Image

തോറ്റംപാട്ടിൽ ധന്യമായ പൊങ്കാലക്കാലം (ദുർഗ മനോജ്)

Published on 25 February, 2024
തോറ്റംപാട്ടിൽ ധന്യമായ പൊങ്കാലക്കാലം (ദുർഗ മനോജ്)

ഇന്ന് ആറ്റുകാൽ പൊങ്കാല. പതിവുപോലെ കേരളത്തിൻ്റെ തലസ്ഥാന നഗരി പൊങ്കാല അടുപ്പുകൾ കൊണ്ടു നിറഞ്ഞു. നാടും മേടും താണ്ടി സ്ത്രീകൾ അനന്തപുരിയുടെ മണ്ണിലേക്കു വന്നിറങ്ങിക്കഴിഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിൻ പത്തു ദിവസം വരെ നീണ്ടു നിൽക്കുന്ന തോറ്റംപാട്ട് ആരംഭിക്കുന്നതോടെയാണ് ആറ്റുകാൽ പൊങ്കാല ഉത്സവത്തിനും തുടക്കമാകുന്നത്.

ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി ഉത്സവം ആരംഭിക്കുന്നതു മുതൽ പത്തു ദിവസം വരെ ക്ഷേത്രത്തിനു മുന്നിലെ പച്ചപ്പന്തലിൽ തോറ്റംപാട്ടു നടക്കും. ക്ഷേത്ര മുറ്റത്ത് പച്ചോല മേഞ്ഞ പാട്ടുപുര കെട്ടി, അതിനുള്ളിലെ മൺതിട്ടപ്പുറത്തിരുന്നാണ് പാട്ടു പാടുന്നത്. കണ്ണകീചരിതമാണ് പ്രമേയം. വാമൊഴിയായിട്ടാണ് ഈ പാട്ട് തലമുറകൾ കൈമാറി വരുന്നത്. ഇത് എഴുതിപ്പഠിക്കാൻ പാടില്ലെന്നാണ് വിശ്വാസം. തോറ്റംപാട്ടുകാർ കൊടുങ്ങല്ലൂരമ്മയുടെ ചൈതന്യത്തെ പാട്ടു പാടി ക്ഷേത്ര സന്നിധിയിലേക്ക് ആവാഹിക്കുന്നു.
ആറ്റുകാലിൽ തുടരുന്ന തോറ്റംപാട്ടിന് ഇപ്പോൾ നേതൃത്വം നൽകുന്നത് കൊഞ്ചിറവിള കല്ലടി മുഖം കുന്നത്ത് വീട്ടിൽ ജി.മധു ആശാനാണ്.ഒരു ലക്ഷത്തിൽപ്പരം വരികൾ ഉണ്ട് തോറ്റംപാട്ടിൽ. ഇത് മുഴുവൻ കാണാപ്പാഠം പഠിച്ചാണ് തോറ്റംപാട്ടുസംഘം ഇതു പാടുന്നത്.

ഇന്നു രാവിലെ പന്തലിനോടു ചേർന്ന് ഒരുക്കുന്ന പണ്ടാര അടുപ്പിൽ ശ്രീകോവിലിനുള്ളിൽ നിന്നുള്ള ദീപം കൊണ്ട് കീഴ്ശാന്തിമാർ അഗ്നി പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത്. ആദ്യ നിവേദ്യം ഒരുക്കുന്നതും ഇവിടെയാണ്. ഉച്ചക്കു രണ്ടര മണിക്ക് നിവേദ്യം തളിക്കുന്നതോടെ ഇത്തവണത്തെ പൊങ്കാല മഹോത്സവം സമാപിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക