Image

എരിഞ്ഞടങ്ങാതെ, ആളിപ്പടരുന്ന പെണ്മകൾ; നാടിൻ്റെ നന്മകൾ ( പുസ്തക പരിചയം : ഹരിയേറ്റുമാനൂര് )

Published on 12 March, 2024
എരിഞ്ഞടങ്ങാതെ, ആളിപ്പടരുന്ന പെണ്മകൾ; നാടിൻ്റെ നന്മകൾ ( പുസ്തക പരിചയം : ഹരിയേറ്റുമാനൂര് )

ഒരു പുസ്തകത്തിൻ്റെ മുന്നിലും പിന്നിലുമായി രണ്ടു നോവലുകൾ.
ഒരു ഞെട്ടിലുണ്ടായ പൂക്കൾപോലെ!

1
കോർപ്പറേറ്റ് ഗോഡസ്സ് :

കൗതുകത്തോടെ കോർപ്പറേറ്റ് ഗോഡസ്സ് എന്ന നോവലിൻ്റെ തുടക്കത്തിലേയ്ക്കു കണ്ണോടിച്ചു. അരിയുടെ വേവറിയാൻ ഒരു വറ്റുമതിയല്ലോ!
എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒറ്റയിരിപ്പിന് ഞാനാ നോവൽ വായിച്ചുതീർത്തു.

പുഷ്‌പ്പമ്മ ചാണ്ടിയുടെ രണ്ടു നോവലുകളിലൊന്ന്.
വെയിൽ വാടികളിൽ നിറയും... പൂക്കൾ എന്ന പുസ്തകത്തിലെ രണ്ടാമത്തെ നോവലാണത്.
പുറപ്പെടുന്ന തീവണ്ടിയിലേയ്ക്ക് കാലെടുത്തുവച്ചാൽ അതു നമ്മെ കൊണ്ടുപോകുന്ന വേഗത്തിൻ്റെ ഭാഗമായി നാം മാറുകില്ലേ? അതു തന്നെയാണിവിടെയും സംഭവിച്ചത്.
അത്ര മികച്ച രചനാപാടവമാണ് ഈ നോവലിൽ കാണുന്നത്.

ഓരോ അദ്ധ്യായത്തിൻ്റെയും ഒടുക്കം, പുസ്തകം തൽക്കാലം മടക്കി വയ്ക്കാമെന്ന തോന്നലിന് മുഖത്തടിയാണ് കിട്ടുന്നത്!

ഓരോ ഒടുക്കവും അടുത്ത തുടക്കത്തിലയ്ക്കു വിടാതെ പിടി കൂടുകയാണ്.ആ തുടക്കമാകട്ടെ അതിൻ്റെ ഒടുക്കം കണ്ടിട്ടേ മടങ്ങൂ !
കഥാകാരി പണിതുയർത്തിയ ഉദ്വേഗമാണിതിനു നിദാനം. 

നന്ദ എന്ന കഥാപാത്രം ആരെന്നറിയാനുള്ള വ്യഗ്രത വായനക്കാരനിൽ പന്തലിട്ടു നിൽക്കും.
മഹാഗൗരിയുടെ ആരാണു നന്ദ ? മകളോ? സുഹൃത്തോ? ആകാംക്ഷ നമ്മെ വിട്ടുപിരിയില്ല!

മഹാഗൗരിയെന്ന കഥാപാത്രത്തെ എത്ര കരുതലോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്!
ഒരു ഫെമിനിസ്റ്റിൻ്റെ സങ്കുചിതത്വം അവളിൽ നിറം ചേർത്തിട്ടില്ല. പരമേശ്വരിയിലും അതുതന്നെ. സമന്വയത്തിൻ്റെ പര്യായങ്ങളാണിരുവരും.

നഷ്ടങ്ങൾ, നൊമ്പരങ്ങൾ അവഗണന, അപമാനം ഇതൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും വൈരനിര്യാതന ബുദ്ധി ഇവർക്കു കൊടുത്തിട്ടില്ല.
സൗഹൃദത്തിൻ്റെ, സാഹോദര്യത്തിൻ്റെ, സർവ്വോപരി മനുഷ്യത്വത്തിൻ്റെ മാധുരി 
യാണ് വായനക്കാരിലേക്കിവർ സംക്രമിക്കുന്നത്.

ആർജ്ജവവും ആത്മവിശ്വാസവുമുള്ള സ്ത്രീകൾ പ്രതിസന്ധികളെ നേരിടുന്നതിൻ്റെ രേഖാചിത്രമാണിത്.
അതിജീവനത്തിൻ്റെ വിജയഗാഥ.

മഹാഗൗരിയും പരമേശ്വരിയും.
 ഇരുവരും കരുത്തരാണ്. തീയിൽ കുരുത്തവർ. സർവ്വ നന്മകളും ക്ഷമയും സ്നേഹവും ഉള്ളിൽ നിറച്ചവർ.

കൊത്തിപ്പറിക്കപ്പെട്ട തൻ്റെ ജീവിതമാണ് ഒറ്റക്കാലിലെ കൊലുസ്സെന്നു കരുതുന്ന മഹാഗൗരി യും പരമേശ്വരിയും സാധാരണക്കാരല്ല.ഉന്നത പദവികളിൽ വിരാജിക്കുന്നവരും ആരുടെയും അടിമയല്ലാത്തവരും.
ഉറച്ച മനസ്സും തീരുമാനവുമുള്ളവർ. കോർപ്പറേറ്റ് ഗോഡസ്സെന്ന ശീർഷകം അർത്ഥവത്താക്കുന്ന സ്ത്രീകൾ.

സ്ത്രീകൾക്ക്, പുരുഷന്മാർക്കും ഇതിൽ നിന്നൊരുപാടു പഠിക്കാനുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ സംഭവമാണ് കന്യകാത്വമെന്നും അതു നഷ്ടപ്പെട്ടാൽ പിന്നെ ആത്മഹത്യ തന്നെ ശരണമെന്നും ധരിച്ചുവശായ നമ്മുടെ പെൺകുട്ടികൾക്കീ നോവൽ നൽകുന്നത് അങ്ങേയറ്റത്തെ ആത്മവിശ്വാസമാണ്.

സ്ത്രീയുടെ അന്തസ്സുയർത്തിപ്പിടിക്കുന്ന, ശക്തവും അചഞ്ചലവുമായ തീരുമാനമെടുക്കുന്ന സ്ത്രീകളെ നോക്കികെെയ്യടിച്ചുപോകും.

വിടനായ ഗിരിധറെപ്പോലുള്ള പുരുഷന്മാർ പങ്കാളിയുടെ വിരാട് സ്വരൂപത്തിനു മുമ്പിൽ ശ്രുതിയും ഈണവും സ്വരവും നഷ്ടമായ ഗായകനെപ്പോലെ
പകച്ചുനിൽക്കുന്ന സന്ദർഭത്തിലാണ് 
നോവൽ അവസാനിക്കുന്നത്.

സ്ത്രീ അബലയല്ലെന്ന വാക്യത്തിന് അടിവരയിടുകയാണ് നോവലിസ്റ്റ്.
നമ്മളാരാണെന്നു നമ്മളറിഞ്ഞാലേ ജീവിത വിജയമുണ്ടാകൂ എന്ന സന്ദേശം ഇതിൽ വായിച്ചെടുക്കാം.

ലളിതമായ ഭാഷയും ചടുലമായ കഥപറച്ചിലും നല്ല വായനീയതയുമായി ഈ നോവൽ എനിക്ക് പ്രിയങ്കരമായ വിരുന്നൊരുക്കി.

2
ആമോദിനി എന്ന ഞാൻ:

കരുത്തിൻ്റെ കാര്യത്തിൽ മഹാഗൗരിയോളംപോന്നവളാണ് ആ മോദിനി. പാറപോലെ ഉറച്ച മനസ്സാണ് ; അതിനുള്ളിൽ ജലമുണ്ടെന്നേയുള്ളൂ.

താരതമ്യേന വലുതാണീ നോവൽ. ഇതിലെ ആമോദിനിയും ഒരു കോർപ്പറേറ്റ് ഗോഡസ്സുതന്നെ.
മഹാഗൗരിയേയും പരമേശ്വരിയേയും സൃഷ്ടിച്ച കൈകളല്ലേ? അതിനാൽ ആമോദിനിയും മറ്റൊന്നാവില്ലല്ലോ!

സ്ത്രീയുടെ മനസ്സ് അധിനിവേശിച്ച് അതിൻ്റെ മുക്കും മൂലയും ചികഞ്ഞ് സൂക്ഷ്മാംശംപോലും നമുക്കു മുമ്പിലവതരിപ്പിക്കുന്ന കരവിരുതിനെ നമിക്കുകയേ മാർഗ്ഗമുള്ളൂ.

കോർപ്പറേറ്റ് ഗോഡസ്സിലെ ഉദ്വേഗവും ചടുലതയും ഇതിൽ ഞാൻ കാണുന്നില്ല.
സരളമായ ഭാഷയും ഋജുവായ ആഖ്യാനവുമുണ്ടെങ്കിലും ഒറ്റയിരുപ്പിൽ എനിക്കു വായിക്കാനായില്ല. നോവലിൻ്റെ പോരായ്മയോ എൻ്റെ വല്ലായ്മയോ എന്നറിയില്ല! ആദ്യം കഴിക്കുന്ന ഐസ്ക്രീമിൻ്റെ സ്വാദ് തുടർന്നു കഴിക്കുന്നതിന് പ്രതീക്ഷിക്കരുതല്ലോ!

നമ്മുടെ ചിന്തയ്ക്കു സഞ്ചരിക്കാൻ ഒരുവഴി തെളിച്ചിട്ട് മറ്റൊരു വഴിയെ കൊണ്ടുപോകുന്ന രീതിയാണീ നോവലിസ്റ്റിന്.
ആമോദിനി അനിരുദ്ധിനെ സ്വീകരിക്കുമോ വർമ്മാജിയെ കെട്ടുമോ മാധവുമായി ബന്ധം തുടരുമോ എന്നൊക്കെ നമ്മെക്കൊണ്ട് എഴുതാപ്പുറം വായിപ്പിക്കുന്ന കൗശലം ഇഷ്ടപ്പെട്ടു.

രണ്ടു നോവലുകൾക്കും സമാനസ്വഭാവമുണ്ട്.
മഹാഗൗരി ആക്രമിക്കപ്പെട്ടവൾ, പരമേശ്വരി ഉപേക്ഷിക്കപ്പെട്ടവൾ, ആമോദിനി നിരസിക്കപ്പെട്ടവളും ഉപേക്ഷിക്കപ്പെട്ടവളും.

പരാശ്രയമില്ലാതെ, സമൂഹത്തിലെങ്ങനെ ജീവിക്കാമെന്ന് അഭ്യസ്തവിദ്യരായ സ്ത്രീകൾ ചിന്തിക്കുന്നതിൻ്റെ, ശക്തവും സുചിന്തിതവുമായ തീരുമാനങ്ങളെടുക്കുന്നതിൻ്റെ മഹനീയത ഈ നോവലുകളിലൂടെ നമ്മളറിയുന്നു.

ഇരു നോവലിലുമായി നിരവധി ചോദ്യങ്ങൾക്കു മറുപടി പറയുന്നുണ്ടീ കഥാകാരി.
കൊന്നാൽ പാപം തിന്നാൽ തീരുമായിരിക്കാം. എന്നാൽ പീഡിപ്പിക്കപ്പെട്ട പെണ്ണിനെ വിവാഹം ചെയ്താൽ തീരുന്നതല്ല ആ നിഷ്ഠൂരത.
മകളുടെമേൽ അച്ഛനുള്ള അവകാശം അംഗീകരിക്കുമ്പൊഴും സർവ്വവും മറന്ന് അയാളുടെ അടിമയാകുന്നതല്ല സ്ത്രീത്വം.

സ്ത്രീയുടെ അഭിമാനം, ശക്തി, സ്വാതന്ത്ര്യം, പരസ്പരസമന്വയം എന്നിവ ഉയർത്തിക്കാട്ടുന്ന മികച്ച കൃതികളാണീ രണ്ടു നോവലും.

പുനർവായനക്ക് വിധേയമാകുന്നതാണ് ഒരു മികച്ച കൃതിയുടെ മാനദണ്ഡമെങ്കിൽ, ഇവയുടെ പുനർവായനയ്ക്ക് പ്രേരിപ്പിക്കപ്പെടുകയാണു ഞാൻ.

എഴുത്തുകാരിക്കും പുസ്തകത്തിനും എൻ്റെ ഭാവുകങ്ങൾ.

 

അക്ഷരസ്ത്രീയാണ് പുസ്തകത്തിന്റെ പ്രസാധകർ.
വില. ₹ 230

എരിഞ്ഞടങ്ങാതെ, ആളിപ്പടരുന്ന പെണ്മകൾ; നാടിൻ്റെ നന്മകൾ ( പുസ്തക പരിചയം : ഹരിയേറ്റുമാനൂര് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക