Image

ബെല്‍റ്റ് റോഡിന് ഇറ്റലിയില്ല; യുഎസിനെ വിട്ട് ചൈനയോടൊപ്പമില്ലെന്ന് നിലപാട് (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 11 September, 2023
ബെല്‍റ്റ് റോഡിന് ഇറ്റലിയില്ല; യുഎസിനെ വിട്ട് ചൈനയോടൊപ്പമില്ലെന്ന് നിലപാട് (ദുര്‍ഗ മനോജ് )

ജി 20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോര്‍ജ മെലോനി നയം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷിചിന്‍പിങ്ങിന്റെ സ്വപ്നമായ ബെല്‍റ്റ് ആന്‍ഡ് റോസ് പദ്ധതിയില്‍ പങ്കാളിയാകാനില്ല എന്ന ഇറ്റലിയുടെ തീരുമാനം ചൈനയ്ക്ക് തിരിച്ചടിയായി. ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ നിന്ന് ഇറ്റലി പിന്‍മാറാന്‍ ആഗ്രഹിക്കുന്നതായി മെലോനി അറിയിച്ചത്.എന്നാല്‍ ബെയ്ജിങ്ങുമായി നല്ല സൗഹൃദ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നെന്നും ഇറ്റലി വ്യക്തമാക്കി. പദ്ധതിയിലെ പങ്കാളിത്തത്തിന്റെ പേരില്‍ യു എസുമായുള്ള നയതന്ത്രബന്ധം വഷളായേക്കുമെന്നതിനാലാണ് ഇറ്റലിയുടെ ഈ നയംമാറ്റം.

2019ലാണ് ഇറ്റലി ഔദ്യോഗികമായി ചൈനയുമായി കരാറില്‍ ഒപ്പുവെച്ചത്. വിവിധ രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ചൈനയുടെ വന്‍കിട വാണിജ്യ ശൃംഗലയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ്.

ജി 20 ഉച്ചകോടിയില്‍ ഇതിനു ബദലായി റെയില്‍, കപ്പല്‍മാര്‍ഗങ്ങളിലൂടെ ഇന്ത്യ പശ്ചിമേഷ്യ, യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ധാരണയായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ കമ്മീഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ഡെര്‍ ലെയ്‌നുമാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ നിന്നും കപ്പലില്‍ ഗള്‍ഫിലേക്കും, അവിടെ നിന്നും ട്രെയിനില്‍ യൂറോപ്പിലേക്കും ചരക്കുനീക്കം സാധ്യമാക്കുന്നതാണ് പദ്ധതി. ഇന്ത്യയ്ക്കും, യൂറോപ്യന്‍ യൂണിയനും പുറമേ യു എസ്, സൗദി അറേബ്യ, യു എ ഇ, ഫ്രാന്‍സ്, ജോര്‍ദാന്‍, ഇസ്രയേല്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും ഉള്‍പ്പെടുന്നതാണു പദ്ധതി. ഇന്ത്യയും യുഎസും ചേര്‍ന്നാണ് പദ്ധതിയുടെ ആലോചനയ്ക്കു തുടക്കമിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക