Image

മകൾ ദിനം  (സോയ നായർ)

Published on 28 September, 2023
മകൾ ദിനം  (സോയ നായർ)

എന്റെ അമ്മയ്ക്കും അച്ഛനും കൂടിയുള്ള ഒരേ ഒരു മകളാണു ഞാൻ. രണ്ട്‌ ആങ്ങളമാർക്കുള്ള ഒരേ ഒരു പെങ്ങൾ. പെൺകുഞ്ഞുങ്ങൾക്കുള്ള അത്ര സ്നേഹം ആൺകുട്ടികൾക്ക്‌ കാണുല്ല, അവരാ സ്നേഹം പ്രകടിപ്പിക്കാൻ വളരെ പിറകിലായിരിക്കും എന്ന് ഒക്കെ കേട്ടിട്ടുണ്ട്‌. ശരിയോ തെറ്റോ എന്നറിയില്ല. പക്ഷെ, ഒന്ന് ശരിയാണു ആൺകുട്ടികൾക്ക്‌ സ്നേഹം പ്രകടിപ്പിക്കൽ നാണക്കേടായി തോന്നാറുണ്ടെന്നത്‌. ഒരു പൊതുവിടത്തിൽ ആണെങ്കിലും അല്ലെങ്കിൽ വീട്ടിലാണെങ്കിലും പെൺകുട്ടികൾ അച്ഛൻ/ അമ്മയെ കണ്ടാൽ സ്നേഹം പ്രകടിപ്പിക്കാൻ അതിപ്പോ കെട്ടിപ്പിടിച്ചായാലും ഉമ്മ വെച്ചായാലും മടിക്കില്ല. അവർക്ക്‌ അമ്മയോടും അച്ഛനോടും കൊഞ്ചാനും സ്നേഹം പ്രകടിപ്പിക്കാനും അതേ പോലെ അവർക്കും ആ സ്നേഹം, കൊഞ്ചൽ ഒക്കെ തിരിച്ച്‌ കിട്ടാനും വലിയ ഇഷ്ടമാണു. എന്റെ വീട്ടിൽ മകൾ ആണു ഇതൊക്കെ പ്രകടിപ്പിക്കുന്നത്‌. മകൻ അത്തരം കാര്യങ്ങൾക്കൊന്നും വരാറില്ല. അമ്മയെന്ന നിലയിൽ മക്കൾ അതിപ്പോ എത്ര മുതിർന്നാലും ആ ആദ്യദിനത്തിൽ അമ്മയ്ക്ക്‌ എങ്ങനെയാണോ ആ കുഞ്ഞിനെ കിട്ടിയത്‌ ആ വാൽസല്യവും സ്നേഹവും ഒക്കെ തന്നെയാണു അവസാനം വരെയും. പക്ഷേ,അവർ വളരുംതോറും നമ്മളിൽ നിന്നും അകലുന്നതും, സ്നേഹം ഉണ്ടെങ്കിലും അത്‌ പ്രകടിപ്പിക്കാത്തതും ഒക്കെ കഷ്ടമല്ലേ എന്നെനിക്ക്‌ തോന്നാറുണ്ട്‌. അത്‌ നമ്മൾ അമിതമായി നമ്മളെയും നമ്മളുടെ ശാരീരിക വളർച്ചയെയും സമൂഹത്തെയും ഒക്കെ ഭയക്കുന്നത്‌ കൊണ്ടാകാം.


എന്റെ അമ്മയും ഞാനും തമ്മിൽ നല്ലോണം വഴക്കിട്ടിട്ടുണ്ട്‌, വാശി പിടിച്ചിരുന്നിട്ടുണ്ട്‌, ഞാൻ അമ്മയുടെ കൈയിൽ നിന്നും തല്ലു നല്ലോണം വാങ്ങി കൂട്ടിട്ടുണ്ട്‌, തർക്കുത്തരം പറഞ്ഞിട്ടുണ്ട്‌, ദേഷ്യപ്പെട്ടിട്ടുണ്ട്‌, അമ്മയ്ക്ക്‌ എന്നോട്‌ തീരെ സ്നേഹമില്ല എന്നൊക്കെ തോന്നിയിട്ടുമുണ്ട്‌. അങ്ങനെ ഒക്കെ തന്നെ ജീവിച്ച്‌ വന്നതും ആണു. എന്നാൽ ഇന്ന് ഒരമ്മയായിക്കഴിഞ്ഞപ്പോഴാണു ഇതൊക്കെ എല്ലാ അമ്മ- മകൾ ബന്ധങ്ങളിലും നടക്കുന്ന കാര്യങ്ങളാണെന്ന് മനസ്സിലായത്‌. അന്ന് എന്റെ അമ്മയുടെ സ്ഥാനത്ത്‌ ഞാൻ, മകളുടെ സ്ഥാനത്ത്‌ ഇന്നെന്റെ മകൾഅത്രയേ ഉള്ളൂ വ്യത്യാസം. എത്രയൊക്കെ പിണങ്ങിയാലും ഓടി വന്ന് കെട്ടിപ്പിടിച്ച്‌ ഒരുമ്മ തന്ന് സോറിയെന്ന് പറയുമ്പോൾ വീണ്ടും ആ ബന്ധംഒന്നുകൂടി ദ്യഢമാകുന്നു.


അമ്മ- മകൾ- അമ്മ- മകൾ ആ ബന്ധം അങ്ങനെ തുടരുമ്പോഴാണു എല്ലാ പെണ്മക്കളും അമ്മ കടന്നു പോയ വഴികൾ എന്തായിരുന്നുവെന്നുമെങ്ങനെയായിരുന്നുവെന്നും മനസ്സിലാക്കുന്നത്‌.
മക്കൾ എല്ലാവരും ഒരു പോലെ തന്നെയാണു.
പക്ഷെ, ആൺമക്കളെക്കാൾ ഇത്തിരിക്കൂടി അച്ഛനമ്മമാരുടെ മനോവിഷമങ്ങൾ മനസ്സിലാക്കാൻ, അവരെ ആശ്വസിപ്പിക്കാൻ പെണ്മക്കൾക്ക്‌ കഴിയാറുണ്ട്‌ . അവർക്കൊപ്പം ഇരിക്കാൻ, അവരെ കേൾക്കാൻ ആരെങ്കിലുമുണ്ടല്ലോ എന്നൊരു തോന്നൽ അവർക്ക്‌ നൽകാനും കഴിയാറുണ്ട്‌. ചുരുക്കി പറഞ്ഞാൽ മസ്സിലു പിടിക്കാതെ, ക്ഷമയോടെ അച്ഛനമ്മമാരെ കേൾക്കാൻ, അവർക്കൊപ്പം ഇരിക്കാൻ, ഉള്ള്‌ തുറന്ന് അവരെ സ്നേഹിക്കാൻ ലിംഗവ്യത്യാസമില്ലാതെ എല്ലാവർക്കും കഴിയണം. കാരണം അമ്മ-അച്ഛൻ അവർക്ക്‌ മക്കൾ ആണായാലും പെണ്ണായാലും എന്നും കുട്ടികൾതന്നെയാണു ..!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക