Image

ബെഡ്‌ഫോര്‍ഡ് സെന്റ്  അല്‍ഫോന്‍സാ സെന്റര്‍ സീറോ മലബാര്‍ മിഷനായി; വിശ്വാസദീപ്തമായി തിരുന്നാളും, പാരീഷ് ഡേയും.

അപ്പച്ചന്‍ കണ്ണന്‍ച്ചിറ Published on 31 October, 2023
ബെഡ്‌ഫോര്‍ഡ് സെന്റ്  അല്‍ഫോന്‍സാ സെന്റര്‍ സീറോ മലബാര്‍ മിഷനായി; വിശ്വാസദീപ്തമായി തിരുന്നാളും, പാരീഷ് ഡേയും.


ബെഡ്‌ഫോര്‍ഡ്: ബെഡ്‌ഫോര്‍ഡ് കേന്ദ്രീകരിച്ച് കുര്‍ബ്ബാനയും ശുശ്രുഷകളും നടത്തിപ്പോരുന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്തിലുള്ള മാസ്സ് സെന്റര്‍, മിഷനായി ഉയര്‍ത്തി. ബെഡ്‌ഫോര്‍ഡ് തിരുന്നാളിനോടനുബന്ധിച്ചുള്ള ശുശ്രുഷയില്‍ ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കുര്‍ബ്ബാന കേന്ദ്രത്തെ മിഷനായി പ്രഖ്യാപിക്കുകയും ട്രസ്റ്റികള്‍ക്കു ഡിക്രി കൈമാറുകയും ആയിരുന്നു. ബെഡ്‌ഫോര്‍ഡിലും പരിസരങ്ങളിലുമായി താമസിക്കുന്ന നസ്രാണി കത്തോലിക്കരുടെ ചിരകാല അഭിലാഷമാണ് ഇതോടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.


 
പ്രഥമ തിരുന്നാള്‍ ദിനത്തില്‍ രാവിലെ ഒമ്പതു മണിക്ക് ജപമാല സമര്‍പ്പണവും, വി.അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയുടെ സമാപനവും, തിരുന്നാള്‍ കൊടിയേറ്റും നടന്നു. തുടര്‍ന്ന് ഫാ.എബിന്‍ നീരുവേലില്‍ വി സി, ഫാ.ജോബിന്‍ കൊശാക്കല്‍ എന്നിവര്‍ സംയുക്തമായി ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന അര്‍പ്പിച്ചു.


 
പ്രധാന തിരുന്നാള്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് ബെഡ്‌ഫോര്‍ഡില്‍ നടന്നുവന്നിരുന്ന ദശ ദിന ജപമാലയുടെ സമാപന സമര്‍പ്പണം നടന്നു.  
തിരുന്നാളിന് മുഖ്യകാര്‍മ്മികനായി എത്തിയ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ മിഷനംഗങ്ങള്‍ ദേവാലയ അങ്കണത്തിലേക്ക് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരിച്ച് ആനയിച്ചത്.

24 ഓളം വരുന്ന തിരുന്നാള്‍ പ്രസുദേന്തിമാരെ വാഴിച്ച ശേഷം ആരംഭിച്ച ഭക്തിനിര്‍ഭരമായ തിരുന്നാള്‍ ദിവ്യബലിയില്‍ ബിഷപ്പ് മാര്‍ സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മീകനായി. 2005 ല്‍ ബെഡ്‌ഫോര്‍ഡില്‍ വിശുദ്ധബലിക്ക് ആരംഭം കുറിച്ച ഫാ. മാത്യു വണ്ടാലക്കുന്നേല്‍, മിഷന്‍ പ്രീസ്റ്റ് ഫാ.എബിന്‍ നീരുവേലില്‍ വി സി എന്നിവരും സഹകാര്‍മ്മികരായി. തിരുന്നാള്‍ കുര്‍ബ്ബാനക്കു ശേഷം, ലദീഞ്ഞും തുടര്‍ന്ന്  വിശുദ്ധരുടെ രൂപങ്ങള്‍ ഏന്തി ദേവാലയം ചുറ്റി നടത്തിയ പ്രദക്ഷിണം പ്രധാന വേദിയായ ജോണ്‍ ബനിയന്‍ സെന്ററില്‍ സമാപിച്ചു.

ഉയര്‍ന്ന ഗ്രേഡുകള്‍ നേടിയ മതബോധന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തദവസരത്തില്‍ വിതരണം ചെയ്തു.


 
ജോണ് ബനിയന്‍ സെന്ററില്‍ നടത്തിയ ഇടവക ദിനാഘോഷം ബെഡ്‌ഫോര്‍ഡ് ആംഗ്ലിക്കന്‍ രൂപതയുടെ ബിഷപ്പ് റിച്ചര്‍ഡ് അറ്റ്കിന്‍ ഉദ്ഘാടനം ചെയ്തു. ബെഡ്‌ഫോര്‍ഡ് ആന്‍ഡ് കെംപ്സ്റ്റന്‍ എംപി മുഹമ്മദ് യാസിന്‍, മിഷന്‍ ഡയറക്ടര്‍ ഫാ.എബിന്‍ നീരുവേലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോബിന്‍ കൊശാക്കല്‍, ക്രൈസ്റ്റ് ചര്ച്ച് വികാരി ഫാ റിച്ചാര്‍ഡ് അലഡിക്‌സ്, ഫാ. മാത്യു വണ്ടാലക്കുന്നേല്‍, ഫാ. മാത്യു പീടികയില്‍ തുടങ്ങിയ വൈദികരും പാരീഷ് ഡേയില്‍   സന്നിഹിതരായിരുന്നു.  

രാത്രി പന്ത്രണ്ടു മണിവരെ നീണ്ടു നിന്ന സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികവും, ഭക്ത സംഘടനകളുടെ കലാ പരിപാടികളും ഏറെ ആകര്‍ഷകവും വിശ്വാസദീപ്തവുമായി. തിരുന്നാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നും, കരിമരുന്നു കലാപ്രകടനവും കമ്മിറ്റി ക്രമീകരിച്ചിരുന്നു.

സമാപന ദിനമായ മൂന്നാം ദിവസം  മരിച്ചവിശ്വാസികളുടെ ഓര്‍മ്മത്തിരുന്നാളില്‍ വിശുദ്ധ ബലിയും ഒപ്പീസും നടത്തിയ ശേഷം തിരുന്നാളിന് കൊടിയിറങ്ങി.

മാത്യു കുരീക്കല്‍ ( കണ്‍വീനര്‍), രാജന്‍ കോശി, ജയ്‌മോന്‍ ജേക്കബ്, ജോമോന്‍ മാമ്മൂട്ടില്‍, ജൊമെക്‌സ് കളത്തില്‍, ആന്റോ ബാബു, ജെയ്സണ്‍ ജോസ് എന്നിവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക