Image

എന്റെ കുറിപ്പുകൾ 2024 (ഭാഗം-6: സോയ നായര്‍) 

Published on 18 February, 2024
എന്റെ കുറിപ്പുകൾ 2024 (ഭാഗം-6: സോയ നായര്‍) 

13.Time will not Wait for You so will not People! 

സൗകര്യങ്ങൾ കൂടുമ്പോഴാണു നാം പലപ്പോഴും ബന്ധങ്ങളെ മറക്കുന്നത്‌. ഒന്നുമില്ലായ്മക്കാലത്ത്‌ നാം എത്ര പേരെയാണു പല ആവശ്യങ്ങൾക്കായ്‌ ‌ സമീപിക്കുന്നത്‌. അന്നൊക്കെ സമയം ഉണ്ടാക്കി എന്തെല്ലാംചെയ്യുവായിരുന്നു. കൂട്ടുകാർക്കൊപ്പം കളിക്കാനും, പുസ്തകങ്ങൾ വായിക്കാനും, മിണ്ടിയും പറഞ്ഞുമിരിക്കാനും എന്നു വേണ്ട കള്ളത്തരങ്ങളും ചതിയും ഒന്നുമില്ലാതെ പങ്കിട്ടും പകുത്തും എല്ലാവരും ഒരു കുടുംബം പോലെ സ്നേഹിച്ച്‌ കഴിഞ്ഞിരുന്ന കാലം. പട്ടിണി ആണെങ്കിലും എല്ലാവരും കൂടിയിരുന്ന് ഒരു വറ്റേ ഉള്ളുവെങ്കിലും പങ്കിട്ട്‌ കഴിക്കുന്നതിന്റെ സുഖം ഇന്നുണ്ടോ? ഒരു മുറിക്കുള്ളിൽ ഒരു പായ വിരിച്ച്‌ കുടുംബാഗങ്ങൾ എല്ലാവരും നിരന്ന് കിടന്ന് ഉറങ്ങുന്നത്‌ അന്ന് ആഹ്ലാദനിമിഷം ആയിരുന്നു. അന്നൊക്കെ വീട്ടിൽ ബന്ധങ്ങൾക്ക്‌ മഹത്വം ഉണ്ടായിരുന്നു. പരസ്പരം സ്നേഹം ഉണ്ടായിരുന്നു. എല്ലാവരും തമ്മിൽ തമ്മിൽ മിണ്ടുവായിരുന്നു, പാട്ടു പാടുമായിരുന്നു തമാശകൾ പറയുമായിരുന്നു.അന്നൊക്കെഫോണും റ്റീവിയും ഒക്കെ ആഡംബരവസ്തു മാത്രമായിരുന്നു.. പണമുള്ളവരുടെ വീട്ടിൽ മാത്രം ഉള്ളത്‌.. ഫോണെടുത്ത നാളുകളിൽ അന്നൊരു ഫോൺ ആരെങ്കിലും വിളിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുള്ള നിമിഷങ്ങൾ എനിക്ക്‌ ഉണ്ടായിരുന്നു.

ഇന്ന് ആ കാലം മാറി.. എല്ലാവർക്കും എല്ലാം ആവശ്യത്തിലധികം ഉണ്ടായി.. ഫോൺ, ടിവി, കാർ അങ്ങനെ എല്ലാം. എന്നാലോ സൗകര്യങ്ങൾ കൂടിയതനുസരിച്ച്‌ കൂട്ടത്തിൽ ഒരുമിച്ചിരിക്കാൻ, പരസ്പരം സ്നേഹിക്കാൻ , പാട്ടു പാടാൻ, തമാശകൾ പറയാൻ കുടുംബവുമൊത്ത്‌ ഒന്നു ഉല്ലസിക്കുവാൻ നമ്മുടെ സമയം കുറച്ച്‌ കൊണ്ടുമിരുന്നു.  ബന്ധങ്ങളൊക്കെ അധികപ്പറ്റായി. സുഹ്യത്തുക്കളൊക്കെ അന്യരായി. മിണ്ടാട്ടമില്ലാതെ സ്നേഹമൊക്കെ കാണുമ്പോഴുള്ള അഭിനയങ്ങളായി. എല്ലാവർക്കും ഫോൺ ഉണ്ടെങ്കിലും ആരെയും വിളിക്കാൻ നേരമില്ല, വിളിച്ചാലോ ഫോൺ എടുത്താൽ മിണ്ടാനും മാത്രം ആർക്കും ഒന്നുമില്ല. ഒരു വിളിപ്പാടകലെ ഉള്ളവരെ പോയി ഒന്നു കാണാൻ നേരം ഇല്ല. അതോടൊപ്പം സമയം ഇല്ലാ എന്ന് പറഞ്ഞ്‌ മനപ്പൂർവ്വം നമ്മളെ അവഗണിക്കുന്ന കുറച്ചു പേരും..!

തിരക്കുള്ളവരായി ജീവിക്കാൻ തുടങ്ങിയാൽ പിന്നെ വേറെ ഒന്നിനും നേരം കാണില്ല എന്നതാണു സത്യം . ബന്ധുക്കളിൽ തുടങ്ങി കൂട്ടുകാരിൽ വരെ എന്നെ ഇങ്ങോട്ട്‌ ഫോൺ വിളിക്കുന്നവർ അന്നുമിന്നും വളരെ കുറവാണു.. (ഇടയ്ക്കെങ്ങാനും വരുന്ന ഫേവർകാളുകൾ ഒഴികെ). എങ്കിലും അടുപ്പമുള്ള എല്ലാവരെയും ഞാൻ പറ്റണ പോലെ ഇടയ്ക്കെങ്കിലും വിളിക്കാൻ ശ്രമിക്കും.. അല്ലെങ്കിൽ മെസേജ്‌ ഇടും. ചിലപ്പോഴെങ്കിലും എന്നെ ആരെങ്കിലും ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട്‌. നമുക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നൽ നൽകുന്ന മനോബലം അത്ര വലുതാണു. ബന്ധുക്കളും  സുഹ്യത്തുക്കളുമില്ലാതെ ഒറ്റപ്പെട്ട്‌ അന്യനാട്ടിൽ  താമസിക്കുന്നവർക്ക്‌ മാത്രം അറിയാൻ കഴിയുന്ന സങ്കടംആണു അത്‌. ആരും തിരക്കാതെ, നിനക്ക്‌ സുഖമാണൊ എന്ന് ചോദിക്കാനാരും ഇല്ലാതെ പോകുന്നവർക്ക്‌ ‌ ഉള്ളു നീറ്റുന്ന നോവാണത്‌.. അമേരിക്കേന്നു നിനക്കു എന്താ ഞങ്ങളെ ഇടയ്ക്ക്‌ ഇടയ്ക്ക്‌ വിളിച്ചാൽ എന്ന് പരാതി പറയുന്നവർക്ക്‌ അത്‌ മനസ്സിലാകുല്ല( അവരവരുടെ ഫോണിലും ഈ സൗകര്യങ്ങൾ ഉണ്ടല്ലോ)..

 ആർക്കും എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.. അതു കൊണ്ട്‌ എല്ലാവരും സൗഹ്യദങ്ങളെ, ബന്ധങ്ങളെ ഒരിക്കലും അവഗണിക്കരുത്‌. അവരെ സ്നേഹിക്കുക, പരിഗണിക്കുക, പരസ്പരംഅന്വ്വേഷിക്കുക. പക, ദേഷ്യം, വെറുപ്പ്‌ ഇതൊക്കെ നമുക്ക്‌ എല്ലാവർക്കും ഉള്ള വികാരങ്ങളാണു. ആ വികാരങ്ങളെ ഉള്ളിലൊതുക്കി പ്രതികാരവുമായി നടക്കുമ്പോൾ നാം മനസ്സിലാക്കാതെ പോകുന്ന ഒന്നുണ്ട്‌. ആയുസ്സ്‌ അത്‌ ഉറപ്പില്ലാത്ത വസ്തു ആണെന്ന്. വല്ലപ്പോഴുമുള്ള ഒരു ഫോൺ വിളി, സന്ദേശം അയയ്ക്കൽ, സ്നേഹത്തോടെയുള്ള മിണ്ടലുകൾ ഇതൊക്കെ എനിക്ക്‌ ആശ്വാസം ആണു എന്നത്‌ പോലെ ചിലപ്പോൾ അത്‌ മറ്റൊരാൾക്കും ആശ്വാസം ഉണ്ടാക്കുന്ന വാക്കുകളാണെന്നു ഒരിക്കലും തിരിച്ചറിയാതെ പോകരുത്‌ ഒരാളും..ഒന്നും നാളെ നാളെ എന്നു നീട്ടി വെയ്ക്കരുത്‌. എല്ലാം മറന്ന് ഒന്നു മിണ്ടാൻ കൊതിക്കുമ്പോൾ ആ ഒരാൾ മറുതലയ്ക്കൽ ഇല്ലെങ്കിൽ...!!
നഷ്ടപ്പെടുത്തുന്നിടം വരെ ഒരിക്കലും കാത്തിരിക്കരുത്‌.
കാരണം, ആ കാത്തിരിപ്പ്‌ പിന്നീട്‌ നൽകുന്നത്‌ തീരാവേദനയായിരിക്കും..!ആ ഒരാൾ നിങ്ങളുടെ വിളിക്കായി കാതോർക്കുന്നുണ്ടാകാം. വൈകരുത്‌ ഒന്നിനും..!


14. Trust is  needed to maintain Relationship

ആൺകുട്ടികളുമായും പെൺകുട്ടികളുമായും സൗഹ്യദം കൂടുമ്പോൾ നമ്മളെല്ലാവരും ആഗ്രഹിക്കുന്ന ഒന്നുണ്ട്‌ വിശ്വാസം, കരുതൽ, സ്നേഹം. അത്രയും നന്നായി ചങ്ങാത്തം കൂടി പെൺകുട്ടികളോട്‌ അടുക്കുന്ന ആൺകുട്ടികൾക്കുള്ളിൽ നമ്മൾ കരുതുന്നതിനുമപ്പുറം ഒരു വ്യത്തികെട്ട മനസ്സ്‌ ഉണ്ടെന്നറിയുന്നിടത്ത്‌ തകർന്നു വീഴും അവരോടുള്ള വിശ്വാസം. പിന്നീടൊരിക്കലുമവരെ ഒരു നല്ല ചങ്ങാതി എന്ന ഗണത്തിൽ കാണാനും സാധിക്കില്ല.. ചിലരുടെ സൗഹ്യദങ്ങൾ കപടമാണു. മനസ്സിൽ ദു:ഷ്ചിന്തകളും പുറമേ ചങ്ങാതിത്തോലും. എല്ലാ പെൺകുട്ടികളും വാക്കുകൾ കൊണ്ട്‌ അല്ലെങ്കിൽ പ്രവ്യത്തി കൊണ്ട്‌ ചിലപ്പോൾ ഇത്തരമൊരു മോശം സാഹചര്യം ഒരിക്കലെങ്കിലും നേരിട്ടിട്ടുണ്ടാകാം. അങ്ങനെ മോശമായി ചിന്തിക്കുന്നവരെ സൗഹ്യദവലയത്തിൽ നിന്നും അകറ്റി നിർത്തുക. ഒരു നല്ല ചങ്ങാതി ഒരിക്കലും മറ്റൊരു ചങ്ങാതിയെ വാക്കുകൾ കൊണ്ട്‌ പോലും അപമാനിക്കില്ല. എല്ലാ ബന്ധങ്ങളെയും ബഹുമാനിക്കണം. ബന്ധങ്ങളിൽ പരസ്പരവിശ്വാസം ഒരിക്കൽ തകർന്നാൽ പിന്നെ എത്ര കൂട്ടാൻ നോക്കിയാലുമത്‌ പഴയ പോലെ കൂടില്ല...  വിശ്വാസമാണല്ലോ എല്ലാം.. ചങ്ങാതിമാരെ തെരഞ്ഞെടുക്കുമ്പോൾ നമ്മൾ എത്ര സൂക്ഷിച്ചാലും 
പിഴവ്‌ പറ്റിയെന്നറിഞ്ഞാൽ പിന്നീട്‌ ആ സൗഹ്യദത്തിൽ തുടരാതിരിക്കുക. 

15. Smile Please.! 

നമ്മളൊന്നു ചിരിച്ചാൽ പോലും തിരിച്ചു ചിരിക്കാതെ ഊതി വീർപ്പിച്ച കവിളുമായി, മസിലു പിടിച്ച്‌ നടക്കുന്ന കുറെപ്പേരെ ജീവിതത്തിൽ കണ്ടിട്ടുണ്ട്‌.. അപ്പോളൊക്കെ സ്വാഭാവികമായും തോന്നിയിട്ടുണ്ട്‌ എന്താണു ഇവർക്ക്‌ ചിരിക്കാൻ ഇത്ര വൈക്ലബ്യം. ചിരിക്കാതെ ഇങ്ങനെ കടന്നു പോകുന്നവരെ നോക്കി പലരും ( ഞാനുൾപ്പെടെ) അടക്കത്തിൽ പറയാറുമുണ്ട് ഇവൾക്ക്‌/ ഇവനു ഒന്നു ചിരിച്ചാൽ എന്താ, മുത്ത്‌ പൊഴിയുമോ?.. ഒന്നു ചിരിച്ചിരുന്നേൽ ആ കുട്ടിക്ക്‌ ഒന്നു കൂടി ഭംഗിയുണ്ടായിരുന്നേനേ...

ഞാൻ ആണു എല്ലാം തികഞ്ഞവർ എന്ന ഭാവം കൊണ്ടാണോ,  കൂടുതൽ എന്തൊക്കെയോ ഉണ്ടെന്ന അഹങ്കാരം തലയ്ക്ക്‌ പിടിച്ചിട്ടാണോ അതോ ചിരിച്ചാൽ കുറെയധികം സൗഹ്യദബാധ്യതകൾ അധികം വരും എന്നത്‌ കൊണ്ടാണോ എന്തോ ഇവരൊക്കെ ഇങ്ങനെ ഗൗരവം പിടിച്ച്‌ പെരുമാറുന്നത്‌. പല സ്ഥലങളിലും ചില വീടുകളിലും പിന്നെയും പോകണം എന്ന  ‌ താൽപ്പര്യം നമുക്ക് എന്ത്‌ കൊണ്ടാണു തോന്നുന്നത്‌ . അവിടെ ഉള്ളവരുടെ നല്ല സമീപനം കൊണ്ടല്ലേ.എന്നാൽ ഒന്നാലോചിച്ചേ, നമ്മൾ ചിരിച്ചിട്ടും, തിരിച്ച്‌ ചിരിക്കാൻ പോലും പിശുക്ക്‌ കാട്ടുന്ന,  അല്ലെങ്കിൽ മനപ്പൂർവ്വം തലവെട്ടിച്ച്‌ നമ്മളെ അവഗണിച്ച്‌ ‌ ചിരിക്കാതെ കടന്നു പോകുന്നവരുടെ  അടുത്തേക്ക്‌ പോകാൻ നിങ്ങൾ ഇഷ്ടപ്പെടാറുണ്ടോ? അങ്ങനെ ഒരിടത്തേക്ക്‌ പോകാൻ യാതൊരു താൽപ്പര്യവും എനിക്കുണ്ടാകാറില്ല.  അത്‌ എന്റെ അഹങ്കാരം കൊണ്ടോ, ഞാൻ എന്ന ഭാവം കൊണ്ടോ അല്ല.. പകരം അവർക്ക്‌ നമ്മളോട്‌ ഇടപഴകാൻ താൽപ്പര്യമില്ലെങ്കിൽ വെറുതേ എന്തിനു അവരെ ബുദ്‌ധിമുട്ടിക്കണം അല്ലെങ്കിൽ നമ്മളുടെ ചിരിയെന്തിനു വെറുതേ പാഴാക്കണം എന്ന ചിന്ത കൊണ്ടാണു.. ആ ചിരി അർഹതപ്പെട്ടവർക്ക് നൽകാമല്ലോ.. 

നമ്മുടെ ഒരു ചിരി കൊണ്ട്‌ മറ്റൊരു മനുഷ്യന്റെ മാനസ്സികപ്രയാസങ്ങൾക്ക്‌ അറുതി വരുത്താൻ നമ്മൾക്ക്‌ കഴിയുമെന്നത്‌ എത്ര സത്യമാണു... ഒത്തിരി സങ്കടങ്ങൾ കൊണ്ട്‌ നടക്കുന്നവർക്ക്‌ അരികിലിരുന്ന് പുഞ്ചിരിയോടെ അവരുടെ പ്രയാസങ്ങൾ കേട്ട്‌, അവരെ ആശ്വസിപ്പിക്കുമ്പോൾ ഒരു നിമിഷത്തേക്ക്‌ എങ്കിലും അവരുടെ മാനസിക സമ്മർദ്ദങ്ങളെ നമ്മൾ ഇല്ലാതാക്കുകയല്ലേ ചെയ്യുന്നെ. ഒത്തിരി ദു:ഖങ്ങൾ കൊണ്ട്‌ നടക്കുമ്പോൾ ചിരിക്കാൻ തോന്നില്ല എന്ന് പറയുന്നവരും ഉണ്ട്‌. പക്ഷെ, ആ ചെറുചിരി ചിലപ്പോൾ കൊണ്ട്‌ നടക്കുന്ന ദു:ഖത്തിനു ഒരു ആശ്വാസമായി തീർന്നാലോ? 

എന്റെ പരിചയത്തിലുള്ള ഒരമ്മയുടെ കഥയാണു എനിക്കോർമ്മ വരുന്നത്‌. അവരുടെ ഏറ്റവും വലിയ ദു: ഖമായിരുന്നു 10 കൊല്ലത്തോളമായി ആലോചനകൾ നടക്കുന്നു. മകളുടെ കല്യാണമൊന്നും ശരിയാകുന്നതേ ഇല്ല എന്നതു. അങനെ ഇരിക്കെയാണു ഒരസുഖത്തിന്റെ ചികിൽസയ്ക്കായി അമ്മയ്ക്ക്‌ ആശുപത്രിയിൽ പോകേണ്ടതായി വന്നത്‌. അവിടെ തന്റെ ഊഴവും കാത്തിരിക്കുന്ന നേരത്താണു അടുത്തിരുന്നവരോട്‌ ഒന്നു ചിരിച്ചത്‌. അവരും തിരിച്ചു ചിരിച്ചു. ആ ഒരു ചിരിയിലൂടെ പിന്നീട്‌ പതിയെ പതിയെ കാര്യങ്ങൾ സംസാരിച്ച്‌ വന്നപ്പോഴാണു അവരുടെ മകനും വിവാഹാലോചനകൾ ധാരാളം വരുന്നു ഒന്നും ശരിയാകുന്നില്ല എന്ന സങ്കടം പങ്കു വെച്ചതു. വിവാഹം ആലോചിക്കുന്ന അറിയാവുന്ന പെൺകുട്ടികൾ ഉണ്ടോ എന്നൊരൊറ്റ ചോദ്യം 
അവർ ചോദിച്ചതും ആ അമ്മ തന്റെ മകളുടെ കാര്യം പറഞ്ഞു. ഇന്നവരുടെ മക്കൾ  സന്തോഷത്തോടെ വിവാഹിതരായി കഴിയുന്നു.. ഇതൊരു നിസ്സാരകാര്യമല്ലേ എന്ന് വിചാരിക്കാം. പക്ഷെ, വെറും ഒരു ചിരിയിൽ തുടങ്ങിയ സംഭാഷണം ആ അമ്മമാർക്ക്‌ നൽകിയത്‌ അവരുടെ വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണു.. 

അഹങ്കാരം തലയ്ക്ക്‌ പിടിച്ച്‌ , പിന്നിട്ട വഴികൾ മറന്ന്, ചിരിക്കാതെ തലവെട്ടിച്ച്‌ ഗമയോടെ മറ്റുള്ളവരെ പുച്ഛത്തോടെ കാണുന്ന ആ ഭാവം അത്‌ നമ്മളുടെ ജീവിതത്തിനു നാശം മാത്രമേ തരികയുള്ളൂ.. യാതൊരു ചെലവുമില്ലാതെ മറ്റൊരാളുടെഹ്യദയം കീഴടക്കാനും, മാനസ്സികസമ്മർദ്ധങ്ങളിൽ ആശ്വാസം പകർന്ന് നൽകാനും, സന്തോഷത്തോടെ ജീവിക്കാനും, സൗഹ്യദബന്ധങ്ങൾ സ്ഥാപിക്കാനും, ആരോഗ്യത്തിനും ഉപകാരപ്രദമായ നമ്മളുടെ സുന്ദരമായ ചിരിയെ നമ്മൾ അവഗണിക്കാതിരിക്കുക..ഇന്ന് നമ്മൾ എത്ര  മസ്സിലു പിടിച്ചാലും ഇല്ലെങ്കിലും എല്ലാവർക്കും അനുവദിച്ചിട്ടുള്ള ആയുർദൈർഘ്യം തീരുമ്പോൾ തിരികെ പോകേണ്ടവരാണു നമ്മൾ എല്ലാവരും.. പിന്നെ എന്തിനാ ഇങ്ങനെ ചിരിക്കാൻ പിശുക്കണേ.. . എന്നും ഒരു ചെറുപുഞ്ചിരിയോടെ ജീവിതത്തെ സമീപിക്കുക.. ആ ഒരു പുഞ്ചിരിയിലൂടെ ലഭിക്കുന്ന ഊർജ്ജം നമുക്കും നമുക്ക്‌ ചുറ്റുമുള്ളവരുടെയും ജീവിതത്തിൽ  പ്രകാശം പരത്തും.. ആ പ്രകാശത്തിന്റെ വെളിച്ചം ജീവിതത്തെ കൂടുതൽ സുന്ദരമാക്കും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക