Image

നായകടി ഏല്‍ക്കുന്നത് നിസ്സാരമല്ല; കുട്ടികളെ ബോധവത്കരിക്കേണ്ടതു പ്രധാനം (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 06 September, 2023
നായകടി ഏല്‍ക്കുന്നത് നിസ്സാരമല്ല; കുട്ടികളെ ബോധവത്കരിക്കേണ്ടതു പ്രധാനം (ദുര്‍ഗ മനോജ് )

സംഭവിച്ചതു കേരളത്തിലല്ല എങ്കിലും എല്ലാവരും ഏറെ ജാഗ്രത പുലര്‍ത്തേണ്ട ഒരു സംഭവം യു പിയിലെ ഗാസിയാബാദില്‍ നിന്നും പുറത്തു വന്നിട്ടുണ്ട്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹ്വാസ് എന്ന കുട്ടി, നായ കടിയേറ്റതു വീട്ടില്‍ പറയാതെ മറച്ചുവയ്ക്കുകയും, തുടര്‍ന്ന് പേയിളകി മരിച്ചു എന്നതാണ് വാര്‍ത്ത. അയല്‍ക്കാരി തെരുവുനായകള്‍ക്കു ഭക്ഷണം സ്ഥിരമായി കൊടുത്തിരുന്നു. അതില്‍ ഒരു നായ ഷഹ്വാസിനെ ഒന്നര മാസം മുന്‍പ് കടിച്ചിരുന്നു. എന്നാല്‍ വീട്ടില്‍പ്പറഞ്ഞാല്‍ വഴക്കു പറയുമെന്നു ഭയന്ന കുട്ടി, ഈ വിവരം ആരോടും പറഞ്ഞില്ല. അതിനാല്‍ത്തന്നെ കുത്തിവെയ്പ്പ് എടുത്തതുമില്ല. ഈ മാസം ആദ്യം കുട്ടിക്ക് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുവരികയും, ഇരുട്ടു ഭയമാവുകയും ചെയ്തതോടെ ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പേവിഷബാധയെന്നു തെളിഞ്ഞ സാഹചര്യത്തില്‍ കുട്ടിയെ അവിടെ നിന്നും രക്ഷകര്‍ത്താക്കള്‍ ആയുര്‍വേദ ചികിത്സയ്ക്ക് എത്തിച്ചു. എന്നാല്‍ രോഗം മുര്‍ച്ഛിച്ചതോടെ ഗാസിയാബാദിലെ ആശുപത്രിയിലേക്കു കൊണ്ടു പോകും വഴി ആബുലന്‍സില്‍ വെച്ച് കുട്ടി മരണപ്പെട്ടു.

സംഭവത്തില്‍ കുട്ടിയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. തെരുവുനായകള്‍ക്കുള്‍പ്പെടെ നിരവധി നായകള്‍ക്കു ഭക്ഷണം നല്‍കുന്ന അയല്‍ക്കാര്‍ക്ക് എതിരേയാണ് കേസ് എടുത്തിട്ടുള്ളത്. കുട്ടിക്കു നായ കടിയേറ്റ സംഭവം, യഥാസമയം വീട്ടുകാര്‍ അറിയാതെ പോയതാണ് ഒരു ജീവന്‍ നഷ്ടമാകാന്‍ കാരണം. നായകള്‍ മനുഷ്യരോട് ഇണങ്ങിയ സ്‌നേഹമുള്ള വളര്‍ത്തു ജീവികളാണ് എന്നത് അംഗീകരിക്കുമ്പോള്‍ത്തന്നെ, അവയില്‍ നിന്നും പകരുന്ന പേവിഷബാധയേറ്റാല്‍ അതിനു മരുന്നില്ല എന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്. പേവിഷബാധ തടയാന്‍ ആന്റി റാബിസ് കുത്തിവെപ്പ് മാത്രമാണ് പ്രതിവിധി. അതും കടിയേറ്റാല്‍ ഒട്ടും വൈകാതെ ചെയ്യേണ്ടതും, കടിയുടെ ഗൗരവമനുസരിച്ച് വേണ്ട മറ്റു പ്രതിവിധികള്‍ മെഡിക്കല്‍ പ്രാട്ടോക്കോള്‍ പ്രകാരം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് പിന്തുടരുകയും വേണം. ഈ ഘട്ടത്തില്‍ സ്വയം ചികിത്സയും നാട്ടുവൈദ്യവും, മന്ത്രവാദവും ഒന്നും ഫലം ചെയ്യില്ല എന്നു മാത്രമല്ല ജീവന്‍ നഷ്ടമാക്കും എന്ന തിരിച്ചറിവും വളരെ പ്രധാനമാണ്. തീരെച്ചെറിയ കുട്ടികളെ പകലായാലും രാത്രിയായാലും കുറച്ചു സമയം പോലും ഒറ്റയ്ക്കാക്കരുത്. അല്പം മുതിര്‍ന്ന കുട്ടികളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം.

ഇനി സര്‍ക്കാര്‍ കേസ് എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറസ്റ്റ് പഴയ വിഡ്ഢിയായ രാജാവ് തൂക്കു കയറിന് പാകമായ കഴുത്തുള്ളവനെ അന്വേഷിച്ചതിനു തുല്യമാണ്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് തെരുവുനായകളെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അങ്ങനെ പെറ്റുപെരുകുന്നവയ്ക്ക് മൃഗസ്‌നേഹികള്‍ തെരുവില്‍ ഭക്ഷണം നല്‍കുന്നു.( അവരുടെ വീട്ടുമുറ്റം അടച്ചിട്ടിരിക്കും) തെരുവ് നാട്ടുകാരുടേത് ആകുന്നു. അപ്പോള്‍ ഈ പ്രശ്‌നത്തില്‍ യഥാര്‍ത്ഥ പ്രതി സര്‍ക്കാരുകള്‍ തന്നെയാണ്.

അതിനാല്‍ ജനം സ്വയം ജാഗ്രതയോടെ പെരുമാറുക എന്നതു മാത്രമാണ് അവനവന്റെ ജീവന്‍ രക്ഷിക്കാന്‍ ഉതകുക.

English summary: Dog bites are not trivial; It is important to educate children

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക