Image

മഹാകവി കുവെമ്പു രാസ്തേ (ഇമലയാളി കഥാമത്സരം- 2023: രമാ പിഷാരടി, ബാംഗ്ലൂര്‍)

Published on 12 December, 2023
 മഹാകവി കുവെമ്പു രാസ്തേ (ഇമലയാളി കഥാമത്സരം- 2023: രമാ പിഷാരടി, ബാംഗ്ലൂര്‍)

ഇലയും പൊടിയും കാറ്റും മഴയും വീശിയടിച്ച ഒരു ഇടവപ്പാതിമഴക്കാലത്താണ്  വിദ്യാധർ എന്നെ ആദ്യം കണ്ടതെന്നാണ് പറയുന്നത്.  എനിക്കത് ഓർമ്മയില്ല.   ഇരുട്ടിന് മുൻപേ വീട്ടിലെത്താനുള്ള ധൃതിയിലായിരുന്നു അന്ന് ഞാൻ. ഇരുട്ട് പെൺകുട്ടികളെ എക്കാലത്തും ഭയപ്പെടുത്തും.  റോഡ് മഴവെള്ളം നിറഞ്ഞ് കടല് പോലെയായതിനാൽ എങ്ങനെയും    നടന്ന് വീടെത്താമെന്ന് ചിന്തിക്കുമ്പോൾ ചുറ്റുമുള്ളവരെ ശ്രദ്ധിക്കാനാവില്ല. മഴ പെയ്യാൻ തുടങ്ങിയാൽ നഗരത്തിലെ പാതകൾ ജലാശയങ്ങളായി മാറും. വഴിയിലേക്ക് വലിച്ചെറിയുന്ന പലവസ്തുക്കളും ഓടയിലെത്തിച്ചേർന്ന് അവിടെ തടസ്സമുണ്ടാകുമ്പോഴാണ് വെള്ളം പാതകളിൽ തന്നെ നിറഞ്ഞ് കവിയുന്നത്.  അങ്ങനെയൊരു മഴക്കാലത്ത് അടുത്തുകൂടി നടക്കുന്ന ആളുകളെ പോലും ശ്രദ്ധിക്കാനാകില്ല. .

വിദ്യാധറിനെ ഞാൻ ആദ്യമായി ശ്രദ്ധിച്ചത്  മഹാകവി കുവെമ്പു രാസ്തേ മെട്രോയിലാണ്. കർണ്ണാടകയിൽ മഹാകവി ഗോവിന്ദപൈയ്ക്ക് ശേഷം രാഷ്ട്രകവി എന്ന ബഹുമാന്യത ലഭിച്ച ജ്ഞാനപീഠജേതാവാണ് കുപ്പള്ളി വെങ്കടപ്പ പുട്ടപ്പ എന്ന കുവെമ്പു. കന്നഡയിൽ കുവെമ്പു എന്നാൽ കൂൾ എന്നാണ് അർത്ഥം ശാന്തമായത്, അക്ഷോഭ്യമായത് എന്നൊക്കെ വിവക്ഷിക്കാനാവുന്ന മഹനീയമായ തൂലികാനാമത്തിൽ എഴുതിയിരുന്ന കുവെമ്പു.. ജയഭാരതജനനിയതനുജാതേ എന്ന എന്ന ദേശഗാനം കന്നഡനാടിന് വേണ്ടി എഴുതിയത്  കുവെമ്പുവാണ്,  രാഷ്ട്രകവി കുവെമ്പുവിൻ്റെ ബഹുമാനാർത്ഥമാണ് മഹാകവി കുവെമ്പു റോഡ് എന്ന കുവെമ്പു രാസ്തേ മെട്രോ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത്..

മഹാകവി കുവെമ്പു രാസ്തേ മെട്രോസ്റ്റേഷനിൽ നിന്നാണ് വിദ്യാധറിനെ ഞാൻ ശ്രദ്ധിച്ച് തുടങ്ങിയത്..

പതിനഞ്ച് ദിവസത്തോളം ഒരേ മെട്രോയിൽ സഞ്ചരിച്ചപ്പോൾ പതിയെ പതിയെ ഒന്ന് ചിരിക്കാനും, ഒരു ഹലോ പറയാനുമായി. ഒരേ മെട്രോയിൽ ഒരേ സമയത്ത് വരുന്നതിനാൽ പരിചയം സൗഹൃദമായി.  ഇടക്കിടെ സ്റ്റേഷനടുത്തുള്ള പാകശാലയിൽ പോയി ഞങ്ങൾ റവ ഇഡ്ഡലി കഴിച്ചു.  നിറയെ കൊത്തമല്ലിയിലയിട്ട് മുകളിൽ കശവണ്ടി പരിപ്പ് വച്ച് നെയ്യ് തൂവി വരുന്ന ചൂടുള്ള റവ ഇഡ്ഡലി എനിക്ക് പ്രിയപ്പെട്ടതായിരുന്നു. നഗരത്തിലെ ഏറ്റവും രുചികരമായ റവ ഇഡ്ഡലി പാകശാലയിലേതാണെന്ന് ഞങ്ങൾ ഇടക്ക് പറയാറുണ്ടായിരുന്നു.

വിദ്യാധറും ഞാനും കണ്ട് മുട്ടിയിട്ട് വർഷം ഒന്ന് കഴിഞ്ഞിരിക്കുന്നു. ഇത്ര നാൾ ഒന്നിച്ച് നടന്നിട്ടും  വിദ്യാധർ  മാന്യനും, നന്നായി സംസാരിക്കുന്ന ആളായിരുന്നിട്ടും എന്തു കൊണ്ടോ എൻ്റെ അടുത്ത കൂട്ടിടങ്ങളിലേക്ക് വിദ്യാധറിനെ കയറ്റിയിരുത്തിയില്ല. ചില ദുരനുഭവങ്ങൾ മനുഷ്യരെ വേദനിപ്പിക്കും. ആരെയും ഒരു പരിധി വിട്ട് സ്നേഹിക്കുകയോ അടുപ്പിക്കുകയോ ഇപ്പോൾ ചെയ്യാറില്ല. എങ്കിലും വിദ്യാധർ നല്ലവനെന്നൊരു തോന്നൽ  എനിക്കുണ്ടായിട്ടുണ്ട്. ആരെങ്കിലും കൂടുതലടുക്കാൻ ശ്രമിക്കുമ്പോൾ മനസ്സൊരു സിഗ്നൽ തരും.. ‘ദക്ഷാ ആരോടും കൂടുതൽ അടുക്കണ്ട, ഒടുവിൽ സങ്കടമുണ്ടാകും..’ അത് മനസ്സിന് ഹൃദയത്തോടുള്ള കരുതലാണെന്ന് ദക്ഷയെന്ന എനിക്ക് മാത്രം മനസ്സിലാകും..

ഭട്കലിൽ വച്ച് മധുരമീനാക്ഷിയുടെ കായാമ്പൂവും, താഴമ്പൂവുമൊക്കെ ചേർത്ത കുങ്കുമം എനിക്ക് തന്ന് അറിയുന്ന പൂജാരിയും അത് തന്നെയാണ് പറഞ്ഞത്. ‘കുട്ടി, നിനക്ക് നന്മ കൂടുതലാണ് . ചതിവ്  പറ്റാം സൂക്ഷിക്കുക.’  അതെപ്പോഴും പറ്റുന്നതിനാൽ ഇപ്പോൾ എപ്പോഴും സൂക്ഷ്മതയോടാണിരിക്കാറ്. നഗരം ഒരു ഇന്ദ്രജാലക്കാരനാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നഗരം ചിരിച്ച് മയക്കി വഞ്ചിച്ച് നമ്മിലെ നിഷ്ങ്കളങ്കതയെ പതിയെ പതിയെ ഇല്ലായ്മ ചെയ്ത് കൊണ്ടിരിക്കും.  പിന്നീട് നമ്മൾ നമുക്ക് ചുറ്റും ഒരു വേലി സൃഷ്ടിക്കും. എപ്പോഴും കാവൽ നിൽക്കുന്ന കാവൽക്കാരെ മനസ്സ് അവിടെ  സ്ഥിരജോലിക്ക് വയ്ക്കും. ആർക്കും അത്രയൊന്നും വേഗത്തിൽ ഹൃദയത്തിലേക്ക് കടക്കാൻ അവസരം കൊടുക്കാതെ ആ കാവൽക്കാർ ജാഗരൂഗരായിരിക്കും

ഒരു വർഷത്തിന് ശേഷം വിദ്യാധർ എൻ്റെ മനസ്സിൽ ഇതേ പോലൊരു ഹിമവാതം സൃഷ്ടിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എത്ര അനായാസാമായാണ് ജീവിതത്തിലൂടെ ഞങ്ങൾ രണ്ടാളും നടന്നത്. ജീവിതാവസാനം വരെയുണ്ടാകുന്ന സൗഹൃദമായേക്കും  ഇതെന്ന് ഉറപ്പുണ്ടായിരുന്നില്ല, എങ്കിലും അതൊരു നന്മയുള്ള കൂട്ടായിരുന്നു എന്ന്  വിശ്വസിച്ചിരുന്നു. ലോകം തന്നെ വലിയ ഒരു മഹാമായ ആണെന്ന് ഇപ്പോൾ  തോന്നിത്തുടങ്ങിയിരിക്കുന്നു. അധികം തിരക്കില്ലാത്ത മാനസിയിലെ  ഘട്ടി കാപ്പിയുടെ തടിബഞ്ചിൽ ഇരുന്ന് ഞാൻ കാപ്പി കുടിച്ചു. വിദ്യാധർ ഷുഗർ കെയിൻ ഫ്രഷിൽ നിന്ന് വാങ്ങിയ   ഇഞ്ചിയും നാരങ്ങയും ചേർത്ത കരിമ്പിൻ ജ്യൂസ് കുടിച്ചു. എത്ര ആഘോഷമായാണ് അന്ന് ഞങ്ങൾ ഗണേഷ് ചതുർത്ഥിക്ക് ശേഷം കണ്ട് മുട്ടിയത്...വീട്ടിൽ അമ്മ ഉണ്ടാക്കിയതാണെന്ന്  പറഞ്ഞ് വിദ്യാധർ കടബ് കൊണ്ട് വന്നിരുന്നു. എൻ്റെ കൈയിൽ ചിപ്സ് സെൻ്ററിൽ നിന്ന് വാങ്ങിയ ലഡുവും. ഒരു നല്ല സായാഹ്നവും കടന്ന് ഇങ്ങനെയൊരു പെരുമഴക്കാലമുണ്ടാവുകയുണ്ടെന്ന് മനസ്സിൽ പോലും കരുതിയില്ല.

മുഗ്ദ്ധവും, സ്നിഗ്ദ്ധവുമായ എന്തോ ഒന്ന് വിദ്യാധറിനുണ്ടെന്ന് തോന്നിയെങ്കിലും  ഒരിക്കലും അതിൽ നിന്ന് ഒരടി മുന്നോട്ട് പോകാൻ മനസ്സ് അനുവദിക്കാതിരുന്നു. മുടങ്ങിക്കിടന്ന ലോൺ, വീട്ടിലെ അസ്വാരസ്യങ്ങൾ, ഉടക്കിവീഴുന്ന കുറെ നോവുകൾ ഇതിനിടയിൽ ചുറ്റിലും ഒരു വലയം സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യമുണ്ടെന്ന് തോന്നിത്തുടങ്ങിയത് എന്ന് മുതലാണ്. പല കാരണങ്ങളുമുണ്ട്.  ലാവ പോലെ ഭൂമണ്ഡലത്തിലെ അഗ്നിപർവ്വതങ്ങളിൽ ഉറങ്ങിക്കിടക്കും പോലെ.. തേൻ മധുരമാകുമ്പോൾ തേനീച്ചയുടെ മുൾക്കൊമ്പ് പോലെ തൊട്ടാൽ നോവുന്ന ചിലതൊക്കെ മനസ്സിലിന്നുമുണ്ട്.

ആകസ്മികതയുടെ വിസ്ഫോടനങ്ങളിൽ അവസാനത്തേത് വിദ്യാധറിൻ്റേതാകുമെന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയില്ല. ശങ്കരപീഠത്തിൽ നിന്നിറങ്ങുമ്പോൾ ഉപനിഷത്തുകളുടെ അർത്ഥമെന്തെന്ന് പറഞ്ഞ സ്വാമിജി പോലും ഇതേ പോലെയുള്ള മനുഷ്യാവസ്ഥയെ കുറിച്ച് പറഞ്ഞിരുന്നില്ല. അനിഷേധ്യമായ, അനന്തകോടിഗ്രഹങ്ങൾ ചുറ്റിയോടുന്ന സൗരയൂഥത്തിൻ്റെ ഭ്രമണപഥത്തിലെ ഒരു ഗോളമായ ഭൂമിയിലെ ഒരു ചെറിയ ഇടത്തിരുന്ന് ചിന്തിക്കുമ്പോൾ എത്രയോ ചെറുതാണ് മനുഷ്യർ. എങ്കിലും ഇത്രയും നിരാശാജനകമായ ഒന്ന് അനുഭവിക്കേണ്ടി വരുമെന്ന് തീരെ കരുതിയില്ല.  മഞ്ഞിൻ്റെ ഒരു മല വന്ന് ഹൃദയത്തെ പൊതിയും പോലെ. സ്തോഭജനകമായ ഒന്നിൻ്റെ പരിണാമാവസ്ഥ ഇത്രമേൽ ദയനീമാകും എന്നത് എന്നെ അമ്പരപ്പിച്ചു,

മുത്തച്ഛൻ്റെ നവതിയാഘോഷത്തിന് പോകാതിരിക്കാനാവില്ല.  മനസ്സാണെങ്കിൽ അവിടെയുമിവിടെയും പാറി നടക്കുന്നു. നാമക്കലിലേക്കുള്ള യാത്രയ്ക്ക് ഒഴിവ് പറയാനാവില്ല   ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലെത്തിയ ഒരാൾക്ക് എങ്ങനെ സന്തോഷിക്കാനാകും. മുത്തച്ഛൻ്റെ നവതിയാഘോഷം. മുത്തച്ഛന് വിഷമാകുമെന്നതിനാൽ ഹൃദയത്തിൽ നിന്ന് ഇരുമ്പുഭാരം മാറ്റിവച്ച് യാത്രക്കൊരുങ്ങി. ആ യാത്രയിലേക്കാണ് വിദ്യാധറിനെ ആദ്യം കൂടെ ക്ഷണിച്ചത്.  കുടുംബത്തിലെ ഒരു ആഘോഷത്തിന് വിദ്യാധറിനെ ക്ഷണിക്കണമോ എന്നതിൽ മനസ്സിന് സംശയമുണ്ടായിരുന്നു. എങ്കിലും ഇതേ വരെയുള്ള പെരുമാറ്റത്തിൽ വിദ്യാധറിനെ മാറ്റി നിർത്തണമെന്നും തോന്നിയില്ല. അങ്ങനെയാണ് ആ നവതിയാഘോഷത്തിന്  വിദ്യാധറിനെ ക്ഷണിക്കുന്നത്.

പാകശാലയിൽ നിന്ന് റവ ഇഡ്ഡലിയും കാപ്പിയും കഴിച്ചിറങ്ങുമ്പോഴാണ് നമുക്കല്പം സംസാരിച്ചാലോ എന്ന്  വിദ്യാധർ പറഞ്ഞത്..

അതിനെന്താ.

ഇവിടെയല്ല.

നമുക്ക് ലാൽബാഗ് വരെയൊന്ന് പോയാലോ..

ഇപ്പോഴോ...

ഇവിടെ കുമാരപാർക്കിലോ, സാങ്കി ടാങ്കിനരികിലോ പോകാമല്ലോ.. അടുത്തല്ലേ

ശരി..

ചെറുവെള്ളരി അരിഞ്ഞ് വിൽക്കുന്ന ഉന്തുവണ്ടിക്കാരനിൽ നിന്ന് വിദ്യാധർ വേണോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന് പറഞ്ഞു. ഉള്ളിലെ സിമിൻ്റ് ബഞ്ചിലിരുന്ന് വിദ്യാധർ ചോദിച്ചു,

എന്ത് വിശ്വസിച്ചാണ് എൻ്റെ കൂടെ ദക്ഷ വന്നത്

ഒരു വർഷമായി എന്നും കാണുന്ന ആളല്ലേ.. എന്തെങ്കിലും അത്യാവശ്യത്തിനാണെന്ന് കരുതുന്നു.

വിദ്യാധർ എന്തിനായിരിക്കും ഇങ്ങനെയൊരു നാടകീയത സൃഷ്ടിക്കുന്നതെന്ന് എനിക്ക്  മനസ്സിലായില്ല.  ആദ്യമൊക്കെ വിദ്യാധർ വളരെ കരുണയോടെയും, കരുതലോടെയുമാണ് എന്നോട് പെരുമാറിയിരുന്നത്. പ്രണയത്തിൻ്റെ തൂവൽ സ്പർശം അതിലുണ്ടോ എന്ന് സംശയിച്ചിരുന്നു.  പക്ഷെ ഒരിക്കൽ പോലും വിദ്യാധർ പ്രണയത്തിൻ്റെ ഭാഷയിൽ സംസാരിച്ചിരുന്നില്ല, പക്ഷെ കാന്തം പോലെ ഒരു ആകർഷണം സൃഷ്ടിക്കാൻ വിദ്യാധർ ശ്രമിച്ചിരുന്നു എന്നത് എനിക്ക്  മനസ്സിലാക്കിയിരുന്നു. അത് അങ്ങനെ തന്നെ പരിശുദ്ധമായി ഇരിക്കട്ടെ എന്ന നിലയിലായിരുന്നു എൻ്റെ  സമീപനം.. എങ്കിലും ഈയിടെയായി അല്പം അസ്വഭാവികത അനുഭവപ്പെടുന്നുണ്ട്. ദേവർഷിയെ  കാണാൻ പോയത് മുതലാണ് ഈ മാറ്റം അനുഭവപ്പെടുന്നത്. അതേ വരെ എല്ലാം വളരെ സ്വാഭാവികവും ശാന്തവുമായിരുന്നു.

ഓഗസ്റ്റിലെ ആദ്യത്തെ രണ്ട് വാരം എനിക്ക്  ജോലിക്ക് പോകാനായില്ല. വീണ്ടും മെട്രോയിൽ കണ്ട് മുട്ടിയപ്പോഴാണ് ദേവർഷിയുടെ കഥ വിദ്യാധറിനോട് പറയേണ്ടി വന്നത്.  ആ കഥയുടെ പരിസമാപ്തി മുതൽ വിദ്യാധർ കൂടുതൽ മൗനിയായെന്ന് തോന്നി. എൻ്റെ മനസ്സിൽ ദേവർഷിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടാക്കിയ വേദയെ കുറിച്ചുള്ള ചിന്തയായിരുന്നു. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും വേദക്കുണ്ടായിരുന്നില്ല. മാസ്റ്റേഴ്സ് ചെയ്യുന്നത് വരെ കാത്തിരിക്കണമെന്നൊരാവശ്യം മാത്രമേ ദേവർഷി ആവശ്യപ്പെട്ടിരുന്നുള്ളൂ. അതേ ചൊല്ലിയുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ അവർ പിരിഞ്ഞു.  പിന്നീട് വേദയുടെ ഫോൺ ദേവർഷി എടുത്തില്ല.  ഒരു വാശി.. അതോ മനസ്സിലാക്കാൻ ശ്രമിക്കാത്തവരോട് അകലം പാലിക്കുക എന്ന പ്രായോഗിക ആൺചിന്ത. അവഗണനയായിരുന്നില്ല എന്നത് ദേവർഷിയെ അറിയുന്നവർക്ക് മനസ്സിലാകുമായിരുന്നു. പക്ഷെ

വേദയുടെ ഹൃദയം തകർന്നിരുന്നു. തകർന്ന ഹൃദയം മനസ്സിൻ്റെ വിവേകത്തിൻ്റെ ശബ്ദം മറന്ന നാളാകണം വേദ മാണ്ഡ്യയിലെ തീവണ്ടിപ്പാളത്തിലേക്ക് ജീവിതത്തിൻ്റെ മിടിപ്പ് സമർപ്പിച്ചത്. അതിൽ നിന്നുണ്ടായ ഉൾക്കിടിലം ദേവർഷിയെ മൗനിയാക്കി. പിന്നീടൊരിക്കലും പഴയ ദേവർഷിയെ ഞങ്ങൾക്ക് കാണാനായില്ല. ഒടുവിൽ മാനസികാരോഗ്യത്തിന് ചികിൽസിക്കേണ്ട അവസ്ഥയിലെത്തിയതോടെ ഞങ്ങളുടെ പഴയ സന്തോഷത്തിൻ്റെ വീട് തകർന്ന് വീണിരുന്നു.  ജീവിക്കുന്നത് കൊണ്ട് മാത്രം ഉപജീവനം ചെയ്യുന്ന ആത്മാക്കളുടെ താവളമായി അത് മാറി. അവിടെ സന്തോഷത്തിൻ്റെ അലകൾക്ക് പകരം മൗനത്തിൻ്റെ  ജീവനേറെയും വാർന്ന് പോയ കിളികൾ ചിറകനക്കാതെ ജീവിച്ചു.

സത്യത്തിൽ വിദ്യാധറിനോട് ഈ കഥയൊന്നും പറയേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് പുനർവിചിന്തനമുണ്ടായി.

അല്ലെങ്കിലും ഒരു വർഷം മാത്രം കണ്ട് പരിചയമുള്ള ഒരാളോട് എന്തിനാണ് ഇതൊക്കെ പറയുന്നത്. ദേവർഷിയെ ഒന്ന് കാണണമെന്ന് വിദ്യാധർ പറഞ്ഞെങ്കിലും അത് വേണ്ട എന്നാണ് ആദ്യം  പറഞ്ഞത്. ആരെയും മനസ്സിലാക്കാനാവാതെ വേറോതോ ഭൂഖണ്ഡത്തിൽ ജീവിക്കുന്ന ഒരാളെ എന്തിനാണ് കാണുന്നത് എന്നൊരു ന്യായം അതിലുണ്ടായിരുന്നു.. പിന്നീട് സ്നേഹപൂർവ്വമുള്ള നിർബന്ധത്താൽ ഒരിക്കൽ കൊണ്ട് പോയി. അല്പസമയം മൗനം പൂണ്ട് ദേവർഷിക്കരികിൽ നിന്നിട്ട് കണ്ണിൽ നിറഞ്ഞ കണ്ണീർ ആരും കാണാതെ തുടച്ച് വേഗത്തിൽ തന്നെ വിദ്യാധർ മുറി വിട്ട് പോയി

സാങ്കി തടാകത്തിനടുത്തുള്ള ചാരുബഞ്ചിൽ എത്ര നേരം മൗനമായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയില്ല. ക്ഷമ കെട്ടപ്പോൾ ഞാൻ ചോദിച്ചു.

എന്താണ് വിദ്യാധർ നിനക്കെന്നോട് പറയാനുള്ളത്.?

ഞാനിപ്പോൾ പറയുന്നത് കേട്ട് കഴിയുമ്പോൾ, അതെങ്ങനെ നിനക്കുൾക്കൊള്ളാൻ കഴിയും എന്നെനിക്കറിയില്ല.

പറഞ്ഞോളൂ.... ധൈര്യം കൂടുതലേകാനുള്ള ഒരുപാട് അനുഭവങ്ങൾ ജീവിതം തന്നിട്ടുണ്ട്.

ഇത് അല്പം കഠിനമായിരിക്കും..

സാരമില്ല. പറഞ്ഞോളൂ..

ദക്ഷ, ഞാനാരാണെന്ന് നിനക്കറിയില്ല.

ശരിയാണ്, ആർക്കും ആരെയും തീർത്തും മനസ്സിലാകാത്ത ഇടമാണ് ജീവിതം..

വിദ്യാധറിൻ്റെ മുഖത്ത് എന്ത് ഭാവമാണെന്ന് മനസ്സിലാക്കാനായില്ല. എന്തോ പറയണമെന്നുണ്ടെന്നും അത് പറയാനാകുന്നില്ല എന്നൊരു മനോഭാവം ആ മുഖത്ത് വായിച്ചെടുക്കാനായി.  എന്തോ മനസ്സമാധാനക്കേട് വിദ്യാധറിനുണ്ടെന്ന് മനസ്സിലായി. നഗരത്തിന് എപ്പൊഴും ഒരു പ്രത്യേക ആധിയുണ്ട്, അതേ പോലെ ആഹ്ളാദവും.  ലോൺ തിരികെയടയ്ക്കുക, ആസ്പത്രിച്ചിലവുകൾ, കുട്ടികളുടെ ഫീസ് ഇവയൊക്കെയാണ് നഗരം ആധിയായി തിരികെ തരുന്നത്. ആഹ്ളാദിക്കാനാണെങ്കിൽ മാളുകൾ, പൂന്തോട്ടങ്ങൾ, ഭക്ഷണശാലകൾ, തടാകങ്ങൾ ഇവയാൽ സമൃദ്ധമാണ് നഗരം. വിദ്യാധറിൻ്റെ മുഖത്ത് ഇപ്പോഴുള്ളത് ധർമ്മസങ്കടം പോലൊന്നാണെന്ന് തോന്നി.

ബുദ്ധിമുട്ടാണെങ്കിൽ നാളെ ശനിയാഴ്ചയല്ലേ, നമുക്ക് മല്ലേശ്വരത്തിനരികിലുള്ള വെങ്കടാചലക്ഷേത്രത്തിൽ വച്ച് കാണാം. അവിടെയാകുമ്പോൾ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും ഒരു ശാന്തതയുണ്ടാകും..

വിദ്യാധറിന് ദക്ഷയുടെ മറുപടി ആശ്വാസമായിരുന്നു..

ശരി, അങ്ങനെയാകാം, സോറി ദക്ഷ ഇപ്പോൾ ബുദ്ധിമുട്ടിച്ചതിന്.

ആ ശനിയാഴ്ചയാണ് ദക്ഷയുടെ ചെറിയ ഭൂമിയിലേക്ക് വിദ്യാധർ ഉമിത്തീക്കനലിട്ടത്..

ദേവസ്ഥാനത്തിന് മുന്നിലുള്ള സിമൻ്റ് ബഞ്ചിലിരുന്ന് വിദ്യാധർ പറഞ്ഞു.

ക്ഷമ ചോദിക്കാൻ അർഹതയില്ലാത്തൊരു അപരാധം ഞാൻ ചെയ്തു. ദക്ഷ എന്നോട് ക്ഷമിക്കണം

എന്താ, വിദ്യാധർ എന്തായാലും പറയൂ..

ദക്ഷയെ ഞാൻ പരിചയപ്പെട്ടത് ആകസ്മികമായിരുന്നില്ല. അതൊരു ആസൂത്രിതമായ കണ്ടുമുട്ടൽ ആയിരുന്നു..

എന്തിന്..?

എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.

ആരായിരിക്കും വിദ്യാധറിനെ എൻ്റെയരികിലേയ്ക്ക് അയച്ചത്. അമ്മാവനായിരിക്കുമോ, വിവാഹത്തെക്കുറിച്ചല്ലാതെ ഒരു കാര്യവും ബന്ധുക്കൾക്ക് പറയാനില്ല..

ദക്ഷ വിചാരിക്കുന്ന കാര്യത്തിനൊന്നുമല്ല ഞാൻ വന്നത്.

അതൊരു ശുഭവാർത്തയല്ല ദക്ഷ..

ഒരുപാട് അനുഭവിച്ചതിനാൽ ഇപ്പോൾ എല്ലാ വാർത്തയിലും നിസ്സംഗതയാണുള്ളത് വിദ്യാധർ. എന്തായാലും പറഞ്ഞോളൂ..

ഞാൻ വന്നത് ദക്ഷയെ അപായപ്പെടുത്താനാണ്..

എൻ്റെ മനസ്സിൽ നടുക്കവും, നടുക്കത്തിൻ്റെ ഒടുവിൽ മനസ്സിൽ മഞ്ഞുവീഴചയുമാരംഭിച്ചു. ആകെ തണുത്ത് ചുരുങ്ങും  പോലെ ഒരവസ്ഥ. എങ്കിലും മനസ്സാന്നിദ്ധ്യം വീണ്ടെടുത്ത് വിദ്യാധറിനെ അമ്പരപ്പോടെ നോക്കി..

ഞാൻ വേദവതിയുടെ സഹോദരനാണ്.. എൻ്റെ അനിയത്തിയുടെ മരണത്തിന് കാരണക്കാരൻ ദക്ഷയുടെ ചേട്ടനാണെന്ന് ഞങ്ങളെല്ലാം വിശ്വസിച്ചു.  എൻ്റെ അമ്മ ആ മരണത്തിന് ശേഷം സംസാരിക്കാറേ ഇല്ല. വീട്ടിൽ എപ്പോഴും അശാന്തിയുടെ ഒരു രൂപം വീട്ടിൽ കുടിയേറി പാർത്തു.  അതിന് കാരണമായ ദക്ഷയുടെ കുടുംബത്തെയും തകർക്കണമെന്നൊരു വാശിയുണ്ടായി.. ദക്ഷയറിയാതെ രണ്ട് വർഷമായി ഞാൻ ദക്ഷയുടെ പിന്നിലുണ്ടായിരുന്നു. പക്ഷെ  സത്യമറിഞ്ഞപ്പോൾ അപരാധബോധമാണിപ്പോഴുള്ളത്. വേദയോടുള്ള വാൽസല്യം കാരണമാണ് ഇങ്ങനെയൊക്കെ ചെയതത്.... മാപ്പർഹിക്കാത്ത തെറ്റാണത്. എങ്കിലും വേദയെ കരുതി സഹിക്കുക.

ചാരുബഞ്ചിലിരുന്ന് ആകാശത്തോടും, ഭൂമിയോടും, കടലുകളോടും, പ്രകൃതിയിലെ സമസ്ത ചരാചരങ്ങളോടും ധൈര്യം തരൂ എന്ന് മനസ്സിൽ പറയാനേ എനിക്ക് അപ്പോഴവത്തെ അവസ്ഥയിൽ  സാധിച്ചുള്ളൂ.

അല്പനേരം അവിടെ നിന്നതിന് ശേഷം വിദ്യാധർ ഇറങ്ങി നടന്നു,

ഞാൻ ചാരുബഞ്ചിൽ അല്പനേരം കൂടിയിരുന്നു. പുലർകാലവും, ആകാശവും, ഭൂമിയും നിശ്ശബ്ദരായിരുന്നു.

വിദ്യാധർ മുന്നിൽ ഉപേക്ഷിച്ചിട്ട് പോയ സത്യത്തുലാസിൽ വച്ച  ഭാരം  താങ്ങാനാവാതെ ആഞ്ജനേയൻ്റെ പ്രതിമയ്ക്ക് മുന്നിലെത്തി ഇതിവിടെയിറക്കി വയ്ക്കുന്നു  സഹായിക്കണേ എന്ന് മാത്രം പറഞ്ഞു. . ഇനിയെന്ത് എന്നാലോചിച്ച്  മെല്ലെ ബദാംമരങ്ങളുടെ ഇലകൾ കൊഴിഞ്ഞ് വീണുകിടന്ന  പ്രദക്ഷിണവഴിയിലൂടെ ഒന്ന് ചുറ്റിനടന്ന് തിരികെ മഹാകവി കുവെമ്പുരാസ്തയിലേയ്ക്ക് ഞാൻ ഒരു ഓലടാക്സി ബുക് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക