Image

യുകെയിലെ ഓണഘോഷം ഗംഭീരമാക്കി മാഞ്ചസ്റ്ററിലെ നഴ്‌സിംഗ് ഹോം ജീവനക്കാര്‍. വടംവലിയും കലാവിരുന്നുകളും ഓണസദ്യയും ആസ്വദിച്ച് വിദേശികളും

റോമി കുര്യാക്കോസ് Published on 18 September, 2023
യുകെയിലെ ഓണഘോഷം ഗംഭീരമാക്കി മാഞ്ചസ്റ്ററിലെ നഴ്‌സിംഗ് ഹോം ജീവനക്കാര്‍. വടംവലിയും കലാവിരുന്നുകളും ഓണസദ്യയും ആസ്വദിച്ച് വിദേശികളും

മാഞ്ചസ്റ്ററിലെ എയ്ഞ്ചല്‍ മൗണ്ട്, ക്ലയര്‍ മൗണ്ട് കെയര്‍ ഹോം ജീവനക്കാര്‍ നഴ്സിംഗ് ഹോം ജീവനക്കാരാണ് സെപ്റ്റംബര്‍ 16 ന് അക്രിങ്ങ്റ്റനിലെ എയ്ഞ്ചല്‍ മൗണ്ട് നഴ്‌സിംഗ് ഹോമില്‍ വെച്ച് വൈകുന്നേരം 4 മണി മുതല്‍ രാത്രി 8 മണി വരെയാണ് 'ഡൈവേഴ്സിറ്റി പ്രോഗ്രാം' എന്ന പേരില്‍ കേരളീയത വിളിച്ചോതുന്ന ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

ആഘോഷ പരിപാടികളില്‍ മിഴിവേറി നിന്നത് എയ്ഞ്ചല്‍ മൗണ്ട്  - ക്ലെയര്‍ മൗണ്ട് കെയര്‍ ഹോമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ വടം വലി മത്സരമാണ്. രണ്ട് കെയര്‍ ഹോമുകളിലേയും പുരുഷ വനിതാ വടം വലി ടീമുകള്‍ മാറ്റുരച്ച ആവേശപ്പോരാട്ടത്തില്‍, എയ്ഞ്ചല്‍ മൗണ്ട് ടീം വനിത വിഭാഗത്തിലും ക്ലയര്‍ മൗണ്ട് ടീം പുരുഷ വിഭാഗത്തിലും ജേതാക്കളായി. സമ്മാന തുകയായി 300 പൗണ്ടും ട്രോഫിയും ആണ് വിജയികള്‍ കരസ്തമാക്കിയത്. 

വിവിധ മലയാളി അസോസിയേഷനുകളും മറ്റ് സംഘടനകളും ചെറു കൂട്ടായ്മകളും യുകെയില്‍ ഓണാഘോഷപരിപാടിക ളും വടംവലി മത്സരങ്ങളും സംഘടിപ്പിക്കാറുണ്ടെങ്കിലുംനഴ്സിംഗ് ഹോമുകളില്‍ ഇതുപോലെ കേരളീയ തനിമ തുളുമ്പുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

നഴ്‌സിംഗ് ഹോമുകളിലെ തിരക്കേറിയതും ഉത്തരവാദിത്വം കൂടുതലുള്ളതുമായ ജോലി തിരക്കുകള്‍ക്കിടയില്‍, ഇത്തരത്തിലുള്ള ഗൃഹാതുരത്വം നിറഞ്ഞ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഓണാഘോഷം പോലെ കേരളീയ തനിമയുള്ള ആഘോഷ പരിപാടികള്‍ ജീവനക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സ്വന്തം കുടുംബാംഗങ്ങളോടൊത്ത് ആഘോഷിക്കുവാനുള്ള അവസരം, അവര്‍ക്ക്  ഒരു പുത്തന്‍ അനുഭവം ആകട്ടെയെന്നും ക്ലയര്‍ മൗണ്ട്, എയ്ഞ്ചല്‍ മൗണ്ട് നഴ്‌സിംഗ് ഹോം ഉടമയും, ജീവകാരുണ്യ പ്രവര്‍ത്തകയും, ഒഐസിസി വനിത വിങ്ങ് യൂറോപ്പ് കോര്‍ഡിനേറ്ററുമായ ഷൈനു മാത്യൂസ് ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

നഴ്‌സിംഗ് ഹോം ജീവനക്കാരുടെ മെഗാ തിരുവാതിരയോടുകൂടി ആരംഭിച്ച കലാവിരുന്നിന് മികവ് പകര്‍ന്നുകൊണ്ട് വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജീവനക്കാരുടെ കുട്ടികള്‍ക്കായി വിവിധയിനം മത്സരങ്ങളും  സംഘാടകര്‍ ഒരുക്കിയിരുന്നു. കലാവിരുന്നുകളിലും മത്സരങ്ങളിലും പങ്കെടുത്തവര്‍ക്കെല്ലാം ട്രോഫികളും സമ്മാനങ്ങളും നല്‍കി. ജീവനക്കാര്‍ക്കും കുടുംബാങ്ങള്‍ക്കുമായി വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

കലാവിരുന്നുകള്‍ ആസ്വദിക്കുവാനും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും കണ്ടും കേട്ടും മാത്രം അറിഞ്ഞിട്ടുള്ള കേരളത്തിന്റെ തനതായ ഓണസദ്യയുടെ രുചി നുകരാന്‍ പരിസരവാസികളായ വിദേശികള്‍ എത്തിച്ചേര്‍ന്നത് ആഘോഷ പരിപാടികളുടെ  മാറ്റ് വര്‍ധിപ്പിച്ചു.

കലാവിരുന്നുകള്‍ക്കിടയില്‍ സദസ്സിലേക്ക് മാവേലിയുടെ വേഷ വിധാനങ്ങളോടെ എത്തിയ നഴ്‌സിംഗ് ഹോം സീനിയര്‍ സ്റ്റാഫ് ശ്രീ. ബേബി ലൂക്കോസ് ഓണ സന്ദേശം നല്‍കി. വൈകുന്നേരം 4 മണിക്ക് വടംവലി മത്സരങ്ങളോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ രാത്രി 8 മണിക്ക് വിളമ്പിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ അവസാനിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക