Image

ഫാ. ജോസഫ് വർഗീസ്: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം (ജോർജ്  തുമ്പയിൽ)

Published on 30 January, 2024
ഫാ. ജോസഫ് വർഗീസ്: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം (ജോർജ്  തുമ്പയിൽ)

see also: https://mag.emalayalee.com/weekly/27-jan-2024/#page=10

 മതാന്തര സംവാദങ്ങളിലൂടെയും സമാധാന ദൗത്യ യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ജോസഫ് വർഗീസ് ആത്‌മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ് . മതങ്ങൾ തമ്മിലും വ്യത്യസ്‌ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ  തലങ്ങളിൽ  ദേശീയ, അന്തർ  ദേശീയ തലത്തിൽ  ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന  ജോസഫ് വർഗീസ്  അച്ചൻ മലയാളികൾക്ക് സുപരിചിതനാണ് . നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ  ഫാ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ് ജംക്റ്റ്  പ്രൊഫസറായും  ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York),എക്സിക്യൂട്ടീവ് ഡയറക്ടറായും  ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ  ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA), അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യു.എസ്.എ.യുടെ ഇന്റർ റിലീജിയസ് ഡയലോഗു(NCC-USA)കളുടെ കോ-കൺവീനറായും പ്രവർത്തിക്കുന്നു . മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ   നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ  കൺവീനിംഗ് ടേബിളിന്റെ കോ-കൺവീനറുമാണ്  ഫാ. ജോസഫ് വർഗീസ്.

സത്യവും  സാമൂഹിക നീതിയും നടപ്പാക്കുന്നത് ലക്ഷ്യമിട്ട നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ   ഉപദേശക സമിതിയിലേക്ക് 2017ൽ ഫാ.  ജോസഫ് വർഗീസ് നോമിനേറ്റ് ചെയ്യപ്പെട്ടു.  ലോക്കൽ ചർച്ച് ലെവലിൽ വംശീയത  അവസാനിപ്പിക്കുന്നതിനുള്ള  നടപടികളാണ് ഈ സമിതി ലക്ഷ്യമിട്ടു നടപ്പാക്കുന്നത് .

2017 ഫെബ്രുവരി 5ന് മതങ്ങളുടെയും  സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന  വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ. പ്ലാസയിൽ നടന്ന  യു.എൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ്  പ്രത്യേക ക്ഷണിതാവായിരുന്നു . മത നേതാക്കൾ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരെ ഈ സമ്മേളനം ഒന്നിപ്പിച്ചു. 2018 നവംബർ 2 മുതൽ 6 വരെ  കാനഡയിലെ ടൊറന്റോയിൽ നടന്ന ലോകമതങ്ങളുടെ പാർലമെന്റിൽ ഫാ. ജോസഫ് വർഗീസ് മോഡറേറ്ററായിരുന്നു.

 “മതപരമായ ബഹുസ്വരതയുമായി ഇടപഴകുന്നതിലെ വെല്ലുവിളികളും അവസരങ്ങളും” എന്ന വിഷയത്തിൽ  വേൾഡ് പാർലമെന്റിൽ   നടന്ന ചർച്ചയിലും  2023 ഓഗസ്റ്റ് 14-18 തീയതികളിൽ ഷിക്കാഗോയിലെ മക്കോർമിക് കൺവെൻഷൻ സെന്ററിൽ നടന്ന  നടന്ന ചർച്ചയിലും ഫാ. ജോസഫ് വർഗീസ്  മോഡറേറ്ററായി.
ന്യൂയോർക്കിലെ യുഎൻ പ്ലാസ  ആസ്ഥാനമായ  സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് 2018-ൽ   നാമനിർദ്ദേശം ചെയ്യപ്പെട്ട ഫാ. ജോസഫ് വർഗീസ് എക്‌സിക്യൂട്ടീവ് കൗൺസിലിൽ തുടരുന്നു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുകയും മതസ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുക, അഭയാർത്ഥികൾക്കായി നിലകൊള്ളുക , വംശീയ  സംഘർഷങ്ങളെയും കാലാവസ്ഥാ മാറ്റങ്ങളെയും പ്രതിരോധിക്കുക എന്നതാണ് ഈ സംഘടനയുടെ ശ്രദ്ധ.
ഇറാഖ് യുദ്ധവേളയിലും  അതിനുശേഷമുണ്ടായ അഭയാർത്ഥി പ്രതിസന്ധി സമയത്തും അച്ചനോടൊപ്പം  യുഎസ് പുരോഹിതരും  പാസ്റ്റർമാരും ദുരിതാശ്വാസ ദൗത്യത്തിന്റെ ഭാഗമായി ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലേക്ക് സഹായങ്ങളുമായി യാത്ര ചെയ്തു.

2015 ൽ ലിബിയയുടെ മെഡിറ്ററേനിയൻ തീരത്ത് ഐസിസ് കൂട്ടക്കൊല ചെയ്ത  21 കോപ്റ്റിക് ക്രിസ്ത്യാനികളുടെ ദുഃഖിതരായ  കുടുംബങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും ഈജിപ്തിലെ അപ്പർ സിനായ് പെനിൻസുലയിലേക്ക് അച്ചൻ  യാത്ര ചെയ്തു.

 യുദ്ധകാലത്ത് സമാധാന ദൗത്യത്തിനായി ലോക മതനേതാക്കളുമായുള്ള സന്ദർശനത്തിന് ശേഷം  യുക്രെയ്നിലെ കീവിൽ നിന്ന്  അടുത്തിടെ മടങ്ങി.
2018 ഡിസംബർ 17-19 തീയതികളിൽ തിരുപ്പതിയിൽ നടന്ന ഇന്റർനാഷണൽ ഹിന്ദു-ക്രിസ്ത്യൻ കോൺഫറൻസിൽ ഫാ. ജോസഫ് വർഗീസ്  ക്രിസ്ത്യൻ മതത്തെ പ്രതിനിധീകരിച്ചു. ഇന്ത്യയിലെ വർധിച്ചു വരുന്ന മതപരമായ അസഹിഷ്ണുതയുടെ പശ്ചാത്തലത്തിൽ നടന്ന ഈ കോൺഫറൻസ് സ്പോൺസർ ചെയ്‌തത്   ISKCON ആയിരുന്നു.

മതങ്ങളുടെയും  സർക്കാരുകളുടെയും ഉത്തരവാദിത്വം എന്ന  വിഷയത്തെക്കുറിച്ച് ന്യൂയോർക്കിലെ യു.എൻ. പ്ലാസയിൽ നടന്ന കോൺഫറൻസിൽ അച്ചൻ  പ്രത്യേക ക്ഷണിതാവായിരുന്നു

 ഗവൺമെന്റുകൾ- സ്വയംഭരണത്തിനും പരസ്പര പൂരകത്തിനും ഇടയിൽ ''ഈക്വൽ സിറ്റിസൺഷിപ്" എന്ന വിഷയത്തിൽ 2018-ൽ ജനീവയിൽ നടന്ന  ആദ്യ യുഎൻ കോൺഫറൻസിന്റെ പ്രതിനിധിയായി പങ്കെടുത്തു .

ലെബനൻ, ജോർദാൻ, സിറിയൻ എന്നിവിടങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലേക്ക് മാനുഷിക സ്നേഹദൗത്യവുമായി യാത്ര ചെയ്തു. 2018 ജൂൺ 25 ന് സ്വിറ്റ്‌സർലണ്ടിലെ  ജനീവയിൽ ഐക്യരാഷ്ട്രസഭയിൽ "മതങ്ങള്‍, വിശ്വാസങ്ങള്‍, മൂല്യവ്യവസ്ഥ : തുല്യപൗരത്വ അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന്‌ കൈകോര്‍ത്ത്‌ നീങ്ങുക'' എന്ന വിഷയത്തിൽ നടന്ന ആദ്യ ആഗോള കോണ്‍ഫറൻസിൽ അമേരിക്കയിലെ  മതങ്ങളെ പ്രതിനിധീകരിച്ച് സിറിയൻ  ഓര്‍ത്തഡോക്‌സ്‌ സഭയിൽ നിന്ന്  ഫാ. ജോസഫ്‌ വർഗീസും പങ്കെടുത്തു. മനുഷ്യവംശം ഒന്നായിരിക്കെ അംഗങ്ങള്‍ക്കിടയിലെ സമത്വം അടിസ്ഥാനപരമായ കാര്യമാണന്ന്‌ വ്യക്തമാക്കിയ സമ്മേളനത്തിൽ   വിവിധരാജ്യങ്ങളിൽ നിന്നായി 25 ലേറെ മത രാഷ്ട്രീയ നേതാക്കൾ  പങ്കെടുത്തു.

2017 നവംബർ 2-ന്  ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് സമാധാനവും അനുരഞ്ജനവും സംബന്ധിച്ച യുഎൻ സമ്മേളനത്തിൽ ഫാ. ജോസഫ് വർഗീസ് പ്രത്യേക ക്ഷണിതാവായിരുന്നു. ഐഎസ് ഇരകളായ മതന്യൂനപക്ഷങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യമെന്ന നിലയിൽ ഈ സമ്മേളനത്തിന് പ്രസക്തി ഏറെയായിരുന്നു . യുഎനിലെ വത്തിക്കാൻ അംബാസഡർ ആർച്ച് ബിഷപ്പ് ബെർണാർഡിനോ ഔസ മോഡറേറ്ററായ  സമ്മേളനത്തിൽ  ഫാ. ജോസഫ് വർഗീസ് സിറിയൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചു. ഇറാഖിലും  സിറിയയിലും  ഐ.എസിനാൽ  പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികൾക്ക് വേണ്ടി ഫാ.ജോസഫ് വർഗീസ് ശബ്ദമുയർത്തി. ഐആർഎഫ്ടി എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഫാ . ജോസഫ് വർഗീസ്  മിഡിൽ ഈസ്റ്റിലെ പീഡിതരായ സഭാ സമൂഹങ്ങൾ  സന്ദർശിച്ച പാസ്റ്റർമാരും മിഷനറിമാരും ഉൾപ്പെട്ട സംഘത്തിലുണ്ടായിരുന്നു.

2022 മെയ് 24-25 തീയതികളിൽ സമാധാന ദൂതുമായി യുക്രെയ്നിലെ കീവ് സന്ദർശിച്ച അന്താരാഷ്ട്ര മതനേതാക്കളിൽ ഫാ. ജോസഫ് വർഗീസും  ഉൾപ്പെടുന്നു.
പോളണ്ടിലെ വാർസോയിൽ വന്നിറങ്ങിയ സംഘം യുക്രെയ്നിലെ യുദ്ധത്തിനെതിരായ മതാന്തര പ്രാർത്ഥനകൾക്കായി തലസ്ഥാനമായ കീവിലേക്ക് പോയി. ഫ്രാൻസിസ് മാർപാപ്പയുടെ സമാധാനത്തിനുള്ള ആഹ്വാനമനുസരിച്ച്   നയതന്ത്രത്തിലൂടെ യുദ്ധം അവസാനിപ്പിക്കാൻ ലോകനേതാക്കളെ ആഹ്വാനം ചെയ്യുന്ന നിവേദനത്തിൽ ഒപ്പുവച്ച 230 മതമേലധ്യക്ഷന്മാരിൽ ഫാ. ജോസഫ് വർഗീസ് ഉൾപ്പെടുന്നു.  സാധാരണക്കാരുടെ കൊലപാതകങ്ങൾ വർദ്ധിക്കും എന്നതിനാൽ യുക്രൈനിലേക്ക് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അയയ്ക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ തീരുമാനത്തെ സമ്മേളന  നേതാക്കൾ അപലപിച്ചു.

 'വീ ബിലീവ് ഇൻ വൺ ട്രൂ ഗോഡ്’ എന്ന പുസ്തകത്തെപ്പറ്റി ?

സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ക്രിസ്തുശാസ്ത്രത്തിന്റെ വിശദീകരണ‌മാണ്  'വീ ബിലീവ് ഇൻ വൺ ട്രൂ ഗോഡ്’ എന്ന പുസ്തകം . സഭയുടെ വിശ്വാസം പ്രാര്‍ഥനയിലാണ് ,സുറിയാനി ഓർത്തഡോക്സ് സഭയുടെ ക്രിസ്തുശാസ്‌ത്രം അവിഭക്ത ആദിമ സഭയുടേതാണ് എന്ന് പുസ്തകം ഉറപ്പിക്കുന്നു . സഭയുടെ വിശ്വാസം യാഥാസ്ഥിതികതയാണോ എന്ന ചോദ്യത്തിന്  പുസ്തകത്തിൽ ഉത്തരം നല്‍കാൻ ശ്രമിക്കുന്നുണ്ട് . സഭയുടെ ക്രിസ്തുശാസ്ത്രം ഏകീകൃത സഭയിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന പാശ്ചാത്യ ദൈവശാസ്ത്ര പണ്ഡിതരുടെ നിലപാടിനെതിരായ വാദമാണ് പുസ്തകം മുന്നോട്ട് വെക്കുന്നത് . സഭയുടെ ക്രിസ്റ്റോളജിയിൽ അലക്സാണ്ട്രിയയിലെ സിറിലിന്റെ (Cyril of Alexandria) പഠനങ്ങളുടെ  ഒരു വായന കണ്ടെത്താൻ  പുസ്തകം ഉപകാരപ്പെടും .

ഇത്രയധികം തിരക്കുള്ള അച്ചൻ സൗത്ത് ഫ്ലോറിഡയിലെ സെന്റ്  മേരീസ് സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്നുകൊണ്ട് എങ്ങിനെ സമയം കണ്ടെത്തുന്നു.?

എല്ലാം ദൈവകൃപ. അടുത്തയാഴ്ച അബുദാബിയിലേക്ക് പോകും. ഒരു ഇന്റർ റിലീജിയസ് മീറ്റിംഗ് ആണ്  . പിന്നീട് നാട്ടിൽ പോയി മഞ്ഞിനിക്കര പെരുന്നാളും കൂടി തിരിച്ചുവരും.

3 വർഷമായി മയാമിയിലേക്ക് മാറിയിട്ട് . ''തലവേദനകളൊന്നും'' ഇല്ലാതെ പോകുന്നു. നേരത്തെയിരുന്ന ന്യൂ ജേഴ്‌സിയിലെ  ബെർഗെൻഫീൽഡിലും ന്യൂ യോർക്കിലെ ലിൻ ബ്രൂക്കിലും എല്ലാം മാനേജബിൾ  ആയിരുന്നു. ഇവിടെയും അങ്ങനെ തന്നെ. ഞായറാഴ്ചകളിൽ പള്ളിയിൽ ഇല്ലാത്തപ്പോൾ മറ്റു  ഇടവകകളിൽ നിന്നുള്ള അച്ചന്മാർ  പള്ളിയിൽ വി.കുർബാന നടത്തും.

N.C.C. (നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്)യുടെ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് ?

N.C.C യിൽ ഇത് രണ്ടാം തവണയാണ് അംഗമാകുന്നത്. 4 വർഷത്തേക്കാണ് ഒരു നിയമനം. ഇത് രണ്ടാം തവണയുടെ (8-ാം വർഷം)അവസാന വർഷം. സിറിയക് സഭയിലെ മെത്രാപ്പോലീത്ത മാർ ദിവന്നാസ്യോസ് (ജോൺ)കവാക്ക്  ആണ്  എന്നെ നിയമിച്ചത് .മലങ്കര സുറിയാനി സഭയ്ക്ക് പ്രത്യേക പരിഗണനകൾ ഇവിടെയില്ല. ഇപ്പോൾ ബോർഡ് അംഗം.

 ഇന്റർ റിലീജിയസ് ബോർഡിലാണിപ്പോൾ. സത്യത്തിനും നീതിക്കുമായി നില കൊള്ളുന്നതാണ് ഈ ടാസ്ക് ഫോഴ്‌സ്. ലോകമെമ്പാടുമുള്ള വംശീയ വിദ്വേഷത്തിന് അറുതി വരുത്തുകയാണ് ലക്ഷ്യം. ഐക്യ രാഷ്ട്ര സഭ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പ്രവർത്തിക്കുന്നതിന് സമാനമായാണ് N.C.C ടാസ്ക് ഫോഴ്‌സിന്റെ പ്രവർത്തനം.
2018 നവംബറിൽ ടൊറന്റോയിൽ നടന്ന ആഗോള മത സമ്മേളനത്തിന്  മോഡറേറ്ററായി പങ്കെടുത്തിരുന്നു. മതാന്തര ബന്ധങ്ങളുടെ കൺവീനിംഗ് ടേബിളിലൂടെ NCC മറ്റ് മതങ്ങളുമായി ചർച്ചകളിൽ ഏർപ്പെടുന്നു. പരസ്പര താൽപ്പര്യമുള്ള വിഷയങ്ങലും  ദൈവശാസ്ത്രപരമായ വിഷയങ്ങലും     പങ്കുവയ്ക്കുന്നതിനായൊരു  ഫോറം ഒരുക്കുന്നു .
 
യഹൂദ-മുസ്‌ലിം സമുദായങ്ങളുമായി ഞങ്ങൾ ദീർഘകാല സംഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. അടുത്തിടെ, 2018ൽ എൻസിസി ബുദ്ധ, ഹിന്ദു, സിഖ് സമൂഹങ്ങളുമായി സംഭാഷണങ്ങൾ ആരംഭിച്ചു. ഈ ഡയലോഗുകൾ യഥാർത്ഥ അബ്രഹാമിക് വിശ്വാസ ഡയലോഗുകളെ പൂരകമാക്കുകയും കിഴക്കിന്റെ വിശ്വാസങ്ങളുമായി ഒരു  കമ്മ്യൂണിക്കേഷൻ  സാധ്യമാക്കുകയും ചെയ്യുന്നു. ഈ സംഭാഷണങ്ങളിലൂടെ  നമ്മുടെ രാജ്യവും ലോകവും അഭിമുഖീകരിക്കുന്ന നിർണായക പ്രശ്നങ്ങളിൽ ഒരു  കൂട്ടായ കാഴ്ചപ്പാട് കൊണ്ടുവരാൻ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നു.
ബുദ്ധിസ്റ്റ് -ക്രിസ്ത്യൻ ചർച്ച
  ഹിന്ദു-ക്രിസ്ത്യൻ ചർച്ച
  ജൂത-ക്രിസ്ത്യൻ ചർച്ച
  മുസ്ലീം-ക്രിസ്ത്യൻ ചർച്ച
  സിഖ്-ക്രിസ്ത്യൻ ചർച്ച

 ഇറാഖ് സംഘർഷത്തിലെ അഭയാർഥികൾക്ക് നൽകുന്ന സഹായത്തെക്കുറിച്ച് ?

ഇറാഖ് സംഘർഷത്തിലെ അഭയാർഥികൾക്ക് യുഎന്നിലെ മറ്റ് സർക്കാരിതര ഓർഗനൈസേഷനുകളുമായി  (എൻജിഒ) ചേർന്ന് മാനുഷിക സഹായങ്ങൾ ചെയ്യാറുണ്ട് .

ഇന്ന് മാർട്ടിൻ ലൂഥർ കിംഗ് ദിനമാണല്ലോ, (ജനുവരി 15 തിങ്കൾ ). " ഐ ഹാവ് എ ഡ്രീം " എന്ന സ്വപ്ന പദ്ധതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ?


കോവിഡ് കഴിഞ്ഞതിന് ശേഷം സൂം മീറ്റിങ്ങുകളെക്കാൾ ഇപ്പോൾ ഇൻ മീറ്റിങ്ങുകൾക്കാണ് പ്രാമുഖ്യം . സാമൂഹിക പരിഷ്കരണത്തിനും സമാധാനത്തിനും വേണ്ടി വാഷിംഗ്ടൺ ഡി.സി.യിലെ നാഷണൽ മാളിൽ 2017 ഓഗസ്റ്റ് 28-ന്  ഒരുമിച്ച് മാർച്ച് നടത്തിയ  ഇമാമുമാർ, യഹൂദ ഗുരുക്കൾ, ക്രൈസ്തവ പുരോഹിതർ എന്നിവർക്കൊപ്പം പങ്കുചേർന്നിരുന്നു . ഡോ മാർട്ടിൻ ലൂഥറിന്റെ"എനിക്കൊരു സ്വപ്നമുണ്ട്" എന്ന വിഖ്യാത പ്രസംഗത്തിന്റെ വാർഷിക ദിനത്തിലായിരുന്നു മാർച്ച് .ഡോ .കിംഗ് 54 വർഷങ്ങൾക്ക് മുൻപ് വോട്ടവകാശത്തിന് വേണ്ടി നടത്തിയ മാർച്ചിനേക്കാൾ  സോഷ്യൽ റീഫോം , ഹെൽത്  കെയർ , ക്രിമിനൽ ജസ്റ്റിസ് , ഇക്കണോമിക് ജസ്റ്റിസ് എന്നിവയെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനു വേണ്ടി നടത്തിയ മാർച്ച് ആയിരുന്നു.

അച്ചന്റെ കുടുംബം?

ഭാര്യ ജസി വർഗീസ്. മക്കൾ -യൂജിൻ വർഗീസ്, ഈവാ സൂസൻ വർഗീസ് 

മറ്റ്  പ്രവർത്തനങ്ങൾ?

ഇവിടെ സൗത്ത് ഫ്ലോറിഡയിൽ, വിവിധ കമ്മ്യൂണിറ്റി സംഘടനകളുടെ  കമ്മ്യൂണിറ്റി പ്രവർത്തനങ്ങളിലും  സജീവമായി പങ്കെടുക്കുന്നു.

ഇപ്പോൾ FIACONA യുടെ ബോർഡിലും ഉണ്ട് .FIACONA യുടെ വാഷിങ്ടണിലുള്ള ജോൺ പ്രഭു ദോസ് യു എസ് കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രതിനിധിയായി മത്സരിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
 
''സമാധാനം തേടിയാൽ നിങ്ങൾക്കത്  എവിടെയും കണ്ടെത്താനാവില്ല. നിങ്ങളുടെ അയൽപക്കത്ത്, നിങ്ങളുടെ പട്ടണത്തിൽ, നിങ്ങളുടെ കൗണ്ടിയിൽ, നിങ്ങളുടെ സംസ്ഥാനത്ത് അല്ലെങ്കിൽ ഈ രാജ്യത്തിൽ നിങ്ങൾക്ക് സമാധാനം കാണാൻ കഴിയില്ല. ദേശീയമായാലും അന്തർദേശീയമായാലും സമാധാനം നമ്മിൽനിന്ന് ഒഴിവാകുകയാണ്. എന്നാൽ  ക്രിസ്തുവിനെ നിങ്ങളിലേക്ക് കൊണ്ടുവരാൻ  കഴിഞ്ഞാൽ  നിങ്ങളുടെ ഹൃദയം അവനുവേണ്ടി ഒരു പുൽത്തൊട്ടിയാക്കിയാൽ നിങ്ങൾക്ക് അവിടെ  സമാധാനം കണ്ടെത്താം'' ഫാ. ജോസഫ് വർഗീസ് പറയുന്നു.

"ദൈവത്തെ അന്വേഷിക്കുന്നവർ സ്വർഗ്ഗത്തിലേക്ക് നോക്കരുത്, രാജകൊട്ടാരങ്ങളിലേക്ക് പോകരുത്. ദൈവം തീർത്തും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നു. വീടില്ലാതെ , ഒരു കാലിത്തൊഴുത്തിൽ  ദുർഗന്ധം വമിക്കുന്ന മൃഗങ്ങൾക്കും അവയുടെ ചാണകത്തിനും ഒപ്പമായിരുന്നു ദൈവം. അക്കാലത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയ്‌ക്കൊപ്പമായിരുന്നു ദൈവം. ആടുകളും ഇടയ വടികളും ഒഴികെ  ഇടയന്മാർക്ക് അവകാശപ്പെടാനൊന്നുമില്ല,''

ശബ്ദമില്ലാത്തവരുടെ ശബ്ദമായി  ഫാ. ജോസഫ്‌ വർഗീസ്‌ പറയുമ്പോൾ ആ നിലപാടുകൾ ശ്രദ്ധേയമാകുന്നത് അതിലെ ലാളിത്യം കൊണ്ട് തന്നെയാണ് .

Join WhatsApp News
TN Nair 2024-01-30 12:59:52
Congratulations Fr.Jose.
An Orthodox 2024-01-30 15:08:13
How can I get a copy of the " we believe in One True God" book.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക