Image

ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി വിദ്യാരംഭത്തിനായി ഒരുങ്ങി കുരുന്നുകള്‍(ദുര്‍ഗ മനോജ്) 

ദുര്‍ഗ മനോജ്  Published on 24 October, 2023
ഇന്ന് വിജയദശമി; ആദ്യാക്ഷരമെഴുതി വിദ്യാരംഭത്തിനായി ഒരുങ്ങി കുരുന്നുകള്‍(ദുര്‍ഗ മനോജ്) 

ഒമ്പതുരാത്രികള്‍ പിന്നിട്ട് ഇന്ന് വിജയദശമി ദിനത്തില്‍ മനുഷ്യര്‍ തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയംകൊണ്ടാടുകയാണ്. ആയുധപൂജയും അക്ഷരപൂജയുമായി ഇന്ന് അറിവിന്റെ ദേവതയുടെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥനയുയരും. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ച് ഭൂമിയില്‍ സമാധാനം കൊണ്ടുവന്ന ദിനമായി പൊതുവേ നവരാത്രിയുടെ ഐതീഹ്യത്തെക്കുറിച്ചു പറയാറുണ്ട്. എന്നാല്‍ മഹാഭാരതത്തിലും നവരാത്രിയുമായി ബന്ധപ്പെട്ട് ഒരു കഥ പറയുന്നുണ്ട്. പന്ത്രണ്ടു വര്‍ഷത്തെ വനവാസകാലം കടന്ന് ഒരു വര്‍ഷത്തെ അജ്ഞാതവാസം ആരംഭിച്ചപ്പോള്‍ പാണ്ഡവര്‍ ആദ്യം ചെയ്തത് അവരുടെ പക്കലുള്ള ദിവ്യായുധങ്ങള്‍ ഒളിപ്പിക്കുകയായിരുന്നു. വനത്തിനുള്ളില്‍ ഒരു വലിയ സാലമരത്തിന്റെ ഉയരത്തിലുള്ള വലിയ ശിഖരത്തില്‍ അവര്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു വെച്ചിരുന്നു. അജ്ഞാതവാസം അവസാനിച്ചപ്പോള്‍ ആ ആയുധങ്ങള്‍ മരത്തില്‍ നിന്നും താഴെയിറക്കി ഒമ്പതു ദിവസം ആ മരത്തിനിടയില്‍ വെച്ചു തന്നെ പൂജിച്ചു. അതിനുശേഷം പത്താം ദിവസം, അതായത് വിജയദശദമി ദിവസം  അവര്‍ വീണ്ടും ആയുധധാരികളായി. പാണ്ഡവര്‍ ആയുധങ്ങള്‍ പൂജിച്ചതില്‍ നിന്നാണ് ആയുധപൂജയെന്ന പേരും നവരാത്രിക്കാലത്ത് പ്രസിദ്ധമാകുന്നത്.

ഇതൊക്കെ ഐതീഹ്യങ്ങള്‍, എന്നിരുന്നാലും ഭാരതീയ പൈതൃകത്തിന് അഭിമാനിക്കാന്‍ ഏറെയുണ്ട്. അറിവ് എന്നാല്‍ ജ്ഞാനം എന്നും അത് അഗ്‌നിയാണെന്നുമുള്ള തിരിച്ചറിവ് നമ്മിലുണ്ട്. ആ അറിവിന്റെ ദേവത സരസ്വതിയാണ്. അജ്ഞാനത്തെ എരിച്ചുകളയുന്ന ജ്ഞാനം അകതാരില്‍ വിളങ്ങുവാന്‍ ദേവീ നീ കനിയണം എന്നാണു പ്രാര്‍ത്ഥന. എല്ലാവരും അവരുടെ തൊഴിലുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ആയുധ പൂജയില്‍ ദേവിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. എന്നിട്ട് കൂടുതല്‍ ആര്‍ജവത്തോടെ വരുംകാലത്തു പ്രവൃത്തിക്കാനാകണം എന്നു പ്രാര്‍ത്ഥിച്ച് വിജയദശമി ദിവസം ആയുധങ്ങള്‍ തിരിച്ചെടുത്തു ദേവിയുടെ അനുഗ്രഹത്തോടെ മുന്നോട്ടുപോകുന്നു. വിജയദശമിയില്‍ ദേവി അസുരനിഗ്രഹം നടത്തിയെന്ന ഐതീഹ്യം ആ ദിനത്തെ പുതിയ വിദ്യകള്‍ അഭ്യസിക്കാനുള്ള ദിനമാക്കി മാറ്റുന്നു. ആദ്യാക്ഷരം കുറിക്കാനും കലകള്‍ പഠിക്കാനും, പഠിച്ച കലകള്‍ പ്രദര്‍ശിപ്പിക്കാനുമൊക്കെ വിജയദശമിദിനം ഉത്തമമായി കരുതുന്നു.

നവരാത്രിക്കാലത്ത് ആദ്യ മൂന്നുനാള്‍ ദേവിയെ പാര്‍വ്വതിയായും, അടുത്ത മൂന്നുനാള്‍ ലക്ഷ്മിയായും തുടര്‍ന്നുള്ള മൂന്നുനാള്‍ സരസ്വതിയായും ആരാധിക്കുന്നു. എട്ടാംനാള്‍ അഷ്ടമിദിവസം വൈകുന്നേരമാണ് ആയുധങ്ങള്‍ പൂജവയ്ക്കുന്നത്. ഒമ്പതാം നാള്‍ വ്രതാനുഷ്ഠാനത്തോടെ ദേവീപൂജ നടത്തും. പത്താംനാള്‍ പൂജയ്ക്കു വെച്ചവ തിരിച്ചെടുക്കുന്നു. ദേവീ ഉപാസനയാണ് നവരാത്രിക്കാലത്ത് ഏറ്റവും പ്രധാനം.

ഉത്തരേന്ത്യയിലും മൈസൂര്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ചില പ്രദേശങ്ങളിലും നവരാത്രിക്കാലം രാമരാവണയുദ്ധവുമായി ബന്ധപ്പെട്ടുള്ള ദസറ ആഘോഷമാണ്. ശ്രീരാമന്‍ ഒമ്പതു ദിവസം ദേവിയെ ഭജിച്ച് വരം നേടി, രാവണനെ ജയിച്ചുവെന്ന് ഐതീഹ്യം. നന്മയുടെ തിന്മയ്ക്കു മേലുള്ള വിജയമായി രാവണന്റെ വലിയ കോലം അഗ്‌നിക്കിരയാക്കുന്നതും ദസറയുടെ ഭാഗമാണ്.

ദസറയെന്നും, ദുര്‍ഗാപൂജയെന്നും, നവരാത്രിയെന്നും ഒക്കെ ഈ ദിവസങ്ങള്‍ അറിയപ്പെടുന്നു. മനുഷ്യര്‍ ഏറെ ആഹ്ലാദത്തോടെ ആട്ടവും പാട്ടുമായി ആഘോഷിക്കുന്ന ഒമ്പതുരാവുകള്‍ അവസാനിച്ച് കര്‍മനിരതരാകാന്‍ പ്രാര്‍ത്ഥനയോടെ വിജയദശമി ദിവസത്തില്‍ തയ്യാറാകുന്നു. കേരളത്തില്‍ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് എഴുത്തിനിരുത്ത് നടക്കുകയാണ്. സംഘടനങ്ങള്‍ നടത്തുന്ന എഴുത്തിനിരുത്തില്‍ ജാതിമതഭേദമന്യേ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരം കുറിക്കുന്നു. 

ഇന്നു ലോകത്ത് മറ്റെന്തിനേക്കാളും പ്രാധാന്യം അറിവിനുണ്ട്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നാണല്ലോ. ഒരറിവും ചെറുതല്ല എന്നും, പ്രായമല്ല അറിവിനു നിദാനമെന്നും നമുക്കറിയാം. ഒമ്പതു വിദ്യോപാസനാ നാളുകള്‍ കടന്നുപോയിരിക്കുന്നു. അറിവിന്റെ പുതുലോകത്തേക്ക് പ്രായഭേദമന്യേ ഏതൊരുവനും പ്രവേശിക്കാം. അതിന് വിജയദശമിദിവസം പ്രേരണയാകട്ടെ.

ഏവര്‍ക്കും വിജയദശമിദിനാശംസകള്‍ നേരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക