Image

കൂനമ്പാറക്കവല (നോവല്‍-അധ്യായം 25 അവസാന ഭാഗം: തമ്പി ആന്റണി)

Published on 10 January, 2024
കൂനമ്പാറക്കവല (നോവല്‍-അധ്യായം 25 അവസാന ഭാഗം: തമ്പി ആന്റണി)

കൊറോണക്കാലം

    ആ നാട്ടില്‍ രാഷ്ട്രീയകൊലപാതകങ്ങളുള്‍പ്പെടെ പല സംഭവങ്ങളും നടന്നെങ്കിലും അതൊന്നും ആ പ്രദേശത്തെ സാധാരണജീവിതത്തെ ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ ഭീതിപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ എല്ലാവരേയും വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. 

    കൊറോണ വൈറസിനെപ്പറ്റിയുള്ള വാര്‍ത്തകളായിരുന്നു അവ. 

    ആദ്യം പീറ്റര്‍സാര്‍ ആധികാരികമായി ഈ പുതിയ വൈറസിന്റെ പേര് കോവിഡ് 19 എന്നാണെന്നും അതു ലോകത്തിന്റെ നാശത്തിനു കാരണമാകുമെന്നും പറഞ്ഞപ്പോള്‍ ആര്‍ക്കും അതത്ര വിശ്വാസമായിരുന്നില്ല. അമേരിക്കന്‍ പ്രസിഡന്റിനെപ്പോലെ ആദ്യം ചൈനാപ്പനി എന്നൊക്കെപ്പറഞ്ഞു പുച്ഛിച്ചുതള്ളിയത് അപ്പാജിയായിരുന്നു. ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ചൈനയിലെ മരണങ്ങളുടെ കണക്കുകള്‍ വരുന്നത്. 

    ചൈനയിലെ ഹുവാന്‍ എന്ന നഗരത്തില്‍ തുടങ്ങിയ കൊറോണ എന്ന മാരകരോഗം ലോകം മുഴുവന്‍ പടരുന്നതായി മുന്നറിയിപ്പുണ്ടായി. പത്രത്തിലും ടി വീയിലുമൊക്കെ വന്ന ആ വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചുകളഞ്ഞു. ഇതെല്ലാം ചര്‍ച്ചയ്ക്കു വന്നത് കുട്ടാപ്പി ആന്‍ഡ് സണ്‍സിലാണ്. ഇതുവരെ കേട്ടിട്ടില്ലാത്ത ഏതോ പുതിയതരം വൈറസാണെന്നും അതു മാനവരാശിയെ മുഴുവനും ഇല്ലാതാക്കുമെന്നുമുള്ള കിംവദന്തികള്‍ ഫെയ്‌സ്ബുക്കിലും മറ്റു മീഡിയകളിലും വൈറലായി. അതുവരെ ഉല്ലാസവാന്‍മാരായി ജീവിച്ച കൂനമ്പാറക്കാര്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങളും മരണഭീതിയിലായി. അതിന്റെയൊക്കെ ചര്‍ച്ചകള്‍ എല്ലാ വാര്‍ത്താമാധ്യമങ്ങളിലും ചൂടുപിടിച്ചുവന്നപ്പോഴാണ്, പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അതോടെ നിരത്തുകളും കടകളും വിജനമായി. ആരു തുമ്മിയാലും ബന്ദും ഹര്‍ത്താലുമൊക്കെ ശീലിച്ചിട്ടുള്ള മലയാളികള്‍ ആദ്യത്തെ മൂന്നുനാലു ദിവസങ്ങള്‍ ആഘോഷമാക്കി. എന്നാല്‍ പിന്നീടാണ്, ആളുകളുടെ മരണവാര്‍ത്തകള്‍ വന്നുതുടങ്ങിയത്. ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഞായറാഴ്ച, കാടുകേറിയച്ചന്‍ പള്ളിപ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

    'എന്റെ എത്രയും പ്രിയപ്പെട്ട ഇടവകാംഗങ്ങളേ, 

    നമ്മള്‍ ഈ കൊറോണക്കാലത്ത് ഒരുപാടു പരീക്ഷണഘട്ടങ്ങളിലൂടെയാണു കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ വേദനയുടെയും മാനസികസംഘര്‍ഷങ്ങളുടെയും നാളുകള്‍ അതിജീവിക്കുകയല്ലാതെ നമ്മുടെ മുമ്പില്‍ മറ്റു മാര്‍ഗ്ഗങ്ങളൊന്നുംതന്നെയില്ല. ആദ്യം നിങ്ങള്‍ നിങ്ങളെത്തന്നെ സ്‌നേഹിക്കുക. എന്നിട്ടുമതി മറ്റുള്ളവരോടുള്ള സ്‌നേഹവും വെറുപ്പുമൊക്കെ. ക്രിസ്തു പറഞ്ഞിരിക്കുന്നതും ഒരര്‍ത്ഥത്തില്‍ അതുതന്നെയാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക. ആദ്യം നമ്മളെ സ്‌നേഹിക്കുക. അതായത്, നമ്മുടെ എല്ലാവരുടേയും ഉള്ളിലാണു ദൈവം കുടിയിരിക്കുന്നത്. ആദ്യം ആ ദൈവത്തെ മനസ്സിലാക്കുക. നിങ്ങളെ സദാസമയവും നിരീക്ഷിക്കുന്നതും മറ്റാരുമല്ല. അതൊക്കെത്തന്നെയാണ് വേദങ്ങളിലും ഉപനിഷത്തുകളിലുമൊക്കെപ്പറയുന്ന 'അഹം ബ്രഹ്മാസ്മി' എന്നത്. ഞാനും നീയുമൊക്കെ മരിക്കാതിരിക്കേണ്ടത് എന്റെയും നിങ്ങളുടെയും മാത്രം ആവശ്യമാണ്. ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും ഒരു സമയം നിശ്ചയിച്ചിട്ടുണ്ടാകും. ഡൈനസോറുകളുടെ സമയം കഴിഞ്ഞപ്പോള്‍ അവ നാമാവശേഷമായി. ഇനിയിപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ഊഴമാകാം. 

    പ്രകൃതിയെ എല്ലാ രീതിയിലും നശിപ്പിക്കുന്നതിന്റെ ശിക്ഷയാകാം കൊറോണ എന്ന, തീര്‍ത്തും അദൃശ്യമായ, ഈ വൈറസിലൂടെ നമുക്കു കിട്ടാന്‍ പോകുന്നത് എന്നൊക്കെയുള്ള മെസ്സേജുകളും ലേഖനങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതൊക്കെ വായിച്ചു പരിഭ്രമിക്കാതെ എല്ലാത്തിനും ഒരു പരിഹാരമുണ്ടാകും എന്ന ശുഭാപ്തിവിശ്വാസത്തോടെ നമുക്കു മുന്നോട്ടു പോകാം. നമ്മുടെയെല്ലാവരുടെയും സ്‌നേഹനിധിയായ ഈശോമിശിഹാ നിങ്ങളോടുകൂടിയുണ്ടായിരിക്കട്ടെ. ആമേന്‍.' 

    ലോകം മുഴുവന്‍ ഭീതിയുടെ വിത്തുകള്‍ പൊട്ടിമുളച്ചു പടര്‍ന്നു പന്തലിക്കുകയാണ്. സാമ്പത്തികമായി ഒന്നാമതു നില്‍ക്കുന്ന അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും മരണഭീതിയിലാണ്. കോവിഡ് 19 വൈറസിന്റെ ആക്രമണത്തില്‍ മരിച്ചുവീഴുന്നവരുടെ എണ്ണം അവിടെയൊക്കെ ക്രമാതീതമായി വര്‍ദ്ധിക്കുന്നു. ലോകത്തുള്ള മനുഷ്യരെല്ലാം പേടിച്ചു വീട്ടിലിരിക്കുകയാണ്; വീട്ടുതടങ്കലിലാണ്. 

    കൂനമ്പാറ സിറ്റിയിലും പരിസരങ്ങളിലുമുള്ള നാട്ടുകൂട്ടങ്ങളുടെ സംഗമസ്ഥലമായ, കുട്ടാപ്പിയുടെ ഹോട്ടലടച്ചു. ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള കായികമാമാങ്കങ്ങള്‍വരെ മാറ്റിവയ്ക്കുകയും ലോകമാകമാനമുള്ള പഞ്ചനക്ഷത്രഹോട്ടലുകള്‍വരെ അടച്ചുപൂട്ടുകയും ചെയ്തു.  പിന്നെയല്ലേ ഹോട്ടല്‍ കുട്ടാപ്പി ആന്‍ഡ് സണ്‍സ്!

    അതൊന്നുമായിരുന്നില്ല കൂനമ്പാറക്കാരുടെ സങ്കടം. വിദേശമദ്യഷാപ്പുകളും കള്ളുഷാപ്പുകളുംവരെ അടച്ചിടേണ്ടിവന്നു. സംഘം ചേര്‍ന്നുള്ള ചീട്ടുകളിയും അന്തിച്ചന്തയും നിരോധിച്ചു. താലൂക്കിലെ ഏക സിനിമാക്കൊട്ടകയായ രാഗിണി ടാക്കീസില്‍ പ്രദര്‍ശനം നിര്‍ത്തിയതായി പ്രഖ്യാപിച്ചു. 

    നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷത്തേക്കു മാറ്റി. അതുകൊണ്ട് സസ്‌നേഹത്തെയും തമിഴ്മക്കളെയും തോല്‍പ്പിക്കാനുള്ള അവസരം വൈകിപ്പോവുകയാണെന്ന് നീലിമയുടെ പക്ഷക്കാര്‍ പറഞ്ഞു. എന്നാല്‍, കാലുമാറി തമിഴ്മക്കളെ പിന്തുണയ്ക്കുന്ന കുട്ടാപ്പിയും കൂട്ടരും നേരേ മറിച്ചാണു പറയുന്നത്. നീലിമാ ഉണ്ണിത്താന് കെട്ടിവച്ചതു പോകുമെന്ന് അവര്‍ പല വേദികളിലും കൊട്ടിഘോഷിച്ചിരുന്നെങ്കിലും കന്തസ്വാമിയുടെ മരണത്തോടെ ആ പ്രതീക്ഷ ഏതാണ്ടസ്തമിച്ചിരുന്നു. അയാളുടെ പണക്കൊഴുപ്പിലും സ്വാധീനത്തിലുമായിരുന്നു തൊഴിലാളികളില്‍ അധികംപേരും. അതൊക്കെ കാറ്റില്‍പ്പറന്നു. ഇനി സുശീലയല്ല, ലോകസുന്ദരി ഐശ്വര്യാ റായി വന്നാലും നീലിമയെ തോല്‍പ്പിക്കാന്‍ പറ്റില്ലെന്നതാണു സത്യം. എന്തായാലും അതൊക്കെയിനി തെരഞ്ഞെടുപ്പു നടന്നെങ്കിലല്ലേ! ലോകം മുഴുവനും ലോക്ക്ഡൗണും നിയന്ത്രണങ്ങളും പുതിയ നിയമങ്ങളുമായിക്കഴിഞ്ഞു. 

    പുറംരാജ്യങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകള്‍ നിര്‍ത്തി. നാട്ടിലെത്തുന്നവരെല്ലാം പ്രത്യേകനിരീക്ഷണത്തിലാണ്. അങ്ങനെ കേരളം ഒരു പരിധിവരെ ആ മഹാമാരിയെ പിടിച്ചുനിര്‍ത്തിയെന്നാണു പറയുന്നത്. 

    എന്തായാലും ഈ രോഗത്തെ പ്രതിരോധിക്കാന്‍ ഒരു വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ ലോകത്തുള്ള എല്ലാ ജനങ്ങളുടെയും ജീവിതം സ്തംഭനാവസ്ഥയിലാണ്. 

    വന്‍കിടരാജ്യങ്ങള്‍ അടുത്തൊരു മഹായുദ്ധത്തെപ്പേടിച്ചു സ്വരൂപിച്ച ന്യൂക്ലിയര്‍ ബോംബുകളും മിസൈലുകളുംപോലും വെറുമൊരു അദൃശ്യമായ വൈറസിനുമുമ്പില്‍ നിരുപാധികം കീഴടങ്ങുന്നു എന്നതാണ് ഏറ്റവും പരിതാപകരം! 

    എന്തൊക്കെയോ വന്‍വിപത്തുകള്‍ ലോകത്തു സംഭവിക്കാന്‍പോകുന്നുവെന്ന് എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞു. മാനവരാശി ഇന്നേറ്റവുമധികം വിലമതിക്കുന്നത് സ്വന്തം ജീവനെയാണ്. പണവും പ്രശസ്തിയുമല്ല, ജീവന്റെ നിലനില്‍പ്പാണ് ഇന്നത്തെ ആവശ്യമെന്നൊരു തിരിച്ചറിവുണ്ടായി. 

    ആരോടും പറയാതെ മൂന്നു മാസങ്ങള്‍ക്കുമുമ്പു നാടുവിട്ട സഖാവ് കരുണാകര്‍ജി കൊച്ചിയില്‍ ഏതോ ആശുപത്രിയില്‍ കലശലായ രോഗം ബാധിച്ച് അഡ്മിറ്റായെന്ന് ആരോ പറഞ്ഞു. അതും കോവിഡായിരിക്കുമോ എന്ന സംശയമായിരുന്നു കൂനമ്പാറയിലെ ആ ദിവസങ്ങളിലെ ചിന്താവിഷയം. അയാള്‍ക്കു വേറേ പല അസുഖങ്ങളുമുണ്ടായിരുന്നതുകൊണ്ട് അങ്ങനെയാകാനുള്ള സാധ്യതയൊന്നുമില്ലെന്നാണ് റോഷനച്ചനും പീറ്റര്‍സാറുമൊക്കെപ്പറഞ്ഞത്. 

    റോഷന്‍ കാടുകേറിയച്ചന്‍ പള്ളി പൂട്ടിയിട്ടതായി പ്രഖ്യാപിച്ചു. അയ്യപ്പന്‍കോവിലുള്‍പ്പെടെ ഭൂമിയിലുള്ള എല്ലാ ആരാധനാലയങ്ങളും അടച്ചുപൂട്ടി. 

    പള്ളിമണിയടിക്കുമ്പോള്‍ വവ്വാലുകള്‍ കൂട്ടംകൂട്ടമായി പള്ളിമേടയുടെ പിന്നാമ്പുറങ്ങളില്‍നിന്ന് കൂട്ടത്തോടെ പറന്നകലുന്നു. അപ്പോള്‍ മാത്രം കേള്‍ക്കുന്ന ഹിറ്റ്‌ലറിന്റെ കുരയും ചീവിടുകളുടെ നിലയ്ക്കാത്ത ശബ്ദവുമൊഴികെ മറ്റു ശബ്ദങ്ങളൊന്നുംതന്നെയില്ല. കരണ്ടുരാജപ്പന്റെ ചടാക്കു ബൈക്കിന്റെ അസഹ്യമായ ശബ്ദവും കാടുകേറിയച്ചന്റെ ബുള്ളറ്റിന്റെ ശബ്ദവുമില്ലാത്ത കൂനമ്പാറ, ആര്‍ക്കും സങ്കല്‍പ്പിക്കാവുന്നതിനുമപ്പുറമായിരുന്നു. ഒന്നും കേള്‍ക്കാന്‍ കഴിയാത്ത പൊട്ടന്‍ചെങ്ങാലി വീടുവിട്ടു പള്ളിമേടയില്‍ കിടന്നുറങ്ങി. 

    വനമേഖലയിലുള്ള പട്ടണങ്ങളില്‍ ആനയുള്‍പ്പെടെ പല വന്യജീവികളും തെരുവിലേക്കിറങ്ങിത്തുടങ്ങി. എല്ലാ പക്ഷിമൃഗാദികളും സന്തോഷത്തിലാണ്. അവര്‍ക്കു മനുഷ്യരെയും വാഹനങ്ങളെയും പേടിക്കാതെ തെരുവിലിറങ്ങി നടക്കാം. അവ രാത്രിയും പകലും സ്വതന്ത്രമായി സഞ്ചരിക്കുന്നു; സല്ലപിക്കുന്നു. പ്രകൃതി അവയ്ക്കുകൂടി അവകാശപ്പെട്ടതാണെന്ന് അവയും മനുഷ്യരും തിരിച്ചറിയുന്നു. 

    അവസാനം, തീര്‍ത്തും അപ്രതീക്ഷിതമായി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത കൂനമ്പാറയിലെത്തി: ഇടതുപക്ഷസഹയാത്രികനും പഞ്ചായത്തുമെമ്പറുമായ ശ്രീ കരുണാകര്‍ജി കോവിഡ് 19 ബാധിച്ചു മരിച്ചു.'

    തദ്ദേശവാസികളെയെല്ലാം ദുഃഖത്തിലാഴ്ത്തിയ വാര്‍ത്തയായിട്ടും ഒരനുശോചനയോഗംപോലും കൂടാന്‍ പറ്റാതെ അണികള്‍ക്കും സുഹൃത്തുക്കള്‍ക്കും വീട്ടുതടങ്കലിലിരിക്കേണ്ടിവന്നു. കരുണാകര്‍ജി പോയിട്ടു മാസങ്ങളായതുകൊണ്ട് കൂനമ്പാറയില്‍ ആര്‍ക്കും കോവിഡുണ്ടാവില്ലെന്നു പീറ്റര്‍സാര്‍ എല്ലാവരേയും പറഞ്ഞുസമാധാനിപ്പിച്ചു. പക്ഷേ, ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം കരുണാകര്‍ജിയുമായി ബന്ധപ്പെട്ട, കുട്ടാപ്പി ആന്‍ഡ് സണ്‍സില്‍ വന്നിട്ടുള്ള എല്ലാവരും ടെസ്റ്റിനു വിധേയരാകണമെന്ന് പോലീസ് സ്റ്റേഷനില്‍നിന്ന് പുതിയ എസ് ഐയും ഒരു കോണ്‍സ്റ്റബിളുംകൂടി വന്നു പറഞ്ഞിട്ടുപോയി. കുട്ടാപ്പി എല്ലാവരുടെയും പേരെഴുതിയ ലിസ്റ്റ് അവര്‍ക്കു കൊടുത്തു. 

    അങ്ങനെ ലോകം മുഴുവന്‍ പടരുന്ന നിശ്ശബ്ദവൈറസിന്റെ നിഴലുകള്‍ കൂനമ്പാറയിലും ഭീതിയുടെ വിത്തുകള്‍ പാകി. കൂനമ്പാറയും പരിസരപ്രദേശങ്ങളും അക്ഷരാര്‍ത്ഥത്തില്‍ നിശ്ശബ്ദമായി. പക്ഷികളും ചീവീടുകളും മാത്രം കൂടുതല്‍ ഉത്സാഹത്തോടെ ശബ്ദിച്ചുകൊണ്ടിരുന്നു. മഴമേഘത്തുണ്ടുകള്‍ മലനിരകളില്‍ മുട്ടിയുരുമ്മി ജലബിന്ദുക്കളായി താഴേക്കുവീഴാനൊരുങ്ങിനിന്നു. എല്ലാത്തിനും മൂകസാക്ഷിയായ അഞ്ചുരുളിപ്പുഴ, മലയിടുക്കുകളിലൂടെ താഴ്‌വാരങ്ങളിലെത്തി, കണ്ണെത്താത്ത ദൂരങ്ങളിലേക്ക് ഒഴുകിക്കൊണ്ടേയിരുന്നു. 

അവസാനിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക