Image

ഭ്രമയുഗം; ഭയത്തിന്‍റെ ചതുരംഗപ്പലക (റിവ്യൂ)

Published on 18 February, 2024
ഭ്രമയുഗം; ഭയത്തിന്‍റെ ചതുരംഗപ്പലക (റിവ്യൂ)

ഭ്രമയുഗം. പ്രേക്ഷക മനസിനെ ഭയത്തിന്‍റെ നിഗുഢമായ ഇരുട്ടറകളില്‍ തളച്ചിടാന്‍ കുടമണ്‍ പോറ്റിയെന്ന നായകനുമായി ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം. മലയാളത്തിലും ഇതര ഭാഷകളിലുമായി സമീപ കാലത്തിറങ്ങിയിട്ടുള്ള എല്ലാ ഹൊറര്‍ ചിത്രങ്ങളെയും പുറത്തിരുന്ന ഗംഭീര ചിത്രം. നിറങ്ങളുടെ അകമ്പടിയോടെയെത്തി പേരു കേട്ട ഹൊറര്‍ ചിത്രങ്ങളെ കറുപ്പും വെളുപ്പും നിറഞ്ഞ ഭയത്തിന്‍റെ ചതുരംഗപ്പലകയില്‍ വെട്ടിനിരത്തുന്ന മാന്ത്രിക പ്രകടനം. മമ്മൂട്ടി എന്ന മഹാനടന്‍.കുടമണ്‍ പോറ്റി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകന്‍റെ അസ്ഥിയിലേക്ക് ഭയത്തിന്‍റെ തണുപ്പ് നിറയ്ക്കുമ്പോള്‍ മമ്മൂട്ടി എന്ന നടന്‍റെ പ്രതിഭയെ കുറിച്ച് മനസിലാകുന്ന ഒരു വസ്തുതയുണ്ട്. അടിയൊന്നുമായിട്ടില്ല. വടി വെട്ടാന്‍ പോയിട്ടേയുള്ളൂ എന്നു പറയും പോലെ. അഭിനയത്തികവിന് ഓസ്കാറിന് പരിഗണിക്കാന്‍ കഴിയുന്ന ഗംഭീര പ്രകടനം.

പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ വടക്കന്‍ മലബാറിലെവിടെയോ നടന്ന കഥയാണിതെന്ന് ചിത്രത്തിന്‍റെ തുടക്കത്തില്‍ പറയുന്നുണ്ട്. ആ നാട്ടില്‍ തമ്പരാന്‍റെ വീരകഥകള്‍ പാടി നടക്കുന്ന പാണന്‍ നാട്ടില്‍ നടക്കുന്ന യുദ്ധത്തിനിടെ രക്ഷപെടാന്‍ വേണ്ടിനാടു വിടുന്നു. ഒരു കൊടും വനത്തിലല്‍ അടപ്പെടുന്ന പാണന്‍ രക്ഷപെടാന്‍ വേണ്ടി ഓടിക്കയറുന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയൊരു മനയിലാണ്.  മൂന്നു നിലകളിലായി എണ്ണമറ്റ മുറികളും അറയും. മുറ്റത്തും എന്തിന് മനയുടെ തൂണുകളില്‍ പോലും പുല്ലും വൃക്ഷങ്ങളുടെ വേരുകളും ചുറ്റിപ്പിണഞ്ഞ് വളര്‍ന്നു കിടക്കുന്നു. പകല്‍ സമയത്തു പോലും പേടിപ്പെടുത്തുന്ന നിസ്സബ്ദതയും ഇരുട്ടും നിറഞ്ഞ മനയുടെ അകത്തളങ്ങള്‍. പാണന് രക്ഷപെടണം. പക്ഷേ ഏതു വഴി. അയാളുടെ ശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.

ആദ്യത്തെ ഇരുപത് മിനുട്ടില്‍ തന്നെ പ്രേക്ഷക മനസിനെ ഭീതി ജനിപ്പിക്കുന്ന മനയുടെ ഇരുട്ടറകളിലേക്കെത്തിക്കാന്‍ സംവിധായകന് ക്ഴിയുന്നുണ്ട്. അവിടെ നിന്നും പിന്നീട് പുറത്തു കടക്കാന്‍ കഴിയാതെ പാണനൊപ്പം പ്രേക്ഷകനും ഭയചകിതരായി ഉഴലുകയാണ്. ഇരുകൈകളും വിരിച്ച് വാതില്‍പ്പടിയില്‍ വച്ചുകൊണ്ട് കുടമണ്‍ പോറ്റി ചിരിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നടുങ്ങുന്നത് പ്രേക്ഷകരാണ് എന്നു പറയാം. ഇതിനൊപ്പം ടി.ഡി. രാമകൃഷ്ണന്‍ എന്ന പ്രശസ്ത സാഹിത്യകാരന്‍ ഒരുക്കിയ സംഭാഷണങ്ങള്‍ പ്രേക്ഷക മനസില്‍ പതിഞ്ഞു പോകുന്നുണ്ട്. വിധി, വിശ്വാസം, കാലം, സമയം, ഓരോ ചുവടിലും പതിയിരിക്കുന്ന മരണത്തെ കുറിച്ച് അങ്ങനെ പാണന്‍ പാടുന്ന പഴമ്പാട്ടുകളിലും ജീവിതത്തിന്‍റെ ദാര്‍ശനികതയുടെ മിന്നലാട്ടങ്ങള്‍ നിറഞ്ഞിരിക്കുന്നു.  

മമ്മൂട്ടി അവതരിപ്പിക്കുന്ന മനയിലെ കൊടുമണ്‍ പോറ്റി. അധികാരത്തിന്‍റെ ഗര്‍വ്വാണ് അയാളുടെ മുഖത്തും ശരീരഭാഷയിലകെയും. മമ്മൂട്ടിയെന്ന നടന്‍ ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം മാറ്റി നിര്‍ത്താം. അത്രയ്ക്കുണ്ട് ഈ കഥപാത്രത്തിനു വേണ്ടിയുള്ള ഈ നടന്‍റെ സമര്‍പ്പണം. അതിന്‍റെ തെളിവ് സിനിമയിലൊരിടത്തും പ്രേക്ഷകന് മമ്മൂട്ടിയെന്ന നടനെ കാണാന്‍ കഴിയില്ല എന്നതാണ്. കറുപ്പിലും വെളുപ്പിലും സ്ക്രീനില്‍ നിറഞ്ഞാടുന്ന ഭയം ജനിപ്പിക്കുന്ന മനുഷ്യരൂപം. മഹാനടനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്നത് പാണനായി എത്തുന്ന യുവനടന്‍മാരില്‍ ശ്രദ്ധേയനായ അര്‍ജ്ജുന്‍ അശോകനും മനയിലെ വേലക്കാരനായി എത്തുന്ന സിദ്ധാര്‍ത്ഥുമാണ്. ഈ രണ്ടു യുവതാരങ്ങളുടെയും കരിയറിലെ തന്നെ ഏറ്റവും മിക്ചച കഥാപാത്രങ്ങളായിരിക്കും ഭ്രമയുഗത്തിലേതെന്ന് സംശയമില്ല.

മലയാള സിനിമയിലെ പരമ്പരാഗത ഹൊറര്‍ ചിത്രങ്ങളുടെ പരമ്പരാഗത വഴികളില്‍ നിന്നും പാടേ മാറി സഞ്ചരിച്ചു കൊണ്ടാണ് രാഹുല്‍ സദാശിവന്‍ എന്ന സംവിധായകന്‍ ഭ്രമയുഗം എന്ന ചിത്രം ഒരുക്കിയിട്ടുള്ളത്. നിറങ്ങളില്‍ നീരാടാതെ ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍ കഥ പറയാന്‍ കാണിച്ച തന്‍റേടത്തിന് മാര്‍ക്ക് കൊടുക്കണം.  ഓരോ സീനിലും നടുക്കുന്ന എന്തെങ്കിലും കരുതി വച്ചു കൊണ്ടുള്ള കഥപറച്ചില്‍. അടുത്ത രംഗമെന്തെന്ന് ഒരു തരത്തിലും പിടി തരാത്ത മേക്കിങ്ങ്. കൊടുമണ്‍ പോറ്റിയെ കുറിച്ച് ഒരു പിടിയും തരാതെയുള്ള കഥാഗതി. മേല്‍ക്കൂര പൊട്ടിയൊലിക്കുന്ന വെള്ളം വീഴുന്ന ഒച്ച പോലും ഭയപ്പെടുത്തുന്ന അവസ്ഥയിലാണ് പ്രേക്ഷകര്‍. അതു തന്നെയാണ് സംവിധായകന്‍റെ വിജയവും. ഭീതിജനകമായ രീതിയില്‍ മികച്ച ഛായാഗ്രഹണം നിര്‍വഹിച്ച ഷെഹ്നാദ് ജലാല്‍, ചിത്രത്തിന്‍റെ മൊത്തിലുള്ള മൂഡിനനുസരിച്ച് സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യര്‍ എന്നിവരും സിനിമ വിജയിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്.

ഏതായാലും ലോകോത്തര നിലവാരത്തില്‍ ഹൊറര്‍ ചിത്രങ്ങളെടുക്കാന്‍ കഴിവുള്ള സംവിധായകരും നടന്‍മാരും ഇവിടെയുണ്ടെന്ന് തെളിയിക്കുന്ന ചിത്രമാണ് ഭ്രമയുഗം. വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുന്ന അപൂര്‍വ ചിത്രം.

Join WhatsApp News
Abdul Punnayurkulam 2024-02-18 21:45:15
Let's hope for the best.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക