Image

കൊഴിഞ്ഞതും കിളുർത്തതും (കുഞ്ഞിക്കഥകൾ: ദീപ ബിബീഷ് നായര്‍)

Published on 12 November, 2023
കൊഴിഞ്ഞതും കിളുർത്തതും (കുഞ്ഞിക്കഥകൾ: ദീപ ബിബീഷ് നായര്‍)

പാഠം 2
(എൽ പി സ്കൂളും, പാറുക്കുട്ടിയും)

"സാമിയേ.... അയ്യപ്പോ.... അയ്യപ്പോ സാമിയേ....
സാമിയേ.... അയപ്പോ.... അയ്യപ്പോ സാമിയേ "
സ്കൂളിൽ പോകാൻ തയ്യാറാക്കി ഒരുക്കി നിർത്തിയ പാറുക്കുട്ടി സ്ലേറ്റും തലയിൽ വച്ച് 
സ്കൂളിലേക്ക് യാത്രയാകുന്ന രംഗമാണ് കേട്ടോ. ചിന്നു ഇന്ന് പോണില്ലത്രേ, കള്ളിപ്പെണ്ണ്.
റോഡിലേയ്ക്കിറങ്ങിയ പാറുക്കുട്ടി അകലേയ്ക്ക് നോക്കി , ഈ അപ്പുമാമനെന്താ താമയിക്കുന്നെ? കാളവണ്ടീന്റ കിലുക്കാം കേക്കണില്ല , അവൾ മനസിൽ പറഞ്ഞു. ദൂരേയ്ക്ക് നോക്കി... ആ വരണുണ്ട് , വരണുണ്ട്. തലേം കുലുക്കി കുണുങ്ങിക്കുണുങ്ങി അപ്പുമാമന്റെ കാളക്കുട്ടന്മാർ വരണുണ്ട്. പാറുവിനെക്കണ്ടതും അപ്പുവമ്മാവൻ ചിരിച്ചു കൊണ്ടു പറഞ്ഞു, "വേഗം നടന്നോളു , ഇന്നല്പം വൈകി ". രാവിലെ കാളവണ്ടിയിൽ അല്പം പച്ചക്കറീം കപ്പയുമൊക്കെയായി അപ്പു മാമൻ പത്തുമണിച്ചന്തയിലേക്കുള്ള പോക്കാണ്. അത് സ്കൂളിന് മുന്നിലൂടെ ആണെന്നതാണ് പാറുവിന്റെ സന്തോഷം.
പാറു തന്റെ സ്ലേറ്റ് കാളവണ്ടിയുടെ പിന്നിൽ വച്ച് അതിന്റ പുറകെ ഓടി നടക്കാൻ തുടങ്ങി.. ഇടയ്ക്ക് വഴിയിൽ നിന്നും രാജുവും ഷിബുവും ഷീലയുമൊക്കെ കൂടെക്കൂടി. പച്ചിലയിൽ ചവിട്ടിക്കളിച്ചും ഓരോ പൊട്ടത്തരങ്ങൾ പറഞ്ഞും
ചിരിച്ചും സ്കൂൾ എത്തിയതറിഞ്ഞില്ല. കൂട്ടബെല്ലടിക്കുന്ന ശബ്ദം. അവരോടി ക്ലാസിലെത്തി. പിന്നെ പ്രതിജ്ഞയായി, പ്രാർത്ഥനയായി, ക്ലാസിൽ അദ്ധ്യാപകൻ വന്നു പേര് വിളിക്കാൻ തുടങ്ങി. കുട്ടികൾ എല്ലാവരും നിലത്ത് മുട്ടിയിരിക്കുന്ന ബഞ്ചിലിരിക്കുവാണ്. പേര് വിളിക്കുമ്പോൾ വന്നിട്ടുള്ളവർ പ്രസന്റ്സ് സർ എന്നുറക്കെ വിളിച്ചു പറയണം .... അങ്ങനെ പാറുക്കുട്ടിയുടെ പേരെത്തി... "പാറുക്കുട്ടി ....
പാറുക്കുട്ടി..... "പാറുക്കുട്ടി ഒന്നും മിണ്ടിയില്ല. അദ്ധ്യാപകൻ വടിയെടുത്തു ഡസ്കിൽ ഒന്നു തട്ടി, പാറു ഞെട്ടി. "പാറുക്കുട്ടി ഹാജരുണ്ടോ "? പാറുവിനാണേൽ സങ്കടം കാരണം കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. "എന്താ കുട്ടീ പറ്റിയത് ? മാഷ് ചോദിച്ചു. .."എന്റെ പെൻസിൽ കാണുന്നില്ല " , അവൾ സങ്കടത്തോടെ പറഞ്ഞു. "അയിനെന്താ ഞാൻ തരാം ", ഇതും പറഞ്ഞ്തൊട്ടടുത്തിരുന്ന ഷിബു തന്റെ പെൻസിൽ പകുതി ഒടിച്ചു പാറുവിന് കൊടുത്തു. അവൾക്ക് ഒത്തിരി സന്തോഷമായി... ഹാജർ എടുത്തു കഴിഞ്ഞ് മാഷ് പറഞ്ഞു "ഇന്ന് കേട്ടെഴുത്താണ്.. മുഴുവൻ മാർക്ക് വാങ്ങുന്നവർക്ക് അൻപത് മാർക്ക്, അപ്പോ തുടങ്ങാം എഴുതിക്കോളു .... ആദ്യത്തെ വാക്ക് കേരളം ..... പാറു വേഗം എഴുതി. അവൾ ഷിബുവിനെ നോക്കി, അവൻ എഴുതിയത് തെറ്റാണെന്നു കണ്ട പാറു പറഞ്ഞു " ഒറ്റപുള്ളിയല്ല ചരിഞ്ഞത് , ചരിഞ്ഞത് ".... ഷിബു അറിയാത്തതു പോലെ ചോദിച്ചു "ചരിഞ്ഞതോ, അതേതാ "
"വളഞ്ഞത് ,ദാണ്ടേ നോക്ക്", അവൾ സ്ലേറ്റ് കാണിച്ചു കൊടുത്തു. ഷിബുക്കുട്ടന് സന്തോഷമായി. അങ്ങനങ്ങനെ ഇരുപത് വാക്കുകൾ . എന്തായാലും പാറുവിന് അൻപത് മാർക്ക് കിട്ടി. മാഷ് ചോക്ക് കൊണ്ട് വലുതായി സ്ലേറ്റിൽ എഴുതിക്കൊടുത്തു 50 ന് 50. പാറുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. 
സ്കൂളിന്റെ അടുക്കളയിലെ ചെമ്പിൽ നിന്നും വെന്തു പാകമായി വരുന്ന ഉപ്പുമാവിന്റെ മണം കേട്ടപ്പോ പാറുവിന്റെ വിശപ്പ് ഇരട്ടിയായി.. ഇപ്പൊ ബെല്ലടിക്കും. "ടാ ഷിബു നെന്റേല് എലയുണ്ടോ ഉപ്പുമാവ് വാങ്ങാൻ , പാറു ഷിബുവിനോട് ചോദിച്ചു. "ഉണ്ട് പക്ഷേല് , ഇമ്മിണി കീറീതാ", "എന്റേല് വല്യ വട്ടയില ഉണ്ട് , ഇന്നാ ഒന്നെടുത്തോ", പാറു ഒരില ഷിബുവിന് കൊടുത്തു ..
ബെല്ലടിക്കേണ്ട താമസം തേനീച്ചക്കൂട്ടത്തിൽ കല്ലെറിയുന്നതു പോലെ കുട്ടികളെല്ലാരും വെളിയിലേക്കിറങ്ങി സ്കൂളിന്റെ വരാന്തയിൽ നിരന്നിരുന്നു.അന്നും എന്നത്തേയും പോലെ ഇല നിറയെ ഉപ്പുമാവ് കിട്ടി, കിട്ടിയ ഉപ്പുമാവും വാങ്ങി
അമ്മയെ മാർക്കു കാണിക്കാനായി
സ്ലേറ്റു തലയ്ക്കൊപ്പം ഉയർത്തിപ്പിടിച്ച് പാറു വീട്ടിലേയ്ക്കോടി....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക