Image

ചെസ് ഇതിഹാസം കാസ്പറോവ് റഷ്യക്ക് ഭീകരനും തീവ്രവാദിയും (സനിൽ പി.തോമസ്)

Published on 10 March, 2024
ചെസ് ഇതിഹാസം കാസ്പറോവ് റഷ്യക്ക് ഭീകരനും തീവ്രവാദിയും (സനിൽ പി.തോമസ്)

ചെസിൻ്റെ 64 കളങ്ങളിലേക്ക് ലോകം മുഴുവൻ ശ്രദ്ധിച്ചത് ഒരിക്കൽ മാത്രം .1972 ൽ, അന്നത്തെ ലോക ചാംപ്യൻ ,സോവിയറ്റ് യൂണിയൻ്റെ ബോറിസ് സ്പാസ്ക്കിയെ അമേരിക്കയുടെ ഗ്രാൻഡ് മാസ്റ്റർ ബോബി ഫിഷർ എതിരിട്ടപ്പോൾ .ഒടുവിൽ 1972 സെപ്റ്റംബർ ഒന്നിന് ഫിഷർ ലോക ചാംപ്യൻ ആയപ്പോൾ ഏതോ മഹായുദ്ധത്തിൽ അമേരിക്ക സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്തിയ പ്രതീതിയാണുണ്ടായത്. ശീതസമരം അതിൻ്റെ മൂർധന്യത്തിൽ എത്തി നിന്നിരുന്ന സമയത്തായിരുന്നു ആ വിജയം.അമേരിക്കൻ യുവ ചേതനയുടെ പ്രതീകമായി ഫിഷർ വാഴ്ത്തപ്പെട്ടു.രണ്ടാം ലോക യുദ്ധത്തിൽ അമേരിക്കൻ സേനാ മേധാവിയായിരുന്ന ജനറൽ പാറ്റന് ഒപ്പ മോ അതിൽ അധികമോ ബോബി ഫിഷർ വാഴ്ത്തപ്പെട്ടു.

സോവിയറ്റ് മേധാവിത്വത്തെ മാത്രമല്ല, കമ്യൂണിസത്തെത്തന്നെയാണ് ഫിഷർ ചെസിൻ്റെ കറുപ്പും വെളുപ്പും കളങ്ങളിൽ എതിരിട്ടത്. ലോകം ശ്രദ്ധിച്ച കുരിശു യുദ്ധത്തിൽ ഫിഷറുടെ വിജയം കമ്യൂണസത്തിനെതിരായ വിജയമായി പാശ്ചാത്യ ലോകം കൊട്ടിഘോഷിച്ചു.

വിചിത്രമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന ഫിഷർ കിരീടം നിലനിർത്താൻ തയാറായില്ല.

ഫിഷർക്കു ശേഷം പ്രതിഭകൊണ്ടും നിലപാടുകൾ കൊണ്ടും ലോകം ശ്രദ്ധിച്ച കളിക്കാരനാണ് ഗാരി കാസ്പറോവ്.റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ്റെ നിത്യ വിമർശകനായ കാസ്പപറോവിനെ റഷ്യ ഏതാനും ദിവസം മുമ്പ് ഭീകരനും തീവ്രവാദിയുമായി പ്രഖ്യാപിച്ചു.മാർച്ച് ആറിനായിരുന്നു സംഭവം. റഷ്യൻ ഫിനാൻഷ്യൽ മോണിറ്ററിങ് ഏജൻസിയാണ് പ്രഖ്യാപനം നടത്തിയത്.ഇതോടെ കാസ്പറോവിൻ്റെ ബാങ്ക് ഇടപാടുകൾ നിയന്ത്രിക്കപ്പെടും. പക്ഷേ, കാസ്പറോവ് 2014 മുതൽ യു.എസിൽ ആണ്.

2022ൽ റഷ്യയിലെ ജസ്റ്റീസ് മന്ത്രാലയം കാസ്പറോവിനെയും എണ്ണ വ്യവസായ പ്രമുഖൻ മിഖയിൽ ഖൊദോർകോവ് സ്കിയെയും വിദേശ ഏജൻ്റുമാരായി പ്രഖ്യാപിച്ചിരുന്നു. അതിൻ്റെ തുടർച്ചയാകാം പുതിയ നീക്കം.

റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തിന് എതിരെ കാസ്പറോവ് പരസ്യമായി രംഗത്തു വന്നിരുന്നു.കഴിഞ്ഞ മാസം കാ സ്പറോവ്, കീവിനുള്ള പിന്തുണ തുടരാൻ പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർഥിച്ചിരുന്നു.യുക്രെയ്ൻ, റഷ്യയെ തോൽപ്പിക്കേണ്ടത്  ആവശ്യമാണെന്നു കൂടി ഗാരി കാസ്പറോവ് പറഞ്ഞു. റഷ്യയിൽ ജനാധിപത്യപരമായ മാറ്റങ്ങൾക്ക് യുക്രെയ്നിൻ്റെ  വിജയം ആ വശ്യമാണെന്ന് സൂചിപ്പിക്കുന്നതായി കാസ്പറോവിൻ്റെ വാക്കുകൾ.
പുടിൻ്റെ പുതിയ നീക്കവും അറുപതുകാരനായ കാസ്പറോവിനെ ഭയപ്പെടുത്തിയിട്ടില്ല.തൻ്റെ നിലപാടുകളിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നു. വിമർശനം തുടരുമെന്നു സാരം.

അനത്തോലി കാർപോവിലൂടെ ചെസ് ലോക കിരീടം വീണ്ടെടുത്ത സോവിയറ്റ് യൂണിയന് പക്ഷേ, കാർപോവിനെ തോൽപ്പിച്ച ഗാരി കാസ്പറോവിനെ സ്വന്തമായി കാണാൻ അന്നും  കഴിഞ്ഞില്ല.ഫിഡെ പോലും കാർപോവിന് അനുകൂലമായി നിലപാടുകൾ എടുത്തു.1985 ൽ, ഇരുപത്തിനാലാം വയസ്സിൽ ലോക ചാംപ്യനായ കാസ്പറോവ് 2000 വരെ തൽസ്ഥാനത്തു തുടർന്നു.പക്ഷേ, ഫിഡെയുമായി തെറ്റി 1993 ൽ പ്രഫഷണൽ ചെസ് പ്ളെയഴ്സ് അസോസിയഷൻ രൂപവൽകരിച്ചു. ഫിഡെ ലോക ചാംപ്യൻ പട്ടത്തിൻ്റെ തിളക്കം കുറഞ്ഞതോടെ ഫിഡെക്ക് കാസ്പറോവുമായി ഒത്തുതീർപ് ഉണ്ടാക്കേണ്ടി വന്നു.
ചെസ്  കളിക്കാർക്കു വേണ്ടി, അവരുടെ ആനുകൂല്യക്കൾക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തി, രാജ്യാന്തര സംഘടനയെ വെല്ലുവിളിച്ച ഗാരി കാസ്പറോവ് പുതിൻ്റെ ശൈലിയോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. അദ്ദേഹം വിമർശനം തുടരാനാണു സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക