Image

ഓർമ്മയിൽ മായാതെ നിൽക്കുന്ന സാമുവേൽ അച്ചൻ (കോരസൺ വർഗീസ്, ന്യൂയോർക്ക്)

Published on 05 January, 2024
ഓർമ്മയിൽ മായാതെ നിൽക്കുന്ന സാമുവേൽ അച്ചൻ (കോരസൺ വർഗീസ്, ന്യൂയോർക്ക്)
നൂറുവയസ്സുതികക്കാൻ ഏതാനും വർഷം ബാക്കി നിൽക്കെ ജീവിതത്തിന്റെ തിരശീലക്കു പിന്നിലേക്ക് കടന്നുപോയ പി. എസ് സാമുവേൽ കോർ എപ്പിസ്കോപ്പയെക്കുറിച്ചാണ് ഈ ഓർമ്മക്കുറിപ്പ്. അതിനും അൽപ്പം മുൻപുതന്നെ ഓർമ്മകൾ കൈവിട്ടുപോയ അവസ്ഥയിലും അദ്ദേഹത്തിന്റെ മുന്നിൽ പ്രസരിപ്പും ഗാംഭീര്യവും വിട്ടുമാറാതെനിന്നു. ഓർത്തഡോൿസ് ക്രിസ്ത്യൻ പാരമ്പര്യത്തിൽ ഓർമ്മകൾ വളരെ പ്രധാനമാണ്. ആരാധന നടക്കുമ്പോൾ ഓർമ്മകളുടെ ചുവന്ന വിരിയിട്ട നടപ്പാതയിൽ ദീപം കൊളുത്തി ശിരസ്സ് നമിച്ചു അനുവാദം ചോദിച്ചാണ് ഓരോ കർമ്മങ്ങളും നടത്തപ്പെടുക. ഓർമ്മകൾ മരിക്കില്ല, ഓളങ്ങൾ നിലക്കില്ല എന്നു തന്നെയാണല്ലോ കവിഭാവനയും. 
 
അമ്പതുകളുടെ ആദ്യ പാദത്തിൽ ന്യൂയോർക്കിലെ ജനറൽ സെമിനാരിയിൽ നിന്നും ബാച്ചലർ ഇൻ ഡിവിനിറ്റി ഡിഗ്രിയും ഒപ്പം ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും എപിറ്റാമോളോജിയിൽ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും നേടി നാട്ടിൽ തിരികെയെത്തി സ്കൂളിലും കോളേജിലുമായി അദ്ധ്യാപനം തുടർന്നു.  ജീവിതത്തിലെ വലിയൊരു കാലഘട്ടവും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ച ശേഷം അറുപതു വയസ്സിനു ശേഷമാണു അദ്ദേഹം ഡോക്ടറേറ്റ് എടുക്കുന്നകാര്യം ചിന്തിച്ചതുതന്നെ. സന്യാസ ജീവിതത്തിൽ ആകൃഷ്ടനായി പത്തനംതിട്ട ബേസിൽ ദയറാ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. എന്നാൽ സന്യാസജീവിതവും കേരളത്തിലെ അദ്ധ്യാപനരംഗത്തെ രീതികളുമായി അദ്ദേഹത്തിനു യോജിച്ചുപോകാനായില്ല. സാമുവേൽ എന്ന ഹീബ്രു നാമത്തിനു 'അനിശ്ചിതത്വം' എന്ന ഒരു അർത്ഥംകൂടിയുണ്ട്. അത് അച്ചൻറെ നിയോഗങ്ങളിൽ ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.നാട്ടിലെ കുത്തിത്തിരിപ്പുകൾ വല്ലാതെ അലട്ടിയപ്പോൾ പുതിയ നിയോഗമായി ദാമ്പത്യവും, ആഫ്രിക്കയിലെ അദ്ധ്യാപനവും ഏറ്റെടുത്തു. 25 വർഷത്തോളം നൈജീരിയയിൽ അധ്യാപകൻ ആയിരിക്കുമ്പോൾ അവിടെ വിദ്യാഭ്യാസ മേഖലയിൽ നിരവധി മാറ്റങ്ങൾ സൃഷ്ട്ടിച്ചു വിവിധ പാഠപുസ്തകങ്ങൾ പുറത്തിറക്കി. 
 
എട്ടുമക്കളിൽ ഇളയവനായ സാമുവേലിനെ അമ്മ സാമുവേൽ പ്രവാചകന്റെ കഥകൾ നിരന്തരം പറഞ്ഞു ജീവിതത്തിന്റെ നിയോഗം ബോധ്യപ്പെടുക്കിക്കൊണ്ടിരുന്നു. ഹീബ്രു ബൈബിൾപ്രകാരം ബിസി 11-ാം നൂറ്റാണ്ട് ഇസ്രായേൽ അഭിവൃദ്ധി പ്രാപിച്ച സമയമായിരുന്നു. സാമുവേൽ ഇസ്രായേൽ ചരിത്രത്തിലെ മതനായകൻ, ദർശകൻ, പുരോഹിതൻ, ന്യായാധിപൻ, പ്രവാചകൻ, കൂടാതെ സൈനിക നേതാവുംകൂടിയായിരുന്നു. ഇസ്രായേലിൽ രാജവാഴ്ച സ്ഥാപിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ആയിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അടുത്തറിഞ്ഞടത്തോളം മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ അമേരിക്കൻ ഭദ്രാസന ചരിത്രത്തിൽ ഹീബ്രു ബൈബിളിലെ ആ ചരിത്രപുരുഷനായി പി. എസ് സാമുവേൽ കോർഎപ്പിസ്കോപ്പ പുനരവതരിച്ചു എന്നുവേണം കരുതുവാൻ. അത്രയ്ക്ക് ബഹുലമായ ഇടപെടലുകളാണ് അദ്ദേഹം നടത്തിക്കൊണ്ടിരുന്നത്. സാമുവേൽ ദീർഘദർശി എന്ന ബൈബിൾകഥാപാത്രത്തെ ഇത്രയധികം ജീവിതത്തിൽ ചേർത്തിണക്കിയ വ്യക്തികളെ കാണായിട്ടില്ല.
 
ഞാൻ അച്ചനെ നേരിൽകാണുമ്പോൾ അദ്ദേഹം സപ്തതിയോടു നടന്നടുക്കുകയായിരുന്നു. മലങ്കര ഓർത്തഡോൿസ് സഭയുടെ അമേരിക്കയിലെ ഭദ്രാസനഭരണം ആകെ കലുഷിതമായ അവസ്ഥയിൽ ഇരു ചേരികളായി പോരാടിക്കൊണ്ടിരിക്കുന്ന സമയം. കമ്മീഷനുകളും സമാധാനമീറ്റിങ്ങുകളും കേസുകളും തുടരെ ഉണ്ടായിക്കൊണ്ടിരുന്നു. അതിൽ ഔദ്യോഗിക പക്ഷത്തിനെതിരെ ശക്തമായ നിലപാടുകളും നീക്കങ്ങളും നടത്തുന്നതിൽ മുൻപന്തിയിലാണ് അന്ന് അച്ചനെ കാണുന്നത്. തന്ത്രങ്ങൾ മെനയുന്നതിൽ ദീർഘദർശി, പോരാടുന്നതിൽ സൈന്യാധിപൻ, തർക്കങ്ങളിൽ ന്യായാധിപൻ, ഭാവിയെക്കുറിച്ചു ദർശകൻ, അങ്ങനെ അച്ചൻറ്റെ വിവിധ മുഖങ്ങൾ അറിയാത്ത പഴയതലമുറ ഇവിടെയില്ല. ഔദ്യോഗിക പക്ഷത്തിനെതിരെ നിരവധി സമാന്തര ഇടവകൾ സ്ഥാപിച്ചു; അവയുടെ കൂട്ടായ പ്രവർത്തനം ഏകോപിച്ചു പോയ അക്കാലം, സഭയുടെ നേതൃത്വം അച്ചനെ കണ്ണടച്ചു പിന്താങ്ങിയിരുന്നു എന്ന് അദ്ദേഹം പിൽക്കാലത്തു പറഞ്ഞു കേട്ടിട്ടുണ്ട്.  ആറടി ഉയരമുള്ള അദ്ദേഹം സധൈര്യം എഴുനേറ്റുനിന്നു ഗാംഭീര്യത്തോടെ തീപാറുന്ന കണ്ണുകളോടെ, മേശയിൽ കൈയ്യടിച്ചു സംസാരിച്ചുതുടങ്ങുമ്പോൾ, ഭൂമിയുടെ സ്പന്ദനം അൽപ്പനേരം നിന്നുപോകും എന്നു തോന്നിയിട്ടുണ്ട് . പറയുന്ന കാര്യത്തിൽ അണുവിട വിട്ടുവീഴ്ച്ച ചെയ്യുന്നത് അപൂർവം മാത്രം. അങ്ങനെ പറയുന്നതിൽ, സഭയുടെ ഉന്നത സമിതിയെന്നോ സഭാതലവൻ എന്നോ നോക്കാൻ അച്ചൻ മിനക്കിടാറില്ല. അവിടെ സാമുവേൽ പ്രവാചകൻ പുനരവതരിക്കുകയായിരുന്നു.   
 
എന്നാൽ കൃശഗാത്രനായ ഒരു മെത്രാപ്പോലീത്തയുടെ മുന്നിൽ ഒരു കൊച്ചുകുട്ടിയുടെ സങ്കോചത്തോടെ, കൈകൊണ്ടു വായ് അടച്ചുപിടിച്ചു വിനയതീത്നായി നിൽക്കുന്നതും കണ്ടിട്ടുണ്ട്. വിലകൊടുക്കണം എന്ന് താൻ തീരുമാനിച്ചുകഴിഞ്ഞാൽ അതാണ് പിന്നീടുള്ള പ്രകൃതം. കൊച്ചുകുട്ടികളുടെകൂടെ അവരൽ ഒരുവനായി, ചെറുപ്പക്കാരുടെ കൂടെ അവരുടെ അടുത്ത കൂട്ടുകാരനായി, പ്രയാസം അനുഭവിക്കുന്ന ഇടവകക്കാർക്കു അവരുടെ രഹസ്യം ധൈര്യമായി തുറന്നുപറയാൻ പറ്റിയ പട്ടക്കാരനായി, എല്ലാ ആരാധനയ്ക്കും ഉപരി ഒരു വിശ്വാസിയുടെ വേദനയും പ്രാർഥനക്കും പ്രാമുഖ്യം  നൽകുന്ന നല്ലിടയൻ ഒക്കെയായി അച്ചനെ ഓർത്തെടുക്കാൻ എളുപ്പം കഴിയും.     
   
 
ഭദ്രാസന ആസ്ഥാനം ഇല്ലാതിരുന്ന നാളുകളിൽ പുതിയ ഭദ്രാസന ക്രമീകരണത്തിനു ആസ്ഥാനം ഉണ്ടായേ കഴിയൂ എന്ന നിലയിൽ ആളുകളെ സംഘടിപ്പിച്ചു അടിത്തറ ഉണ്ടാക്കി. കുറച്ചുകാലത്തിനുശേഷം ഭദ്രാസനം ക്രമേണ വികസിച്ചുതുടങ്ങിയപ്പോൾ ഗാർഡൻ സിറ്റിയിലുള്ള എപ്പിസ്കോപ്പൽ സഭയുടെ ഒരു ഒരു വലിയ കെട്ടിടം വാങ്ങുവാൻ അത്യധ്വാനം നടത്തി. അത്നടക്കാതെ വന്നപ്പോൾ പിൻവാങ്ങാതെ, അതിലും വലിയ ഒരു കേന്ദ്രം ഉണ്ടാക്കിയെടുക്കാൻ അച്ചൻ മെത്രാപ്പോലീത്തയോടൊപ്പം തോളോട്തോൾ ചേർന്നു പരിശ്രമിച്ചു. 
 
പുതിയ പള്ളികൾപണിയുമ്പോൾ അതിനുവേണ്ട ലോക്കൽ ഹിയറിങ് പതിവാണ്, അടുത്തുള്ളവരുടെ സഹകരണം, പാർക്കിംഗ് സൗകര്യം ഒക്കെ നോക്കിയിട്ടു മാത്രമേ അനുവാദം കൊടുക്കാറുള്ളൂ. അത്തരം മീറ്റിംഗുകളിൽ ആളുകൾ അച്ചനെ കൂടെകൊണ്ടുപോകാറുണ്ടായിരുന്നു. ചില ഓഫീസിസുകളിൽ അച്ചനൊപ്പം ചെന്നാൽ ആളുകൾ ആദരവോടെ എഴുനേറ്റു കാര്യങ്ങൾ പെട്ടന്ന് നടത്തികൊടുക്കുമായിരുന്നു. അത് ഏതു പള്ളിയാണോ ആരാണോ നടത്തുന്നത് എന്നൊന്നൊന്നും അച്ചനു പ്രശ്നമായിരുന്നില്ല. ആളുകളുടെ ആവശ്യങ്ങളായിരുന്നു എപ്പോളും നയിച്ചിരുന്നത്. ഒരു കോർ ബിഷപ്പ് എന്നരീതിയിൽ വസ്ത്രംധരിച്ചു ആദരവോടെ സംസാരിക്കുവാൻ അച്ചന് നല്ല വശമായിരുന്നു. 
 
ഭദ്രാസനത്തിന്റെ ഔദ്യോഗിക മാസികയുടെ ചുമതലയുള്ള കാലം, ഓരോ മാസത്തിലും ഓരോ പുതിയ വിഷയങ്ങൾ അവതരിപ്പിക്കണം എന്ന് എഡിറ്റോറിയൽ സമിതി തീരുമാനിച്ചു. അപ്പോൾ കിട്ടിയ വിഷയമായിരുന്നു സ്റ്റെംസെൽ ഗവേഷണം. അത്തരം ഒരു ശാസ്ത്ര വിഷയത്തിൽ സഭക്ക് ഔദ്യോഗികമായ ഒരു വീക്ഷണം ഉണ്ടോ എന്ന് തിരക്കി. അത്തരം വിഷയങ്ങളിൽ സഭ എങ്ങനെ പ്രതികരിക്കും ആര് പ്രതികരിക്കും എന്നൊന്നൊന്നും അറിയാനായില്ല. അച്ചന്റെ വിഷയം ശാസ്ത്രം ആയിരുന്നതിനാൽ വിഷയം അച്ചനോട് സംസാരിച്ചു, ഏതാണ് ദിവസങ്ങൾക്കകം അത് തയ്യാറാക്കി ഏൽപ്പിച്ചു. അത് പ്രസീദ്ധീകരിക്കയും ചെയ്തു. അത്തരം ഒരു കാഴ്ചപ്പാടോടെ പുതിയ വിഷയങ്ങളെ അഭിമുഘീകരിക്കാൻ പലരും തയ്യാറാകാത്ത സ്ഥലത്തു, അച്ചൻ കാര്യങ്ങൾ വെട്ടിത്തുറന്നു കാര്യകാരണസഹിതം അവതരിപ്പിച്ചത് ഓർക്കുന്നു. ഏതാനും  ദിവസങ്ങൾക്കകം അത് തയ്യാറാക്കി ഏൽപ്പിച്ചു. അത് പ്രസീദ്ധീകരിക്കയും ചെയ്തു. അത്തരം ഒരു കാഴ്ചപ്പാടോടെ പുതിയ വിഷയങ്ങളെ അഭിമുഘീകരിക്കാൻ പലരും തയ്യാറാകാത്ത സ്ഥലത്തു, അച്ചൻ കാര്യങ്ങൾ വെട്ടിത്തുറന്നു കാര്യകാരണസഹിതം അവതരിപ്പിച്ചത് ഓർക്കുന്നു. 
 
കൊച്ചമ്മക്ക് നടക്കാൻ അൽപ്പം പ്രയാസം ഉണ്ടായിരുന്ന സമയത്തു, കാറിൽനിന്നും ഇറങ്ങി അപ്പുറത്തെ ഡോർ തുറന്നു മെല്ലെ പിടിച്ചിറക്കുന്ന അച്ചനെ പലപ്പോഴും കണ്ടിട്ടുണ്ട്. ഒപ്പമുള്ളവരോട് കരുണയും സ്നേഹത്തോടെയും പെരുമാറാൻ അച്ചനു കഴിഞ്ഞിരുന്നു. എന്നാൽ ഇടഞ്ഞാൽ ഒറ്റയാന്റെ ശൗര്യത്തോടെ ഏതറ്റവും പൊരുതും. പ്രായത്തിൽ വളരെ കുറവായിരുന്നെങ്കിലും അർഹമായ പരിഗണനയും വിവിധ വിഷയങ്ങളെക്കുറിച്ചു മറയില്ലാതെ സംസാരിക്കയും ചെയ്തിരുന്നു. സെമിനാരികളിലെ സ്വവർഗ്ഗരതി അത്തരത്തിലൊരു പടക്കമായിരുന്നു എന്നും ഓർക്കുന്നു. 
 
ചില കാര്യങ്ങൾ സംസാരിക്കുമ്പോൾ അച്ചൻ നിശ്ശബ്ദനാവും. അപ്പോൾ നിശ്ചയിക്കാം അവിടെ പറയുന്നതൊന്നും നടക്കാൻപോകുന്നില്ല, അച്ചന്റെ മനസ്സിൽ ചില കണക്കുകൾ തെളിഞ്ഞു കഴിഞ്ഞിരുന്നു. എതിർപക്ഷത്തു നിലയുറപ്പിച്ച യാക്കോബായ സഭയിലെ തോമസ് പ്രഥമൻ ബാവയെക്കുറിച്ചും അമേരിക്കൻ ഭദ്രാസനത്തിൽ ചുമതല ഏറ്റെടുത്ത തീത്തോസ് തിരുമേനിയെക്കുറിച്ചും വളരെ ബഹുമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അവരോടൊന്നും വ്യക്തിപരമായി ഇടപെടുന്നതിൽ അച്ചൻ മടികാണിച്ചിരുന്നുമില്ല. 
 
അച്ചന്റെ മരണവാർത്ത അറിഞ്ഞെങ്കിലും മകൻ വന്നു പറഞ്ഞപ്പോൾ അവന്റെ ഖണ്ഡം ഇടറുന്നുണ്ടായിരുന്നു. ഞാൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ അച്ചൻ ഇടെക്കല്ലാം വരുമായിരുന്നു എന്നവൻ ഓർത്തെടുത്തു. മറവിയുടെ നിലയില്ലാക്കയത്തിൽ വീണുപോയെങ്കിലും അമേരിക്കയിലെ പുതിയ തലമുറ ഒരു വൈദീകനെ നിറമിഴിയോടെ ഓർക്കാനായെങ്കിൽ ആ ജൻമം സഫലമായി എന്ന് വേണം കരുതുവാൻ. അച്ചന്റെ ഓർമ്മകൾക്കുമുന്നിൽ പ്രണാമം. 
 
'ഓർമ്മപ്പെടുത്തൽ അവിശ്വസനീയമായിരുന്നെങ്കിൽ, സത്യം അപ്രാപ്യമോ വികലമോ ആയി തുടരും'.-പ്ലേറ്റോ
Join WhatsApp News
Johnthomasachen 2024-01-05 05:03:07
Well written Appreciate
Mini 2024-01-05 17:04:02
Good writing
Elcy Yohannan Sankarathil 2024-01-06 00:18:03
Very beautiful, authoritative, eye opening article dear Korason! Very Rev. Dr. Samuel Corepiscopa was an asset to the American Diocese. May his memory be eternal !
EM Stephen 2024-01-06 21:51:58
He was not only a priest for a particular group, he was a leader to our all Malayalee Community .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക