Image

ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി പിടികൂടി: നിസ്സാരമാക്കരുത് ഈ തട്ടിപ്പ്: (ദുര്‍ഗ മനോജ്)

ദുര്‍ഗ മനോജ് Published on 21 August, 2023
ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി പിടികൂടി: നിസ്സാരമാക്കരുത് ഈ തട്ടിപ്പ്: (ദുര്‍ഗ മനോജ്)

ഐ. എസ്. ആര്‍. ഒ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി നടത്തിയ രണ്ട് ഹരിയാനക്കാര്‍ അറസ്റ്റിലായി. സുനില്‍, സുനിത്ത് എന്നിവര്‍ പ്ലസ് ടു യോഗത വേണ്ട ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടിച്ചത്. മുന്‍കൂട്ടി ലഭിച്ച രഹസ്യ സന്ദേശത്തിനെ പിന്‍പറ്റി നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കോട്ടണ്‍ഹില്‍ സ്‌ക്കൂളിലും സെന്റ് മേരീസ് സ്‌ക്കൂളിലും ഉള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ ആണ് തട്ടിപ്പു നടത്തിയവര്‍ പരീക്ഷ എഴുതിയത്.

വയറില്‍ ബെല്‍റ്റ് കെട്ടിവെച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വെച്ചായിരുന്നു കോപ്പിയടി. ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്. ആദ്യം ഫോണില്‍ ചോദ്യ പേപ്പറിന്റെ ഫോട്ടോ എടുത്തു തുടര്‍ന്ന് സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് ബ്ലൂടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുന്ന വിധത്തിലായിരുന്നു കോപ്പിയടി ആസൂത്രണം ചെയ്തത്. 
പോലിസ് പിടികൂടുന്ന സമയത്ത് സുനില്‍ 75 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നു. മ്യൂസിയം പോലീസാണ് അയാളെ അറസ്റ്റ് ചെയ്തത്. സുനിത്തിനെ മെഡിക്കല്‍ കോളേജ് പോലീസാണ് പിടികൂടിയത്. നിരവധി ഹരിയാന വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് എത്തിയിരുന്നു. കൂടുതല്‍ പേര്‍ കോപ്പിയടി നടത്തിയോ, ആള്‍മാറാട്ടം നടത്തിയോ എന്ന അന്വേഷണത്തിലാണ് പോലീസ്.

ചന്ദ്രയാന്‍ ദൗത്യം വിജയത്തിലേക്ക് അടുക്കുമ്പോള്‍ ഐ എസ് ആര്‍ ഒ പോലെ നയതന്ത്രപരമായും രാജ്യരക്ഷാപരമായും അതീവ സുരക്ഷയുള്ള കേന്ദ്രത്തില്‍ ഇത്തരത്തില്‍ തട്ടിപ്പിലൂടെ ജോലിക്കാര്‍ പ്രവേശിച്ചാല്‍ അത് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്തെ ആകെ തകര്‍ക്കും എന്നത് ഉറപ്പാണ്. ഏറ്റവും മികവു തെളിയിക്കുന്നവരില്‍ കേമന്മാരെയാണ് ഐ എസ് ആര്‍ ഒ പോലുള്ള സ്ഥാപനങ്ങള്‍ക്കു വേണ്ടത്. അവിടെ കള്ളത്തരത്തിലൂടെ പ്രവേശിക്കുന്നവര്‍ നിറഞ്ഞാലോ? വെറും പോലീസ് അന്വേഷണത്തില്‍ നടപടി അവസാനിപ്പിക്കാതെ സംസ്ഥാനാന്തര അന്വേഷണം നടത്തി തട്ടിപ്പുകാരെ നിയമത്തിനു മുന്നില്‍ എത്തിക്കുകയും കടുത്ത ശിക്ഷ ഉറപ്പാക്കുകയും വേണം.

ദുര്‍ഗ മനോജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക