Image

ധീരതയ്ക്കുള്ള പുരസ്‌കാരത്തിന്റെ തുടക്കം ഈ ബാലനിലൂടെ (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 14 November, 2023
ധീരതയ്ക്കുള്ള പുരസ്‌കാരത്തിന്റെ തുടക്കം ഈ ബാലനിലൂടെ (ദുര്‍ഗ മനോജ് )

ഇന്നു നമ്മള്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനം ശിശുദിനമായി ആഘോഷിക്കുകയാണ്. ചാച്ചാജിയെന്നു കുട്ടികള്‍ വിളിക്കുന്ന നെഹ്രുവിന്റെ ജന്മദിനത്തിലാണ് സാധാരണയായി കുട്ടികള്‍ക്ക് ധീരതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നതും. എന്നാല്‍ എന്നു മുതലാണ് ഈ അവാര്‍ഡ് ആരംഭിച്ചത് എന്നു ചോദിച്ചാല്‍ നമുക്ക് അതേക്കുറിച്ച് അറിവുണ്ടാകില്ല. 1957 ഒക്ടോബര്‍ രണ്ടിനു നടന്ന ഒരു സംഭവത്തിന്റെ തുടര്‍ച്ചയാണീ ധീരതയുടെ മെഡലിന്റെ ഉത്ഭവത്തിലേക്കു നമ്മെ നയിച്ചത്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവും ഏതാനും വിദേശ അതിഥികളും രാംലീല മൈതാനത്തു രാംലീല ആഘോഷങ്ങളും വെടിക്കെട്ടും ആസ്വദിക്കാന്‍ എത്തി. ആ സംഘത്തിന്റെ സുരക്ഷയൊരുക്കുന്നതില്‍ സ്‌ക്കൗട്ട് മെമ്പര്‍മാരും ഉള്‍പ്പെട്ടിരുന്നു. അതില്‍ ഗിര്‍ ധാരിലാല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരന്‍ ഹരീഷ് മെഹ്‌റയും ഉള്‍പ്പെട്ടിരുന്നു. ഹരീഷും സംഘവും നെഹ്രുവും സംഘവും നില്‍ക്കുന്ന ടെന്റിനു പുറത്തുകാവല്‍ നില്‍പ്പുണ്ടായിരുന്നു. ഈ സമയം വെടിക്കെട്ടില്‍ നിന്നും തെറിച്ചുവീണ തീപ്പൊരിയില്‍ ആ ടെന്റിനു മുകളില്‍ തീപിടിച്ചു.

ഇതു കണ്ട ഹരീഷ് മനഃസാന്നിധ്യം കൈവിടാതെ ടെന്റില്‍ കയറി നെഹ്രുവിന്റെ കൈ പിടിച്ച് സുരക്ഷിതമായൊരു സ്ഥാനത്തേക്കു മാറ്റി. പിന്നെ സമീപത്തെ ഇലക്ട്രിക് പോസ്റ്റിനു മുകളില്‍ വലിഞ്ഞുകയറി സ്‌കൗട്ടുകള്‍ കൈവശം വയ്ക്കുന്ന ചെറിയ കത്തി കൊണ്ട് ടെന്റിന്റെ തുണി മുറിച്ചുമാറ്റി. ഇത് തീ പടരാതെ രക്ഷിച്ചു. ഇതിനിടയില്‍ ഹരീഷിന്റെ കൈ ഇലക്ട്രിക് കമ്പിയില്‍ തട്ടി. ഷോക്കേറ്റു തെറിച്ചുവീണ ആ ബാലന് മൂന്നു ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവന്നു.

പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ആ ബാലനെ അഭിനന്ദിച്ചു. തുടര്‍ന്ന് 1958 ഫെബ്രുവരി നാലിന് തീന്‍മൂര്‍ത്തി ഭവനില്‍ വെച്ചു നടന്ന ചടങ്ങില്‍ നെഹ്രു തന്നെ തന്റെ ജീവന്‍ രക്ഷിച്ച ബാലന് ജീവന്‍ രക്ഷാപതക്കം നല്‍കി. തൊട്ടടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലും ഹരീഷ് പങ്കെടുത്തു. റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യ സിവിലിയനും ഹരീഷ് ചന്ദ് മെഹ്‌റയായി.
വീണ്ടുമൊരു നവംബര്‍ പതിന്നാല് കടന്നു പോകുന്നു. ഏവര്‍ക്കും ശിശുദിനാശംസകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക