Image

വലിയ പാന വിശേഷം : പി.സീമ

Published on 13 March, 2024
വലിയ പാന വിശേഷം : പി.സീമ

ഒരു തിരുവാതിര കളിക്കാതെ എന്ത് മനുഷ്യജന്മമാ എന്ന് തോന്നിപ്പോയി..ഇന്നലെ പാന ഉത്സവത്തിന് അമ്പലത്തിൽ പിള്ളേര്   ഓടിച്ചാടി നടന്നു തിരുവാതിര കളിക്കുന്ന കണ്ടപ്പോൾ. ഒരു ജന്മമേ മനുഷ്യൻ ആയുള്ളൂ ഇനി വല്ല പട്ടിയോ പൂച്ചയോ ആയിട്ടാകും ജനിക്കുക. മയിൽ ആണേൽ തരക്കേടില്ല.. പീലി വിടർത്തി മയൂര നടനം ആകാം എന്ന് ആശ്വാസം.കുയിൽ ആയാൽ കൂവാം..

ഞാൻ   ഓടി പറന്നു നടന്ന കാലത്ത് ഡാൻസ് പഠിപ്പിക്കാൻ വിടാത്ത അമ്മയെ  അവിടിരുന്നു ഞാൻ പ്രാകി. അമ്മക്ക് നിയന്ത്രണം ഇത്തിരി കൂടുതൽ ആയിരുന്നേ. കുഞ്ഞമ്മയുടെ മോൾ ഡാൻസ് പഠിക്കുന്നത് നോക്കി ഇരുന്ന കാലത്തും അമ്മയ്ക്ക് എന്നെ  ഒന്ന് പഠിപ്പിക്കാൻ തോന്നീല്ല.  അച്ഛൻ പാവം ആയിരുന്നു.. അച്ഛന്റെ ഇത്തിരി പാട്ടു വാസന എനിക്ക് കിട്ടിയതിനെ വളർത്താൻ പരമാവധി ശ്രമിച്ചു. "പ്രിയസഖി ഗംഗേ"യും,  "വിരുന്നു വന്ന നക്ഷത്ര കിന്നര"ന്മാരും, "ശ്രാവണചന്ദ്രിക"യും ഒക്കെ  എന്നിൽ അച്ഛനിലൂടെ ഈണത്തിന്റെ   പൂചൂടിച്ചു..എന്നാലും ഞാൻ സ്റ്റേജിൽ കയറൂല്ല.. പാടൂല്ല. വാശി..പേടി..അത്   അങ്ങനെ പോട്ടെ...പിന്നേം ഡാൻസിന് അവസരം വന്നു.

ചെറിയ മോന്റെ ചില ശരീരഭാഷകളും അടൂർ ഭാസിയെ അനുകരിച്ചുള്ള ഹാസ്യനടത്തവും കണ്ടു പിറവത്തു ഒരു ഡാൻസ് ടീച്ചറുടെ അടുത്തു  കൊണ്ടു പോയി ചേർത്തു.എല്ലാ ഞായറാഴ്ചയും അവനെ അവന്റെ സുന്ദരി കുഞ്ഞാന്റി ഡാൻസിന് കൊണ്ടുപോയി.(ഇപ്പോൾ അവൾ ഇല്ല. ദുഃഖം )  നൃത്തം ചെയ്തിട്ടു വരുമ്പോൾ വാങ്ങി വരുന്ന കൊക്കക്കോളയും ചെമ്മീൻ വറുത്തു ഉച്ചയൂണും ഒക്കെ മുറയ്ക്കു  വീട്ടിൽ അമ്മമ്മ കൊടുത്തു ഊട്ടി വിട്ടു.. "ഞാൻ ഡാൻസിന് പോണത് എന്തിനാന്ന് അറിയുവോ കൊക്കകോള കുടിയ്ക്കാനാ "എന്ന് മകൻ   ഇടയ്ക്ക് തമാശ പറഞ്ഞു.  അവൻ ഡാൻസ് കുറച്ചു പഠിച്ചു. ഒരു ദിവസം ഞാൻ അവനെ കൂട്ടി ചെന്നപ്പോൾ ആ ടീച്ചർ പറഞ്ഞു..

"അമ്മ കൂടി ചേരു.. ചെറിയ ആളല്ലേ.. നന്നായി വഴങ്ങും പെട്ടെന്ന് പഠിക്കും" എന്ന്.

" ശ്ശോ ഈ പ്രായത്തിൽ ഇനി ഡാൻസോ   ഞാൻ രണ്ടു പെറ്റ തള്ള 30 വയസ്സ് " എന്ന് ഞാൻ പിന്മാറി.

"കൃഷ്ണാ നീ ഈ കുട്ട്യോൾക്ക് ഒന്ന് പറഞ്ഞു കൊടുത്തേ "എന്ന് പറഞ്ഞു ടീച്ചർ അകത്തേക്ക് പോയപ്പോൾ എന്റെ മോൻ ഇത്രയ്ക്കു മിടുക്കനോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. പിന്നെ ഇവിടുത്തെ രണ്ടു മക്കളെയും അച്ഛനെയും ഒക്കെ പ്രലോഭിപ്പിച്ച സ്പോർട്സ്, ക്രിക്കറ്റ്‌ ജ്വരത്തിൽ മക്കളുടെ സംഗീത നൃത്തങ്ങൾ അവസാനിച്ചു.  എങ്കിലും ഡിഗ്രി ക്ക് പഠിക്കുമ്പോൾ ഓർക്കാപ്പുറത്തു ബ്രേക്ക്‌ ഡാൻസ് കളിച്ചു ബോയ്സ് ഫിലിമിലെ "എനിക്കൊരു girlfriend  വേണമെടാ "എന്ന പാട്ടിനെ ഏറ്റെടുത്ത് മൂത്തവൻ ഞങ്ങളെ അമ്പരപ്പിച്ചു.

 ഇതൊക്കെ നേരത്തെ നടന്നത്..ഫ്ലാഷ് ബാക്ക്..ഇന്നലത്തെ വലിയ പാന ദിനത്തിൽ രണ്ടു തരം തിരുവാതിര കണ്ടു. ( തലേന്ന് മുട്ടിനോട്" ഓട്ടോ കിട്ടീല്ല" എന്ന് പറഞ്ഞപ്പോൾ "എന്നാൽ വീട്ടിൽ ഇരുന്നോ" എന്ന് മുട്ട് മുഖം വീർപ്പിച്ചതിനാൽ ഞാൻ മുട്ട് പറഞ്ഞത് കേട്ടു.. അല്ലേൽ വിവരം അറിയും.പക്ഷെ തിരുവാതിര പെണ്ണുങ്ങൾ എന്നോട് ക്ഷമിക്കുമോ ആവോ. എന്നോട് ക്ഷമിച്ചില്ലെങ്കിലും മുട്ടിനോട് ക്ഷമിച്ചേക്കാൻ അപേക്ഷിക്കുന്നു . ഇനീപ്പോ എവിടെങ്കിലും വണ്ടിയിൽ കൊണ്ടു പോകാൻ   മാത്രം ഈ പ്രായത്തിൽ ഒരാളെ അന്വേഷിക്കാൻ പറ്റില്ലല്ലോ).

ഇന്നലെ നേരത്തെ വണ്ടി ബുക്ക്‌ ചെയ്തത് കൊണ്ടു   തൂക്കു പാലത്തിൽ   തിരക്കില്ലാതെ കൃത്യമായി  കയറി അക്കരെ എത്തി തൊഴുതു. ഇരിപ്പിടങ്ങൾ കണ്ടെത്തി..ആദ്യത്തേത് ലാസ്യഭംഗി ഏറിയ തിരുവാതിര. പിന്നീട് കൈകൊട്ട് തിരുവാതിര.രണ്ടും അവയുടെ മനോഹാരിതയിൽ  ഒരു പോലെ മെച്ചം. കൈകൊട്ട് തിരുവാതിരക്ക് സ്ഥലം ഏറെ വേണം അധ്വാനവും ഏറെ.  ഒരു വശത്തേക്ക് മാറ്റി വെച്ച വിളക്ക് ഒന്ന് മുഖം വീർപ്പിച്ചു. (അതിനു നടുക്ക് ഇരിക്കാൻ സ്ഥലം കിട്ടില്ല പിള്ളേര് ഓടി ചാടി കളിക്കുമ്പോൾ..)ഒരു ചേട്ടൻ കൈകൊട്ട് തിരുവാതിര വേണേൽ ആണുങ്ങൾക്കും പറ്റും എന്ന്  ഒരു വശത്തു നിന്ന് ആവേശത്തോടെ കാണിക്കുന്നുണ്ടായിരുന്നു. കൂടെ കേറി കളിക്കാഞ്ഞത് ഭാഗ്യം .

എല്ലാം കണ്ടിറങ്ങി പുഴക്കടവിൽ വന്നപ്പോൾ ആയിരുന്നു തൂക്കുപാലം അതിനാകുന്നതിലും ഏറെ ഭാരവും പേറി ആടി ഉലഞ്ഞു കാണപ്പെട്ടത്.

"ന്തായാലും ഇത്രേം നേരം ക്ഷമിച്ചു ഈ കയറിയവര് ഒന്ന് അക്കരെ എത്തീട്ടു കേറാം."എന്ന് ജീവനിൽ കൊതിയോടെയും പാലത്തിൽ കയറിയവരെ ഓർത്തും പ്രാർത്ഥിച്ചു. ഞങ്ങൾ കാത്തു നിന്നു..ഒരു വിധം ആൾക്കാർ ഒതുങ്ങിയപ്പോൾ ഞങ്ങൾ കയറി..

 "അവിടെ തിരുവാതിര കളിച്ചില്ലല്ലേ ന്നാൽ ഞാൻ കളിപ്പിക്കാം വാ "

എന്ന് തൂക്കുപാലം കിഴക്കോട്ടും പടിഞ്ഞാറോട്ടും   ഒരു കൂവലോടെ ലാസ്യ നടനം ആടി  ഞങ്ങൾ "അമ്മേ നാരായണ..പാലം ഒടിഞ്ഞു വെള്ളം കുടിച്ചു ചാകാൻ ഇട വരരുതേ" എന്ന നാമം ചൊല്ലി പാലത്തിന്റെ കൈവരിയിൽ പിടിച്ചു  വീഴാതെ മോഹിനിയാട്ടവും ഭരതനാട്യവും  കുച്ചിപ്പുടിയും   കരകാട്ടവും കളിച്ചു  ഒരു കണക്കിന് ഇക്കരെ എത്തി..

"ഇപ്പോൾ തിരുവാതിര കളിക്കാഞ്ഞതിന്റെ വിഷമം മാറീല്ലേ വീട്ടിൽ പോയി മുട്ടുകാൽ തിരുമ്മി കിടന്നോ "

എന്ന് പറഞ്ഞ തൂക്കു പാലത്തെ നോക്കി  പേടിപ്പിച്ചതിനു കൊഞ്ഞനം കുത്തി   ഞങ്ങൾ ഇക്കരെ എത്തി."മുട്ട് നീ നടന്നോ ഞാൻ ഇല്ല "എന്ന് പറഞ്ഞ നേരത്ത് പ്രത്യാശയുടെ ഒരു തരി വെട്ടം പടിഞ്ഞാറു നിന്നും ഓട്ടോയുടെ രൂപത്തിൽ വന്നു... അമ്മേ നാരായണ.

ഇതിനിടെ തൊഴുതിട്ട്   നല്ല മര്യാദയ്ക്ക് നേരത്തെ വീട്ടിലേക്ക് പോന്ന ഒരു ചേച്ചിയെ ഞങ്ങൾ തിരികെ തിരുവാതിര കളികാണാൻ വിളിച്ചോണ്ട് പോയിരുന്നു.   ചേട്ടൻ വീട്ടിൽ ഒറ്റയ്ക്കെന്നു ചേച്ചിയുടെ പരിദേവനത്തിൽ ഇടയ്ക്കിടെ ചേട്ടനെ വിളിച്ചു   നോക്കി എങ്കിലും കിട്ടീല്ല. ഓട്ടോയിൽ നിന്നും ചേച്ചി ഇറങ്ങിയപ്പോൾ വീട്ടു വാതിലിൽ നിന്ന ചേട്ടൻ വഴക്ക് പറഞ്ഞാൽ അതിനു പൂർണമായ ഉത്തരവാദിത്വം ഞങ്ങൾക്കാണ് എന്ന് ചേട്ടനെ അറിയിച്ചു കൊള്ളുന്നു..അങ്ങനെ ഓട്ടോ മുട്ടിനെ താങ്ങി മുറ്റത്തെത്തിച്ചു. അതോടെ എന്റെ വലിയ പാന സമാപ്‌തം.കഴിഞ്ഞ വർഷം ഒരു ആദരവ് ഒക്കെ കിട്ടിയിരുന്നു.. ഇനി ഷഷ്‌ടീപൂർത്തി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് എപ്പോൾ വേണമെങ്കിലും ആദരാഞ്ജലികൾ പ്രതീക്ഷിക്കാം.

അമ്മേ നാരായണ  ദേവീ നാരായണ !

ഇതാണ് ഇത്തവണത്തെ വലിയ പാന വിശേഷം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക