Image

ഫോമയുടെ  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ഷാലു പുന്നൂസിനെ മാപ്പ് നോമിനേറ്റ് ചെയ്തു

രാജു ശങ്കരത്തിൽ Published on 30 October, 2023
ഫോമയുടെ  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്  ഷാലു പുന്നൂസിനെ മാപ്പ് നോമിനേറ്റ് ചെയ്തു

ഫിലഡൽഫിയ: അമേരിക്കൻ മലയാളികളുടെ അഭിമാന സംഘടനയായ ഫോമയുടെ 2024 - 2026 കാലയളവിലേക്കുള്ള വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് യുവത്വത്തിന്റെ പ്രതീകമായ ഷാലു പുന്നൂസിനെ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ [MAP] ഐക്യകണ്ഠേന പിന്തുണച്ചു

സാഹോദര്യ പട്ടണമായ ഫിലഡൽഫിയയിൽ സാമൂഹിക, സാംസ്കാരിക മേഖലകളിൽ വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളിലൂടെ കരുത്ത് തെളിയിച്ചിട്ടുള്ള മികച്ച നേതാവാണ് ഷാലു പുന്നൂസ്. യുവജനങ്ങളുടെ പ്രിയങ്കരൻ എന്നറിയപ്പെടുന്ന ഷാലു, മാപ്പിന്റെ പ്രസിഡന്റായിരുന്ന രണ്ടു വർഷക്കാലം മാപ്പിന്റെ ചരിത്ര ഏടുകളിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത നേട്ടങ്ങളുടെ കാലയളവായിരുന്നു. പ്രവർത്തന പന്ഥാവിൽ കാഴ്ചവയ്ക്കുന്ന വ്യത്യസ്തതയുടെ മാജിക്കൽ മൂവ്മെന്റ് ആണ് ഷാലുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത്. തനിക്കു ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രം പറയുകയും പറയുന്നവ ചെയ്തു വിജയിപ്പിക്കുകയും ചെയ്യുക എന്നത് ഷാലുവിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്. പ്രവർത്തന മേഖലയിൽ കരുത്തേകാൻ സേവനതല്പരരും സ്ഥിരോത്സാഹികളും വിശ്വസ്തരുമായ ഒരു വൻ യുവജനനിര പ്രവർത്തനസജ്ജരായി എപ്പോഴും ഷാലുവിനൊപ്പമുണ്ട്. ഇത്രയും കഴിവുകളും, പ്രത്യേകതകളും ആത്മാർത്ഥതയും അർപ്പണബോധവുമുള്ള ഷാലു പുന്നൂസിനെ ഫോമാ വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്താൽ അത് ഫോമയ്‌ക്ക് എക്കാലത്തെയും മികച്ച മുതൽക്കൂട്ടായിരിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

വാക്കുകള്‍ക്കതീതമായ കമ്മ്യൂണിറ്റി സര്‍വീസിനും ഏവരെയും ഒരുപോലെ കരുതുവാനും കാണുവാനുള്ള മനോഭാവത്തിനും കഠിനാധ്വാനത്തിനുമുള്ള അംഗീകാരമായി ഷാലുവിലെ പ്രവർത്തനമികവ് മനസ്സിലാക്കിയ പെൻസിൽവാനിയ പോലീസ് ഡിപ്പാർട്ടമെന്റ് അദ്ദേഹത്തെ പെൻസിൽവാനിയ പോലീസ് ഉപദേശക സമിതി ഏഷ്യൻ കമ്മ്യൂണിറ്റി പ്രതിനിധിയായി നിയമിച്ചിരുന്നു. US ൽ നിന്നുള്ള മിക്ക ചാനൽ ഡിബേറ്റുകളിലും ശക്തമായ സാന്നിദ്ധ്യമറിയിക്കുന്ന ഷാലു, ഫെയർലെസ്ഹിൽസ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി, 2022 ഫോമാ കൺവെൻഷൻ കോ ചെയർമാൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിലവിൽ, മാപ്പ് ട്രസ്റ്റ്രീ ബോർഡ് അംഗം, എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ പെൻസിൽവാനീയായുടെ ജനറൽ സെക്രട്ടറി, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഷാലു, ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തു പ്രശസ്തിയാര്‍ജ്ജിച്ചതും, 250 -ൽ അധികം യുവജനങ്ങൾ അംഗങ്ങളുമായുള്ള ഫിലഡൽഫിയായിലെ ‘ബഡി ബോയ്‌സ് ‘ എന്ന ശക്തമായ ചാരിറ്റി സൗഹൃദ കൂട്ടായ്മയുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയാണ്. റിയൽ എസ്റ്റേറ്റ് ഏജന്റും, ഹോം കെയർ ഉടമയും ആയ ഇദ്ദേഹം ഫിലഡല്‍ഫിയാ പ്രിസണില്‍ രജിസ്‌റ്റേര്‍ഡ് നേഴ്സ് ആയി ജോലി ചെയ്യുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക