Image

അരിയോര (ചെറുകഥ - മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ: സാംജീവ്)

Published on 14 October, 2023
 അരിയോര (ചെറുകഥ - മലയാളി എഴുത്തുകാരുടെ തിരഞ്ഞെടുത്ത കഥകൾ: സാംജീവ്)

1

പ്രൈമറിസ്ക്കൂൾ അദ്ധ്യാപകനായിരുന്ന നാരായണപിള്ളസാറിനെ അരിയോര നാണുപിള്ളസാറെന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. ചിലരൊക്കെ അരിയോരസാറെന്നും വിളിച്ചു. അദ്ദേഹം പ്രൈമറിസ്ക്കൂളിൽ പഠിപ്പിച്ച ഒരാൾ കാലചക്രഭ്രമണത്തിൽ ഐ.എ.എസ്സുകാരനായി. 
രാജേന്ദ്രൻ.ഐ.എ.എസ്.
അതോടുകൂടി അരിയോര നാണുപിള്ളസാറിന്റെ പെരുമാറ്റം മാറി.
“എന്റെ ശിഷ്യൻ ഐ.എ.എസുകാരനാണ് കേട്ടോ” 
അരിയോര നാണുപിള്ളസാർ ദേശം മുഴുവൻ പാടിനടന്നു. കേട്ടവർ കേട്ടവർ അന്തം വിട്ടു. 

ഇന്നത്തെ ദിനപ്പത്രത്തിലാണ് വാർത്ത വന്നത്. അഭിമാനംകൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായ അരിയോരസാർ ദിനപ്പത്രത്തിൽനിന്ന് രാജേന്ദ്രന്റെ പടവും വാർത്തയും വെട്ടിയെടുത്തു. അരിയോരസാർ ആ തുണ്ടുകടലാസ് ചില്ലിട്ട് ഭിത്തിയിൽ തൂക്കി. 
അരിയോരസാറിന്റെ പൊങ്ങച്ചം അതിരുകടന്നപ്പോൾ ഭാര്യ സാവിത്രിയമ്മ ചോദിച്ചു.
“വല്ലവനും ഐയ്യേയസുകാരനായതിന് നിങ്ങളിവിടെക്കിടന്ന് ചാടുന്നതെന്തിനാ? നമ്മടെ മോൻ വെറും ഗുമസ്ഥനല്ലേ?”
“അതേടി, നീ അക്ഷരവൈരിയാണെന്ന് എനിക്കറിയാം. അതെങ്ങനാ അക്ഷരവൈരികളുടെ കുടുംബമല്യോ നിന്റെ കുടുംബം?” അരിയോരസാർ ഭാര്യയ്ക്ക് ചുട്ട മറുപടിനല്കി. 
“അതിനും എന്റെ കുടുംബത്തെ പറഞ്ഞോ. എന്റെ കുടുംബത്തിന് കുഴപ്പമൊന്നുമില്ല. കൊടശ്ശനാട്ട് നാരായണപ്പണിക്കരുടെ മോളാ എന്റമ്മ.  ഇങ്ങേരു കുടുംബത്തെ പറയുന്നു.”
സാവിത്രിയമ്മയും വിട്ടുകൊടുക്കാൻ തയ്യാറായില്ല.
“എനിക്കറിയാമെടി കൊടശ്ശനാട്ടുകാരുടെ ആഢ്യത്തം. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.” അരിയോരസാർ പറഞ്ഞു.
“എന്തോ പറയാനാ മനുഷ്യാ? ഞാനീവീട്ടിൽ വരാനൊള്ളതല്ല.”  
സാവിത്രിയമ്മ കരച്ചിലും പിഴിച്ചിലും തുടങ്ങി.
“ആഢ്യത്തം പറഞ്ഞാൽ ഞങ്ങള് ഇല്ലക്കാരാ. കൊടശ്ശനാടന്മാർ സ്വരൂപക്കാർ പോലുമല്ല. വെറും പാദമംഗലം നായന്മാരാണ്. എന്നെക്കൊണ്ടൊന്നും പറയിക്കണ്ട.”
“നിങ്ങൾക്ക് വേറെ ജോലിയില്ലേ മനുഷ്യാ ഇങ്ങനെ കൊലോം പറഞ്ഞോണ്ട് നടക്കാൻ? കൊലോം പറഞ്ഞോണ്ട് നടന്നാൽ വയറ് നിറയത്തില്ല. പപ്പനാവന്റെ നാലുകാശ് പെൻഷൻ കിട്ടുന്നെന്ന് പറഞ്ഞുനടക്കുവാ. എന്റെ അച്ഛൻ തന്ന നാലഞ്ചുപറ കണ്ടമുള്ളതുകൊണ്ട് കഞ്ഞികുടിച്ച് കിടക്കുന്നു.
നിങ്ങടെ ശിഷ്യൻ കളക്ടരായാൽ നിങ്ങടെ വയറു നിറയുമോ? നിങ്ങൾ അവന് അരിയോര പാടി നടക്ക്.”
“എന്താടി പാടിക്കൊണ്ട് നടന്നാല്? രാജേന്ദ്രൻ ഗുരുത്വമുള്ളവനാടി. അവൻ മന്ത്രിയോ ഐയ്യേയസ്സോ ആകുമെന്നെ് എനിക്കറിയാമായിരുന്നു.”
രാജേന്ദ്രൻ ഐയേസ്സിന്റെ ഗുരു. അതൊരു അന്തസ്സാണേ. 
അരിയോരസന്ധ്യയിൽ ആർപ്പുവിളിച്ചുകൊണ്ട് ഓടുന്നതുപോലെ നാണുപിള്ള വാദ്ധ്യാർ ദേശത്തിന് നെടുകെയും കുറുകെയും ഓടി. കണ്ണിൽ കണ്ടവരോടെല്ലാം അദ്ദഹം ഉറക്കെ പ്രഖ്യാപിച്ചു.
“രാജേന്ദ്രൻ ഐയേയസ്സിന്റെ ഗുരുവാണ് ഞാൻ.”

വൃശ്ചികമാസത്തിലെ കാർത്തികനാളിലാണ് ഹരിയോഹരവിളി. നെല്പാടങ്ങളിൽ നെല്ചെടികൾ പൂക്കുന്നത് വൃശ്ചികമാസത്തിലാണ്. കതിരുകൾ പ്രത്ക്ഷമായിട്ടില്ല. പക്ഷേ ചെടികളുടെ കൊതുമ്പ് വീർക്കാൻ തുടങ്ങുന്ന കാലമാണത്. നെൽച്ചെടികൾക്ക് പ്രത്യേക പരിരക്ഷണം കൊടുക്കേണ്ട സമയമാണത്.

വൃശ്ചികമാസത്തിലെ കാർത്തികനാളിൽ പാണൻപരമു ഒരു മണ്ഡപം തീർക്കും. കമുകിൻതടി ചീകിയെടുത്ത ദണ്ഡുകളും വാഴപ്പിണ്ടിയും കൊണ്ടാണ് മണ്ഡപം തീർക്കുന്നത്. മണ്ഡപത്തിന്റെ നെറുകെയും കുറുകെയുമുള്ള പ്രധാന തൂണുകളും ദണ്ഡുകളും കമുകിൻതടിയാണ്. ഉപദണ്ഡുകൾ വാഴപ്പിണ്ടിതന്നെ. സന്ധ്യ മയങ്ങുന്നതിനുമുമ്പ് മണ്ഡപം കോരുതുവിളമുക്കിൽ പ്രതിഷ്ഠിക്കും. പാടശേഖരങ്ങൾക്ക് മദ്ധ്യത്തിലുള്ള ഒരു തുരുത്താണ് കോരുതുവിളമുക്ക്. ആ പേര് ആ തുരുത്തിന് എങ്ങനെ ലഭിച്ചുവെന്ന് പഴമക്കാർക്കുപോലും അറിഞ്ഞുകൂടാ. തഴച്ചുവളരുന്ന കുറേ നാളികേരവൃക്ഷങ്ങൾ ആ തുരുത്തിലുണ്ട് കോരുതുവിളത്തുരുത്തിനോടു ചേർന്ന് ഒരു ചെറിയതടാകമുണ്ട്. തടാകത്തിൽ നിന്ന് പുറപ്പെടുന്ന ഒരു ചെറിയ അരുവി തുരുത്തിനെ രണ്ടായി മുറിച്ചുകൊണ്ട് പാടശേഖരങ്ങളെ നനച്ച് പെരുന്തോടിലേയ്ക്ക് നിർഗ്ഗമിക്കുന്നു. ഒരു കാപ്പിക്കട, ഒരു പലവ്യഞ്ജനക്കട, ഒരു തുണിക്കട- ഇവയാണ് കോരുതുവിളമുക്കിലെ വ്യാപാരസമുച്ചയത്തിലുള്ളത്. തുണിക്കടയുടെ കോലായിൽ സദാ തയ്യൽയന്ത്രം ചവിട്ടിക്കൊണ്ടിരുന്ന ഒരു മനുഷ്നുണ്ട്. അയാളെ നാട്ടുകാർ പാണൻപരമു എന്നാണ് വിളിക്കുന്നത്..

അരിയോര നാളിൽ പാണൻപരമു തീർത്ത മണ്ഡപം നിറയെ നെയ് വിളക്കുകൾ സ്ഥാപിക്കും. പാണൻപരമുവിന്റെ നേതൃത്വത്തിൽ നടക്കുന്ന മണ്ഡപപ്രതിഷ്ഠയ്ക്ക് ഒരുപറ്റം നാട്ടുകാരുടെ സഹകരണമുണ്ടാവും. 
സന്ധ്യ മയങ്ങുന്നതിനുമുമ്പ് മണ്ഡപത്തിൽ നെയ് വിളക്കുകൾ കത്തിത്തുടങ്ങും. പെട്ടെന്നാണ് ഹരിയോഹര വിളി. അതു ലോപിച്ച് അരിയോരയായി മാറും.
കോരുതുവിളത്തുരുത്തിൽ നിന്ന് കണ്ണെത്താത്ത നീളത്തിൽ നീണ്ടുകിടക്കുന്ന പാടശേഖരങ്ങളുടെ ഒരു ശൃംഖലയുണ്ട്. കുന്നുകൾക്കിടയിലെ താഴ്വരകളിലാണ് പാടശേഖരങ്ങൾ. ചെറിയ പാടശേരങ്ങളെ ഏലാ എന്നു വിളിക്കും.
കൂവളത്ത് ഏലാ
നെല്ലുവേലി ഏലാ
പൊൻനിലത്ത് ഏലാ
മാഞ്ഞന്നൂർ ഏലാ
വടവൂർ ഏലാ
തളിരോട് ഏലാ.. 
അങ്ങനെ മാലപോലെ നീണ്ടുകിടക്കുകയാണ് പാടശേഖരങ്ങൾ.

വൃശ്ചികമാസത്തിലെ കാർത്തികനാളിൽ കത്തിച്ച ദീപശിഖകളുമായി ഏലായ്ക്കു കുറുകെ തലങ്ങും വിലങ്ങും ഓടണം, അരിയോര വിളിച്ചുകൊണ്ട്. കുട്ടികളാണ് അരിയോരവിളിക്കാരിൽ കൂടുതലും. കത്തിച്ച് വീശുന്ന ചൂട്ടുകറ്റകൾ ദീപശിഖകളായിമാറും. 
“വിളി അമ്പാനെ, വിളി അമ്പാനെ, നെല്ക്കതിരുകൾ വേഗം വരട്ടെ.”
അരിയോര നാണുപിള്ളസാർ കുട്ടികൾക്ക് നേതൃത്വം നല്കും.
അരിയോരവിളികൾ ഒരു യുദ്ധസന്നാഹത്തിന്റെ പ്രതീതി ദേശത്തുളവാക്കും, ഏകദേശം ഒന്നുരണ്ട് നാഴിക നേരത്തേയ്ക്കങ്കിലും.
അരിയോരവിളി ഓരോ നെല്ച്ചെടിയും കേൾക്കണം. 
ഓരോ നെല്ച്ചെടിയും ഓരോ കതിർ ഗർഭത്തിൽ വഹിക്കുന്നവരാണ്. ഗർഭസ്ഥശിശു അരിയോരശബ്ദം കേട്ടുണരും. ആഴ്ചകൾക്കുള്ളിൽ ആരോഗ്യമുള്ള നിറഞ്ഞ കതിർക്കുലകൾ പുറത്തുവരും. 
മൺമറഞ്ഞ ഗ്രാമീണസംസ്ക്കാരത്തിൽ അലിഞ്ഞുചേർന്ന ആചാരങ്ങൾ.
നെയ് വിളക്കുകൾ
കതിർമണ്ഡപം
ദീപശിഖകൾ
ആർപ്പുവിളികൾ.

ഒരിക്കൽ സാവിത്രിയമ്മ ഭർത്താവിനോട് ചോദിച്ചു.
“ദേണ്ടേ, ഞാനറിയാണ്ട് ചോദിക്കുവാ. ഇത്രയും ഒച്ചയും ഓശയും ചാട്ടവും ഓട്ടവും വേണോ ഈ അരിയോര പാടാൻ? മുതുകൂത്തുതന്നെ. അല്ലാതെന്തു പറയാൻ?”
ചോദ്യം അരിയോര നാണുപിള്ളസാറിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അസഹിഷ്ണുതയോടെ പറഞ്ഞു.
“എടീ സാവിത്രി, ഹരിയോഹരനെന്നു വിളിക്കുന്നത് ഈശ്വരപൂജയാ. സാക്ഷാൽ ശ്രീഅയ്യപ്പനാണ് ഹരിഹരമൂർത്തി. അയ്യപ്പഭഗവാൻ മഹിഷിയെ നിഗ്രഹിക്കുന്ന കഥ ഭാഗവത പുരാണത്തിലുള്ളതാ. അതെങ്ങനാ, കൊടശ്ശനാട്ടെയല്ല്യോ സന്തതി? അക്ഷരവൈരികളുടെ കൊലമല്യോ?”
ഭർത്താവിറെ മറുപടി സാവിത്രിയമ്മയ്ക്കും ഇഷ്ടപ്പെട്ടില്ല. അവർ ചവിട്ടിത്തുള്ളി അടുക്കളയിലേക്ക് നടന്നുപോയി.

 

                                   2 
കോരുതുവിളത്തുരുത്തിലെ തടാകത്തിൽനിന്നും പെരുന്തോട്ടിലേയ്ക്ക് വെള്ളം സാവധാനത്തിൽ ഒഴുകിക്കൊണ്ടിരുന്നു. ഗ്രാമത്തിൽ വേനലും വർഷവും മാറിമാറി വന്നു. വിതയും കൊയ്ത്തും ഗ്രാമത്തിൽ മുടങ്ങിയില്ല. പ്രണയവും മംഗല്യവും ഗർഭധാരണവും പ്രസവവും മുലയൂട്ടലുമെല്ലാം ഗ്രാമത്തിൽ മുറപോലെ നടന്നുകൊണ്ടിരുന്നു.
പെട്ടന്നാണത് സംഭവിച്ചത്. 
ഒരു ധൂമകേതു ഗ്രാമാന്തരീക്ഷത്തിലേയ്ക്ക് കടന്നുവന്നു.
അതവിടെ ചലനങ്ങളുണ്ടാക്കി.
സർക്കാരിന്റെ റീസർവ്വേ. 


ഇൻഡ്യാരാജ്യത്ത് വിപ്ലവകരമായ ഭൂനിയമങ്ങൾ വരാൻ പോകുന്നു. അതിന്റെ മുന്നോടിയായിട്ടാണ് റീസർവ്വേ എന്ന് ഒരുകൂട്ടർ അഭിപ്രായപ്പെട്ടു. 
“ഇനി കൃഷിഭൂമി കർഷകത്തൊഴിലാളിക്ക് കിട്ടും.” പാണൻപരമു പറഞ്ഞു. പാണൻപരമുവിന് കുറേ രാഷ്ട്രീയമൊക്കെ അറിയാം. 
“അപ്പം ഞങ്ങക്ക് കണ്ടം സൊന്തമായ്ക്കിട്ടുമോ?” ഔസേപ്പ് മൂപ്പൻ ചോദിച്ചു. ഔസേപ്പ് മൂപ്പന്റെ പണ്ടത്തെ പേര് പുല്ലൻ എന്നായിരുന്നു. നോയൽസായിപ്പും ജോൺസാറും കൂടി ക്രിസ്ത്യാനിയാക്കിയപ്പോൾ പുല്ലൻ ഔസേപ്പായി. 
“നിങ്ങക്ക് കിട്ടാൻ വഴിയില്ല.”
“അതെന്താ?”
“നിങ്ങൾ ക്രിസ്ത്യാനിയല്ല്യോ? ഹരിജനങ്ങളുടെ പട്ടികയിൽ പെടുകയില്ല.”

പഞ്ചായത്തിൽ മത്സരിച്ച് തോറ്റ കോഴിപ്പള്ളി സുരേന്ദ്രന് മറ്റൊന്നാണ് നാട്ടുകാരോട് പറയാനുണ്ടായിരുന്നത്. സുരേന്ദ്രൻ പ്രതിപക്ഷക്കാരനാണ്.
“ഈ റീസർവ്വേയും കണ്ടുകെട്ടുമൊക്കെ വെറും തട്ടിപ്പാണ്. സർക്കാർവക ഭൂമി കായൽരാജാക്കന്മാർക്കും കാട്ടുരാജാക്കന്മാർക്കും പതിച്ചുകൊടുക്കാനുള്ള വലിയ അഴിമതിയാണ് ഇതിനുപിന്നിൽ. അവർ കായലോരത്തും കുന്നിൻ മടക്കുകളിലും റിസോർട്ടുകൾ പണിയും, കോടികൾ വാരിക്കൂട്ടും. അതിന്റെ നാന്ദിയാണ് റീസർവ്വേ.”

താലൂക്ക് സർവേയർ കുട്ടപ്പന്റെ നേതൃത്വത്തിലാണ് റീസർവ്വേ ടീം ഗ്രാമത്തിലെത്തിയത്. കേരള സർക്കാർ എന്ന് പേരുപതിച്ച ഒരു ജീപ്പിലാണവർ വന്നത്. സൈന്യസമേതനായ പടനായകനെപ്പോലെ കുട്ടപ്പൻസർവ്വേയർ അനുയായികൾക്ക് നിർദ്ദേശങ്ങൾ കൊടുത്തുകൊണ്ടിരുന്നു. ഒട്ടനവധി ഉപകരണങ്ങളുമായിട്ടാണ് റീസർവ്വേ ടീം വന്നത്. 
അളവ് ചങ്ങലകൾ
നോട്ടക്കണ്ണാടി
നോട്ടക്കുഴലുകൾ ഉറപ്പിക്കുന്ന മുക്കാലി
അളവ് ദണ്ഡുകൾ
ചായം തേച്ച മരക്കുറ്റികൾ
അളവ് ചരടുകൾ
വെട്ടുകത്തി
കുന്താലിയും മൺവെട്ടിയും
കൊട്ടുവടി
ജവുളിമുണ്ട് മടക്കിവച്ചതുപോലെയുള്ള ചാർട്ടുകൾ
വടക്കുനോക്കി യന്ത്രം.
പല നിറത്തിലുള്ള കൊടികൾ
അങ്ങനെ പല ഉപകരണങ്ങളും അവരുടെ പക്കലുണ്ടായിരുന്നു.

അവർ ഭൂമിയിലേയ്ക്ക് ചങ്ങലകൾ വലിച്ചെറിഞ്ഞു. ചിലർ മുക്കാലിയിൽ ഘടിപ്പിച്ച നോട്ടക്കുഴലുകൾ വട്ടത്തിൽ കറക്കുകയും അവയിലൂടെ നോക്കുകയും ചെയ്തു. ചിലർ അളവുദണ്ഡുകൾ പിടിച്ചുകൊണ്ട് സ്ഥലങ്ങൾ മാറിമാറി സഞ്ചരിച്ചു. കഥകളിക്കാരെപ്പോലെ അവർ ആംഗ്യമുദ്രകൾ കാണിച്ചു. തീവണ്ടിയാപ്പീസിലെ ഉദ്യോഗസ്ഥന്മാരെപ്പോലെ കൊടി വീശുന്നവരും ഉണ്ടായിരുന്നു. 

ഭൂമിക്ക് പുതിയ അതിരുകൾ.
പുതിയ ആയക്കെട്ടുകൾ.
പുതിയ നിജപ്പെടുത്തലുകൾ..
പുതിയ പട്ടയങ്ങൾ.
റീസർവ്വേടീം നാടിന്റെ ഭൂപടം മാറ്റി വരയ്ക്കുയാണ്.

ഗ്രാമീണർ ഭക്ത്യാദരവുകളോടുകൂടി മാറിനിന്ന് വീക്ഷിച്ചു. റീസർവ്വേടീമിനെ സഹായിക്കാൻ പാർവത്തിയാരും മാസപ്പടിയും വന്നുംപോയും നിന്നു. സർക്കാരിന്റെ പ്രതിനിധിയാണ് പാർവത്തിയാർ. ചില ദേശങ്ങളിൽ അദ്ദേഹത്തെ അധികാരി എന്നാണ് വിളിക്കുക. ആധുനികന്മാർ അദ്ദേഹത്തെ വില്ലേജാപ്പീസർ എന്നും വിളിക്കും. സർവ്വേ ഉദ്യോഗസ്ഥന്മാരെയും പാർവത്തിയാരെയും കാണേണ്ട വിധത്തിൽ ചെന്നുകണ്ടാൽ പല ആനുകൂല്യങ്ങളും ലഭിക്കുമെന്നാണ് നാട്ടിലെ പറച്ചിൽ. പാണൻപരമു ഒരു നേന്ത്രവാഴക്കുലയാണ് സർവേയർ കുട്ടപ്പൻസാറിന് കാഴ്ചവച്ചത്. ആദിച്ചൻ ഉരലിലിടിച്ചെടുത്ത രണ്ടിടങ്ങഴി അവിലാണ് സർവ്വേ നടത്തുന്ന തമ്പ്രാക്കന്മാർക്ക് കാഴ്ചവച്ചത്. ആദിച്ചന്റെ മകൾ ലച്ച്മി ഒരു ചൂടുകുട്ടയിൽ ചുമന്നാണ് അവിൽ കൊണ്ടുവന്നത്. ഈട്ടിത്തടിയിൽ കൊത്തിയ ശില്പം പോലെ ആകാരഭംഗിയുള്ള ലച്ച്മിയുടെ ശരീരത്തിൽ കുട്ടപ്പൻസാറിന്റെ കണ്ണുകൾ ഇഴഞ്ഞുനടന്നു. അയാൾ ചോദിച്ചു.
“ഈ കുട്ടി ഏതാ ആദിച്ചാ, മകളാണോ?”
“ന്റെ എളേ മോളാ, ലച്ച്മി.” ആദിച്ചൻ അഭിമാനപൂർവം പറഞ്ഞു.
ഭൂമി സ്വന്തമായിട്ടില്ലാത്ത ദളിതർക്കും പിന്നോക്കജാതിയിൽപെട്ട കർഷകത്തൊഴിലാളികൾക്കും പുതുവൽഭൂമി പതിച്ചുകിട്ടാൻ വ്യവസ്ഥകൾ ഉണ്ടെന്നും അതിന് തക്കസമയത്ത് വേണ്ട അപേക്ഷകൾ പാർവത്തിയാര് മുഖാന്തരം ജില്ലാ കളക്ടർക്ക് കൊടുക്കണമെന്നും കുട്ടപ്പൻ സാർ ആദിച്ചന് പറഞ്ഞുകൊടുത്തു. കുട്ടപ്പൻസാർ തന്നെ ചില അപേക്ഷാഫാറങ്ങൾ പൂരിപ്പിച്ച് കൊടുക്കുകയും ചെയ്തു. ആദിച്ചന് അക്ഷരജ്ഞാനമില്ലല്ലോ. അപേക്ഷാഫാറങ്ങൾ പൂരിപ്പിക്കുമ്പോഴും സർവേയർ കുട്ടപ്പൻസാറിന്റെ കണ്ണുകൾ മറ്റെവിടെയോ സർവേ ചെയ്തുകൊണ്ടിരുന്നു. ലച്ച്മി നാണിച്ചു തലകുനിച്ചു. “തന്വിയാണവൾ.”

ഒരുദിവസം സർവ്വേ ഉദ്യോഗസ്ഥന്മാർ അരിയോര നാണുപിള്ളസാറിന്റെ വസ്തുവിലേയ്ക്കു പ്രവേശിച്ചു. പുരയിടത്തിന്റെ മദ്ധ്യത്തിലൂടെ അവർ ചങ്ങലകൾ വലിച്ചുകൊണ്ടുനടന്നു. പുരയിടത്തിന്റെ മദ്ധ്യത്തിൽ അവർ നാല് സർവ്വേക്കുറ്റികൾ സ്ഥാപിച്ചു.  ആ പ്രവർത്തി അരിയോര നാണുപിള്ള സാറിന് ഇഷ്ടപ്പെട്ടില്ല. അദ്ദഹം പറഞ്ഞു.
“ജില്ലാകളക്ടർ രാജേന്ദ്രൻ ഐഏഎസ്സിന്റെ ഗുരുവാണ് ഞാൻ.” 
“സാറിന്റെ ഭാഗ്യം.” സർവേയർ കുട്ടപ്പൻ പ്രതിവചിച്ചു. സർവേ ഉദ്യോഗസ്ഥന്മാർ അരിയോര നാണുപിള്ളസാറിന്റെ പൊങ്ങച്ചം കാര്യമായെടുത്തില്ല.

എന്തോ കുഴപ്പം വരാൻ പോകുന്നുവെന്ന് അരിയോര നാണുപിള്ളസാറിനു തോന്നി. ഉത്തരത്തിലിരുന്ന് ഗൌളി ചിലച്ചു, രണ്ടുതവണ. അത് അശുഭലക്ഷണമാണെന്ന് സാവിത്രിയമ്മയ്ക്കും തോന്നി.

രണ്ടുമൂന്നുമാസം കഴിഞ്ഞപ്പോൾ അരിയോരനാണുപിള്ളസാറിന് ഒരു രജിസ്റ്റർ ചെയ്ത കത്തുലഭിച്ചു. സർവീസ് സ്റ്റാംപിന്റെ ഒരുനിരതന്നെ ഒട്ടിച്ചിരുന്ന തവിട്ടുനിറമുള്ള ഒരു വലിയ എൻവലോപ്പ് ആയിരുന്നത്. ജില്ലാ ഭരണാധികാരിയായ ജില്ലാകളക്ടറുടെ ഒരു കത്തായിരുന്നത്; ഒരു കുടിയൊഴിപ്പിക്കൽ നോട്ടീസ്. അതിന്റെ ഭാഷ കാർക്കശ്യസ്വഭാവമുള്ളതായിരുന്നു.

“കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ ഉമയണ്ണൂർ വില്ലേജിൽ ഇടശ്ശനാട്ടുവീട്ടിൽ ശ്രീമാൻ മാധവൻപിള്ള മകൻ നാരായണപിള്ളയെയും ടിയാൻ ഭാര്യ ദേവകിയമ്മ സാവിത്രിയമ്മയെയും തെര്യപ്പെടുത്തുന്നതെന്തെന്നാൽ..
ടി ജില്ലയിൽ ടി താലൂക്കിൽ താഴെ രേഖപ്പെടുത്തിയിരിക്കുന്ന പട്ടികവസ്തുവിൽപെട്ട 40 ആർ (ഏകദേശം ഒരേക്കർ) സർക്കാർഭൂമി (പുതുവൽ ഭൂമി) നിങ്ങൾ കൈയേറിയിരിക്കുന്നതായി കാണുന്നു. ടി വസ്തു സർക്കാർ ഏറ്റെടുത്തിരിക്കുന്നതായി ഈ കത്തുമൂലം അറിയിക്കുന്നു. സർക്കാർഭൂമി കൈയേറിയതിന് നിങ്ങളുടെ പേരിൽ സിവിലായും ക്രിമിനലായും നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ കൊല്ലം സബ്ഡിവിഷനൽ മജിസ്ട്രേട്ടു മുമ്പാകെ നിങ്ങൾക്ക് നേരിട്ടോ വക്കീൽ മുഖാന്തരമോ ഒരു മാസത്തിനുള്ളിൽ ബോധിപ്പിക്കാവുന്നതാണ്.
ടി പട്ടികവസ്തുവിൽ നിങ്ങളോ നിങ്ങൾ ചുമതലപ്പടുത്തുന്ന മറ്റാരെങ്കിലുമോ പ്രവേശിക്കുന്നത് ഈ ഉത്തരവ് മൂലം നിരോധിച്ചിരിക്കുന്നു.

ജില്ലാകളക്ടർക്കു വേണ്ടി,
ഒപ്പ്
ശിരസ്തദാർ”
125/76

                               
ഭവനത്തിന്മേൽ അശനിപാതമേറ്റതുപോലെ അരിയോരസാറിനും സാവിത്രിയമ്മയ്ക്കും തോന്നി. അവർ പെട്ടിയിൽനിന്ന് പഴയ പ്രമാണം തപ്പിയെടുത്തു. നാണുപിള്ളസാർ മൂക്കേൽ കണ്ണാടി ഫിറ്റ് ചെയ്ത് പ്രമാണം സസൂക്ഷ്മം വായിച്ചുനോക്കി. സാവിത്രിയമ്മ ഉത്കണ്ഠയോടുകൂടി ചാരത്തുനിന്നു.
“എന്റെ മുത്തച്ഛൻ വേലുപ്പിള്ള കന്യാമഠത്തിൽ ഈശ്വരൻപോറ്റിയിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ് ഈ രണ്ടക്കർ ഭൂമി. അതിൽ ഒരേക്കർ പുതുവലാണെന്ന് പറഞ്ഞാൽ അതെങ്ങനൊക്കും?” അരിയോര നാണുപിള്ളസാർ ആരോടെന്നില്ലാതെ ചോദിച്ചു. 
“ജില്ലാ കളക്ടർ രാജേന്ദ്രൻ അയ്യേയസ് ശിഷ്യനല്യോ? ഒന്നു പോയിക്കാണ്.”
സാവിത്രിയമ്മ ഉപദേശിച്ചു.
“പണ്ട് കുചേലൻ ഭഗവാനെ കാണാൻ പോയതുപോലെ. സഹായിക്കാതിരിക്കില്ല. ദേശം മുഴുവനും അരിയോര പാടി നടന്നതല്യോ” അവർ കൂട്ടിച്ചേർത്തു.  
ഭാര്യയുടെ കുത്തുവാക്കിന് അരിയോര നാണുപിള്ളസാർ മറുപടിയൊന്നും പറഞ്ഞില്ല. ഭാര്യയുടെ വീട്ടുകാർ അക്ഷരവൈരികളുടെ കുലമാണെന്ന സാധാരണ പല്ലവി അദ്ദേഹം പാടിയതുമില്ല. അദ്ദേഹത്തിന്റെ മനസ്സിൽ ആകുലചിന്തകൾ നിറഞ്ഞുനിന്നു.

“ഇതാ ഇവിടെ ജന്മിത്വം അവസാനിക്കുന്നു. ഞാനന്നേ പറഞ്ഞില്യോ ഇവിടെ വിപ്ലവകരമായ മാറ്റങ്ങൾ വരുമെന്ന്. അരിയോര നാണുപിള്ളയുടെ ഒരേക്കർ ഇനി കർഷകത്തൊഴിലാളിക്ക് കിട്ടും.” ചായക്കടമമ്മൂഞ്ഞിന്റെ കടയിലിരുന്ന് പാണൻപരമു പ്രസംഗമാരംഭിച്ചു.
“അത് ഞങ്ങക്കു കിട്ടുമോ? ഞങ്ങളപേച്ച കൊടുത്തിട്ടൊണ്ട്.” ആദിച്ചൻ ചോദിച്ചു. 
മറുപടി പറഞ്ഞത് പഞ്ചായത്തിൽ മത്സരിച്ചു തോറ്റ കോഴിപ്പള്ളി സുരേന്ദ്രൻ ആയിരുന്നു.
“ഇതു നല്ല കൂത്ത്. അരിയോര നാണുപിള്ളയുടെ അരയേക്കർ പിടിച്ചെടുത്താണ് ഇവിടെ സോഷ്യലിസം സ്ഥാപിക്കാൻ പോണത്! അരയേക്കർ ഭൂമിയൊള്ള മഹാജന്മിയല്യോ അരിയോര! ഇതൊക്കെ വെറും നാടകമാ. ഈ ഭൂമി കളകാഞ്ചിക്കായലിനോട് ചേർന്നുകിടക്കുന്ന മലഞ്ചരിവല്യോ? റിസോർട്ട് പണിയാൻ ഒന്നാന്തരം ഭൂമിയാ. ചെല്ലപ്പൻ മുതലാളിക്ക് അതിൽ കണ്ണുണ്ടെന്നാ കേൾക്കുന്നത്. അയാളുടെ ജീപ്പ് ഈ സർവ്വേക്കാർ താമസിക്കുന്ന വീടിന് മുമ്പിൽ കിടക്കുന്നത് ഞാൻ കണ്ടതാണ്.”
അബ്കാരി കാൺട്രാക്ടറാണ് ചെല്ലപ്പൻ മുതലാളി.  

അരിയോര നാണുപിള്ളസാറിന് കളക്ടറെ കാണാൻ ഏറെനേരം സന്ദർശകമുറിയിൽ കാത്തിരിക്കേണ്ടിവന്നു. തന്റെ ഊഴമായി എന്നു വിളിച്ചറിയിച്ച ഡഫേദാരോട് അടക്കം പറയുന്നമട്ടിൽ അരിയോര നാണുപിള്ളസാർ പറഞ്ഞു.
“എന്റെ ശിഷ്യനായിരുന്നു കളക്ടരദ്ദേഹം. പ്രൈമറിസ്ക്കൂളിൽ.”
ഡഫേദാർ ചിരിച്ചു. 
പഴയ ഗുരുഭൂതനെ കണ്ട രാജേന്ദ്രൻ ഐ.ഏ.എസ് പരിചയഭാവം കാണിച്ച് പുഞ്ചിരിച്ചു. കൃഷ്ണകുചേലന്മാരുടെ വൈകാരികഭാവപ്രകടനങ്ങളൊന്നും കളക്ടറുടെ മുറിയിൽ നടന്നില്ല. കാര്യമാത്രപ്രസക്തമായിരുന്നു അവരുടെ സംഭാഷണം. പഴമ്പുരാണങ്ങളൊന്നും വിളമ്പാൻ അരിയോര നാണുപിള്ളസാറിന് അവസരം ലഭിച്ചില്ല. 
അരിയോര നാണുപിള്ളസാർ തയ്യാറാക്കിക്കൊണ്ടുവന്ന നീണ്ട അപേക്ഷ കളക്ടർ വായിച്ചുനോക്കി. 
“എന്റെ മുത്തച്ഛൻ ജന്മിയോട് തീറാധാരം എഴുതിവാങ്ങിയതാണ് ഈ വസ്തു. അതിൽ പുതുവൽഭൂമിയുണ്ടെന്ന് എങ്ങും പറയുന്നില്ല.” അരിയോര തന്റെ ഭാഗം ന്യായീകരിച്ചു.
“അതേ, റീസർവ്വേ നടന്നപ്പോഴാണ് പുതുവൽഭൂമി തിട്ടപ്പെടുത്തിയത്.” കളക്ടർ പറഞ്ഞു.
“ഞങ്ങൾ മൂന്ന് തലമുറകളായി കൈവശംവച്ച് കരംകൊടുത്ത് അനുഭവിച്ചുപോരുന്നതാണ് ഈ വസ്തു. എനിക്കും എന്റെ നാല് പൈതങ്ങൾക്കും പാർക്കാനും ഉപജീവനത്തിനും ഇതുമാത്രമാണുള്ളത്. ഞങ്ങൾ ജന്മികളല്ല. ഇതിൽ പുതുവൽഭൂമി ഉണ്ടെങ്കിൽ ഞങ്ങൾക്ക് തന്നെ പതിച്ചുതരാൻ ഉത്തരവാകണം.” അരിയോര സാറിന്റെ വാക്കുകൾ കണ്ണുനീരിൽ കുതിർന്നിരുന്നു.
പക്ഷേ നിയമത്തിന് കണ്ണില്ല; കാതുമില്ല. അരിയോര നാണുപിള്ളയുടെ നിവേദനങ്ങൾ ജില്ലാ മജിസ്ട്രേട്ടുകൂടിയായ രാജേന്ദ്രൻ ഐ.എ.എസിന്റെ മുമ്പിൽ വിലപ്പോയില്ല.
“അനധികൃതമായി കൈയേറിയ ഭൂമി തിരിച്ചെടുക്കുക എന്നുള്ളതാണ് സർക്കാരിന്റെ നയം. അല്ലാതെ കൈയേറ്റത്തിന് നിയമസാധുത നല്കുകയല്ല.”

നിരാശിതനായി, ക്ഷീണിതനായി അരിയോര നാണുപിള്ളസാർ കളക്ടറുടെ ആപ്പീസിൽ നിന്നും ഇറങ്ങിനടന്നു. ഗേറ്റിനപ്പുറത്തെ സമരപ്പന്തലിൽ ഒരുപറ്റമാളുകളിരുന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിക്കുന്നു.
ജില്ലാ കളക്ടർ നീതിപാലിക്കുക
അഴിമതി അവസാനിപ്പിക്കുക
സർക്കാർ നീതി പാലിക്കുക
റീ സർവേ അവസാനിപ്പിക്കുക
അരിയോര നാണുപിള്ളസാർ അകലംപറ്റി നോക്കിനിന്നു. 
മെല്ലെമെല്ലെ അദ്ദേഹം സമരപ്പന്തലിനോടടുത്തുചെന്നു. ആരോ ഇരിക്കാൻ അല്പം സ്ഥലം കൊടുത്തു. അരിയോര നാണുപിള്ളസാർ കൈയുയർത്തി ആവേശത്തോടെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.
ജില്ലാകളക്ടർ നീതി പാലിക്കുക
അഴിമതി അവസാനിപ്പിക്കുക.
ആ ശബ്ദത്തിന് വൃശ്ചികമാസത്തിലെ കാർത്തികനാളിലെ അരിയോരവിളിയെക്കാൾ മുഴക്കമുണ്ടായിരുന്നു.

 

Join WhatsApp News
Abdul Punnayurkulam 2023-10-14 15:48:35
Any subject can make an interesting story. This one an example.
Samgeev 2023-10-16 00:30:50
Thank you Abdul for the nice remarks.
സുരേന്ദ്രൻ നായർ 2023-10-19 21:04:52
കേരളത്തിലെ ഗ്രാമസംസ്‌കൃതിയും കാർഷിക അനുഷ്ടാനങ്ങളും സർഗ്ഗാത്മകമായി സമന്വയിപ്പിച്ചു അമേരിക്കയിലിരുന്നു രസകരമായ കഥകൾ രചിക്കുന്ന പ്രിയപ്പെട്ട കഥാകാരൻ ഒരു മാതൃകയാണ്. അദ്ദേഹത്തിനും പ്രസിദ്ധീകരിച്ച ഈ മലയാളിക്കും അഭിനന്ദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക