Image

കേരളഗീതം (കവിത: രമ പിഷാരടി)

Published on 05 February, 2024
കേരളഗീതം (കവിത: രമ പിഷാരടി)

കല്പതരുക്കൾ, കേരളമേ നിൻ-

മുദ്രയിലക്ഷരമെഴുതുമ്പോൾ

ദക്ഷിണഭൂമിയിന്ത്യയിലുണരും-

പച്ചപ്പിൻ്റെ  പ്രപഞ്ചമൊഴി!

 

കേരളമേയിത് നിന്നുടെ ഗീതം-

പാടാം നമ്മൾക്കൊന്നായി (2) 

 

നമ്മുടെ ഗാനമിതല്ലോ നിളയുടെ-

സങ്കീർത്തനവും, പ്രാർത്ഥനയും

നമ്മുടെ സ്നേഹമിതല്ലോ അതിരു-

കളൊന്നായൊഴുകും സംഗീതം

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2) 

 

സൂര്യനുണർന്നൊരു പൂർവാംബരമേ! -

രാവുണരുന്നൊരോറബിക്കടലേ

കടലുകളെല്ലാം വന്നണയുന്ന മഹാ-

സാഗരമേ പാടുക, പാടുക

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2) 

 

നമ്മുടെ ഗാനമിതല്ലോ പുഴയുടെ

എന്നും കേൾക്കും സ്വരജതികൾ

നമ്മുടെ ഗീതമിതല്ലോ പശ്ചിമ-

ഘട്ടത്തിൻ്റെയിലത്താളം

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2) 

 

കൊയ്ത്തും, വിളവും,ഗന്ധ-

സുഗന്ധക്കൂട്ടും ചേരും മലയോരം

നാടൻശീലും, തോറ്റം പാട്ടും

നാടക, നൃത്തതരംഗലയം

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി  (2) ..

 

വേഴാമ്പൽ. മഴ, പ്ളാവും, കൊന്ന-

പ്പൂവും ചൂടും ഭൂമികയിൽ

ഗജരാജാവും, തെങ്ങോലകളും

ഇളനീർക്കുംഭവമുണരുമ്പോൾ

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2)

 

കലയുടെ ഗർഭഗൃഹത്തിൽ നിന്നും

കഥകളി മുദ്രകളുണരുന്നു

ഒപ്പന, മാർഗ്ഗം കളിയും, നാടൻ-

പാട്ടും ചേരും സർഗ്ഗലയം

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2) 

 

തകധിമിതകധിമിമഴയുടെ താളം

ധിമിധിമിധിമിധിമി പുഴയുടെയോളം

തത്തോം തത്തോം വള്ളം കളികൾ

താധിമിതാധിമികായൽക്കാറ്റ്

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2) 

 

അക്ഷരമെഴുതിയ മണലിൽ നിന്നും

ആകാശത്തേരേറുമ്പോൾ

മംഗള,ചന്ദ്രഗ്രഹങ്ങൾ തേടും

തുമ്പയ്ക്കെന്തൊരു ഗാംഭീര്യം

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി (2)

 

നാനാത്വത്തിനെയേകത്വത്തിൽ

കൂട്ടിചേർക്കുമിടങ്ങളിലായ്

പാടാം വീണ്ടും കേരളമോണ-

പ്പൂക്കുട ചൂടും ഭൂമിയിലായ്

 

കേരളമേയിത് നിന്നുടെ ഗീതം

പാടാം നമ്മൾക്കൊന്നായി  

പാടാം നമ്മൾക്കൊന്നായി  

പാടാം നമ്മൾക്കൊന്നായി….  

Join WhatsApp News
M N R Nair 2024-02-06 05:45:16
ഗാനം നന്നായി. അക്കാദമിക്ക് അയച്ചു കൊടുക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക