Image

സുജ ഔസോ  വെസ്റ്റേൺ റീജിയനിൽ നിന്ന്  ഫോമാ  നാഷണൽ കമ്മിറ്റിയിലേക്ക്   

Published on 06 March, 2024
സുജ ഔസോ  വെസ്റ്റേൺ റീജിയനിൽ നിന്ന്  ഫോമാ  നാഷണൽ കമ്മിറ്റിയിലേക്ക്   

ഫോമ വിമൻസ് ഫോറം ചെയർ  എന്ന നിലയിൽ   തിളക്കമാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്ന  സുജ ഔസോ വെസ്റ്റേൺ റീജിയനിൽ നിന്ന് നാഷണൽ കമ്മിറ്റിയിലേക്ക്.   

വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ച  സുജ ഔസോ  ഫോമാ കൺവൻഷനിൽ നടന്ന ഏക വിവാഹത്തിലെ നായിക എന്ന നിലയിൽ സംഘടനയിൽ  ഏവർക്കും സുപരിചിതയാണ്.  

ഫോമാ കേരളാ കൺവെൻഷന്റെ മൂന്ന് പ്രധാന പദ്ധതികൾ  ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും ചുക്കാൻ പിടിച്ചത് സുജാ ഔസോയുടെ നേതൃത്വത്തിൽ വിമൻസ് ഫോറമാണ്.  ഓരോ മാസവും ഒന്നിനുപുറകെ ഒന്നായി വേറിട്ട പരിപാടികളും പദ്ധതികളുമായി മുന്നോട്ടുവന്നുകൊണ്ട് സംഘടനയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുവാനും ഫോറത്തിനായി.  

നിശബ്ധവുമായ ചാരിറ്റി പ്രവർത്തനങ്ങളാണ് സുജ ഔസോയെ  വ്യത്യസ്തയാക്കുന്നത്. ഫോമായുടെ  തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പ്രോജക്ട് പ്രഖ്യാപിച്ചയുടൻ അതിനു പതിനായിരം ഡോളർ നൽകാൻ അവർ സന്മനസ് കാട്ടി. ഫിലിപ്പ്  ചാമത്തിൽ ഫോമ  പ്രസിഡന്റായിരിക്കെ  കടപ്ര ഗ്രാമത്തിൽ  ഔസോയും കുടുംബവും ആറ്  വീടുകൾ നൽകി. ഇതല്ലാതെ ആരും അറിയാതെ ചെയ്യുന്ന ഒട്ടേറെ കാരുണ്യ പ്രവർത്തികൾ അവരെ ശ്രദ്ധേയ  ആക്കുന്നു .

തുമ്പമൺ തയ്യിൽ കുടുംബാംഗമായ സുജ 1978-ൽ ആണ്  അമേരിക്കയിലെത്തുന്നത്. കാലിഫോർണിയയിൽ കൈസർ പെർമനന്റ് ഹോസ്പിറ്റലിൽ, 40  വർഷം  ജോലി ചെയ്തു. രണ്ട് മക്കൾ, ആൻഡ്രുവും മിറയായും.

VMASC, KALA, Oruma, IEMA എന്നിവയിൽ അംഗമായ സുജ ഔസോ യാത്രയും മറ്റുള്ളവരെ സഹായിക്കുന്നതുമാണ് ഏറ്റവും ആഹ്ലാദകരമായി  കാണുന്നത്.

2012-ൽ  കാര്‍ണിവല്‍ ഗ്ലോറി എന്ന  കപ്പലിൽ  ഫോമാ  കണ്‍വന്‍ഷൻ നടക്കുമ്പോഴാണ് സുജയും ഫോമായുടെ സ്ഥാപക നേതാക്കളിലൊരാളായ ജോസഫ് ഔസോയും വിവാഹിതരാകുന്നത്.   കൺവൻഷനിൽ ഒരു വിവാഹം  സംഘടനകളുടെ ചരിത്രത്തില്‍ ആദ്യത്തെ സംഭവം. ആ റെക്കോർഡിന് ഇനിയും മാറ്റമില്ല.

കപ്പല്‍ ക്യാപ്റ്റന്‍ ഇറ്റലിക്കാരനായ സാല്‍ വത്തോറെ റസാലെ കാര്‍മ്മികനായി. വിവാഹം നടത്താന്‍ ക്യാപ്ടനു നിയമാനുമതിയുണ്ട്. തീര്‍ത്തൂം റൊമാന്റിക് ആയ ഈ അന്തരീക്ഷത്തില്‍ ഇത്തരമൊരു മംഗള കര്‍മ്മം തികച്ചും ഉചിതമാണെന്നദ്ധേഹം പറഞ്ഞു.  

ജോസഫ് ഔസോ ആദ്യ നാഷനൽ കമ്മിറ്റി അംഗവും 2010-2012 കാലയളവിൽ ട്രഷററും ആയിരുന്നു. ബൈലോ കമ്മിറ്റി ചെയർമാൻ ,അഡ്വൈസറി കമ്മിറ്റി  വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.    ഇപ്പോൾ ജുഡീഷ്യൽ കൗൺസിൽ അംഗം  

'ജീവിതം അത്യാവശ്യം സെറ്റിൽ ആവുമ്പോൾ സ്ത്രീകളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നുള്ള തീരുമാനം ഇന്നും ഇന്നലെയും എടുത്തതല്ല. കുട്ടിക്കാലത്ത് ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന കാലയളവിൽ തന്നെ  പാവപ്പെട്ടവരെ കാണുമ്പോൾ അനുകമ്പ തോന്നിയിരുന്നു. എന്നെങ്കിലും, കാശുണ്ടായാൽ മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഭർത്താവ് ജോസഫ് ഔസോയും ധാരാളം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ്,' തന്റെ ജീവിത തത്വശാസ്ത്രത്തെക്കുറിച്ച അവർ മുൻപ് പറയുകയുണ്ടായി .  

കാലിഫോർണിയ ലോസ് ആഞ്ചലസിലെ വാലി ക്ലബ്, ഒരുമ, ഇൻലൻഡ് എമ്പയർ എന്നീ സംഘടനകളിൽ പ്രവർത്തിച്ച ശേഷമാണ്   ഫോമായുടെ ഭാഗമാകുന്നത്. 2012 മുതൽ ഫോമായിൽ സജീവമാണ്.  ഫോമായുടെ ഏതെങ്കിലും സ്ഥാനം വഹിക്കുകയാണെങ്കിൽ കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാമെന്ന് മനസ്സിലാക്കിക്കൊണ്ടാണ്, വനിതാ ഫോറത്തിന്റെ ചെയർപേഴ്സൺ ആകാൻ അവസരം ലഭിച്ചപ്പോൾ അത് സ്വീകരിച്ചതുതന്നെ.

Suja Ouso is president of Kerala Catholic Association of Sothern California

നാഷണൽ കമ്മിറ്റി അംഗമെന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ തുടരുമെന്നവർ പറയുന്നു. സംഘടനയെ ശക്തിപ്പെടുത്തുകയും കൂട്ടായ പ്രവർത്തനം കാഴ്ച വയ്ക്കുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക