Image

ക്രിസ്മസ് ദിനത്തിൽ മെഴുകുതിരികളുടെ പ്രാധാന്യമെന്താണ്?

ദുർഗ മനോജ് Published on 22 December, 2023
ക്രിസ്മസ് ദിനത്തിൽ മെഴുകുതിരികളുടെ പ്രാധാന്യമെന്താണ്?

ക്രിസ്മസ് ദിനങ്ങൾ ആഘോഷങ്ങളുടെ രാവുകളാണ് മനുഷ്യർക്കു സമ്മാനിക്കുന്നത്. ശൈത്യകാലത്തിൻ്റെ തണുപ്പും ഇരുട്ടും ക്രിസ്മസ് നക്ഷത്രങ്ങൾ ജ്വലിക്കുന്നതോടെ അകന്നു പോകുന്നു. മനുഷ്യർ ഒത്തുകൂടാനും പ്രാർത്ഥനകളിൽ മുഴുകാനും വിരുന്നു സത്കാരങ്ങൾക്കു തയ്യാറെടുക്കാനും ഒരുക്കുന്നു. കൊച്ചു കുട്ടികൾ പുകക്കുഴലിലൂടെ സമ്മാനവുമായി എത്തുന്ന സാന്താക്ലോസിനെ കാത്തിരിക്കുന്നു. ഇതിനെല്ലാമിടയിലും പല വർണങ്ങളിലും രൂപങ്ങളിലും ഉള്ള മെഴുകുതിരികൾക്കുള്ള പ്രാധാന്യം കുറയുന്നില്ല എന്നു കാണാം.

എന്താണ് മെഴുകുതിരികൾക്കുള്ള ഈ പ്രാധാന്യത്തിൻ്റെ കാരണമെന്നു നോക്കാം.

ബൈബിൾ രേഖകൾ പ്രകാരം മധ്യകാലഘട്ടം മുതൽക്കേ മെഴുകുതിരികൾക്ക് വലിയ പ്രാധാന്യമാണുള്ളത്. യേശുവിൻറെ ജന്മദിനത്തെ അനുസ്മരിക്കാൻ ഒരു മാർഗമായി ആളുകൾ ഈ പാരമ്പര്യം ഇന്നും മുറുകെപിടിക്കുന്നു. ദൈവപുത്രൻ പിറന്ന പുൽതൊഴുത്തിലേക്ക് രാജാക്കന്മാരെ നയിച്ച നക്ഷത്രത്തിൻറെ പ്രതീകമായും ക്രിസ്മസ് ദിനത്തിൽ മെഴുകുതിരികൾ പ്രകാശിക്കാറുണ്ട്.

കൊളോണിയൽ കാലഘട്ടത്തിലും മെഴുകുതിരികൾക്ക് വലിയ പ്രാധാന്യമാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും ജാലകങ്ങളിൽ മെഴുകുതിരികൾ തെളിച്ചുവയ്ക്കാറുണ്ട്. വഴിയാത്രക്കാർക്ക് ഭക്ഷണവും അഭയവും ലഭ്യമാണന്നതാണ് ആ മെഴുകുതിരികൾ സൂചിപ്പിച്ചിരുന്നത്. പുരോഹിതരായ യാത്രക്കാർക്കായി ഐറിഷ് കത്തോലിക്കരും ഇപ്രകാരം ചെയ്തിരുന്നു. ഇന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ കൊളോണിയൽ കെട്ടിടങ്ങളിലെ ജാലകങ്ങളിൽ പഴമയെ അനുസ്മരിക്കാൻ മെഴുകുതിരികൾ കൊളുത്തിവയ്ക്കാറുണ്ട്.

ക്രിസ്തീയ വിശ്വാസപ്രകാരം യേശു ലോകത്തിൻറെ വെളിച്ചമാണ്. മെഴുകുതിരികൾ തെളിയിക്കുകവഴി ഈ പ്രകാശത്തെ വിശ്വാസികളുടെ വീടുകളിലേക്കും ഹൃദയത്തിലേക്കും സ്വാഗതം ചെയ്യുന്നതായും ഐതിഹ്യമുണ്ട്. മെഴുകുതിരികളുടെ പ്രകാശം ഇരുട്ടിനെ അകറ്റുകയും പ്രത്യാശയുടെയും രക്ഷയുടെയും സന്ദേശത്തെക്കുറിച്ച് ഓർമപ്പെടുത്തുകയും ചെയ്യുന്നു.

മതപരമായ പശ്ചാത്തലത്തിനപ്പുറം മെഴുകുതിരികൾ വിശുദ്ധിയും സമാധാനവും സൃഷ്ടിക്കുന്നു. സൗമ്യമായ ഈ പ്രകാശം മനസിനെ ശാന്തമാക്കുകയും അന്തരീക്ഷത്തിൽ വിശുദ്ധി നിറയ്ക്കുകയും ചെയ്യുന്നു.

വെളിച്ചം ഇരുട്ടിനെ അകറ്റുന്നു. മെഴുകുതിരി വെട്ടം, പ്രത്യാശയുടേതാണ്. സമാധാനം പുലരുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള പ്രത്യാശയുടെ ചെറുതിരി നാളമാണത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക