Image

കൂനമ്പാറക്കവല (അധ്യായം 15- നോവല്‍: തമ്പി ആന്റണി)

Published on 26 September, 2023
കൂനമ്പാറക്കവല (അധ്യായം 15- നോവല്‍: തമ്പി ആന്റണി)

ക്ഷേത്രാങ്കണത്തില്‍

    ഒരു ശനിയാഴ്ച, അയ്യപ്പക്ഷേത്രത്തില്‍ വര്‍ഷംതോറും നടക്കാറുള്ള സാംസ്‌ക്കാരികസെമിനാറില്‍ സംസാരിക്കാന്‍, പീറ്റാര്‍സാറിനെയും റോഷന്‍ കാടുകേറിയച്ചനെയും ക്ഷണിച്ചിരുന്നു. വിഷയം: മതവും പ്രകൃതിയും. 

    എല്ലാ സംഘടനടകളുടെയും മുഖമുദ്ര, മതേതരത്വം എന്ന മുഖംമൂടിയാണല്ലോ. കുറച്ചു കുടിയേറ്റക്കാരൊഴിച്ചാല്‍ ഈ മലയോരപ്രദേശത്ത്, വിദ്യാഭ്യാസമുള്ളവര്‍ കുറവാണ്. പുതിയ സ്ഥാനാര്‍ത്ഥി, സസ്‌നേഹം സുശീലയെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയെങ്കിലും അവര്‍ വരാന്‍ വിസമ്മതിച്ചു. സിനിമാനടിയായതുകൊണ്ട്, ക്ഷേത്രക്കമ്മിറ്റിക്കാരുടെയിടയിലും അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സ്ഥലത്തെ മാന്യന്‍മാരെ വിളിക്കുന്നതില്‍ ആര്‍ക്കും പരിഭവമില്ല. 

    മുല്ലപ്പുഴ ഡാം സംരക്ഷണസമിതി സജീവമായതിനുശേഷം, മിക്കവാറും എല്ലാ സമ്മേളനങ്ങളിലും കാടുകേറിയച്ചന്‍ പോകാറുണ്ട്. നാട്ടുകാരുടെ പിന്തുണയാര്‍ജ്ജിക്കുക എന്നതുതന്നെയാണു കത്തനാരുടെ ലക്ഷ്യം. 

    അധ്യക്ഷന്‍ ആദ്യം വിളിച്ചത് പ്രൊഫസറെയാണ്. അദ്ദേഹം ഒരു ചെറുപുഞ്ചിരിയോടെ സദസ്സിനെ അഭിസംബോധനചെയ്തു: 

    'എത്രയും പ്രിയപ്പെട്ട അമ്പലക്കമ്മിറ്റിയംഗങ്ങളേ, മാന്യമഹാജനങ്ങളേ, 

    ഇപ്പോഴും എന്നെപ്പോലെയുള്ളവര്‍ക്കു ക്ഷേത്രപ്രവേശനമില്ലെങ്കിലും എനിക്കീ ക്ഷേത്രാങ്കണത്തില്‍വച്ചു സംസാരിക്കാന്‍ അവസരം തന്നതിന് ആദ്യമായി, ഈ കമ്മിറ്റിയംഗങ്ങള്‍ക്കു ഞാന്‍ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ക്ഷേത്രപ്രവേശനത്തെപ്പറ്റിയോര്‍ത്തതുകൊണ്ട് അതിന്റെ അല്‍പ്പം ചരിത്രംകൂടി പറയാനാഗ്രഹിക്കുന്നു. 

    1936 ല്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ ദിവാനായിരിക്കെ, തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയാണ്, ഈഴവരുള്‍പ്പെടെ എല്ലാ ജാതിഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനമാകാമെന്ന വിളംബരം പ്രഖ്യാപിച്ചത്. എന്നാല്‍ മറ്റൊരു മതക്കാര്‍ക്കും ഇപ്പോഴും ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാത്തത് ദുഃഖകരമാണ്. 

    സത്യാഗ്രഹത്തോടനുബന്ധിച്ചു വൈക്കത്തുവന്ന ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സേതുലക്ഷ്മീഭായിയെക്കണ്ട് ഈയാവശ്യമുന്നയിച്ചിരുന്നെന്നും പറയുന്നു. പ്രവേശനമനുവദിച്ചില്ലെങ്കില്‍ ഈഴവര്‍ മുഴുവനും ക്രിസ്തുമതത്തിലേക്കു പോകുമെന്നുള്ള ഭീഷണിയും അക്കാലത്തു നിലനിന്നിരുന്നത്രേ. 

    ഏ ഡി നാലാം നൂറ്റാണ്ടുമുതല്‍ മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പത്തൊന്‍പതാം നൂറ്റാണ്ടില്‍പ്പോലും വിവിധജാതികള്‍ ക്രിസ്തുമതത്തിലേക്കു മാറാന്‍ കാരണം അയിത്തമായിരുന്നു എന്നതൊരു വസ്തുതയാണ്. സവര്‍ണ്ണരുടെയിടയിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങളും സ്ത്രീമേല്‍ക്കോയ്മയും മരുമക്കത്തായവും അവരുടെ മതപരിവര്‍ത്തനത്തിനു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അന്നത്തെ ബ്രിട്ടീഷ് ക്രിസ്ത്യന്‍ ഭരണാധികാരികളുടെ പിന്തുണയും അക്കാര്യത്തിലുണ്ടായിരുന്നു എന്നതു ചരിത്രം.

    ഇന്നത്തെ നമ്മുടെ വിഷയം മതവും പ്രകൃതിയും എന്നതാണല്ലോ. അതിനെക്കുറിച്ചു പറയാം.

    മതമില്ലെങ്കില്‍ മതേതരവാദവും ദൈവമില്ലെങ്കില്‍ യുക്തിവാദവും നരകമില്ലെങ്കില്‍ സ്വര്‍ഗ്ഗവും അപ്രസക്തമാണ്. ഇതെല്ലാം ഭൂമിയില്‍ മാത്രമേയുള്ളു. എല്ലാം ഇല്ലാതായാലും അനന്തമായ പ്രപഞ്ചമുണ്ടാകും. എല്ലാം സൃഷ്ടിച്ച ഒരാളുണ്ടെന്നുള്ളത് മനുഷ്യന്റെ സങ്കല്‍പ്പം മാത്രമാണ്. 

    അതിലൊക്കെ അഭിപ്രായഭിന്നതകളുണ്ടാകാം. അതിനെക്കുറിച്ചു ചിന്തിച്ചു സമയം പാഴാക്കാതെ, നമുക്കു ഭൂമിയില്‍ക്കിട്ടിയ ഹ്രസ്വജീവിതം, നമ്മള്‍തന്നെയുണ്ടാക്കിയ നിയമങ്ങളനുസരിച്ചു സന്തോഷത്തോടെ ജീവിച്ചു മരിക്കാം. അതുതന്നെയല്ലേ പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ചെയ്യുന്നത്? 

    മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു

    മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു

    എന്ന് ചിന്തകനായ കവി വയലാറെഴുതിയത് ശരിയാണ്...'

    ഇത്രയും പറഞ്ഞപ്പോഴേക്കും അമ്പലക്കമ്മിറ്റിക്കാരുടെ മട്ടുമാറി. അവിടെയുമിവിടെയുമിരുന്ന് അവര്‍ മുറുമുറുക്കാന്‍ തുടങ്ങി. പിറകില്‍, ഇടുക്കി ഗോള്‍ഡടിച്ച ഏതോ ഭക്തന്‍ 'പത്രോസ് ഗോ ബാക്ക്' എന്ന് ഉറക്കെ വിളിച്ചുകൂവി. 

    പ്രൊഫസര്‍ക്കു കാര്യം പിടികിട്ടിയതുകൊണ്ട് വിഷയത്തിന്റെ ടോണൊന്നു മാറ്റിപ്പിടിച്ചു: 

    'ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് മതവും അമ്പലവും പള്ളിയുമൊന്നും വേണ്ടെന്നല്ല ഉദ്ദേശിച്ചത്. അതൊക്കെ നമ്മളായിട്ടുണ്ടാക്കിയതാണെങ്കിലും നമ്മള്‍ ചെറുപ്രായത്തിലേ ആചരിച്ചുവന്ന ശീലങ്ങളുടെ ഭാഗമാണ്. അതൊക്കെ പിന്തുടരുകതന്നെ വേണം. പക്ഷേ, ആരാധനാലയങ്ങളില്‍ മാത്രമേ ദൈവമുള്ളു എന്നു കരുതരുതെന്നു മാത്രമാണു ഞാനുദ്ദേശിച്ചത്. ദൈവം എല്ലായിടത്തുമുണ്ട്....'

    ഇങ്ങനെ മാറ്റിപ്പിടിച്ച പ്രസംഗം എല്ലാവര്‍ക്കുമിഷ്ടപ്പെട്ടു. വീണ്ടും ക്ഷേത്രക്കമ്മിറ്റിക്കു നന്ദിപറഞ്ഞുകൊണ്ട് പ്രൊഫസര്‍ അവസാനിപ്പിച്ചപ്പോള്‍, സദസ്സില്‍നിന്ന് ഹര്‍ഷാരവങ്ങള്‍ മുഴങ്ങി. 

    കാടുകേറിയച്ചനെ ക്ഷണിച്ചത്, മുല്ലപ്പുഴ ഡാം സംരക്ഷണസമിതിയുടെ പ്രസിഡന്റ് എന്ന നിലയില്‍ പരിചയപ്പെടുത്തിക്കൊണ്ടാണ്. പതിവുപോലെ, മൈക്ക് കണ്ടപ്പോള്‍ത്തന്നെ, 'ആനയെത്ര ആറാട്ടു കണ്ടതാ' എന്ന മട്ടില്‍ ആള്‍ക്കൂട്ടത്തിലേക്കു നോക്കി ചിരിച്ചുകൊണ്ടു തുടങ്ങി: 

    'എന്നെ ഈ ക്ഷേത്രാങ്കണത്തിലേക്കു ക്ഷണിച്ച് നിങ്ങളോടൊക്കെ സംസാരിക്കാന്‍ അവസരം തന്നതില്‍ ക്ഷേത്രത്തിന്റെ ഭാരവാഹികളോട് ആദ്യംതന്നെ നന്ദി രേഖപ്പെടുത്തുന്നു. 

    ഇവിടത്തെ ആദിവാസികളായ മലയരയന്‍മാരെപ്പറ്റിയാണ് എനിക്ക് ആദ്യം സംസാരിക്കാനുള്ളത്. അവരാണ് ഇവിടത്തെ പ്രകൃതിയും പ്രപഞ്ചത്തിന്റെ മക്കളും. എങ്ങനെയാണ് ആ മക്കള്‍ വഴിയാധാരമായിപ്പോയത്? ഇവിടെയൊരു അണക്കെട്ടു വന്നപ്പോള്‍ അവര്‍ക്കു കിടക്കാടം നഷ്ടപ്പെട്ടു. ഇനിയതു പൊട്ടിയാലോ, ഉള്ള മണ്ണുകൂടി ഒലിച്ചുപോകും. നമ്മളെപ്പോലെയുള്ള കുടിയേറ്റക്കാര്‍ക്കു മാത്രമല്ല, കേരളത്തിലുള്ള ലക്ഷക്കണക്കിനാളുകള്‍ക്കും ജീവനു ഭീഷണിയാകും. കൊച്ചിയും ആലപ്പുഴയുമൊക്കെ കടലിലേക്കൊഴുകിപ്പോകും. 

    ആയിരത്തിയെണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചില്‍ പണിതീര്‍ത്ത ഈ അണക്കെട്ടിന്, അതു പണിത എന്‍ജിനീയര്‍മാര്‍ നിശ്ചയിച്ചിരുന്ന ആയുസ്സ് അമ്പതു വര്‍ഷമാണ്. ഇപ്പോള്‍ നൂറ്റിയിരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു. അന്നത്തെ വിശാഖം തിരുനാള്‍ മഹാരാജാവ് തമിഴ്‌നാടുമായി കരാറുണ്ടാക്കിയിരിക്കുന്നത് തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പതു വര്‍ഷത്തേക്കാണ്. ഈ ഊരാക്കുടുക്കില്‍നിന്ന് എങ്ങനെയാണു നാം രക്ഷപ്പെടുക? അതുകൊണ്ടാണ് പുതിയൊരു മുല്ലപ്പുഴ അണക്കെട്ടു വേണമെന്നു നാം ആവശ്യപ്പെടുന്നത്. അതിനുള്ള കമ്മിറ്റിയാണു രൂപീകരിച്ചിട്ടുള്ളത്. എല്ലാവരുംകൂടി ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ പുതിയ മുല്ലപ്പുഴ അണക്കെട്ടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാം.         

    ഇനി, ആദിവാസികളെക്കുറിച്ചു പറഞ്ഞാല്‍, അവരെ എല്ലാവരും പറ്റിക്കുകയാണ്. ആദിവാസികളുടെ, ജീവിക്കാനുള്ള അവകാശത്തെ മാനിക്കുന്ന ഗവണ്‍മെന്റുകള്‍ വരേണ്ടത് അത്യാവശ്യമാണ്. അവര്‍ക്കര്‍ഹിക്കുന്ന ഭൂമി കൊടുക്കാന്‍ ഇനിയും സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ല. പശ്ചിമഘട്ടത്തില്‍ പലരും നടത്തിയ കൈയേറ്റങ്ങളുടെ ഭാഗമായി നഷ്ടപ്പെട്ടുപോയ ഭൂമിയേക്കാള്‍ എത്രയോ ചെറിയ ഒരുതുണ്ടു ഭൂമിയാണ് അവരാവശ്യപ്പെടുന്നത്! അതവരുടെ പൈതൃകസ്വത്താണ്. 

    ആദിവാസികളോടുള്ള നീതിനിഷേധം ഇനിയും തുടര്‍ന്നാല്‍ ഒരു പരിഷ്‌ക്കൃതസമൂഹമെന്നു നമുക്കു നമ്മളെ വിളിക്കാന്‍ അവകാശമില്ല. ഒത്തുപിടിച്ചാല്‍ പോരാത്ത മലയില്ല. നമുക്കൊത്തുപിടിക്കാം. 

    എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ ലഘുപ്രസംഗം അവസാനിപ്പിക്കുന്നു.'

    കാടുകേറിയച്ചന്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ജനം നിര്‍ത്താതെ കൈയടിച്ചു. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക