Image

ലോട്ടറി ജേതാവ് ഭാര്യക്കെതിരെ കേസ് കൊടുത്തു (ദുർഗ മനോജ് )

ദുർഗ മനോജ് Published on 18 November, 2023
ലോട്ടറി ജേതാവ് ഭാര്യക്കെതിരെ കേസ് കൊടുത്തു (ദുർഗ മനോജ് )

ലോട്ടറിയടിക്കുമോ എന്നറിയാൻ ജോതിഷിയെക്കണ്ട് ജാതകം നോക്കിക്കുന്ന, ന്യൂമറോളജി പഠിച്ച്, ടിക്കറ്റിൻ്റെ നമ്പർ ഒത്തുനോക്കി ടിക്കറ്റ് എടുക്കുന്ന മനുഷ്യരുടെ നാടാണ് കേരളം. കൂടാതെ, മലയാളികളേക്കാൾ അന്യസംസ്ഥാന തൊഴിലാളികൾ പണം ചെലവഴിക്കുന്നതും ഇതേ ലോട്ടറിയിൽത്തന്നെയാണ്.

കഴിഞ്ഞ കൊല്ലം നമ്മളൊരു വല്ലാത്ത പുകിലുകണ്ടിരുന്നു. തലസ്ഥാന നഗരിയിൽ താമസിക്കുന്ന ഒരു യുവാവിനു ബംബർ അടിച്ചു. അടിച്ചു എന്ന വാർത്ത പുറത്തുവന്നതേ ആ പാവത്താന് ഓർമയുള്ളൂ. അതോടെ സഹായം തേടിയുള്ള ആളുകളുടെ വരവു തുടങ്ങി. ആശാൻ്റെ പക്കൽ ആ ലോട്ടറിയെടുത്തതിൻ്റെ ബാക്കി ചില്ലറ മാത്രമേ ആകെ കിടപ്പുള്ളൂ എന്നോർക്കണം.ആ പാവത്തിന്, സ്വന്തം കുഞ്ഞിനു വയ്യാതായപ്പോൾ ഒന്നു കാണാൻ പോലും സാധിക്കാതെ സഹായാഭ്യർത്ഥനയുമായി വരുന്നവരെ പേടിച്ച് ബന്ധുവീടുകളിൽ ഒളിച്ചു താമസിക്കേണ്ടി വന്നു. അതായത് ലോട്ടറിയടിച്ചു എന്നു കേട്ടാൽ, എന്നാപ്പിന്നെ അവൻ്റെ ലാ പത്തുപുത്തൻ എനിക്കും പോരട്ടെ എന്നു ചിന്തിക്കുന്ന ജനമാണ് ചുറ്റുമെന്ന് അർത്ഥം. അതിൽ ബന്ധുക്കൾ, അയൽക്കാർ, നാട്ടുകാർ, പാർട്ടിക്കാർ, ഉത്സവ കമ്മിറ്റിക്കാർ, യുവജന ആർട്ട്സ് ആൻഡ് സ്പോർട്സ് പ്രവർത്തകർ എന്നിങ്ങനെ സകലരും പറ്റിക്കൂടും. അപ്പോൾപ്പിന്നെ ലോട്ടറിയടിച്ചവൻ ഇതിലും ഭേദം ഇടിവെട്ടുമ്പോൾ പാമ്പുകടിയേൽക്കുന്നതായിരുന്നെൻ്റെ പപ്പനാവാ എന്ന് അറിയാതെ നെലോളിക്കും. ഇതൊക്കെ കേരളത്തിലെ കഥയല്ലേ? ലങ്ങ് അമേരിക്കയിലേക്ക് ഒന്നു നോക്കിയാലോ? അതല്ലേ പുകില്! ആ കഥ ഇങ്ങനെ,

ജോൺ ഡോ എന്നാണ് ആ ഭാഗ്യവാൻ്റെ പേര്. മൂപ്പർക്ക് ജനുവരിയിൽ മെയിൻ സ്റ്റേറ്റ് ലോട്ടറിയിൽ മെഗാ മില്യൺസ് ജാക്ക്പോട്ട് അടിച്ചു. സംഗതി യുഎസ് ചരിത്രത്തിലെ നാലാമത്തെ വലിയ ലോട്ടറി വിജയമായിരുന്നുവെന്ന് ഓർക്കണം. നമ്മുടെ ഭാഷയിൽപ്പറഞ്ഞാൽ ആൾ, ഉറങ്ങിയുണർന്നപ്പോൾ   കുബേരനായി മാറിയിരിക്കുന്നു എന്നർത്ഥം. പക്ഷേ, ജോൺ ഡോ ബുദ്ധിമാനായിരുന്നു. ആശാൻ ചിലതു കണക്കു കൂട്ടി. ലോട്ടറിയടിച്ച വിവരം നാട്ടാർ അറിഞ്ഞാൽ പുലിവാലാകും. വീട്ടുകാരറിഞ്ഞാലോ പണി പാലും വെള്ളത്തിൽ കിട്ടുകയും ചെയ്യും. അതായത് സംഗതി ആരും അറിയരുത്. ആരും എന്നു പറഞ്ഞാൽ എത്രത്തോളം വരെ പോകാം? ഭാര്യയും മക്കളും അറിയണ്ടേ? അങ്ങനെ തീർത്തും ആരും അറിയാതെ ഇത്തരമൊരു സംഗതി മുന്നോട്ടു കൊണ്ടുപോകാനാകില്ല. ജോണിന് ഒരു ഉപായം തോന്നി. അദ്ദേഹം തൻ്റെ കുട്ടിയുടെ അമ്മയെ വിളിച്ചു. ഒരു രഹസ്യ ഉടമ്പടി തയ്യാറാക്കി. അതിൻ പ്രകാരം, അവരുടെ മകൾക്ക് പ്രായപൂർത്തിയാകുന്ന 2032 ജൂൺ 1 വരെ അച്ഛന് ലോട്ടറിയടിച്ച് ഇത്രയും ആസ്തിയുണ്ട് എന്ന വിവരം പുറത്തു പറയാൻ പാടുള്ളതല്ല എന്ന് എഴുതി ഒപ്പുവെപ്പിച്ചു.
ജോൺ കരുതി എല്ലാം ഭദ്രമാണെന്ന്. പക്ഷേ, ഒന്നും ഭദ്രമായിരുന്നില്ല. അയാളുടെ കുട്ടിയുടെ അമ്മ, അവരുടെ വീട്ടുകാരോടു കാര്യം പറഞ്ഞു. ബാക്കി ഊഹിക്കാമല്ലോ. അതോടെ ജോൺ ഒരുപടി മുന്നോട്ടു പോയി. അദ്ദേഹം കോടതിയിൽ കേസു കൊടുത്തു. വെറുതേ കേസല്ല, നഷ്ടപരിഹാരം കിട്ടണം. എത്രപേരോടു രഹസ്യം പങ്കുവെച്ചോ, അതിൽ ആളൊന്നുക്ക് ഒരു ലക്ഷം ഡോളർ വീതം നഷ്ടപരിഹാരമാണ് വാദി ആവശ്യപ്പെടുന്നത്!

യു കെയിലെ നാഷണൽ ലോട്ടറിയുടെ വിജയികളുടെ ഉപദേശകൻ ആൻഡി കാർട്ടർ പറയുന്നത്, കുടുംബത്തിൽ ജീവിതപങ്കാളിയുമായി സ്വരച്ചേർച്ചയില്ലെങ്കിൽ ലോട്ടറിയടിച്ച വിവരം അവരോട് സൂചിപ്പിക്കുക പോലും ചെയ്യരുത് എന്നാണ്.
ഏതായാലും കോടതി വിധി വന്നിട്ടില്ല. ജോണിന് അനുകൂലമാണ് വിധിയെങ്കിൽ അയാളുടെ കുട്ടിയുടെ അമ്മയുടെ കാര്യത്തിൽ ഒരു തീരുമാനമാകും. മറിച്ചാണെങ്കിൽ രഹസ്യം പരസ്യമാക്കുന്ന ശീലമുള്ളവർ അടുത്തൊരു രഹസ്യം പുറത്തു പറയും മുൻപു രണ്ടു വട്ടം ചിന്തിക്കും, അതു വേണോ എന്ന്..

എന്താല്ലേ? ഇതെങ്ങാനും ഇവിടെ നടക്കുമോ? ഭാര്യയോട് ലോട്ടറിയടിച്ച വിവരം പറഞ്ഞു, അവരത് വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞു എന്നും പറഞ്ഞാരു വിവാഹമോചനക്കേസ് ഈ രാജ്യത്ത് വിജയിക്കുമോ? ഏതായാലും ജോൺ ഡോ അങ്ങ് അമേരിക്കയിൽ ജനിച്ചത് നന്നായി. ഞാനെന്തായാലും ജോൺ ഡോയുടെ പക്ഷത്താണ്. നിങ്ങളോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക