Image

ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമായോ? ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കാം

ദുര്‍ഗ മനോജ്‌ Published on 21 January, 2024
ശരീരഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമായോ? ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കാം

ജനുവരി മാസത്തിന് മറ്റൊരു മാസത്തിനുമില്ലാത്ത ചില പ്രത്യേകതകൾ ഉണ്ട്. പുതുവത്സര പ്രതിജ്ഞകളുടെ കാലമാണ് ജനുവരി മാസം. അത്തരം പ്രതിജ്ഞകളുടെ പരമാവധി ആയുസ് ഒന്നോ രണ്ടോ മാസത്തിൽ അവസാനിക്കുന്നതും പതിവുകാഴ്ചയാണ്. ഏറ്റവും കൂടുതൽ പ്രതിജ്ഞകൾ രൂപപ്പെടുന്നത് ശരീരഭാരവുമായി ബന്ധപ്പെട്ടാണ്. ഏറ്റവും കൂടുതൽ പരാജയപ്പെടുന്ന പ്രതിജ്ഞകളും ഈ ഗണത്തിൽത്തന്നെ. ശരീരഭാരം കുറയ്ക്കാനും ബെല്ലി ഫാറ്റ് കുറയ്ക്കാനും, ശരീരത്തിൻ്റെ ഷേപ്പ് വീണ്ടെടുക്കാനും ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. പ്രത്യേക മരുന്നുകളും ഡ്രിങ്കുകളും ഉപയോഗം നിർത്തിയാൽ വലിച്ചു വിട്ട റബർ ബാൻഡ് പോലെ ശരീരത്തെ പൂർവസ്ഥിതിയിൽ എത്തിക്കുകയും പതിവാണ്. ഈ സാഹചര്യത്തിൽ അമേരിക്കയിലെ ന്യൂട്രീഷൻ വിദഗ്ദ്ധർ സഹായഹസ്തം നീട്ടുകയാണ്. ശരീരഭാരം കൂടാതിരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണക്രമങ്ങൾ അവയുടെ ഗുണവും ദോഷവും സഹിതം വിശദീകരിക്കുന്നു. ഇഷ്ടമുള്ളത് നമുക്കു തിരഞ്ഞെടുക്കാം.

1. മെഡിറ്ററേനിയൻ

ആരോഗ്യകരമായ ഭക്ഷണക്രമങ്ങളിൽ മുന്നിൽ ആണ് ഈ ഭക്ഷണ രീതി. കൂടാതെ ദീർഘായുസ്സിനു ശുപാർശ ചെയ്യപ്പെടുന്ന  മെഡിറ്ററേനിയൻ ഭക്ഷണക്രമം മികച്ച ഭക്ഷണരീതിയാണ്. പച്ചക്കറികൾ (ഒരു ദിവസം ഏഴ് മുതൽ പത്ത് വരെ സെർവുകൾ!), ഒലിവ് ഐയിൽ, പരിപ്പ്, അവോക്കാഡോ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.' പലരും ഈ രീതിയിൽ ഭക്ഷണം കഴിക്കുന്നുവെന്നു പറയുമ്പോഴും, യഥാർത്ഥ മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നവർ കുറവാണ്., മെഡിറ്ററേനിയൻ ഭക്ഷണക്രമം പിന്തുടരുന്നവർ കൂടുതൽ കാലം ജീവിക്കുകയും ടൈപ്പ് 2 പ്രമേഹം, ചിലതരം കാൻസർ, ഹൃദ്രോഗം ഉൾപ്പെടെ നിരവധി ജീവിതശൈലി രോഗങ്ങൾ വരാനുള്ളള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. അങ്ങേയറ്റം ആരോഗ്യകരമാണെങ്കിലും, മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ കലോറി അത്ര കുറവല്ല, അതിനാൽ ശരീരഭാരം കുറയ്ക്കുന്നതുമായി ഇതിനു ബന്ധമില്ല. ആരോഗ്യകരമായ ഭക്ഷണക്രമം ആഗ്രഹിക്കുന്നവർക്കും എന്നാൽ ശരീരഭാരം കുറയ്ക്കാൻ പ്രത്യേക താൽപ്പര്യമില്ലാത്തവർക്കും ഇത് നല്ല ഒരു ഡയറ്റാണ്.

സാമ്പിൾ ഡയറ്റ്

പ്രഭാതഭക്ഷണം - ചീര ഉപയോഗിച്ച് വേവിച്ച മുട്ട, വെർജിൻ ഒലിവ് ഓയിൽ ഉപയോഗിച്ച് വേവിച്ച തക്കാളി, എസ്പ്രെസോ. ഉച്ചഭക്ഷണം - ഇലവർഗം ചേർത്ത ട്യൂണ സാലഡ്, വെർജിൻ ഒലിവ് ഓയിൽ ഉള്ള ക്രസ്റ്റി ബ്രെഡ്. ലഘുഭക്ഷണം -  പഴങ്ങൾ, ഒരു പിടി പരിപ്പ്. അത്താഴം - ചെറിയ ഗ്ലാസ് റെഡ് വൈൻ, ഷെൽഫിഷ്, ചീര, തക്കാളി, വെർജിൻ ഒലിവ് ഓയിൽ കൊണ്ടു മാരിനേറ്റ് ചെയ്ത ഇലവർഗങ്ങൾ 

2. സസ്യഭക്ഷണത്തെ അടിസ്ഥാനമാക്കിയുള്ളത്

സസ്യാഹാരത്തെ അടിസ്ഥാനപ്പെടുത്തിയ ഡയറ്റ് എന്നാൽ പൂർണ്ണമായും സസ്യാഹാരത്തെ അടിസ്ഥാനമാക്കിയുള്ളതോ, അതുപോലെ തന്നെ പാലുൽപ്പന്നങ്ങളോ മത്സ്യങ്ങളോ ഉൾപ്പെടുത്തിയേക്കാവുന്ന സസ്യാഹാരവും ഉൾപ്പെടുന്നു. ധാന്യങ്ങൾ, പരിപ്പ്, വിത്തുകൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നത് പൊതുവെ നല്ല കാര്യമാണ്. സസ്യാധിഷ്ഠിത ഓപ്ഷനുകൾ പൊതുവെ ആരോഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. സസ്യാധിഷ്ഠിതമെന്നതിന് കുറഞ്ഞ കലോറി എന്ന് അർത്ഥമില്ല. അതിനാൽ സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് ഉറപ്പുനൽകുന്നില്ല.

സാമ്പിൾ ഡയറ്റ്

പ്രഭാതഭക്ഷണം - സോയ പാൽ കോഫി, ഓട്സ് തൈരിനൊപ്പം ഗ്രാനോള, ഉച്ചഭക്ഷണം - അവോക്കാഡോ, ചെറുപയർ എന്നിവ ചേർത്ത സാലഡ്, ലഘുഭക്ഷണം - ഫ്രഷ് പഴങ്ങൾ, പരിപ്പ്, വിത്തുകൾ, അത്താഴം - മാരിനേറ്റ് ചെയ്ത ടോഫു, ബ്രൗൺ റൈസ് വെജിറ്റബിൾ മിക്സ്

3. കലോറി നിയന്ത്രണം

മെഡിറ്ററേനിയൻ ഭക്ഷണക്രമം വർഷങ്ങളായി തുടർച്ചയായി മികച്ച ഭക്ഷണത്തിനുള്ള അവാർഡ് നേടിയിട്ടുണ്ടെങ്കിലും, ഏറ്റവും മികച്ച ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമം തിരിച്ചറിയാൻ AIഉപയോഗിച്ച് ഡാറ്റ പരിശോധിച്ചപ്പോൾ ശരീരഭാരം നിയന്ത്രിക്കുന്നത് 1200 മുതൽ 1400 വരെ കലോറി ഉപഭോഗവുമായി ബന്ധിപ്പിക്കുന്ന ഒരു ലളിതമായ ഫോർമുല രൂപപ്പെട്ടു. ആവേശകരമോ പുതിയതോ  അല്ലെങ്കിലും, സുസ്ഥിരമായി ശരീരഭാരം കുറയ്ക്കുമ്പോൾ അടിസ്ഥാന കലോറി നിയന്ത്രിത ഭക്ഷണത്തെക്കുറിച്ച് ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ഭക്ഷണ തിരഞ്ഞെടുപ്പുകൾ തുടർന്നു കൊണ്ടുപോകാൻ ആർജവമുള്ളവരും മാത്രം ഈ രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

സാമ്പിൾ ഡയറ്റ്

പ്രഭാതഭക്ഷണം - ഗ്രീക്ക് തൈര്, ഫ്രഷ് ഫ്രൂട്ട്, 1/3 കപ്പ് ഓട്സ്, സ്കിം കപ്പുച്ചിനോ, ഉച്ചഭക്ഷണം - സാൽമൺ റാപ്, സൈഡ് സാലഡ്, ഒരു പീസ് ഏതെങ്കിലും ഫലം, അത്താഴം - 120 ഗ്രാം കൊഴുപ്പു നീക്കിയ മാംസം, ചെറിയ ജാക്കറ്റ് ഉരുളക്കിഴങ്ങ്, അവോക്കാഡോ ഉള്ള സാലഡ്

 4. ഉപവാസം

ഇതിൽ പൂർണമായും ഭക്ഷണം ഒഴിവാക്കുകയല്ല ചെയ്യുന്നത്.മറിച്ച് ആഴ്ചയിൽ തുടർച്ചയായ രണ്ടു ദിവസം വളരെക്കുറവു കാലറി മാത്രം കഴിക്കുകയും എട്ടു മണിക്കൂറോളം സമയം ഒന്നും കഴിക്കാതിരിക്കുകയും ചെയ്യുന്നു. ഓരോ ആഴ്‌ചയും രണ്ട്  ദിവസം ഉള്ള ഈ ഭക്ഷണ രീതി ദീർഘകാലത്തേക്ക് തുടരാൻ ബുദ്ധിമുട്ടാണ്. എന്നാൽ രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ എന്നിവ കുറയ്ക്കുന്നതുൾപ്പെടെയുള്ള ഉപവാസവുമായി ബന്ധപ്പെട്ട ആരോഗ്യ ആനുകൂല്യങ്ങൾ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പിന്തുടരാം. താരതമ്യേന ചെറിയ അളവിലുള്ള ഭാരം കുറയ്ക്കുന്നവരിൽ പ്രതിമാസം 2 മുതൽ 4 പൗണ്ട് വരെ ചെറിയ ഭാരം കുറയ്ക്കാൻ സഹായിക്കും.

സാമ്പിൾ ഡയറ്റ്: ( 500 കലോറി )

പ്രഭാതഭക്ഷണം - പിക്കോളോ, 100 ഗ്രാം പ്രോട്ടീൻ തൈര് ചേർത്തഫലങ്ങൾ, ഉച്ചഭക്ഷണം - തക്കാളിയും ചീരയും ഉള്ള മുട്ടയുടെ വെള്ളമാത്രം ഉപയോഗിച്ചുണ്ടാക്കുന്ന ഓംലെറ്റ്. അത്താഴം - 70 ഗ്രാം ചിക്കൻ ബ്രെസ്റ്റ്, ഗ്രീൻ സാലഡ്.

ഡയറ്റ് ചെയ്യുമ്പോൾ ഭക്ഷണക്രമം പിന്തുടരുന്നതുപോലെ പ്രധാനമാണ് ആവേശം ചോർന്നു പോകാതെ ഡയറ്റിൽ ഉറച്ചു നിൽക്കാൻ കഴിയുക എന്നത്. ഡയറ്റുകൾ ധാരാളം ചുറ്റുമുണ്ടാകുമ്പോഴും ഇച്ഛാശക്തിയില്ലെങ്കിൽ ഡയറ്റുകൾ വെറുതേയാവും. മറ്റുള്ളവർക്കു വേണ്ടിയല്ല, സ്വയം തീരുമാനമെടുത്ത് മുന്നേറുന്നവർക്ക് ഡയറ്റുകൾ പാലിക്കുന്നത് ഉദ്യേശിച്ച ഫലം നൽകും, സംശയമില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക