Image

അന്വേഷിപ്പിന്‍ കണ്ടെത്തും  : അവകാശവാദങ്ങളില്ലാതെ  ഒരു സൂപ്പര്‍ സിനിമ

Published on 14 February, 2024
അന്വേഷിപ്പിന്‍ കണ്ടെത്തും  : അവകാശവാദങ്ങളില്ലാതെ  ഒരു സൂപ്പര്‍ സിനിമ

തൊണ്ണൂറുകളിലെ കോട്ടയത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ക്രൈം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍. അതാണ് ടൊവീനോ തോമസ് നായകനാകുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമ. ചിങ്ങവനം എസ്.ഐ ആയി ചാര്‍ജ്ജെടുക്കുന്ന ആനന്ദ് നാരായണന്‍. അയാള്‍ക്കു മുന്നിലെത്തുന്ന ആദ്യത്തെ കേസ് കോളേജ് വിദ്യാര്‍ത്ഥിനിയായ ലൗലി മാത്തന്‍ എന്ന പെണ്‍കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടതാണ്. കോളേജില്‍ നിന്നും മടങ്ങിയ ലൗലിയെ കാണാനില്ലെന്ന അച്ഛന്‍റെ പരാതിയെ തുടര്‍ന്ന് ആനന്ദ് കേസ് അന്വേഷിക്കാന്‍ ഇറങ്ങി പുറപ്പെടുന്നതും തുടര്‍ന്ന് അന്വേഷണത്തിന്‍റെ വഴികളില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും വെല്ലുവിളികളും നിഗൂഢതകളുമാണ് ചിത്രം കാണിച്ചു തരുന്നത്.

കേസന്വേഷണത്തിന്‍റെ ഭാഗമായാണ് ആനന്ദ് ലൗലിയുടെ വീട്ടിലെത്തുന്നത്. അവിടെ അയാള്‍ ഒരു വചനപ്പെട്ടി കാണുന്നു. അതില്‍ നിന്നും എസ്.ഐ ആനന്ദിന് ഒരു വചനം ലഭിക്കുന്നു. " യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും. അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്ക് തുറക്കും." എന്നായിരുന്നു. ഇങ്ങനെ തുടങ്ങുന്ന കഥ പിന്നീട് പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന അനേകം കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്നു. ഒട്ടും അതിഭാവുകത്വങ്ങളും ഏച്ചു കെട്ടലുകളും ബിജിഎമ്മിന്‍റെ അതിപ്രസരമോ ഇല്ലാത തന്നെ ഒരു കുറ്റാന്വേഷണ കഥയ്ക്ക് അനുയോജ്യമായ പിരിമുറുക്കം സൃഷ്ടിച്ചു കൊണ്ട് ചിത്രം മുന്നേറുന്നു.
"അന്വേഷിപ്പിന്‍, നിങ്ങള്‍ കണ്ടെത്തും" എന്ന ബൈബിള്‍ വചനം സത്യമായി ഭവിക്കുന്നതു വരെ കഥയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന നിഗൂഢതയ്ക്കൊപ്പം പ്രേക്ഷകനും സഞ്ചരിക്കുന്നു. കുറ്റമറ്റ തിരക്കഥയും മികവാര്‍ന്ന മേക്കിങ്ങും കൊണ്ട് കുറ്റാന്വേഷണ കഥ തികച്ചും ഭംഗിയായി തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. രണ്ടു പ്രധാനപ്പെട്ട കൊലപാതക കേസുകളുടെ ചുരുളഴിക്കുന്നതിനാണ് കഥയിലെ ശ്രമം. എന്നാല്‍ ത്രില്ലര്‍ മൂവികളില്‍ കണ്ടു പരിചയിച്ച പശ്ചാത്തല സംഗീതമോ, ആക്ഷനോ ഒന്നും ഇതിലില്ല. എന്നു മാത്രമല്ല, വേഗത അല്‍പ്പം കുറവുമാണ്. ഇന്‍വെസ്റ്റിഗേഷന്‍ വളരെ റിയലിസ്റ്റിക്കായി തന്നെ കാണിക്കുന്നുമുണ്ട്.  ശക്തമായ തിരക്കഥയുടെ മുകളിലാണ് കഥയുടെ ചട്ടക്കൂട് പണിതുയര്‍ത്തിയിരിക്കുന്നത്. പ്രമേയത്തിനു കരുത്തു കൂട്ടുന്ന വിധം ഇണങ്ങി നില്‍ക്കുന്ന തൊണ്ണൂറുകളിലെ കഥാപരിസരവും മേക്കിങ്ങും സിനിമയ്ക്ക് മറ്റൊരു ആസ്വാദന തലം നല്‍കുന്നു. ബിജിഎമ്മിന്‍റെ അടമ്പടിയില്ലാതെ ചില സീനുകളില്‍ പരമാവധി നിശബ്ദ്തയുടെ അകമ്പടിയിലുമൊക്കെയാണ് കഥ മുന്നേറുന്നത്. അപ്പോഴും നിഗൂഢതയുടെ ഇരുള്‍ മറയ്ക്കുള്ളില്‍ ആരാണ് എന്നറിയാനുള്ള ആകാംക്ഷ പ്രേക്ഷകരില്‍ നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്.

എസ്.ഐ ആനന്ദ് നാരായണനെ അവതരിപ്പിച്ച ടൊവിനോ തോമസിന്‍റെ ഇരുത്തം വന്ന പ്രകടനം തന്നെയാണ് ചി്ര്തിന്‍റെ ഹൈലൈറ്റ്. മിതമായ സംസാരവും അതിസൂക്ഷ്മമായ ഭാവപ്രകടനവും ചിലപ്പോഴെങ്കിലും  കാക്ക കാക്കയിലെ സൂര്യയുടെ കഥാപാത്രത്തെ ഓര്മ്മിപ്പിച്ചു. ആനന്ദിന്‍െറ ടീമിലെ മൂന്നു പോലീസ് ഉദ്യോഗസ്ഥരായ വന്ന പ്രമോദ് വെളിയനാട്, രാഹുല്‍ രാജഗോപാല്‍, വിനീത് തട്ടില്‍ എന്നിവരും ആനന്ദിന്‍റെ മേലുദ്യോഗസ്ഥരായി എത്തിയ കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. ഇന്ദ്രന്‍സ്, സിദ്ദിഖ്, എന്നിവര്‍ സ്ക്രീന്‍ സ്പേസ് കിട്ടിയ അവരങ്ങളിലെല്ലാം ഗംഭീരമായ പ്രകടന മികവ് കാട്ടി.  ഇവര്‍ക്കൊപ്പം ഹരിശ്രീ അശോകന്‍, ഷമ്മി തിലകന്‍, ബാബുരാജ്, വെട്ടുകിളി പ്രകാശ്, സാദിഖ്,  മധുപാല്‍, നന്ദു, പ്രേം പ്രകാശ്, അനഘ, രമ്യ സുവി, അനഘ മായ രവി, അര്‍ഥന ബിനു എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.

ഡാര്‍വിന്‍ കുര്യാക്കോസ് എന്ന സംവിധായകന്‍റെ ബ്രില്ല്യന്‍സ് മുഴുവന്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ചിത്രമാണ് ഇതെന്ന് നിസംശയം പറയാം.  പ്രേക്ഷകരില്‍ ആദ്യന്തം പിരിമുറുക്കം സൃഷ്ടിച്ചു കൊണ്ട് കഥയില്‍ എന്‍ഗേജ് ചെയ്യിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയെഴുതിയ ജിനു എബ്രഹാമാകട്ടെ, ആര്‍ക്കും ഒരു പിടിയും തരാതെ ത്രില്ലിങ്ങ് മൂഡി നിലനിര്‍ത്തുന്നതില്‍ വിജയിക്കുകയും ചെയ്തു.

വമ്പന്‍ പബ്ളിസിറ്റിയോ പ്രമോഷന്‍ ഷോകളോ ഒന്നുമില്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണിത്. അതു കൊണ്ടു തന്നെ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ക്ക് വലിയ ധാരണയൊന്നും കാണില്ല. പക്ഷേ ചിത്രം കണ്ടിറങ്ങുന്നവര്‍ ഉറപ്പായും പറയും,  സൂപ്പര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക