Image

ടോം ആൻഡ് ജെറി ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 11 March, 2024
ടോം ആൻഡ് ജെറി ( റൂബിയുടെ ലോകം : റൂബി എലിസ )

ടോം ആൻഡ് ജെറി,.... അത്രത്തോളം ആളുകളെ ചിരിപ്പിച്ച ഒരു കാർട്ടൂൺ പരമ്പര വേറെ ഉണ്ടോയെന്ന് എനിക്ക് അറിയില്ല..

ചിരിയോടൊപ്പം വലിയ ഒരു ചിന്തയും കൂടിയുണ്ട് ആ കാർട്ടൂണിനോടൊപ്പം, ശത്രുക്കളില്ലാതെ ജീവിതം പൂർണ്ണമല്ല എന്ന ചിന്ത..

ടോം ജെറിയെ നശിപ്പിക്കാൻ, ഇല്ലാതാക്കാൻ ശ്രമിക്കുന്നു, ജെറി തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച് അതിനെ അതിജീവിക്കുന്നു. തിരിച്ച് ജെറി നശിപ്പിക്കാൻ നോക്കുന്നു ടോം രക്ഷപ്പെടുന്നു..

പ്രശ്നങ്ങളെ അഭിമുഖീകരിച്ച്, ഓരോന്നിനെയും  തന്റെ ബുദ്ധിയും കഴിവും ഉപയോഗിച്ച്, പരിശ്രമിച്ച് അതിനെ അതിജീവിക്കുന്ന ടോമും ജെറിയും  എന്നും സന്തോഷത്തിലാണ്..

 എന്നാൽ നമ്മളോ?....

വ്യക്തികൾ മാത്രമല്ല നമ്മുടെ ശത്രുക്കൾ, പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നമ്മുടെ ശത്രുക്കൾ തന്നെയാണ്..

 പ്രശ്നങ്ങളെ അംഗീകരിക്കുക, അതിനെ അതിജീവിക്കാനുള്ള വഴി കണ്ടെത്തുക, അത് ആസ്വദിച്ച് പരിഹരിക്കാൻ ശ്രമിക്കുക..

ആ പ്രശ്നങ്ങളും കൂടി ചേർന്നതാണ് തന്റെ ജീവിതം എന്ന് മനസ്സിലാക്കുക..

കാറില്ല, വലിയ വീടില്ല, അതില്ല ഇതില്ല എന്ന് പരിതപിച്ച് സങ്കടപ്പെട്ട് ഇരിക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം?..

 കാർ ഉണ്ടാകുമോ? വീടുണ്ടാകുമോ?..

 ഇല്ല..!

എനിക്കതില്ല, എനിക്കതിന് കഴിയില്ല,
അതിനുള്ള കഴിവില്ല, ഞാനൊന്നിനും കൊള്ളില്ല തുടങ്ങിയ ചിന്തകളാണ് അവിടെ നമ്മുടെ ശത്രുക്കളാവുന്നത്..

ഞാൻ ഇതാണ്, എനിക്കിതേയൊള്ളൂ, എനിക്കിതേ അറിയൂ, എനിക്ക് ഇതേ കഴിയൂ എന്നൊക്കെ മനസ്സിലാക്കിയാൽ, സ്വയം സ്നേഹിച്ചാൽ ആ ശത്രുവിനെ നമുക്ക് പഞ്ഞിക്കിടാം..

സ്വപ്നം കണ്ടതുകൊണ്ട്  കാറും ലോറിയും ഒന്നും സ്വന്തമാക്കാൻ കഴിയില്ല..

കട്ടും കൊള്ളയടിച്ചും  അങ്ങനെയും പറ്റില്ല..

നമ്മൾ നമ്മളുടെ കുറവും കൂടുതലും മനസ്സിലാക്കി അത് നേടാനായി, ബുദ്ധിയും കഴിവും ഉപയോഗിച്ച് ഇഷ്ടപ്പെട്ട്  പരിശ്രമിക്കുക..

കിട്ടാം കിട്ടിയില്ലെന്നും വരാം, ജീവിതം സന്തോഷമായിരിക്കും..

അസൂയ, ദേഷ്യം, പക, അത്യാഗ്രഹം, ദുരാഗ്രഹം തുടങ്ങിയവയും സന്തോഷത്തെ ഇല്ലാതാക്കുന്ന നമ്മുടെ ശത്രുക്കളാണ്..

ശത്രുവാണെന്ന് ആദ്യം മനസ്സിലാക്കുക.
ബുദ്ധിയും വിവേകവും ചിന്തയും നൽകി അതില്ലാതാക്കുക..

ജീവിതം സന്തോഷമാകും..

അസുഖം, അതും ഒരു ശത്രുവാണ്..

ചികിത്സിക്കുക, ജീവിതരീതിയിൽ  വേണ്ട മാറ്റങ്ങൾ വരുത്തുക, ഞാനും മരിക്കും എന്ന് മനസ്സിനെ  ബോധ്യപ്പെടുത്തുക..

നമുക്ക്, ആ എലിയും പൂച്ചയുമാകാം .... ടോം ആൻഡ് ജെറിയെ പോലെ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക