Image

പൊലിസല്ല, മാധ്യമങ്ങളാണ് താരങ്ങള്‍...(ഉയരുന്ന ശബ്ദം-100: ജോളി അടിമത്ര)

Published on 03 December, 2023
പൊലിസല്ല, മാധ്യമങ്ങളാണ് താരങ്ങള്‍...(ഉയരുന്ന ശബ്ദം-100: ജോളി അടിമത്ര)

പണത്തിനു വേണ്ടി അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ ഒടുവില്‍ പൊലിസിന്റെ  പിടിയില്‍. സംഭവത്തിനു പിന്നിലുള്ള ഗൂഡാലോചനകള്‍ ഇനി മറനീക്കിവരാനുണ്ട്. മറ്റുചില സത്യങ്ങള്‍ മൂടുപടമിട്ട് അണിയറയില്‍ കിടക്കുന്നുരുളുന്നുണ്ട് എന്നൊക്കെ പറയപ്പെടുന്നു. തട്ടിക്കൊണ്ടുപോകാനുള്ള കാരണം മറ്റുചിലതാണ് എന്നൊക്കെ ശ്രുതിയുണ്ടായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പൊലിസും കോടതിയുമൊന്നുമല്ലല്ലോ. ഇവിടെ സമാന്തരമായ മറ്റൊരു വ്യവസ്ഥിതിയുണ്ട്. എന്തു സംഭവമുണ്ടായാലും കാര്യങ്ങള്‍ കണ്ടെത്തുന്നതും വാദിയെയും പ്രതിയെയും തീരുമാനിക്കുന്നതും അവരാണ്. നവമാധ്യമങ്ങളും  മാപ്രകളും !. മാധ്യമ പ്രവര്‍ത്തനത്തിന്റെ മറ്റൊരു മുഖം. മാറിയ മുഖം. കാലം ചെല്ലുംതോറും  അവരുടെ മുഖം  മാറിക്കൊണ്ടിരിക്കും. സത്യമേവ ജയതേ എന്നൊക്കെ പണ്ടു മുദ്രാവാക്യം മുഴക്കിയ മാധ്യമപ്രവര്‍ത്തനത്തിന്റെ കാലം പോയി. കുഞ്ഞിനെ കിട്ടിയ ശേഷം കുട്ടിയുടെ അച്ഛനാണ് കുറ്റവാളി എന്ന ആരോപണവും വിശദീകരണവുമായി ചാനലുകള്‍ വാര്‍ത്ത കൊഴുപ്പിച്ചു. മത്സരിച്ച് ചര്‍ച്ചകള്‍ തകര്‍ത്തു. പിറ്റേന്ന് ഒരച്ഛനെയും അമ്മയെയും മകളെയും അ
സ്റ്റു ചെയ്തു. ഇപ്പോള്‍ അവരുടെ ജാതകം വരെ ചികഞ്ഞ് പുറത്തിടുന്ന തിരക്കിലാണ്.

സത്യം പറഞ്ഞാല്‍ , ഇവിടെ മാധ്യമങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഓയൂരിലെ കുഞ്ഞിന്റെ കാര്യം എന്താവുമായിരുന്നെന്ന ആശങ്ക നിലനില്‍ക്കുന്നു. മാധ്യമങ്ങളുടെ ശക്തമായ പടനീക്കമാണ് നില്‍ക്കക്കള്ളിയില്ലാതെ കുട്ടിയെ അശ്രാമം മൈതാനത്തു കൊണ്ടുപോയി ഇരുത്തിയിട്ട് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. പൊലീസ് നാടാകെ  ' അരിച്ചുപെറുക്കുന്നതും ' നാട്ടിലെ സ്ത്രീ പുരുഷന്‍മാര്‍ ഒരുപോള കണ്ണടയ്ക്കാതെ കാടുംമേടും തപ്പുന്നതും കണ്ടറിഞ്ഞാവണം പ്രതികള്‍ പരിപാടികള്‍ ഉപേക്ഷിച്ചത്. അതിലും രസകരമായി തോന്നിയത് സംഘിയും കൊങ്ങിയും കമ്മിയുമെല്ലാം തോളോടുതോള്‍ ചേര്‍ന്ന് കുറ്റാകൂരിരുട്ടില്‍ ഒരേ മനസ്സോടെ കുഞ്ഞിനെ തിരയുന്നതാണ്. സന്തോഷം !. അവസരം വരുമ്പോള്‍ ഒന്നിച്ചുനില്‍ക്കാന്‍ നമ്മള്‍ മലയാളിക്കു കഴിയുന്നു. മലയാളിക്കേ കഴിയൂ.

പ്രിയപ്പെട്ട മാപ്രകളെ. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അബീഗേലിനെ തട്ടിക്കൊണ്ടുപോയ രാത്രി ഞങ്ങള്‍ ജനലക്ഷങ്ങള്‍ പ്രാര്‍ത്ഥനയോടെ ചാനലുകള്‍ക്കുമുന്നില്‍ കുത്തിയിരിക്കില്ലായിരുന്നു. പുലര്‍ച്ചെവരെ ഉറക്കമില്ലാതെ ആകുലപ്പെട്ട് കാത്തിരിക്കയായിരുന്നു ആബാലവൃദ്ധം ജനങ്ങള്‍. ഒന്നു മയങ്ങി എണീറ്റയുടന്‍ വീണ്ടും ചാനലിനു മുന്നിലേക്ക് ഓടി. അരുതാത്തതൊന്നും കേള്‍ക്കാനിടവരരുതെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. വാട്‌സ് ആപ് ഗ്രൂപ്പുകളിലൊക്കെ കുട്ടിക്കായി പ്രാര്‍ത്ഥിക്കാമെന്ന ആഹ്വാനം പടര്‍ന്നു. ആ പ്രാര്‍ത്ഥനകള്‍ക്ക് ജാതിയില്ലായിരുന്നു, മതമില്ലായിരുന്നു.അബീഗയിലിന്റെ ഓയൂരിലെ വീട്ടില്‍ നടക്കുന്ന ഓരോ ദൃശ്യവും ചാനല്‍ മാറ്റിമാറ്റി കണ്ടുകൊണ്ടേയിരുന്നു. അതൊക്കെ തല്‍സമയം ഞങ്ങളെ കാണിച്ചുകൊണ്ടിരുന്നവരേ ,അതിന് നന്ദിയും സ്‌നേഹവുമുണ്ട്. ശമ്പളം വാങ്ങി നിങ്ങള്‍ ചെയ്യുന്ന തൊഴിലല്ലേ അതൊക്കെ എന്നു പറയാന്‍ എനിക്കാവില്ല. വെല്ലുവിളികള്‍ ഏറെ സഹിച്ച് പരിമിതികള്‍ വകവയ്ക്കാതെയാണ് ഒരു വാര്‍ത്തയുടെ പിന്നില്‍  നിങ്ങള്‍ അധ്വാനിക്കുന്നതെന്നും  അറിയാം.. പുലരുമ്പോള്‍ തുടങ്ങിയ പണി പിറ്റേന്നു രാവിലെയും നിങ്ങള്‍ തുടരുന്നത് ഞങ്ങള്‍ കണ്ടു. കഴിഞ്ഞ രാത്രി  നിങ്ങള്‍ തലയൊന്നു ചായിച്ചില്ല, കണ്ണൊന്നടച്ചില്ല. കുളിച്ചില്ല, കഴിഞ്ഞ ദിവസം ഇട്ട അതേ ഡ്രസ്സോടെ ,ഉറക്കച്ചടവുള്ള മുഖത്തോടെ നിങ്ങള്‍ ക്യാമറയ്ക്കുമുന്നില്‍ നിന്ന റിപ്പോര്‍ട്ട് ചെയ്തുകൊണ്ടേയിരുന്നു. തുടര്‍ച്ചയായി സംസാരിച്ച് തൊണ്ട ഇടറുന്നതും തിരിച്ചറിഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിച്ചോ, ഇത്തിരി വെള്ളം വേണോ, ഉറങ്ങേണ്ടേ.. എന്നൊന്നും നല്ലവാക്ക് ആരും ചോദിച്ചില്ല  .നിങ്ങളത് പ്രതീക്ഷിക്കുന്നുമില്ല. തൊട്ടടുത്ത മുറുക്കാന്‍കടയില്‍ പോയി ഒരു നാരങ്ങവെള്ളമെങ്കിലും കുടിക്കാനുള്ള ദാഹം നിങ്ങള്‍ കടിച്ചമര്‍ത്തി. കാരണം ആ നേരത്ത്  ആ നേരത്ത് എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ പണി പാളും. അതുകൊണ്ട് കണ്ണിലെണ്ണയൊഴിച്ച് നിങ്ങള്‍ കാത്തിരുന്നു.വീട്ടില്‍നിന്ന് തലേന്ന് ഇറങ്ങുംമുമ്പ് കഴിച്ച അല്‍പ്പം ഭക്ഷണത്തിന്റെ ബലത്തില്‍  പിറ്റേന്നു വരെ ബലംപിടിക്കുന്നവരാണ് നിങ്ങള്‍. ചാനലുകളില്‍ പലര്‍ക്കും അതിനു കിട്ടുന്ന ശമ്പളം  നക്കാപ്പിച്ചയാണെന്നും കണ്ടിട്ടുണ്ട്..
   
ഓര്‍മിക്കുന്നു. വാര്‍ത്ത അറിഞ്ഞതും നിന്ന നില്‍പ്പില്‍ ഓടിപ്പോയതാണ്. ഇട്ടതുണി മാത്രം. മൂന്നാംനാളാണ് തിരികെ വന്നത്. പെരു മഴയിലെ ദുരന്തം. ആകെ മുഷിഞ്ഞ് , വിശന്നു വലഞ്ഞ് അവശരായി . അതിലേറെ ദുരന്തക്കാഴ്ചകളുടെ സങ്കടം. പുതിയ ഷര്‍ട്ടുവാങ്ങാനും കുളിക്കാനും നനയ്ക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഇടവുമില്ല, അവസരവുമില്ല. അങ്ങനെയൊക്കെയാണ് മാധ്യമപ്രവര്‍ത്തനം. പത്രം പോലെയല്ല , എത്ര കിട്ടിയാലും മതിവരാത്ത വിശപ്പാണ് ടിവി ചാനലുകള്‍ക്ക് . 24 മണിക്കൂറും പുതിയത് കാണിച്ചുകൊണ്ടേയിരിക്കണം. എത്ര വാര്‍ത്ത നല്‍കിയാലും ചാനല്‍ മേലധികാരിക്കും ജനത്തിനും  മതിയാവില്ലെന്നും കണ്ടറിഞ്ഞിട്ടുണ്ട്. ഈ സമ്മര്‍ദ്ദങ്ങളെല്ലാം ഉള്ളില്‍ താങ്ങിനടക്കുന്നവരാണ് നിങ്ങളെന്ന്  നന്നായി അറിയാം. നിങ്ങളുടെ അര്‍പ്പണമനോഭാവം പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നു. പക്ഷേ അരോചകമായിപ്പോയ ചിലരുടെ ഇടപെടലുകളുണ്ടല്ലോ , അതു പറയാതെ വയ്യ. എല്ലാരുമല്ല, ചിലര്‍. ആ ചിലരാണ് മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖത്ത് പൊതുജനത്തെക്കൊണ്ട് കാറിത്തുപ്പിക്കാന്‍ ഇടയാക്കുന്നത്.

നെഞ്ചു തകര്‍ന്ന് കരയുന്ന ഒരമ്മ. ഉള്ളുലഞ്ഞ് ഒരു മുത്തശ്ശി. വാവിട്ടുകരയുന്ന വയോവൃദ്ധനായ മുത്തശ്ശന്‍. തളര്‍ന്നുപോയ അച്ഛന്‍. ആശ്വസിപ്പിക്കാന്‍ ഓടിയെത്തിയ ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍. ആളുകള്‍ തിങ്ങിനിറഞ്ഞ ആ കുഞ്ഞുമുറിയിലേക്ക്  മാധ്യമപ്പടക്കൂട്ടം ഒരറ്റാക്കിനു ചെല്ലുന്ന സൈന്യത്തെപ്പോലെ പാഞ്ഞുചെല്ലുന്നു. എകെ-47 നിരത്തി പിടിച്ചുനില്‍ക്കും പോലെ മൈക്കുകള്‍ ഏന്തിയുള്ള നില്‍പ്പ്. ഏതാണ്ട് ഒരവകാശംപോലെയുള്ള പെരുമാററം. കരഞ്ഞു തളര്‍ന്ന അമ്മയുടെ അണ്ണാക്കിലേക്ക് കുത്തിക്കയറ്റാന്‍ എന്ന വണ്ണം മൈക്ക് നീട്ടി മണ്ടന്‍ ചോദ്യങ്ങളുടെ പെരു മഴ .''അഞ്ചു ലക്ഷം ചോദിച്ചവര്‍ക്കൊപ്പം കുഞ്ഞ് സുരക്ഷിതയാണെന്ന് കരുതുന്നുണ്ടോ '' ?

''പണം കൊടുത്തില്ലെങ്കില്‍ കുട്ടിയെ അവര്‍ അപായപ്പെടുത്തമെന്നു വല്ലതും പറഞ്ഞോ'' ?,തുടങ്ങി മര്യാദയുടെ സീമകളെല്ലാം തകര്‍ത്തുള്ള വിളയാട്ടം. എന്നിട്ടും ആ അമ്മയും ബന്ധുക്കളും അപാരമായ ക്ഷമയോടെ കണ്ണീരിനിടയിലും മറുപടി പറയുന്നുണ്ട്. ഇത്തിരി കാറ്റുപോലും ആ വീട്ടുകാര്‍ക്ക് കിട്ടരുതെന്ന് ചാനലുകള്‍ക്ക് വാശിയുള്ളതുപോലെ ചുറ്റുമങ്ങനെ കോട്ടകെട്ടിയുള്ള നില്‍പ്പ്. ഒരു പുരോഹിതന്‍ വന്ന് മുറിയില്‍നിന്ന് മാധ്യമങ്ങളെ പുറത്താക്കുന്ന കാഴ്ചയും ഇടയ്ക്കു കണ്ടു. എന്തൊരു ആഭാസക്കാഴ്ചയാണ് ഈ മാപ്രകള്‍ കാണിച്ചു കൂട്ടുന്നത്. ആ അമ്മയോട് തട്ടിക്കൊണ്ടുപോയ കുഞ്ഞിന്റെ സുരക്ഷയെപ്പറ്റി ചോദിച്ചവന്‍ പെണ്ണു കെട്ടിയവനല്ലേ. അയാള്‍ക്കും മക്കളുണ്ടാവുമല്ലോ. ഈ കുഞ്ഞിന്റെ സ്ഥാനത്ത് നിങ്ങളുടെയൊക്കെ കുട്ടിയായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം തോന്നിയിരുന്നെങ്കില്‍ ഈ മണ്ടത്തരം ,അല്ല തെമ്മാടിത്തരം എഴുന്നെള്ളിക്കില്ലായിരുന്നു. നാട്ടുകാര് തല്ലാഞ്ഞത് ഭാഗ്യം. നിങ്ങളുടെ ചാനല്‍ ഓഫാക്കി എഴുനേറ്റ് പോകാന്‍ പ്രേക്ഷകരെ നിര്‍ബന്ധിക്കരുത്. ടിവി പോലും തല്ലിപ്പൊട്ടിക്കാന്‍ തോന്നിപ്പിക്കുന്ന തിരുമണ്ടന്‍ ചോദ്യങ്ങള്‍ !.ആരാണ് നിങ്ങളെ ഇത്ര നിലവാരം കുറഞ്ഞ പത്രപ്രവര്‍ത്തനം പഠിപ്പിച്ചത്. ഒരു മൈക്കും ക്യാമറയും കയ്യിലുണ്ടെങ്കില്‍ ആരാന്റെ വീടിന്റെ കിടപ്പുമുറിയിലേക്ക് സര്‍വ്വ മര്യാദകളും ലംഘിച്ച് ഇടിച്ചുകയറാന്‍ ആരാണിവര്‍ക്ക് അനുവാദം നല്‍കിയത്. ഇത് മാധ്യമപ്രവര്‍ത്തനമല്ല. മഹാ ശല്യമാണ്.

മാധ്യമസുഹൃത്തുക്കളേ,നിങ്ങളുടെ തൊഴില്‍ സമ്മര്‍ദ്ദം പതപ്രവര്‍ത്തകയായിരുന്ന എനിക്ക് നന്നായിട്ടറിയാം. ''മറ്റേ ചാനലിന് കിട്ടി. നിനക്കെന്താ കാട്ടാതെ പോയത്. എവിടെപ്പോയി വായിനോക്കി നില്‍ക്കുവാരുന്നു,'' എന്നൊക്കെയുള്ള മേലധികാരിയുടെ മൂര്‍ച്ചയുള്ള ചോദ്യത്തിന്റെ അപമാനം ഏല്‍ക്കാതിരിക്കാന്‍ എന്തു നാണക്കേടിനും നിങ്ങള്‍ തയാറാവുകയാണെന്ന് മനസ്സിലാക്കാം. പക്ഷേ നമ്മള്‍ അഭിമുഖം ചെയ്യുന്ന വീട്ടുകാരുടെ നിസ്സഹായത ഭയങ്കരമാണ്. ഇത്തിരി മനസ്സലിവ് കാണിച്ചുകൂടെ. നിങ്ങളും മനുഷ്യരല്ലേ. തട്ടിയെടുക്കപ്പെട്ട കുഞ്ഞിന്റെ അമ്മയോട് ''നാളെ പത്തു മണിക്ക് കുട്ടിയെ തിരികെ എത്തിക്കാമെന്ന് പറഞ്ഞല്ലോ, എന്തു തോന്നുന്നു '', എന്നൊക്കെ ചോദിക്കുന്ന മാപ്രയെ അപ്പോള്‍ത്തന്നെ മുഖംനോക്കി ഒരെണ്ണം കൊടുത്ത് പൊതുജനങ്ങളുടെ മാനം രക്ഷിക്കണമെന്ന് ഒരപേക്ഷ കൂടെയുണ്ട്. അതേ സമയം പിരിമുറുക്കമുള്ള ആ 20 മണിക്കൂറും ഒരേ നിലയില്‍ നിന്ന് കഷ്ടപ്പെട്ട് ആരെയും മുറിപ്പെടുത്താതെ മാന്യമായി വാര്‍ത്തനല്‍കി പ്രേക്ഷകരെ പിടിച്ചിരുത്തിയ, കുട്ടിയെ കണ്ടെത്താന്‍ തുണയായ  എന്റെ പത്രപ്രവര്‍ത്തക ചങ്കുകള്‍ക്ക് അഭിവാദ്യങ്ങള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക