Image

നിൻ്റെ മാതാവിൻ്റെ കാൽക്കീഴിലാണ് സ്വർഗ്ഗം (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

Published on 14 March, 2024
നിൻ്റെ മാതാവിൻ്റെ കാൽക്കീഴിലാണ് സ്വർഗ്ഗം (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

കടൽത്തിരമാലകൾ, സുവർണ്ണമണൽ, തീർത്ഥാടകരുടെ വിശ്വാസം, രാമേശ്വരം മോസ്ക് സ്ട്രീറ്റ്, എല്ലാമലിഞ്ഞുചേരുന്നു ഒന്നായ് എൻറെ അമ്മ!

സ്വർഗ്ഗത്തിൻ കരുതലാർന്ന കരങ്ങൾപോൽ വരുന്നു നീ എന്നിലേക്ക്.

 ജീവിതം ക്ലേശവും വെല്ലുവിളിയുമായിരുന്ന മഹായുദ്ധദിനങ്ങൾ ഞാനോർക്കുന്നു -

സൂര്യോദയത്തിനുമേറെ മുമ്പേ മൈലുകൾ നീണ്ട നടത്തം, ക്ഷേത്രത്തിനടുത്തുള്ള ഋഷിതുല്യനാം ഗുരുവിൽ നിന്നും

പാഠങ്ങൾ പഠിക്കാനുള്ള നടത്തം.

വീണ്ടും, അറബി പാഠശാലയിലേക്കുള്ള നിരവധി മൈലുകൾ,

റെയിൽവേസ്റ്റേഷൻ റോഡിലെത്താൻ മണൽക്കുന്നുകൾ കയറുന്നു, പത്രക്കെട്ടെടുക്കുന്നു, ക്ഷേത്രനഗരവാസികൾക്കതു വിതരണം ചെയ്യുന്നു, സൂര്യനുദിച്ചേതാനും മണിക്കൂറുകൾ കഴിഞ്ഞാൽ പോകുന്നു സ്കൂളിലേക്ക്.

സായാഹ്നം, രാത്രിയിലെ പഠനത്തിനു മുൻപുള്ള തൊഴിൽ സമയം, ഒരു പിഞ്ചു ബാലൻ്റെയീ വേദനകളെല്ലാം, 

എൻറെ അമ്മേ, മാറ്റി നീ ഇവയെ പവിത്രശക്തിയായ് 

നിത്യവും സർവ്വേശകൃപയ്ക്കു മാത്രമാം അഞ്ചു നേരത്തെ മുട്ടുകുത്തലും കുമ്പിടലും കൊണ്ട്.

 അമ്മേ, നിൻ തീക്ഷ്ണ ഭക്തിയാണ് ശക്തി നിൻ കുഞ്ഞുങ്ങൾക്ക് കൂടുതലാവശ്യമുള്ളതാരായാലുമവർക്ക് നീ ഏറ്റവും നല്ലത് തന്നെ പങ്കുവെച്ചു നൽകി,

 നീയെന്നും നൽകിയിട്ടേയുള്ളൂ, സർവ്വേശനിൽ വിശ്വാസമർപ്പിച്ചുകൊണ്ടുള്ള നൽകൽ. 

ഞാനൊരു 10 വയസ്സുകാരനായിരുന്നപ്പോഴത്തെ ഒരു ദിനം ഇന്നും ഓർക്കുന്നു, ഞാനന്ന് നിൻമടിയിലുറങ്ങി ചേട്ടന്മാർക്കും ചേച്ചിമാർക്കുമസൂയയേകും പോൽ, 

അതൊരു പൗർണമി രാവായിരുന്നു,  എൻറെ ലോകം നീ മാത്രം അറിഞ്ഞു, അമ്മേ! എന്റെ അമ്മേ!

എന്റെ കാൽമുട്ടുകളിലിറ്റിറ്റു വീഴുന്ന നിൻ കണ്ണുനീർത്തുള്ളികളുമായ്  പാതിരാ നേരത്ത് ഞാൻ ഉണർന്നപ്പോൾ

അമ്മേ നിൻ കുഞ്ഞിൻ വേദന നീ അറിഞ്ഞു.

വേദനകളെ തഴുകി നീക്കിയ നിൻ കരുതലാർന്ന കരങ്ങൾ, നിൻ സ്നേഹം നിൻ പരിചരണം, നിൻ വിശ്വാസം, എനിക്ക് ശക്തി നൽകി ഭയലേശമന്യേ ഈ ലോകത്തെ നേരിടാൻ, സർവ്വേശ ശക്തിയാൽ. നാമിനിയും കണ്ടുമുട്ടും എന്റെ അമ്മേ, ആ മഹത്തായ അന്ത്യ വിധി നാളിൽ! 

(അഗ്നിച്ചിറകുകൾ - ഡോ. എ.പി.ജെ. അബ്ദുൾ കലാം, എൻ്റെ മാതാപിതാക്കളുടെ സ്മരണയ്ക്ക് - എൻ്റെ  അമ്മ) 

നമ്മുടെ മാതാപിതാക്കളെ നാം തിരിച്ചറിഞ്ഞാൽ നമ്മുടെ ഏറ്റവും വലിയ ഹീറോയും സെലിബ്രിറ്റിയും എല്ലാം അവർ തന്നെയാകും. 

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ഏറ്റവും വലിയ ഹീറോ അവരുടെ ബഹുവന്ദ്യ മാതാവാണ്. സച്ചിൻറെ ആത്മകഥ പ്രകാശനം ചെയ്തത് അവരുടെ മാതാവായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ക്യാൻസർ ബാധിച്ച് കിടന്നപ്പോൾ ഉള്ള തൻറെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയുണ്ടായി-സഹിക്കാനാവാത്ത വേദനയിൽ അലമുറയിട്ട് കരയുമ്പോൾ തനിക്ക് ആശ്വാസത്തിൻ്റെ വഴി കാണിച്ചു തന്ന തന്റെ സ്നേഹനിധിയായ അമ്മയെ കുറിച്ച് വളരെ വികാരഭരിതനായി അയാൾ പറയുന്നുണ്ട്. 

എബ്രഹാം ലിംങ്കൺ എന്ന മഹാ മനുഷ്യനെ ലോകത്തിനു സംഭാവന ചെയ്ത മാതാവ് തനിക്കായി അനുഭവിച്ച ത്യാഗങ്ങളെ കുറിച്ച് ലിങ്കന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. നമ്മുടെ മുൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രശസ്തമായ ഒരു ക്വട്ടേഷൻ ഉണ്ട് - നിങ്ങൾ മാതാപിതാക്കളോട് മൂർച്ചയേറിയ വാക്കുകൾ സംസാരിക്കരുത് കാരണം നിങ്ങളെ വാക്കുകൾ ഉപയോഗിച്ചും വാചകങ്ങൾ ഉപയോഗിച്ചും സംസാരിക്കാൻ പഠിപ്പിച്ചത് അവരാണ്. 

നമ്മുടെ എല്ലാവരുടെയും മാതാപിതാക്കൾ ഏറെക്കുറെ ഇതുപോലെ തന്നെയാണ്.  അവരെല്ലാം ത്യാഗത്തിന്റെ പര്യായങ്ങളാണ് അവരെ നാം മനസ്സിലാക്കാൻ പരിശ്രമിക്കണം. ഒരിക്കൽ പ്രവാചക തിരുമേനിയായ മുഹമ്മദ് നബിയോട് തന്റെ ശിഷ്യൻ ചോദിച്ചു - ഈ ഭൂമിയിൽ എനിക്ക് ഏറ്റവും കടപ്പാടുള്ളത് ആരോടാണ്? പ്രവാചകൻ പറഞ്ഞു - നിൻ്റെ മാതാവിനോട്! ശിഷ്യൻ ചോദിച്ചു പിന്നെ ആരോടാണ്? പ്രവാചകന്‍ വീണ്ടും പറഞ്ഞു - നിൻ്റെ മാതാവിനോട്! ഈചോദ്യം മൂന്നുതവണ ആവർത്തിച്ചപ്പോഴും പ്രവാചകൻ ഉത്തരം നൽകിയത് നിൻറെ മാതാവിനോട് എന്നായിരുന്നു.

നാലാമത് ആരോടാണ് കടപ്പാടുള്ളത് എന്ന് ചോദിച്ചപ്പോൾ പിതാവിനോട് എന്ന് പ്രവാചകൻ ഉത്തരം നൽകി.  മാതാപിതാക്കളോടുള്ള ബാധ്യതയെ കുറിച്ച് പ്രവാചകൻ പഠിപ്പിച്ച പോലെ മറ്റൊരു ചിന്തകനും ലോകത്ത് പഠിപ്പിച്ചിട്ടില്ല. 

നിൻറെ മാതാവിൻറെ കാൽപാദത്തിന് കീഴിലാണ് സ്വർഗ്ഗമെന്ന് പ്രവാചകൻ പറയുന്നു.

നിൻറെ പ്രാർത്ഥനകളിൽ മാതാപിതാക്കളെ നീ ഉൾപ്പെടുത്തണം - എൻറെ മാതാപിതാക്കൾ എന്നോട് ചെറുപ്പത്തിൽ കരുണ കാണിച്ചതുപോലെ നീ അവരോടും കരുണ കാണിക്കണേ എന്ന് അള്ളാഹുവിനോട് പ്രാർത്ഥിക്കാനാണ് പ്രവാചകൻ പറയുന്നത്; അല്ലാത്ത ഒരു പ്രാർത്ഥനയും അല്ലാഹു സ്വീകരിക്കില്ല എന്നും പ്രവാചകൻ പഠിപ്പിക്കുന്നു. 

നിൻറെ മാതാപിതാക്കൾ കിടപ്പിലായി പിച്ചും പേയും പറയുകയും കിടന്നിടത്ത് തന്നെ മല മൂത്രവിസർജ്ജനം നടത്തുകയും ചെയ്താൽ പോലും നീ അവരോട് 'ഛെ' എന്ന ഒരു വാക്ക് പോലും പറയരുതെന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു. വയസ്സായ മാതാപിതാക്കളെ ആരെങ്കിലും നല്ല രീതിയിൽ പരിപാലിച്ചാൽ അവർക്ക് സ്വർഗത്തിൽ കുറഞ്ഞ പ്രതിഫലം ഇല്ലെന്ന് പ്രവാചകൻ പറയുന്നു. വിശുദ്ധ ഖുർആനിലേക്കും കഅബ ഷരീഫിലേക്കും നോക്കിയാൽ പ്രതിഫലം ഉള്ളതുപോലെ സ്വന്തം മാതാവിൻറെ മുഖത്തേക്ക് നോക്കിയാലും അല്ലാഹുവിൽ നിന്നും പ്രതിഫലം ഉണ്ടെന്ന് വിശുദ്ധ വചനം വിശ്വാസികളെ ഓർമപ്പെടുത്തുന്നു.  ഇതെല്ലാം മാതാവിന്റെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്. 

മറ്റൊരു കാര്യം പിതാവിനെ മാറ്റി നിർത്തി കൊണ്ട് മാതാവിനെ മാത്രം പരിഗണിക്കുന്ന പുതിയ രീതി പുതുതലമുറയ്ക്കിടയിൽ ഉണ്ട്. അതും പ്രവാചകൻ പറഞ്ഞ ആശയത്തിന് കടുത്ത വിരുദ്ധമാണ്. മാതാപിതാക്കളെ പരിഗണിച്ചുകൊണ്ട് മാത്രമെ ഓരോ വ്യക്തിക്കും ആത്മീയ ഭൗതിക വിജയം സാധ്യമാകൂ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക