിന് മുമ്പ് അതെല്ലാം മലയാളി തനിയെ ചെയ്തിരുന്നു. 

അതിരാവിലെ കൊയ്ത്തരിവാളും, ചോറും കറികളും നിറച്ച കുട്ടയും തലയിലേന്തി പാടവരമ്പത്തുകൂടെ ഒരു ജാഥ പോലെ നടന്നു പോകുന്ന തൊഴിലാളികളുടെ ചിത്രം എന്റെ പ്രായത്തിലുള്ളവരുടെ ഓര്‍മ്മയിലുണ്ടാകും. നെല്‍കറ്റകള്‍ തലച്ചുമടായി ചിലപ്പോള്‍ വള്ളം അടുക്കുന്ന വലിയ തോടിന്റെ വക്കിലേക്കായിരിക്കും ആദ്യം എത്തുക. പിന്നെ വലിയ വള്ളത്തില്‍ റോഡിനടുത്തേക്ക്, അവിടെ നിന്നും ലോറിയിലാണ് പിന്നീടുള്ള യാത്ര, 

ഉടമയുടെ കളത്തിലെത്തുമ്പോള്‍ ചിലപ്പോള്‍ പാതിരാത്രിയാകും. 

വൈദ്യുതി എത്താത്ത നാട്ടിന്‍പുറത്ത് ചൂട്ടുകറ്റയുടെ വെളിച്ചത്തില്‍ നാട്ടുവഴികളിലൂടെ വീടുകളിലേക്കുള്ള യാത്ര. 

കറ്റമെതിക്കുമ്പോള്‍ കാല്‍പാദങ്ങളില്‍ ചോര പൊടിയും, അടുക്കിവച്ച നെല്‍ക്കറ്റകള്‍ക്ക് ഒരു പ്രത്യേക ഗാന്ധമാണ്. മെതിക്കളത്തിലെ ഉച്ചത്തിലുള്ള സംസാരവും, തമാശ നിറഞ്ഞ ആരവങ്ങളും. 

വിളഞ്ഞ പാടം കൊയ്യുന്നത് ഉത്സവം പോലെ ആഘോഷിച്ച ഒരു കാലവും ഓര്‍മ്മയിലുണ്ട്. അതുപോലെ തന്നെയാണ്  കപ്പവാട്ടാനും, കല്യാണ സദ്യ ഒരുക്കാനും, പുര മേയാനും മറ്റും നാട്ടുകാരും സുഹൃത്തുക്കളും ഒന്നിച്ചുകൂടുന്ന ദിനങ്ങളും . 

പിള്ളേര്‍ക്കും സന്തോഷമാണ്. ആ ദിനങ്ങളില്‍ പള്ളിക്കൂടത്തില്‍ പോകണ്ട. 

ഇന്ന് കൊയ്ത്ത് യന്ത്രങ്ങള്‍കൊണ്ട് ഏക്കറുകള്‍ കൊയ്‌തെടുക്കാന്‍ ഏതാനും മണിക്കൂറുകള്‍ മതി.

കായികാധ്വാനം മാത്രമല്ല അവയെല്ലാം ; നാട്ടിലെ എല്ലാ മനുഷ്യരും ഒത്തുകൂടുന്ന, വേളകള്‍ കൂടിയായിരുന്നു. 

അടുത്ത വീട്ടില്‍ അടുപ്പു പുകഞ്ഞില്ലെങ്കില്‍ കാരണം തിരക്കാന്‍ അയല്‍ക്കാര്‍ മടിക്കാത്ത കാലമായിരുന്നു. അയലത്തെ കലത്തിലെ കഞ്ഞി വിളമ്പിയെടുക്കാന്‍ അനുവാദം വേണ്ടാത്ത കാലം കൂടിയായിരുന്നു അത്. 

(ലോക ഫോട്ടോഗ്രാഫി ദിനമായ ഇന്ന് കുമരകം മലരിക്കൽ വസന്തം വിളയിക്കുന്ന ആമ്പൽ പാടത്തെ ചിത്രങ്ങളും ഒപ്പം.
ദീപിക ദിനപത്രം ഫോട്ടോഗ്രാഫറാണ് ജോൺ മാത്യു)

 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക