Image

കൂനമ്പാറക്കവല (അധ്യായം 17- നോവല്‍: തമ്പി ആന്റണി)

Published on 15 October, 2023
കൂനമ്പാറക്കവല (അധ്യായം 17- നോവല്‍: തമ്പി ആന്റണി)

കുരിശുകൃഷി

    അഞ്ചുരുളിപ്പുഴയുടെ അങ്ങേക്കരയിലുള്ള പഴയ സായിപ്പിന്റെ ബംഗ്ലാവില്‍നിന്നു നോക്കിയാല്‍ തേയിലക്കാടുകള്‍കൊണ്ടു പച്ചപ്പട്ടു വിരിച്ച കുറേ കുന്നിന്‍പുറങ്ങളും അഞ്ചുരുളിപ്പാലവും ആരോ വരച്ചുവച്ച മനോഹരമായൊരു പെയിന്റിംഗ് പോലെ കാണാം. 

    തോട്ടംതൊഴിലാളികളൊക്കെ പണികഴിഞ്ഞു സിറ്റിയിലേക്കിറങ്ങുന്ന സമയമാണ്. പുഴയ്ക്കക്കരെയുള്ള രാഗിണി ടാക്കീസില്‍നിന്ന് ഏതോ തമിഴ്പ്പാട്ട് അവ്യക്തമായി ഉയരുന്നുണ്ട്. സിറ്റി പൊതുവേ ശബ്ദായമാനമാണ്. പള്ളിമേടയില്‍നിന്ന്, ഹിറ്റ്‌ലറിന്റെ മൃദുലമായ കുര, ശ്രദ്ധിച്ചാല്‍ കേള്‍ക്കാം.         കുന്നിന്‍പുറത്തുനിന്നു താഴേക്ക്, പള്ളി വഴി വളഞ്ഞുപുളഞ്ഞു വരുന്ന വഴി, മെയിന്‍ റോഡില്‍ മുട്ടുന്നിടത്താണു കുരിശുപള്ളി. അവിടെ, മാതാവിന്റെ തിരുരൂപത്തിനു മുമ്പില്‍ ഒന്നുരണ്ടു തൊഴിലാളിസ്ത്രീകള്‍ മുട്ടുകുത്തിനിന്ന് മെഴുകുതിരി കത്തിക്കുന്നു. 

    സിറ്റിയില്‍ എവിടെനിന്നു നോക്കിയാലും, മലമുകളിലൂടെ കോടമഞ്ഞടിച്ചുകയറുന്നതുകൊണ്ട്, കൂനമ്പാറപ്പള്ളിയിലെ കുരിശിന്റെയറ്റം, മഞ്ഞില്‍നിന്ന് എത്തിനോക്കുന്നതുപോലെയേ തോന്നൂ. 

    അന്നത്തെ ദിവസം, കുട്ടാപ്പി ആന്‍ഡ് സണ്‍സ് ടീ ഷോപ്പില്‍, സ്ഥലത്തെ മാന്യന്‍മാര്‍ ഗൗരവതരമായ മറ്റൊരു ചര്‍ച്ചയിലാണ്. കുരിശുകുത്തി സമരമാണ് വിഷയം. ടി വിയിലും അതുതന്നെയാണു ചര്‍ച്ചാവിഷയം. ആരും അതിനു ചെവി കൊടുക്കുന്നില്ല.

    കുട്ടാപ്പി നിഷ്പക്ഷമായിട്ടാണു കാര്യങ്ങള്‍ പറയുന്നതെങ്കിലും അതൊന്നും വിശ്വസനീയമായി ആരും കരുതുന്നില്ല. കുരിശുകുത്തി സമരത്തെ അനുകൂലിച്ചുള്ള പല ജാഥകളിലും ഒളിച്ചും പാത്തും കുട്ടാപ്പി പങ്കെടുത്തിട്ടുണ്ടെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. ഏതോ സര്‍ക്കാര്‍ഭൂമി കൈയേറി കുരിശു കുത്തി എന്ന ആരോപണത്തില്‍, മലമുകളിലെ കുരിശും തറയും വിവാദത്തിലായ സമയമാണത്. 

    അപ്പോഴാണ് രാജപ്പന്റെ വരവ്. ഓട്ടോ പിടിച്ചാണ് അന്നയാള്‍ വന്നത്. നല്ല ഫോമിലായാല്‍പ്പിന്നെ ഈയിടെയായി കരണ്ടുരാജപ്പന്‍ ഓട്ടോയിലേ യാത്ര ചെയ്യൂ. ഒരിക്കല്‍ ബൈക്കുമായി വരുമ്പോള്‍ ബാലന്‍സ് തെറ്റി അഞ്ചുരുളിപ്പുഴയിലേക്കൊന്നു മറിഞ്ഞതാണ്. വെള്ളത്തിലായതുകൊണ്ടു മാത്രം നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ഒഴുകിപ്പോയ ചടാക്ക് ബൈക്ക്, നാട്ടുകാരും ഫയര്‍ഫോഴ്‌സുംകൂടിയാണ് പൊക്കിയെടുത്തത്. ആ ബൈക്ക് നന്നാക്കിയെടുക്കാന്‍ കാശു കുറേ ചെലവായി. ഹെല്‍മെറ്റ് വയ്ക്കാത്ത കരണ്ടുരാജപ്പന്‍ അന്നു നാട്ടുകാരുടെ മുമ്പില്‍വച്ച് സത്യം ചെയ്തതാണ്, വെള്ളമടിച്ചാല്‍പ്പിന്നെ ബൈക്കോടിക്കുകയില്ല എന്ന്. ഓടിക്കാനുള്ള ധൈര്യവുമില്ല! 

    രാജപ്പനെ കണ്ടപ്പോള്‍ത്തന്നെ കുട്ടാപ്പി പറഞ്ഞു: 

    'ഇന്ന് രാജപ്പന്‍ നല്ല ഫോമിലാ. തൊട്ടാല്‍ കരണ്ടടിക്കും!'

    കുരിശുതകര്‍ക്കല്‍ എന്ന വിഷയത്തെക്കുറിച്ചുള്ള, അന്നത്തെ ചര്‍ച്ചയിലേക്കാണ് രാജപ്പന്‍ വന്നുകയറിയത്. കുട്ടാപ്പിയെക്കൂടാതെ, പ്രൊഫസര്‍ പീറ്ററും കരുണാകര്‍ജിയും, ചൂടുള്ള വാര്‍ത്ത കിട്ടിയ ടി വി ചാനലുകാരെപ്പോലെ ഉത്സാഹത്തിലായിരുന്നു. 

    രാജപ്പന്‍ മുണ്ടൊന്നു മുറുക്കിയുടുത്ത്, ചായക്കടയുടെ ഉള്ളിലാകെ കണ്ണോടിച്ച്, ചെറുതായി ഒരു രാഷ്ട്രീയച്ചിരി ചിരിച്ച്, എല്ലാവരോടുമായി ഒരു ഉപമ പറഞ്ഞു: 

    'ഭാര്യമാര്‍ വയ്ക്കുന്ന സാമ്പാര്‍, ചോറിനു കൂട്ടാന്‍ നല്ലതാ. പക്ഷേ അണിഞ്ഞൊരുങ്ങി കല്ല്യാണത്തിനു പോകാന്‍ നില്‍ക്കുമ്പോള്‍ അവരുടെ സാരിയില്‍ ഒന്നൊഴിച്ചുനോക്ക്. അപ്പോഴറിയാം വിവരം. പിന്നെ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകും.'

    കരണ്ടെന്താണു മുഖവുരയൊന്നുമില്ലാതെ ഇങ്ങനെ പറയുന്നതെന്ന സംശയത്തിലായിരുന്നു ചായക്കട സദസ്സ്. കരുണാകര്‍ജിയാണു പ്രതികരിച്ചത്: 

    'രാജപ്പാ, ചുമ്മാ പിച്ചും പേയും പറയാതെ കാര്യം പറ. ഇവിടെയിപ്പം സാമ്പാറും കറിയുമൊന്നും വച്ച കാര്യമൊന്നും ആരും പറഞ്ഞില്ലല്ലോ. ഇന്നത്തെ പ്രശ്‌നം മലയിലെ കുരിശല്ലേ?'

    'അതുതന്നെയല്ലേ ഞാനീ പറഞ്ഞുവരുന്നത്? കുരിശാണെങ്കിലും വിഗ്രഹമാണെങ്കിലും അതിരിക്കേണ്ടടത്തിരിക്കണം. താനിരിക്കേണ്ടിടത്തു താനിരുന്നില്ലെങ്കില്‍ കണ്ട കൊടിച്ചിപ്പട്ടിയൊക്കെ കയറിയിരിക്കുമെന്നു കേട്ടിട്ടില്ലേ? മനുഷ്യര്‍ക്കു മാത്രമല്ല, മതചിഹ്നങ്ങള്‍ക്കും ഇരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. വല്ല മലയിലും കാട്ടിലും കൊണ്ടുപോയി സ്ഥാപിക്കാനുള്ളതാണോ ഈ കുരിശ്? ഒള്ളതു പറഞ്ഞാല്‍ പണ്ടുതൊട്ടേ സന്യാസിമാരും പുണ്യാളന്‍മാരുമൊക്കെ നമുക്കിട്ടു പണി തന്നു എന്നു പറഞ്ഞാ മതിയല്ലോ!    

    മുന്‍മന്ത്രി ചക്കാലയ്ക്കല്‍ കുട്ടപ്പന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊക്കെ ഒരുമാതിരി കാട്ടിലെ പണിയാ. കാശുണ്ടാക്കാന്‍... അല്ലാതെ പിന്നെ! പണ്ടൊക്കെ പട്ടിണി കിടന്നും ത്യാഗം ചെരിപ്പുപോലുമില്ലാതെ ത്യാഗം സഹിച്ചുമാണ് ആളുകള്‍ മല ചവിട്ടിയിരുന്നത്. ഇന്ന് നേര്‍ച്ചപ്പെട്ടിയില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യത്തിനു റോഡുകളായി, പാലങ്ങളായി... എന്തിനു പറയുന്നു, വി ഐ പികള്‍ക്ക് വേണമെങ്കില്‍ പരമസുഖമായി ഹെലിക്കോപ്റ്ററില്‍ ചെന്നിറങ്ങാമെന്നുവരെയായി. ഇഷ്ടംപോലെ നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ വേറേ...'

    ഇത്രയും ഒറ്റ ശ്വാസത്തില്‍ പറഞ്ഞിട്ട്, കരണ്ട് എല്ലാവരേയും മൊത്തത്തിലൊന്നു നോക്കി. ആര്‍ക്കും പ്രതികരണമില്ല. സത്യം പറയുമ്പോള്‍ ആരെങ്കിലും എന്തിനു പ്രതികരിക്കണമെന്ന ഭാവത്തിലാണ് മാന്യസദസ്സ്. ഇതൊക്കെ കേള്‍ക്കുമ്പോഴും പീറ്റര്‍സാറിന്റെ ശ്രദ്ധ മുഴുവന്‍ പത്രത്തിലാണ്. പീറ്റര്‍സാറങ്ങനെയാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ പത്രം വായിക്കുന്ന രീതിയില്‍ കുനിഞ്ഞിരിക്കും. എന്നാല്‍ കരുണാകര്‍ജിയും കുട്ടാപ്പിയും എല്ലാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ടായിരുന്നു. അതറിഞ്ഞുകൊണ്ട്, കരണ്ട് കുട്ടാപ്പിയോടു പറഞ്ഞു: 

    'കുട്ടാപ്പീ... കടുപ്പത്തിലൊരു ചായ.'

    കരുണാകര്‍ജി കൈയില്‍ കൊണ്ടുവന്ന കുപ്പിയില്‍നിന്ന് ഒരു കവിള്‍ വെള്ളം കുടിച്ചിട്ട്, ചില്ലലമാരയില്‍നിന്ന് ഒരു പരിപ്പുവടയെടുത്ത് കറുമുറെ തിന്നാന്‍ തുടങ്ങി. കുപ്പിയില്‍ വെള്ളമല്ല, പട്ടച്ചാരായമാണെന്ന് കുട്ടാപ്പിക്കും കൂട്ടുകാര്‍ക്കും നല്ലതുപോലെയറിയാം. എന്നാലും ആ പതിവുശീലങ്ങളൊന്നും ആരും അറിഞ്ഞതായി നടിക്കില്ല. ഒരു കവിള്‍കൂടി മോന്തി, കുപ്പി മേശപ്പുറത്തു വച്ച്, കരുണാകര്‍ജി സംസാരിച്ചുതുടങ്ങി: 

    'എന്റെ രാജപ്പാ, ഇതൊക്കെ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അല്ലെങ്കിലും ഇതിനിപ്പം ഇത്രയധികം വികാരം കൊണ്ടിട്ടു വലിയ കാര്യമൊന്നുമില്ല.'

    'അതു നേരാ. ഇന്നും ഇന്നലെയുമൊന്നുമല്ല, അങ്ങു തോമാശ്ലീഹായുടെ കാലത്തു തൊട്ടുള്ള കളിയാ. അതിന്റെയൊക്കെ തിക്തഫലങ്ങളാ നമ്മളീയനുഭവിക്കുന്നത്. സത്യം പറയാമല്ലോ, കോളേജില്‍ പഠിക്കുമ്പോള്‍ കൂടെ പഠിക്കുന്ന കൂട്ടുകാരു നിര്‍ബ്ബന്ധിച്ചിട്ടാ ഒരു രാത്രി മലയാറ്റൂര്‍ മലയൊന്നു ചവിട്ടിയത്. കുറേ പെണ്‍കുട്ടികളും കൂടെയുണ്ടായിരുന്നതുകൊണ്ട് തട്ടീം പിടിച്ചും കേറിപ്പോയതറിഞ്ഞില്ല. അതു നല്ല ചൂടുള്ള ഏപ്രില്‍മാസത്തിലായിരുന്നു. തിരിച്ചു താഴെ വന്നപ്പം വിയര്‍ത്തു കുളിച്ചു വല്ലാത്തൊരവസ്ഥയിലായി. അന്നു തൊടങ്ങീതാ നടുവിനൊരു പിടുത്തം. അന്നത്തെ ക്ഷീണം ഇപ്പോഴും മാറീട്ടില്ല. ഇനിയിപ്പം അതു മാറണമെങ്കില്‍ വേളാങ്കണ്ണീപ്പോയി മാതാവിനോടു മുട്ടുമ്മേ നിന്നു പ്രാര്‍ത്ഥിക്കണമെന്നാ റോഷനച്ചന്‍ പറയുന്നത്. അതുവല്ലോം നടക്കുന്ന കാര്യമാണോ കുട്ടാപ്പീ? അതും, തൊട്ടടുത്തുള്ള കൂനംപാറ പള്ളീല്‍പ്പോകാത്ത എന്നോട്! ഞാനപ്പഴേ അച്ചനോടു പറഞ്ഞു, അച്ചോ അതു തിളച്ച വെള്ളമാ, ആ വെള്ളമങ്ങു വാങ്ങിവച്ചേരെന്ന്!'

    അതു കേട്ടപ്പോള്‍ത്തന്നെ കുട്ടാപ്പിക്കു മനസ്സിലായി, പകുതി പുളുവടിക്കുന്നതാണെന്ന്. അച്ചന്‍മാരെപ്പറ്റിയൊക്കെ പല പെണ്‍വാണിഭക്കഥകളും കേട്ടിട്ടുണ്ടെങ്കിലും ഫാദര്‍ റോഷന്‍ കാടുകേറി അങ്ങനെയൊന്നുമല്ല. പേരുപോലെതന്നെ അച്ചട്ടാണ് അച്ചന്റെ പെരുമാറ്റം. പാവങ്ങളുടെ ഉന്നമനത്തിനുവേണ്ടി ഏതു കാടും മലയും കേറും! എല്ലാ സമുദായക്കാര്‍ക്കും സമ്മതനായ വികാരിയച്ചന്റെ നേരേ നോക്കി അത്രയൊന്നും പറയാനുള്ള ധൈര്യമൊന്നും ഈ കരണ്ടിനില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എങ്കിലും കുട്ടാപ്പി കരണ്ടുരാജപ്പനെ സപ്പോര്‍ട്ട് ചെയ്തു. കരുണാകര്‍ജിക്കാണെങ്കില്‍, ചായക്കടയിലാണെങ്കിലും വേണ്ടില്ല, പ്രസംഗിക്കാനൊരു ചാന്‍സു കിട്ടിയ സന്തോഷമായിരുന്നു. പട്ടച്ചാരായത്തിന്റെ ലഹരിയില്‍, ഉടനേ എഴുന്നേറ്റുനിന്നു പ്രഭാഷണം തുടങ്ങി: 

    'പണ്ടാരാണ്ടു പറഞ്ഞപോലെ, പൊന്നു പൂശിയാലും പൊന്നുകൊണ്ടുണ്ടാക്കിയാലും ഈ മലമുകളിലും പുണ്യസ്ഥലങ്ങളിലുമിരിക്കുന്നതെല്ലാം കുരിശുതന്നെയാ. അതൊന്നും പോരാഞ്ഞിട്ട് ബാങ്കിന്റെയൊക്കെ ബ്രാഞ്ചാഫീസുപോലെ, വഴിയരികിലും കുരിശു വച്ച ഡിപ്പോസിറ്റ് ബോക്‌സുകള്‍ വേറേ. ആദ്യം ക്രിസ്ത്യാനികള്‍ തുടങ്ങി. അതൊരു നല്ല വരുമാനമാര്‍ഗമാണെന്നറിഞ്ഞപ്പോള്‍ മറ്റു മതക്കാരും കണ്ണാടിക്കൂട്ടില്‍ ചായം പുരട്ടിയ വിഗ്രഹങ്ങള്‍ വച്ചുതുടങ്ങി. വിഗ്രഹമില്ലെന്നു പറയുന്നവരും വിട്ടില്ല. അവരും തുടങ്ങി, പല അടയാളങ്ങളും വച്ച് റോഡരികിലെ പണി. ഇനിയിപ്പം അതൊക്കെ ഇടിച്ചുമാറ്റിയാല്‍ പ്രക്ഷോഭമുണ്ടാകും. അതിലുമെളുപ്പം റോഡങ്ങു മാറ്റിവിടുന്നതാ. പണ്ടൊരു മന്ത്രി അയാളുടെ മണ്ഡലത്തില്‍ പണിതപ്പോള്‍ പ്രതിപക്ഷം പുഴ മാറ്റിവിട്ടതുപോലെ! പിന്നെ വെറും നോക്കുകുത്തിയെപ്പോലെയായ ആ പാലത്തിന്റെ നിപ്പ് ഒന്നു കാണേണ്ടതുതന്നെയായിരുന്നു! അതുപോലെ നമുക്കിനി ഈ വഴികളെല്ലാം മാറ്റിവിടാം. അപ്പോള്‍പ്പിന്നെ കുരിശുള്ളതും ഇല്ലാത്തതുമായ എല്ലാ നേര്‍ച്ചപ്പെട്ടികളും നോക്കുകുത്തികളാകും. അപ്പോള്‍ അതൊക്കെ നാട്ടുകാരുതന്നെ കൈകാര്യം ചെയ്‌തോളും. അല്ലാണ്ടിപ്പം എന്താ പോംവഴി?'

    ഇത്രയും പറഞ്ഞ്, കരുണാകര്‍ജി തമാശരൂപത്തില്‍ ഒന്നു ചിരിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പീറ്റര്‍സാറിന്റെ നോട്ടം കണ്ടപ്പോള്‍ അതുപേക്ഷിച്ചു. സത്യത്തില്‍ അപ്പോഴാണ് പ്രൊഫസര്‍ ഒന്നുണര്‍ന്നത്. അയാള്‍ പിള്ളേര്‍ക്കു ക്ലാസ്സെടുക്കുന്ന ലാഘവത്തോടെ ചരിത്രം പറഞ്ഞുതുടങ്ങി: 

    'എടാ കുട്ടാപ്പീ, ഈ നേര്‍ച്ചപ്പെട്ടിയൊക്കെ പള്ളിവകയാ. എന്തായാലും മതപ്രവാചകന്‍മാര് ഒരു നല്ലകാര്യം ചെയ്തു. പള്ളിയുടെകൂടെ ഒരു കൂടംകൂടിച്ചേര്‍ത്ത് പള്ളിക്കൂടമുണ്ടാക്കി. അതുകൊണ്ട് നമുക്കിത്തിരി ലോകവിവരവും കമ്യൂണിസവുമുണ്ടായി. ആംഗലേയഭാഷയും വിദ്യാഭ്യാസവുംകൂടി ഇന്ത്യയെ ഒന്നാക്കി. എന്നിട്ട് ദേശീയകോണ്‍ഗ്രസ്സാണ് ഇന്ത്യയെന്ന് എല്ലാവരേയും തെറ്റിദ്ധരിപ്പിച്ചു. കൂട്ടത്തില്‍, കുത്തകമുതലാളിയായ മോത്തിലാല്‍ നെഹ്രു മകനുവേണ്ടി കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കി. അതിനൊക്കെ കൃത്യമായ ലക്ഷ്യങ്ങളുണ്ടായിരുന്നു. സ്വന്തം മകനെ ആദ്യത്തെ പ്രധാനമന്ത്രിയാക്കാനുള്ള തന്ത്രമായിരുന്നു അതൊക്കെ. അങ്ങനെ ഇന്ത്യയെ വിലയ്ക്കു വാങ്ങുന്നതു കണ്ടിട്ടും ഗാന്ധിയപ്പൂപ്പന്‍ ഒരക്ഷരം പറഞ്ഞില്ല. അല്ലെങ്കിലും പണത്തിനു മീതേ പരുന്തും പറക്കില്ലെന്നല്ലേ? അറ്റകൈയ്ക്ക് സായിപ്പന്‍മാര്‍ എല്ലാംകൂടി കോണ്‍ഗ്രസ്സിന്റെയും ഗാന്ധിയുടെയും തലയില്‍ കെട്ടിവച്ചു. എന്നിട്ടു മുസ്ലീം നേതാവ് ജിന്നയെ വിളിച്ചു രഹസ്യമായി പറഞ്ഞു, ജീവന്‍ വേണേല്‍ സ്ഥലം വിട്ടോ എന്ന്. അങ്ങനെ അവര്‍തന്നെയുണ്ടാക്കിയ സാമ്രാജ്യം രണ്ടായി വിഭജിച്ചു. അവരാഗ്രഹിച്ചതുപോലെ, നമുക്ക് പാക്കിസ്ഥാന്‍ എന്ന ആജീവനാന്തശത്രുരാജ്യമുണ്ടായി. അങ്ങനെ ബ്രിട്ടീഷുകാര്‍ തുടക്കത്തിലേ കോണ്‍ഗ്രസ്സിനിട്ടു നല്ലൊരു പണി കൊടുത്തു. എന്നിട്ട് കിട്ടിയ സ്വത്തും കോഹിനൂര്‍ രത്‌നവുമായി സ്ഥലംവിട്ടു! അതുകൊണ്ടു കേരളത്തില്‍ കമ്യൂണിസവും മതേതരത്വവും വന്നുവെന്നു പറയുന്നതല്ലാതെ ഒന്നും കാണാനില്ല. റഷ്യ എന്ന കമ്യൂണിസ്റ്റ് ശക്തിയുടെ കൂടെക്കൂടി ഇന്ത്യയെ പിന്നെയും പാപ്പരാക്കി. കമ്യൂണിസമെന്നുപറഞ്ഞ് സര്‍വ്വരാജ്യത്തൊഴിലാളികളും സംഘടിച്ചുസംഘടിച്ചു ശക്തി പ്രാപിച്ചു. കൂടെ പാര്‍ട്ടിക്കാരും സമ്പാദിച്ച് കോണ്‍ഗ്രസ്സിനേക്കാള്‍ വലിയ കോണ്‍ഗ്രസ്സായി. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ എം എസ് പഠിപ്പിച്ച മതേതരത്വം മറന്നിട്ട്, പരസ്യമായി ജാതി പറഞ്ഞു വോട്ടു ചോദിച്ചു. വോട്ടിനുവേണ്ടി രാഷ്ട്രീയക്കാര്‍ സകല മതനേതാക്കളുടേയും പുണ്യാളന്‍മാരുടെയും കൈ മുത്തി.'

    പീറ്റര്‍സാറങ്ങനെയാണ്. ചാന്‍സ് കിട്ടിയാല്‍ സ്വാതന്ത്ര്യസമരം തൊട്ടു തുടങ്ങും. പട്ടാളക്കഥ തുടങ്ങിയാല്‍പ്പിന്നെ പിടിച്ചാല്‍ കിട്ടില്ല. കുറച്ചൊക്കെ പുളുവാണെങ്കിലും വിവരമുള്ളതുകൊണ്ട് ആരും എതിര്‍ത്തൊന്നും പറയില്ല. 

    പെട്ടെന്നാണ് അഞ്ചുരുളിപ്പുഴയുടെ അക്കരെക്കൂടി എടുത്താല്‍ പൊങ്ങാത്ത കുരിശുമായി ഒരു ഘോഷയാത്ര പോകുന്നത്. എല്ലാവരും പുതിയ കാഴ്ച കാണാനായി ചായക്കടയില്‍നിന്നിറങ്ങി. കുരിശുകൃഷിക്ക് എന്തോ സംഭവിച്ചിട്ടുണ്ടെന്നു മാത്രം മനസ്സിലായി. ഉടനേതന്നെ സ്ഥലത്തെ സ്വന്തം ലേഖകന്‍ കരണ്ടുരാജപ്പനും കരുണാകര്‍ജിയും പാലം കടന്നു പുഴക്കരയിലേക്കു നടന്നു. കാര്യമെന്താണെന്നറിയണമല്ലോ! കുട്ടാപ്പി ആത്മഗതമായി പറഞ്ഞു: 

    'ഇതിപ്പം ദുഃഖവെള്ളിയാഴ്ചയൊന്നുമല്ലല്ലോ. ഇവന്‍മാരെങ്ങോട്ടാ ഈ കുരിശും ചുമന്നോണ്ട്... കുരിശിന്റെ വഴിയാണെങ്കില്‍ കാടുകേറിയച്ചനറിയേണ്ടതല്ലേ?'

    'ആ... ഇപ്പോ ആരും ഒന്നും സംശയിക്കണ്ട. സ്ഥലം ലേഖകനും കരുണാകര്‍ജിയും പോയിട്ടുണ്ടല്ലോ. അവരിങ്ങോട്ടു വരട്ടെ. അപ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ വ്യക്തത വരും.'

    പീറ്റര്‍സാര്‍ പറഞ്ഞു.

    പുഴയ്ക്കക്കരെ ഒച്ചപ്പാടും ബഹളവും കേട്ട്, കൂനമ്പാറക്കവലയില്‍ ബസ്സു കയറാന്‍ നിന്നവര്‍ ഒന്നൊന്നായി പാലത്തിലേക്കോടി. കാടുകേറിയച്ചന്‍ പള്ളിയില്‍നിന്ന് പഴയ ബുള്ളറ്റില്‍ താഴേക്കു വരുന്നതിന്റെ ശബ്ദം എല്ലാവരും കേട്ടു. പിന്‍സീറ്റില്‍ പൊട്ടന്‍ചെങ്ങാലി, പൊട്ടന്‍ ആട്ടം കാണുന്നതുപോലെ നോക്കി, അള്ളിപ്പിടിച്ചിരിപ്പുണ്ട്.

    'ജനമര്‍ദ്ദകനും പോലീസ് സന്നാഹവുമൊക്കെയുണ്ട്. ഇന്നെന്തെങ്കിലും നടക്കും.'

    കുട്ടാപ്പി ഉത്സാഹത്തോടെ പറഞ്ഞു. പത്താളു കൂടിയേ പെട്ടിയില്‍ കാശു വീഴുകയുള്ളു എന്നു കുട്ടാപ്പിക്കറിയാം. 

    ബസ്സു കയറാന്‍ വന്നവര്‍ പാലത്തിന്റെ കൈവരിയില്‍പ്പിടിച്ചു ദൂരേക്കു നോക്കി നില്‍ക്കുകയായിരുന്നു. എന്തായാലും കുരിശുകുത്തി സമരത്തിന് എന്തെങ്കിലും പരിഹാരമായിക്കാണുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. രാവിലെ കളക്ടറും പരിവാരങ്ങളും പോയിട്ടുണ്ടെന്ന് ടി വിയില്‍ ന്യൂസുണ്ടായിരുന്നെന്ന് കുട്ടപ്പായി പറഞ്ഞു. എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു.

    അപ്പോഴാണ് ടി വിയില്‍ ബ്രേക്കിംഗ് ന്യൂസ് വന്നത്. കളക്ടറും കൂട്ടരും പോലീസും ജെ സി ബിയുമായി വന്ന്, ആ വലിയ കുരിശ് പുല്ലുപോലെ പറിച്ചെടുക്കുന്നു! കുരിശുകുത്തി സമരക്കാര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. അതുകൊണ്ടൊന്നും ഒരു പ്രയോജനവുമില്ല. പറിച്ചെടുത്ത കുരിശുമായി വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധജാഥയാണ് അപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പിറകേ ഒന്നുരണ്ടു പോലീസ് ജീപ്പുമുണ്ട്. 

    കരുണാകര്‍ജിയും കരണ്ടും തിരിച്ചെത്തിയെങ്കിലും ആര്‍ക്കും ഒന്നുമറിയാനുള്ള ആകാംക്ഷയില്ലായിരുന്നു. എന്നാലും കുട്ടാപ്പി അവരോടൊരു ചോദ്യം ചോദിച്ചു: 

    'അല്ല രാജപ്പാ, അതെന്തിനാ ഈ പോലീസിന്റെ അകമ്പടി? അവര്‍ സമാധാനമായിട്ടല്ലേ പോകുന്നത്?'

    'എടാ കുട്ടാപ്പീ, ആ കുരിശിനി അവമ്മാര് വേറേ എവിടെങ്കിലും കുത്തിവയ്ക്കുന്നുണ്ടോന്നു നിരീക്ഷിക്കാനാ. അങ്ങനെങ്ങാനും ചെയ്താല്‍ ഇരട്ടിപ്പണിയാകും. ഇന്നിപ്പോ കളക്ടറുടെ സ്‌പെഷ്യല്‍ ഓര്‍ഡറ്, ജനങ്ങള്‍ പിരിയുമ്പോള്‍ കുരിശ് അഞ്ചുരുളിപ്പുഴയിലേക്കെറിയണമെന്നാ.'

    'അപ്പോള്‍ കുരിശിനെ ഇന്നു പോലീസുകാരുതന്നെ മാമോദീസ മുക്കും. അതുറപ്പാ.'

    ഒരു ലാത്തിച്ചാര്‍ജ്ജെങ്കിലും കാണാമെന്നു കരുതി, ആകാംക്ഷയോടെ അഞ്ചുരുളിപ്പാലത്തിന്റെ കൈവരിയിലും മരക്കൊമ്പുകളിലുംവരെ കയറിനിന്നവര്‍ നിരാശരായി മടങ്ങി. മഴക്കാലമാണ്. ഒരിടിയും മഴയും ഒന്നിച്ചുവന്നു. അപ്പോഴാണ്, കുരിശു ചുമന്നവര്‍ക്ക് ആ തടിയന്‍കുരിശ് ശരിക്കുമൊരു കുരിശായത്. ജനമര്‍ദ്ദകന്‍ എന്തോ ഒന്നു കമാന്‍ഡ് ചെയ്തു. പോലീസ് വെറുതേ മുകളിലേക്ക് ഒന്നുരണ്ടു വെടി പൊട്ടിച്ചു. വെടിയുണ്ട വന്നാല്‍ വിരിമാറു കാട്ടുമെന്നു പറഞ്ഞ സത്യവിശ്വാസികള്‍പോലും കുരിശു താഴെവച്ച് നാലുപാടും ചിതറിയോടി. 

    'ഇതെന്നാ ചേട്ടാ, വെടിയുടെ ഒച്ച കേട്ടപ്പോഴേ കര്‍ത്താവിനെയിട്ടേച്ചോടിക്കളഞ്ഞല്ലോ!'

    ഉടുതുണിയും പറിച്ചു കുട്ടാപ്പി ആന്‍ഡ് സണ്‍സിലേക്ക് ഓടിക്കിതച്ചുവന്ന ചേട്ടന്‍മാരോട് കരണ്ടുരാജപ്പന്‍ പരിഹാസത്തോടെ ചോദിച്ചു. 

    ഒരു ചേട്ടന്‍ ഉരുളയ്ക്കുപ്പേരിപോലെ മറുപടി നല്‍കി: 

    'പിന്നേ! വെടി വരുമ്പഴാ അവന്റമ്മേടെ കുരിശുസമരം!'

    അങ്ങനെ ജനം പിരിഞ്ഞുപോയി. എല്ലാം ശാന്തമായപ്പോഴേക്കും കോടമഞ്ഞ് അടിച്ചുകയറി, അഞ്ചുരുളിപ്പാലവും പുഴക്കരയും മാത്രമല്ല പള്ളിക്കുരിശിന്റെ ബാക്കിനിന്ന അറ്റം പോലും മുക്കിക്കളഞ്ഞിരുന്നു. 

read more: https://emalayalee.com/writer/82

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക