Image

സ്‌നേഹിച്ചവരെയെല്ലാം കരയിച്ച് ഒടുവില്‍  സൂരജ് അഗ്നിയില്‍ മറഞ്ഞു (ജോളി അടിമത്ര)

Published on 09 January, 2024
സ്‌നേഹിച്ചവരെയെല്ലാം കരയിച്ച് ഒടുവില്‍  സൂരജ് അഗ്നിയില്‍ മറഞ്ഞു (ജോളി അടിമത്ര)

 അമ്മയുടെ പ്രാര്‍ത്ഥനപോലെ സൂരജ് അവള്‍ക്കു മുമ്പായി ജീവിതത്തില്‍നിന്ന് യാത്രയായി.ഇതെഴുതുമ്പോള്‍  തന്നെ സ്‌നേഹിച്ചവര്‍ക്കെല്ലാം ഒരുപിടി കണ്ണീരോര്‍മകള്‍ അവശേഷിപ്പിച്ചുകൊണ്ട് സൂരജ് തന്റെ നന്നേ മെലിഞ്ഞ ആ ശരീരത്തെ അഗ്നിക്ക് സമര്‍പ്പിക്കയായിരുന്നു.. മാതാപിതാക്കള്‍ക്കു മുമ്പായി മക്കള്‍ കടന്നുപോകുന്നത് എത്ര വലിയ  ദുരന്തമാണ്.
  ' എനിക്കുമുമ്പായി എന്റെ കുഞ്ഞിനെ എടുത്തോണേ ' എന്ന് ഒരമ്മ പ്രാര്‍ത്ഥിക്കുന്നത് എത്ര ഹൃദയവേദനയോടെയാവും?താന്‍ ആദ്യം കടന്നുപോയാല്‍ സൂരജിന് പിന്നെ ആരുണ്ടാവും എന്ന ചോദ്യം ദേവിയുടെ മനസ്സില്‍ ഇരമ്പിക്കൊണ്ടേയിരുന്നു.

ഒരിക്കല്‍ സൂരജിന്റെ അരികില്‍ നിന്നപ്പോള്‍ ,അവന്റെ നിസ്സഹായത കണ്ട് ഞാനും പ്രാര്‍ത്ഥിച്ചുപോയി, ' ഈശ്വരാ അവനെ ഇങ്ങനെ കഷ്ടപ്പെടുത്തരുതേ 'എന്ന്.ദിവസങ്ങളോളം ആ കാഴ്ചയുടെ ഓര്‍മകള്‍ എന്നെ വേട്ടയാടി.പിന്നെയൊരിക്കല്‍ക്കൂടെ ഞാനവനെ കാണാന്‍ പോയിട്ടില്ല.ആ കാഴ്ച സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു.നിറഞ്ഞചിരിയോടെ ,സ്‌നേഹത്തോടെ നമ്മോട് ഹൃദ്യമായി പെരുമാറിയ ഒരാളെ കുറെ ട്യൂബുകളുടെ പിന്‍ബലത്തില്‍ , അബോധാവസ്ഥയില്‍ കാണുന്നതിനപ്പുറം സങ്കടകരമായി മറ്റെന്തുണ്ട്. അപ്പോള്‍ ദിവസവും ആ കിടപ്പു കാണുന്ന അമ്മയുടെ മനസ്സ് നമ്മള്‍ക്ക് ഊഹിക്കാനാവും.2021 മാര്‍ച്ചില്‍ ,ലോക വനിതാ ദിനത്തില്‍ ഞാന്‍ ദേവിയെയും മകനെപ്പറ്റിയും ഇതില്‍ത്തന്നെ  എഴുതിയിട്ടുണ്ട്.

ദേവിയും സൂരജും ആഹ്‌ളാദകാലത്ത് ..
            
മിനിഞ്ഞാന്ന്  രാത്രിയില്‍ എന്നുവച്ചാല്‍ ജനുവരി ഏഴ് ഞായറാഴ്ച ഞാന്‍ ദേവിയുമായി ഏറെനേരം സംസാരിച്ചു.ഏകദേശം ഒരു മണിക്കൂറിലധികം.കാരണം പുതുവത്സരപ്പിറവിയ്ക്ക് ദേവിക്ക് ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചപ്പോള്‍   ദേവി തിരിച്ച് വിഷ് ചെയ്തതിനൊപ്പം '' സൂരജിന്റെ  സ്ഥിതി വളരെ മോശമാണ് ''എന്ന് അറിയിച്ചിരുന്നു.ഡിസംബര്‍ 14-ന് അവന്റെ പിറന്നാളിന് കേക്കുമുറിച്ച് ,അവന്റെ മുഖത്തോടു മുഖംചേര്‍ത്ത് ദേവിയെടുത്ത ഒരു ഫോട്ടോയും എനിക്കയച്ചുതന്നു.മകനുനേരെ നടന്നുവരുന്ന മരണത്തിന്റെ കാലൊച്ചകള്‍ ദേവി കേള്‍ക്കുന്നുണ്ടായിരുന്നു .പിറ്റേന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ദേവിയുടെ മകള്‍ രശ്മി എന്നെ വിളിച്ചു, ' ആന്റീ ,പോയി 'എന്നു മാത്രം പറഞ്ഞു.ദേവി അടുത്തിരിപ്പുണ്ടായിരുന്നെങ്കിലും എന്നോട് ഒന്നും മിണ്ടിയില്ല.എങ്കിലും ആ മനസ്സില്‍നിന്നുയരുന്ന ഊക്കന്‍തിരകളുടെ പ്രകമ്പനം എന്നെയും വിറകൊള്ളിച്ചു.
   
       11 വര്‍ഷം !.

 ഒരു മനുഷ്യായുസ്സില്‍ അതെത്ര വലുതാണ്. ഈ 11 വര്‍ഷവും ദേവിക്ക് മറ്റൊരു ലോകം ഇല്ലായിരുന്നു.സദാ മകനു ചുറ്റും പ്രദക്ഷണം ചെയ്യുന്ന ഒരു ഉപഗ്രഹം മാത്രമായിരുന്നു അവള്‍.അവരൊരുമിച്ച് എത്രയോ കണ്ണീര്‍ക്കടലുകള്‍ താണ്ടി.എത്രയോ  സ്വപ്‌നങ്ങള്‍ കണ്ടു,എത്രയോ പൊട്ടിച്ചിരിച്ചു,പരസ്പരം ഊന്നുവടികളായി.
  എല്ലാം അവസാനിച്ച ആ പകല്‍ ..2013 ജനുവരി അഞ്ചിനായിരുന്നു അത് .
         
അന്ന് സൂരജ് റോഡരികില്‍ നില്‍ക്കുമ്പോഴാണ് പാഞ്ഞുവന്ന ഒരു കാര്‍ അവനെ തട്ടിയിട്ടത്.ഓടിക്കൂടിയവര്‍ അവനെ ആസ്പത്രിയിലാക്കി.ജീവിതവുമായി 11 വര്‍ഷത്തെ പോരാട്ടം അവിടെ തുടങ്ങുകയായിരുന്നു.അന്നു നഷ്ടപ്പെട്ട ഓര്‍മകള്‍ പിന്നെയൊരിക്കലും അവനു തിരിച്ചു കിട്ടിയില്ല.അതില്‍പ്പിന്നെ ആരെയും അവന്‍ തിരിച്ചറിഞ്ഞില്ല.ഈ ലോകം അവന് അന്യമായി.എത്രയെത്ര മെഡിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ,ചികിത്സകള്‍ക്ക് അവന്‍ വിധേയനായി.

' എനിക്കുള്ളതെല്ലാം തന്നേക്കാം എന്റെ മകനെ പഴയതുപോലെ തിരിച്ചു തരാമോ ',ദേവി ഒരോ ഡോക്ടര്‍മാരോടും യാചിച്ചു.അവരും നിസ്സഹായരായിരുന്നു.ഏറ്റവും മുന്തിയ ആസ്പത്രികളില്‍ മാറിമാറി അവനെ ചികിത്സിപ്പിച്ചു.അവന്റെ ചികിത്സയ്ക്കുവേണ്ടി എറണാകുളത്ത് ഒരു ഫ്‌ളാറ്റിലേക്ക് ദേവിയും താമസം മാറ്റി.

സൂരജ് 

ഇനിയൊരു ചികിത്സയ്ക്കും അവനെ തിരിച്ചുതരാനാവില്ല എന്നുറപ്പായതോടെ  ഫ്‌ളാറ്റിലേക്ക് അവനെ കൊണ്ടുവന്നു.
 വീട്ടിലെ ഒരു മുറിയില്‍ രാവും പകലും പോയ് മറയുന്നത് അറിയാതെ ,മാസങ്ങള്‍ വര്‍ഷങ്ങള്‍ക്ക്് വഴിമാറുന്നതറിയാതെ ,ഋതുക്കള്‍ ഓടിമറയുന്നത് അറിയാതെ,തനിക്ക് പ്രായം ഏറുന്നതറിയാതെ അവന്‍ ഒരേ കിടപ്പു കിടന്നു.അരികിലിരുന്ന് അമ്മ ,' പൊന്നുമോനെ ,സൂ കണ്ണൊന്നു തുറക്കെടാ ',എന്ന് ഒരായിരം വട്ടം പറഞ്ഞുകൊണ്ടിരുന്നു.ഏതെങ്കിലും ഒരു ദിവസം ഒരു മഹാത്ഭുതം സംഭവിക്കുമെന്നും അവന്‍ കണ്ണു തുറക്കുമെന്നും തന്നെനോക്കി അമ്മേ എന്നൊന്നു വിളിക്കുമെന്നും ദേവി പ്രതീക്ഷിച്ചു.

   മൂന്നു വര്‍ഷം മുമ്പ് ..

 അന്ന് ഞാന്‍ സൂരജിന്റെ അരികില്‍ നില്‍ക്കുമ്പോള്‍ പ്രതീക്ഷയോടെ ദേവി പറഞ്ഞു,'' നീയൊന്നു വിളിച്ചു നോക്കൂ ജോളീ ,അവന്റെ ഉള്ളില്‍ ബോധം ഉണ്ടാവണം.ചിലപ്പോള്‍ അവന്‍ നിന്നെ തിരിച്ചറിഞ്ഞ് പ്രതികരിച്ചാലോ..''.
 കിടപ്പിലായി എട്ടു വര്‍ഷം കഴിഞ്ഞിട്ടും ഡോക്ടര്‍മാര്‍ എല്ലാവരും കൈവിട്ടിട്ടും  ദേവിമാത്രം  ശുഭപ്രതീക്ഷ കൈവിടാതെ കാത്തിരിക്കയാണ് എന്നതെനിക്കു അതിശയമായി.
      
  '' നീയവന്റെ പുറം നോക്കിക്കേ,ഇത്രനാളും കിടന്നതിന്റെ ഒരു പാടോ പൊട്ടലോ ഒന്നുമുണ്ടാകാതിരിക്കാന്‍ ക്രീമുകളിട്ട് മസ്സാജ് ചെയ്ത് അവനെ പരിചരിക്കാന്‍ പ്രത്യേക നഴ്‌സിനെ നിര്‍ത്തിയിരിക്കയാണ്.ട്യൂബിലൂടെ കൃത്യസമയത്ത്  ജ്യൂസും പ്രോട്ടിന്‍ ഡ്രിങ്ക്‌സും നല്‍കുന്നുണ്ട്.അവന്‍ എഴുനേല്‍ക്കുമ്പോള്‍  ആരോഗ്യത്തിന് ഒരു കോട്ടവും സംഭവിക്കരുത് '',പ്രതീക്ഷയോടെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.അപ്പോള്‍ എട്ടു വര്‍ഷം പിന്നിട്ടിരുന്നു.
      
 ദേവിക്കിപ്പോള്‍ 72 വയസ്സ് .അവനെ പരിചരിക്കാന്‍ നിര്‍ത്തുന്നവരെല്ലാം പണത്തിനായി മാത്രം വരുന്നവരാണെന്ന് മനസ്സിലായി.പ്രായംചെല്ലുംതോറും മകന്റെ കാര്യത്തില്‍ ഇടപെടാന്‍ ആരോഗ്യം കുറയുന്നു.തനിയെ അവനെ ശുശ്രൂഷിക്കാന്‍ തനിക്ക്  കഴിയില്ലെന്ന്  തിരിച്ചറിഞ്ഞപ്പോള്‍ നല്ലൊരു പാലിയേറ്റീവ് കെയര്‍സെന്ററിലേക്ക് അവനെ മാറ്റി.
'എന്റെ കാലം കഴിയുംമുമ്പ് അവന്റെ ദുരിതം തീര്‍ത്തുതരണേ എന്നാണ്  ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുന്നത്.അല്ലാതെ ഈശ്വരനോട് ഞാനെന്തുപറയാന്‍ ..''എന്നാണ് ദേവി ഉള്ളം പിടഞ്ഞ് പറഞ്ഞത്.
         
സൂരജിന് ഒരു സഹോദരിയുണ്ട്.അവനെക്കാള്‍ ആറുവയസ്സിന് ഇളയ രശ്മി.ഡിസംബര്‍ 14 ന് ആണ് ദേവിയുടെ രണ്ടുമക്കളുടെയും പിറന്നാള്‍ . 52-ം പിറന്നാള്‍ പതിവുപോലെ കേക്കുമുറിച്ച്  അമ്മയും സഹോദരിയും മക്കളും അവനെ വിഷ് ചെയ്തു.ഒടുവിലത്തെ പിറന്നാള്‍.മൂന്നാഴ്ചയ്ക്കു ശേഷം അവന്‍ കടന്നുപോയിരിക്കുന്നു.

      ജീവിതത്തില്‍ ദുരന്തങ്ങളുടെ കൂട്ടിരിപ്പുകാരിയാണ് ദേവി.നന്നെ ചെറിയ പ്രായത്തില്‍ വിവാഹിതയായി.ഡോക്ടറായിരുന്നു ഭര്‍ത്താവ്.ബന്ധം തുടരാന്‍ വയ്യാത്ത ചില സാഹചര്യത്തില്‍ രണ്ടു കുഞ്ഞുങ്ങളുമായി അവള്‍ സ്വന്തം വീട്ടിലേക്കു മടങ്ങി.പിന്നീട് ആ മുഖം ദേവിയോ മക്കളോ ഇന്നുവരെ കണ്ടിട്ടില്ല.തളര്‍ന്നുവീഴാതെ അവള്‍ തുടര്‍ന്നു പഠിച്ചു.അച്ഛനമ്മമാര്‍ ഒപ്പം നിന്നു.കോട്ടയത്തെ മരിയന്‍സ്‌കൂളില്‍ അധ്യാപികയായി.ടെസ്റ്റുകളെഴുതി.എംജി യൂണിവേഴ്‌സിറ്റിയില്‍ ജോലിനേടി.സെക്ഷന്‍ ഒഫീസറായി.മക്കളെ നന്നായി  പഠിപ്പിച്ചു.കോട്ടയത്ത് നല്ലൊരു വീട് സ്വന്തമാക്കി.അമ്മയും മക്കളും ആഹ്‌ളാദം അറിഞ്ഞുതുടങ്ങിയപ്പോഴുണ്ട് വിധിയുടെ അടുത്ത പ്രഹരം.ദേവിക്ക് കാന്‍സര്‍.പ്രായം 38 വയസ്സുമാത്രം. കുഞ്ഞുമക്കള്‍  തളര്‍ന്നുപോകാതെ അമ്മ അവരെ ചേര്‍ത്തു പിടിച്ചു.അവരൊന്നിച്ച് രോഗത്തെ നേരിട്ടു.ജീവിതത്തിലേക്ക് മെല്ലെ തിരിച്ചെത്തി.വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ബുദം ഒരിക്കല്‍ക്കൂടെ ദേവിയെ തേടിയെത്തി.ഇത്തവണ മക്കള്‍ അമ്മയെ ചേര്‍ത്തുപിടിച്ച് കൂട്ടിരുന്നു.

സൂരജ്    

 അക്കാലത്ത് ദേവിയെ കാണാന്‍ കോഴിക്കോട്ടെ ആസ്പത്രിയില്‍ ഞാന്‍ ചെല്ലുമ്പോള്‍ അവള്‍ എന്നോടു ചോദിച്ചു,''എനിക്കു കീഴടങ്ങാന്‍ പറ്റില്ല ജോളീ.ഞാന്‍ പോയാല്‍ എന്റെ മക്കള്‍ക്ക് ആരുണ്ട്.അവര്‍ ഒറ്റയ്ക്കാവില്ലേ..'', ആ നിശ്ചയദാര്‍ഢ്യം ദേവിയെ ജീവിതത്തിലേക്ക് വീണ്ടും മടക്കിക്കൊണ്ടുവന്നു.സൂരജ് മിടുക്കനായ ജേണലിസ്റ്റായി..ദി വീക്കിലും ടൈംസ് ഓഫ് ഇന്ത്യയിലും പത്രപ്രവര്‍ത്തകനായി ജോലിചെയ്തു.ആറടി പൊക്കമുള്ള സുന്ദരനായ ചെറുപ്പക്കാരന്‍ .

അവന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ അച്ഛനുമായി. പക്ഷേ, സന്തോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായില്ല.
2004-ൽ സൂരജിന് ഒരു ഹെമറേജ് ഉണ്ടായി. അധികം വൈകാതെ  ഭാര്യ കുഞ്ഞുമായി സ്വന്തം വീട്ടിലേക്കു മടങ്ങി.പിന്നെയൊരു തിരിച്ചുവരവ് ഉണ്ടായില്ല.
ദേവിയുടെ മകള്‍ വിവാഹിതയായി.അവള്‍ക്കും കുഞ്ഞുങ്ങളുണ്ടായി.മുത്തശ്ശിപ്പട്ടം അണിഞ്ഞുകൊണ്ട് പേരക്കുട്ടികള്‍ക്കൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളു.അപ്പോഴാണ് ഒരു കാറിന്റെ രൂപത്തില്‍ വിധി പാഞ്ഞെത്തിയതും ദേവിയുടെയും സൂരജിന്റെയും ജീവിതത്തെ കീഴ്‌മേല്‍ മറിച്ചതും. അത് 2013-ൽ.പിന്നെ മകനൊപ്പം ദേവി കൂട്ടിരിപ്പുകാരിയായി മാറി.

അമ്മയ്ക്ക് താങ്ങായി മകളും ഭര്‍ത്താവും എന്നുമുണ്ടായിരുന്നു.
    മലയാളികള്‍ക്കിടയില്‍  അറിയപ്പെടുന്ന സാഹിത്യകാരിയാണ് ദേവി (ദേവി.ജെ,എസ് ). ദുഖങ്ങളെ മറക്കാന്‍ ദേവി കഥകളെഴുതിക്കൂട്ടി.13-ലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.പുഞ്ചിരിയുടെ മുഖപടത്തിനുള്ളില്‍ തീവ്രദുഖങ്ങളെ ഒളിപ്പിച്ചുവച്ചു. കഴിഞ്ഞ 11 വര്‍ഷവും സ്വകാര്യനിമിഷങ്ങള്‍ എന്നൊന്ന് ദേവിക്കില്ലായിരുന്നു.സൂരജ് എന്ന ഒറ്റ മന്ത്രത്തില്‍ ,അവന്റെ ബാല്യവും കൗമാരവും യൗവ്വനവും മധ്യവയസ്സും നൂറുവട്ടം ഉരുക്കഴിച്ച് ജീവിച്ചു.ഒടുവില്‍ സൂരജിനെ  അഗ്നി ഏറ്റുവാങ്ങുമ്പോള്‍ അതുവരെ അവനുവേണ്ടി എരിഞ്ഞുജീവിച്ച അമ്മയുടെ ഉള്ളത്തില്‍നിന്ന് ഒരു വലിയ തേങ്ങല്‍ ഉയര്‍ന്നു.ഇനി അവന്റെ ഓര്‍മകളെ ചേര്‍ത്തുപിടിച്ച് ,നമ്മള്‍ക്കിടയില്‍ ദേവി ജീവിക്കും,ഒരായിരം കഥകള്‍ എഴുതിയെഴുതി ദു;ഖങ്ങളെ അവര്‍  തോല്‍പ്പിച്ചുകൊണ്ടേയിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക