Image

ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷന്‍   പ്രഖ്യാപനവും, തിരുന്നാളും, പാരീഷ് ഡേയും 21 മുതല്‍.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 20 October, 2023
ബെഡ്‌ഫോര്‍ഡ് സെന്റ് അല്‍ഫോന്‍സാ മിഷന്‍   പ്രഖ്യാപനവും, തിരുന്നാളും, പാരീഷ് ഡേയും 21 മുതല്‍.

ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ് കേന്ദ്രീകരിച്ച് സീറോ മലബാര്‍ വിശ്വാസികള്‍ ഒത്തുകൂടി കുര്‍ബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള കുര്‍ബ്ബാന കേന്ദ്രം മിഷനായി പ്രഖ്യാപിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുര്‍ബ്ബാന കേന്ദ്രത്തെ മിഷനായി ഉയര്‍ത്തുമ്പോള്‍ അവിടുത്തെ നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് നിറവേറ്റപ്പെടുന്നത്.

പരിശുദ്ധ ദൈവമാതാവിന്റെയും, ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുന്നാളും, പാരീഷ് ഡേയും ഒക്ടോബര്‍ മാസം 21,22,23 തീയതികളിലായി ആഘോഷിക്കപ്പെടുമ്പോള്‍ ഇരട്ടി മധുരത്തിന്റെയും അനുഗ്രഹത്തിന്റെയും നിറവിലാവും  വിശ്വാസി സമൂഹം കൊണ്ടാടുക.

ഒക്ടോബര്‍ 13 മുതല്‍ ആരംഭിച്ച ദശദിന ജപമാല സമര്‍പ്പണവും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേനയും 22 നു നടക്കുന്ന മുഖ്യ തിരുന്നാളോടെ സമാപിക്കും.

ഒക്ടോബര്‍ 21 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പാരീഷ് പ്രീസ്റ്റ് ഫാ.എബിന്‍ നീരുവേലില്‍ വി സി, ആമുഖമായി തിരുന്നാള്‍ കൊടിയേറ്റിയ ശേഷം ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

പ്രധാന തിരുന്നാള്‍ ദിനമായ ഒക്ടോബര്‍ 22 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് അര്‍പ്പിക്കുന്ന ആഘോഷപൂര്‍വ്വമായ സമൂഹബലിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു സന്ദേശം നല്‍കുകയും കുര്‍ബ്ബാന കേന്ദ്രത്തെ മിഷനായി  പ്രഖ്യാപിക്കുകയും ചെയ്യും. വിശുദ്ധബലിക്കു ശേഷം  വിശുദ്ധരുടെ രൂപങ്ങള്‍ ഏന്തി ദേവാലയം ചുറ്റി വിശ്വാസ പ്രഘോഷണമായി പ്രധാന വേദിയായ ജോണ്‍ ബനിയന്‍ സെന്ററില്‍ എത്തി സമാപിക്കും.  
 
ഇടവക ദിനാഘോഷത്തില്‍ സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും അരങ്ങേറും. സ്‌നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

തിരുന്നാള്‍ സമാപന ദിനമായ ഒക്ടോബര്‍ 23 ന് തിങ്കളാഴ്ച മരിച്ചവിശ്വാസികളുടെ തിരുന്നാള്‍ കൊണ്ടാടും. വൈകുന്നേരം 5 മണിയോടെ തിരുന്നാളിന് കൊടിയിറങ്ങും.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ബെഡ്‌ഫോര്‍ഡ് കേന്ദ്രീകരിച്ചു സീറോമലബാര്‍ സമൂഹം ആഘോഷിക്കുന്ന പാരീഷ് ഡേയ്ക്ക് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും, കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളുവാന്‍ സൗകര്യപ്രദവും, പള്ളിയുടെ സമീപത്തുള്ളതുമായ ജോണ്‍ ബനിയന്‍ സെന്ററാണ് വേദിയാവുക.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ബെഡ്‌ഫോര്‍ഡില്‍ കുര്‍ബ്ബാന കേന്ദ്രം മിഷനായി ഉയര്‍ത്തുന്ന അനുഗ്രഹീത വേളയിലും,  തിരുന്നാളിലും, പാരീഷ് ഡേയിലും ഭാഗഭാക്കാകുവാനും, മാദ്ധ്യസ്ഥവും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഇടവകാംഗങ്ങളേവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി വികാരി ഫാ എബിന്‍ നീരുവേലില്‍ വി സി അറിയിച്ചു.  

കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യു കുരീക്കല്‍ ( കണ്‍വീനര്‍), രാജന്‍ കോശി, ജയ്‌മോന്‍ ജേക്കബ്, ജോമോന്‍ മാമ്മൂട്ടില്‍, ജൊമെക്‌സ് കളത്തില്‍, ആന്റോ ബാബു, ജെയ്സണ്‍ ജോസ് തുടങ്ങിയവരുമായി  ബന്ധപ്പെടാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക