Image

അസാധാരണ സ്ത്രീകള്‍: മരണാനന്തര ക്രിയകള്‍ ചെയ്യുന്ന പൗരോഹിത്യ മേഖലയിലേക്കു കടന്നുവന്ന വനിത, ഗീത എസ്.(ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 01 February, 2024
അസാധാരണ സ്ത്രീകള്‍: മരണാനന്തര ക്രിയകള്‍ ചെയ്യുന്ന പൗരോഹിത്യ മേഖലയിലേക്കു കടന്നുവന്ന വനിത, ഗീത എസ്.(ദുര്‍ഗ മനോജ് )

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇന്നു സ്ത്രീ പ്രാധിനിത്യം സാധാരണമായിക്കഴിഞ്ഞു. മരത്തില്‍ക്കേറാനും, ട്രാക്ടര്‍ ഓടിക്കാനും, ലോഡുമായി ഭാരതം മുഴുവന്‍ യാത്ര ചെയ്യാനും ഒക്കെ ഇന്നു സ്ത്രീകളുണ്ട് മുന്നില്‍. എന്നാല്‍ ചില കാര്യങ്ങളില്‍ ഇപ്പോഴും ഒരു മാറ്റിനിര്‍ത്തല്‍ അനുഭവപ്പെടുന്നത് പൗരോഹിത്യകാര്യങ്ങളിലാണ്. പ്രത്യേകിച്ചും ബലിതര്‍പ്പണം, മരണാനന്തര കര്‍മങ്ങളില്‍പ്പെട്ട അസ്ഥി ഒഴുക്കല്‍, ചിതാഭസ്മം ഒഴുക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പുരോഹിതരായി പുരുഷന്മാരെയാണ് കണ്ടുവരാറ്. മരണം പോലെ സങ്കീര്‍ണ വൈകാരികത നില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ സ്ത്രീകള്‍ കടന്നു വരാന്‍ സാധ്യത തുലോം കുറവുമാണ്. കാരണം അതിനാവശ്യമായ മന്ത്രങ്ങള്‍ പറഞ്ഞു കൊടുക്കാനും ക്രിയകള്‍ പഠിപ്പിക്കാനും ആരെങ്കിലുമൊക്കെ തയ്യാറാകണ്ടേ? മാത്രവുമല്ല, ഈ രംഗത്തേക്കു സ്ത്രീകള്‍ കടന്നു വരേണ്ട ആവശ്യമേ ഇല്ല എന്നാണ് സമൂഹവും ചിന്തിക്കുന്നത്.

എന്നാല്‍ ഇതിനും ഒരപവാദം സംഭവിച്ചിരിക്കുന്നു! മാധ്യമ ശ്രദ്ധയില്‍പ്പെടാഞ്ഞിട്ടോ, അതോ പറഞ്ഞുപറഞ്ഞ് ഒരു പബ്ലിസിറ്റി അവര്‍ക്കു കിട്ടരുത് എന്ന ചിന്തയോ എന്നറിയില്ല, ആ വാര്‍ത്ത ഇത്ര കാലം ആരുമറിഞ്ഞില്ല.

വര്‍ക്കല പാപനാശം സാധാരണ ദിവസത്തില്‍ നിത്യേന നൂറിലേറെ ബലികള്‍ നടക്കുന്ന തീരമാണ്. തീരത്തു ബലിയിട്ട് കടലില്‍ കുളിച്ച്, ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ തൊഴുത്, തിലഹോമം കഴിപ്പിച്ച് മടങ്ങുകയാണ് ആചാരം. ദേവസ്വം വക ബലി മണ്ഡപത്തില്‍ എഴുപത്തഞ്ചു രൂപ കൊടുത്തു ബലിയിടാം. വിശാലമായ തീരത്തിരുന്നു ബലിയിടണമെങ്കില്‍ എട്ടു പത്തു പേര്‍ അവിടെയും ബലിയിടാന്‍ സൗകര്യമൊരുക്കി കാത്തിരിപ്പുണ്ട്. അതില്‍ അഞ്ചു സ്ത്രീകളും ഉണ്ട് ബലിതര്‍പ്പണം നടര്‍ത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനായി. ഗീത എസ്. എന്ന ആറ്റിങ്ങല്‍ അയലം സ്വദേശിനി അതിലൊരാളാണ്. പേര് എഴുതിയ ബോര്‍ഡ് തീരത്തെ മണലില്‍ കുത്തി നിര്‍ത്തി. മണല്‍ കൊണ്ടൊരു തിട്ട തീര്‍ത്ത് ഒരു ഷീറ്റ് വിരിച്ച് അവര്‍ കാത്തിരിക്കുന്നു. അസ്ഥിനിമഞ്ജനം ചെയ്യാനും ആണ്ടു ബലിയും മാസബലിയും ഇടാന്‍ അവര്‍ കാര്‍മികത്വം വഹിക്കും. ചെറുപ്പത്തില്‍ കാന്‍സര്‍ രോഗബാധിതയായതോടെ ഒറ്റയ്‌ക്കൊരു ജീവിതം വേണ്ടിവന്നു. അപ്പോള്‍ മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ ഒരു മാര്‍ഗം വേണമല്ലോ. അതിനായി സ്വയം കണ്ടെത്തിയതാണ് ഈ വഴി. കുടുംബക്കാര്‍ ആരെങ്കിലും മരിച്ച് പുല വാലായ്മ വരാത്ത എല്ലാ ദിവസങ്ങളിലും വെളുത്ത സാരി ചുറ്റി, ചന്ദനക്കുറി തൊട്ട് മുന്നില്‍ വന്നിരിക്കുന്നവര്‍ക്കു മന്ത്രങ്ങള്‍ ചൊല്ലിക്കൊടുക്കുന്ന ഇവരെക്കാണാം. ചെയ്യുന്ന ജോലിയില്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥത വളരെ വ്യക്തമായി കാണാം ഇവരില്‍.


ജോലിയില്ലെന്നു പറഞ്ഞും, രോഗിയെന്നു പറഞ്ഞും നൂറായിരം കാരണങ്ങള്‍ കണ്ടെത്തി മറ്റുള്ളവരെ ആശ്രയിക്കുന്നവരില്‍ നിന്നും ഗീതയെപ്പോലുള്ള വ്യത്യസ്തരാണ്. അവര്‍ സ്വന്തം ഇടം കണ്ടെത്തി അധ്വാനിച്ചു ജീവിക്കുന്നു. ഇതും മാറുന്ന പെണ്‍മുഖമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക