Image

നവംബർ (കവിത: രമാ പിഷാരടി)

Published on 12 November, 2023
നവംബർ (കവിത: രമാ പിഷാരടി)

കനൽ പോലുമാകെത്തണുക്കുന്ന മഞ്ഞിൻ്റെ
തരിവീണ് നിൽക്കും നവംബർ
ഒരു നെരിപ്പോടിൻ്റെ പുകയിൽ നിന്നും-
കടന്നൊരു പകൽത്തുടിയിലായ് സൂര്യൻ

തുലനഭാരത്തിൻ്റെ തട്ടിൽ കുടഞ്ഞിട്ട-
ഇരുളും വെളിച്ചവും  നീറ്റി;
മഴയും, കുളിർന്ന വെൺപൂക്കളും
വാക്കിൻ്റെ ഹൃദയമായ് വീണ്ടും തുടിക്കേ;

സ്മൃതിയിൽ നിന്നക്ഷരം മാത്രം പകുത്തെടു-
ത്തുയിരിൽ കടഞ്ഞെടുക്കുമ്പോൾ
പലകാലമോരോ കുരുക്കിട്ട് പോയൊരാ-
അഴികൾ മുറിച്ച് മാറ്റുമ്പോൾ

തെളിനീർത്തടാകമായ് മനസ്സതിൻ തീരത്ത്-
പവിഴമല്ലിപ്പൂ വിരിഞ്ഞു
ഇലവുകൾ പൂവിട്ടു, ജേമന്തികൾ പൂത്തു-
കവിതകൾ വീണ്ടും വിരിഞ്ഞു...

പിറകിൽ ഭയത്തിൻ്റെ മഷികുടഞ്ഞിട്ടവർ-
നിഴലെയ്ത്തുമായ് വന്ന് പോകേ
മണലെഴുത്തിൽ സത്യമായിപ്പിറന്നോരു
പഴയതാം ഭൂമിയെ കാൺകേ
 
കടവിലെയാൽമരത്തണലിലായ് ഹേമന്ത-
മിലപൊഴിക്കുന്നതിൻ മുൻപേ
കനൽതിന്നു തീർന്നതിന്നാധിതീർക്കാൻ
ഭൂമി പതിയെ കരം പിടിക്കുമ്പോൾ

ഭയവും, നിരാശയും, രോഷവും നീറ്റലും
കടലിലേക്കാഴ്ത്തിവയ്ക്കുമ്പോൾ
ഋതുഭേദമെല്ലാം മറക്കും കടമ്പിൻ്റെ
ഇലകളിൽ വീണ്ടും പ്രകാശം..

എഴുതുവാനെന്ന പോൽ വീണ്ടും പ്രപഞ്ചമേ-
അരികിൽ നീ വന്ന് നിൽക്കുമ്പോൾ
പതിയെ മേഘങ്ങളിൽ നിന്നും ശരത്കാല-
മെഴുതുന്ന തീക്കനൽപ്പട്ടിൽ

ഇല പൂക്കളാകുന്നു, മഴ കാത്തുനിൽക്കുന്നു
സ്മൃതി ധ്യാനമാകുന്നു വീണ്ടും
നിഴലുകൾ കോമരം തുള്ളുന്നു, ചെങ്കല്ല്-
പടവു കടന്നങ്ങ് പോകേ..

വെയിൻ്റെ, മണ്ണിൻ്റെ ഗന്ധത്തിൽ മൺ-
ചെരാതുയിരിൻ്റെ ഭാഷയായ് നിൽക്കേ
ഇരുളിൻ്റെ തീരാക്കയങ്ങളെ മായ്ചു-
കൊണ്ടൊരു മൺവിളക്കേന്തി ഭൂമി!

Join WhatsApp News
Sudhir Panikkaveetil 2023-11-12 15:42:39
വളരെ ഹൃദ്യമായ ഒരു കവിത. നവംബർ ദീപാവലി ആഘോഷിക്കുന്ന മാസമാണ്. മൺചെരാതുകൾ ഉയിരിന്റെ ഭാഷയായി നിൽക്കുമ്പോൾ ഇരുൾ മാറ്റി ഭൂമി ആ വിളക്കുമായി നിൽക്കുന്നുവെന്ന് കവി ഉൽപ്രേക്ഷിക്കുന്നു. . ഇലകൾ നിറം മാറി പൂക്കളാകുന്നതും, ഹേമന്തം ഇലപൊഴിക്കുന്നതിനു മുമ്പ് തണലുകൾ തേടുന്നതും, ശരത്കാല മേഘങ്ങൾ എഴുതുന്ന സന്ദേശങ്ങളൂം സഹൃദയമനസ്സുകൾക്ക് ആഹ്ളാദം പകരുന്നു. ശ്രീമതി പിഷാരടിക്ക് അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക