Image

എന്താണ് നമ്മൾ ആഘോഷിക്കേണ്ടത്? ചില ഓണക്കാല ചിന്തകൾ (വാൽക്കണ്ണാടി - കോരസൺ)

Published on 26 August, 2023
എന്താണ് നമ്മൾ ആഘോഷിക്കേണ്ടത്? ചില ഓണക്കാല ചിന്തകൾ (വാൽക്കണ്ണാടി - കോരസൺ)

ജീവിതത്തിലെ ഓരോ ഓണവും ഓരോ ഉണർത്തുപാട്ടാണ്‌. മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ ഓർമ്മകൾ ഓടിച്ചെല്ലുമ്പോൾ, ഇല്ലായ്മകളുടെ ആ പിന്നാമ്പുറങ്ങളിൽ അന്ന് പെറുക്കിവച്ച പൂക്കളങ്ങൾ സ്നേഹപ്പൂക്കൾ കൊണ്ടായിരുന്നു; ആ പൂക്കൾക്ക് വർഗ്ഗിയതയുടെ നിറമില്ലായിരുന്നു, വിദ്വേഷങ്ങളുടെ ഗന്ധവുമില്ലായിരുന്നു. ഇലയിൽ വിളമ്പിയ ചൂട് ചോറിനു മുന്നിലിരിക്കുമ്പോൾ അത് ഏതോ തൊടാനാകാത്ത മനുഷ്യരുടെ വിയർപ്പിന്റെ മണികളായിരുന്നെന്ന് അറിയില്ലായിരുന്നു . അന്നു ആടിയ ഊഞ്ഞാലിൽ മുഖാമുഖം കുനിഞ്ഞു നിന്ന് ചവിട്ടി ഉയർത്തുമ്പോൾ കാലത്തിന്റെ ഇറക്കവും ഭാവിയുടെ ഉയർച്ചയും സമാസമം ആണെന്ന തിരിച്ചറിവില്ലായിരുന്നു. പക്ഷേ, അതുവരെ കാണാത്ത ചക്രവാളസീമക്ക്‌ ഒട്ടേറെ പ്രതീക്ഷകളുടെ നിറപ്പകിട്ടുണ്ടായിരുന്നു. 

ദേഹമാസകലം വർണ്ണങ്ങളിൽ പുരട്ടിയ പുലികൾ താളത്തിൽ ചാടുമ്പോൾ അറിഞ്ഞില്ല; സ്വാതന്ത്ര്യത്തിൻറെ നിറഭേദങ്ങൾക്കു പുലികളുടെ അരയിൽ ചുറ്റിയ കാട്ടു ചെടികളുടെ അൽപ്പായുസ്സായിരിക്കുമെന്ന്. കറുത്ത കണ്ണടവച്ചു പുലിക്ക് ചുറ്റും തോക്കുമായി നൃത്തം വെച്ചു നടന്ന വേട്ടക്കാരൻ നന്മകളുടെ അന്തകനായിരിക്കുമെന്ന്. അവസാന വെടിയോടയോടെ പുലി ചത്തുവീഴുമ്പോൾ ഒരു വലിയ കുതിപ്പിന്റെ ഒടുക്കമാണിതെന്നു തിരിച്ചറിവുണ്ടായിരുന്നില്ല. അന്ന് കൂകിവിളിച്ചു കൈയ്യടിച്ചപ്പോൾ ഇനിയും വേട്ടക്കാരന്റെ ഇര നമ്മളൊക്കെയായിരിക്കുമെന്ന് ധരിച്ചില്ല. ചെണ്ടയുടെ താളത്തിനു കുത്തിമറിയുമ്പോൾ അവൻറ്റെ തോക്കിൻ മുനയിൽ എപ്പോഴെങ്കിലും ഒടുങ്ങും നന്മകളുടെ പൂക്കാലമെന്ന് ഓർത്തില്ല.

തീരാത്ത തീർഥാടനങ്ങളും ഒടുങ്ങാത്ത പദയാത്രകളും, വഴിയോരത്തു പാചകം ചെയ്തും, കലമുടച്ചും,പൊതു ജീവിതം അമ്മാനമാടുന്ന ഭ്രാന്തമായ മതഭ്രമങ്ങൾ! പാലങ്ങൾക്കും ബലമില്ല പാളയങ്ങൾക്കും വിലയില്ല. വിദ്യ എന്ന അഭ്യാസം വെറും ആഭാസമായ ചന്തയായി. കയ്യിൽ നിറച്ചരടുകളും കെട്ടി, മുട്ടിനു താഴെ വച്ചു തുന്നിയ കാലുറകളും ധരിച്ചു, രൂപത്തിലും ഭാവത്തിലും താനേതോ പ്രത്യേക ഗണമാണെന്നു വിളിച്ചുപറയുന്ന മനുഷ്യ കോമരങ്ങളായി നാം അധഃപതിച്ചു. ചെറുകിട വ്യവസായികൾ നാടുവിട്ടു ഓടുമ്പോൾ, ഓടാനറിയാത്ത പാവം കർഷകർ ചെറിയ കയറിൽ എല്ലാം അവസാനിപ്പിക്കുന്നു. കോടതിവിധികൾ നടപ്പാക്കാൻ ‘വിശ്വാസികൾ’സമ്മതിക്കില്ല എന്ന് വാശി പിടിക്കുന്നു, നടപ്പാക്കാൻ പറ്റില്ല എന്നു  ഭരണകർത്താക്കൾ, ഇവിടെ എങ്ങനെയാണു നീതിയും ന്യായവും നടപ്പാക്കാനാവുക? ആധുനിക സാമൂഹിക സംവിധാനങ്ങൾ ഒക്കെ അപ്പാടെ മരവിച്ചു.

പൊള്ളക്കഥകൾ പെരുപ്പിച്ചു മാധ്യമങ്ങൾ അന്തിചർച്ച പൊടിപൊടിക്കുന്നു. ശരി പോലെ തോന്നുന്ന നുണകൾ നിറഞ്ഞു നിക്കുന്നിടത്തു ശരിയേതെന്നു ചൂണ്ടിക്കാണിക്കാൻ, ജീവനിൽ കൊതികൊണ്ടു മടിച്ചു നിൽക്കുന്ന സാംസ്‌കാരിക നായകർ. ആൾദൈവങ്ങളുടെ മുന്നിലൊരു നാണവുമില്ലാതെ ഇഴഞ്ഞു നടക്കുന്നു നേതാക്കന്മാർ. കൂട്ടത്തോടെ കാലുമാറുന്ന സാക്ഷികൾ, മദ്യപിച്ചു വണ്ടിയിടിച്ചു കൊലനടത്തിയാലും രക്ഷപെടുത്താൻ ശ്രമിക്കുന്ന നിയമപാലകർ, ദശവത്സരങ്ങൾ വേണ്ടിവരുന്ന വ്യവഹാരങ്ങൾ. ക്രൂരമാണ് നമ്മുടെ അവസ്ഥ! 

ഇവിടെ, പരസ്പരം നിലനിൽക്കേണ്ട നന്മയെക്കുറിച്ചു പറയാൻ ആർക്കാണ് അവകാശം? മേഘങ്ങളിൽ ഒളിച്ചിരിക്കുന്ന ദേവനോ അതോ പാതാളത്തിൽ നിലയുറപ്പിച്ച അസുരനോ? 

എല്ലാ മാനുഷീക ഇടപാടുകളിലും വിശ്വാസത്തിന്റെ ഒരു തിരി കണ്ടേ മതിയാവുകയുള്ളൂ. വാങ്ങുമ്പോൾ, കൊടുക്കുമ്പോൾ, പഠിക്കുമ്പോൾ, അംഗത്വം എടുക്കുമ്പോൾ, ബന്ധം സ്ഥാപിക്കുമ്പോൾ, പിറന്നു വീഴുന്നതുമുതൽ ഇത്തരം പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും പരസ്‌പര ബന്ധിത ശൃംഖല തീർക്കുകയാണ് നാം. ഇവിടെ ഒരു വിള്ളൽ വന്നാൽ, തകരുകയാണ് സമൂഹം. നമുക്ക് മുന്നിൽ അസുരനായ ഒരു മഹാബലിതമ്പുരാനേ പരിപൂര്‍ണമായ വൈജയന്തികനായുള്ളൂ.
ഇന്ന് മലയാളി, എല്ലാ മനുഷ്യഗുണങ്ങളുടെ സൂചികകളിലും വളരെയേറെ മുന്നിലാണെങ്കിലും, പരസ്പര സംശയത്തിന്റെ സൂചികയിൽ എല്ലാ കാലത്തേക്കാളും മുകളിലാണ് എന്നുസമ്മതിച്ചുതന്നേ പറ്റുള്ളൂ. മുത്തും പവിഴവും കൊണ്ട് നിറഞ്ഞാലും 

ഒരിക്കലും നിറയാത്ത മനസ്സുമായി ഒരു ഓണക്കകാലം കൂടി.

 

Join WhatsApp News
Vayanakkaran 2023-08-26 13:49:34
അച്ചു ഉമ്മെന്റെ വാച്ചും വീണു കിടക്കുന്ന മാസപ്പടിയാന്റെ കാര്യംകൂടി പറയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക