Image

ഡാനിയൽ മോഹൻ: മല്ലപ്പള്ളി മിഷൻ ആശുപത്രിയുടെ പുനർനിർമ്മാണം എന്ന നിയോഗം (മീട്ടു റഹ്മത്ത് കലാം)

മീട്ടു റഹ്മത്ത് കലാം  Published on 15 March, 2024
ഡാനിയൽ മോഹൻ: മല്ലപ്പള്ളി മിഷൻ ആശുപത്രിയുടെ പുനർനിർമ്മാണം  എന്ന  നിയോഗം (മീട്ടു റഹ്മത്ത് കലാം)

കുഞ്ഞുനാളിൽ മനസ്സിൽ പതിയുന്ന കാര്യങ്ങളാണ് മുന്നോട്ടുള്ള കാലങ്ങളിൽ നമുക്ക് ലക്ഷ്യബോധം നൽകുന്നത്. കഴിഞ്ഞ 52 വർഷക്കാലമായി അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടിരിക്കുന്ന ഐഡിഎസ്ഐ ഇന്റർനാഷണൽ എന്ന സോഫ്റ്റ് വെയർ കമ്പനി ഉടമ ഡാനിയൽ മോഹൻ, മല്ലപ്പള്ളിയിലെ ജോർജ് മാത്തൻ മിഷൻ ആശുപത്രിയുടെ പുനർനിർമ്മാണം ഏറ്റെടുത്തതും  ബാല്യത്തിൽ  ബൈബിൾ ക്ലാസിൽ പാടിനടന്ന പാട്ടിന്റെ സ്വാധീനംകൊണ്ടാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ചെയർമാൻ എന്നതടക്കം നിരവധി സംഘടനകളുടെ താക്കോൽ സ്ഥാനത്തിരുന്ന് ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ഡാനിയൽ മോഹൻ, ഇ-മലയാളി വായനക്കാർക്കു മുന്നിൽ മനസുതുറക്കുന്നു...

കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക്?

കോട്ടയം നഗരത്തിലാണ് ജനിച്ചുവളർന്നത്. എം.റ്റി.സെമിനാരി ഹൈസ്‌കൂളിലും സി.എം.എസ് കോളജിലുമായി  കോട്ടയത്തു തന്നെയായിരുന്നു പ്രാരംഭ പഠനം. പിന്നീടാണ് കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിന് ചേർന്നത്. പഠിച്ചിറങ്ങി ആറുമാസക്കാലം കൂടിയേ കേരളത്തിൽ ഉണ്ടായിരുന്നുള്ളു. ഉപരിപഠനത്തിനാണ് അമേരിക്കയിൽ വന്നത്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ചെയ്ത ശേഷം 1200-ല്പരം ശാഖകളുള്ള ജെ.സി.പെന്നി കമ്പനിയിൽ ജോലി ലഭിച്ചു.പിന്നീട് നാഷണൽ ബ്രോഡ്കാസ്റ്റിംഗിൽ (എൻബിസി) സേവനമനുഷ്ഠിച്ചു. 1995 നവംബർ 14- നാണ്  ന്യൂജേഴ്സിയിലെ ഫോർഡ് ലീയിൽ ഐഡിഎസ്ഐ ഇന്റർനാഷണൽ എന്ന പേരിൽ സ്വന്തമായൊരു സോഫ്റ്റ് വെയർ കമ്പനി ആരംഭിച്ചത്. അധികം വൈകാതെ, കൊച്ചി ഇൻഫോപാർക്കിൽ ഞങ്ങളുടെ കമ്പനിയുടെ സോഫ്റ്റ് വെയർ ഡെവലപ്പിങ് സെന്ററിനും തുടക്കം കുറിച്ചു. കമ്പനി ഇപ്പോഴും നല്ല രീതിയിൽ മുന്നോട്ടുപോകുന്നുണ്ട്.

കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യുന്നത് തലവേദനയാണെന്ന് പറഞ്ഞ് അമേരിക്കൻ പ്രവാസികൾ പൊതുവെ അതിന് താല്പര്യം കാണിക്കാറില്ല. താങ്കളുടെ അനുഭവം എങ്ങനെയാണ്?

കൊച്ചിയിൽ സോഫ്റ്റ് വെയർ ഡെവലപ്പിംഗ് സെന്റർ തുടങ്ങാൻ പോയപ്പോൾ ഒരുപാട് സുഹൃത്തുക്കൾ എന്നെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചിരുന്നു. കേരളത്തിലെ പണിമുടക്ക് പോലുള്ള നൂലാമാലകൾ ചൂണ്ടിക്കാട്ടി, ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ കമ്പനി തുടങ്ങിക്കൂടെ എന്ന ഉപദേശവും കിട്ടി. പരിശീലനം നൽകിക്കൊണ്ട്  മലയാളി യുവാക്കൾക്ക് തൊഴിലവസരം ഒരുക്കുക എന്ന ആഗ്രഹംകൊണ്ട്, ഞാനെന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ജോലി  ചെയ്യുന്ന കമ്പനിയോട് അമേരിക്കയിലുള്ളവർ കുറച്ചുകൂടി ആത്മാർഥത കാണിക്കുന്നുണ്ട് എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ള വ്യത്യാസം. നാട്ടിലുള്ളവർ 100 രൂപ കൂടുതൽ തരാമെന്ന് മറ്റൊരു ഗ്രൂപ്പ് പറഞ്ഞാൽ അങ്ങോട്ടേക്ക് ചാടും. അതല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ബുദ്ധിമുട്ട് നേരിട്ടിട്ടില്ല. അമേരിക്കയിൽ ഞങ്ങളുടെ പ്രോഡക്ട്സിന് എതിരാളികൾ ഇല്ല.ഇവിടുള്ള 22 സ്റ്റേറ്റുകളിലും കൗണ്ടികളിലും ഹോംലാൻഡ് സെക്യൂരിറ്റി,പൊലീസ്,ഫയർ ഡിപ്പാർട്മെന്റുകളിൽ ഞങ്ങളുടെ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ബ്രാൻഡ് ഏവർക്കും സുപരിചിതമായതുകൊണ്ടുതന്നെ ഇപ്പോൾ പരസ്യം പോലും നൽകേണ്ട ആവശ്യം വരുന്നില്ല.

കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ?

വേൾഡ് മലയാളി കൗൺസിൽ എന്ന സംഘടനയിൽ പ്രസിഡന്റ്, ഗ്ലോബൽ ചെയർമാൻ എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചു. വൈസ് മെൻ ഇന്റർനാഷണൽ ന്യൂജേഴ്‌സി പ്രസിഡന്റാണ്. സെൻട്രൽ അമേരിക്കയിലെ ഹോണ്ടുറാസിൽ ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചു.  റീജിയണൽ എഞ്ചിനീയറിംഗ് കോളജിന്റെ അലുമിനി അസോസിയേഷനായ റെക്ക - യുഎസ്എ യുടെ സ്ഥാപകനും ആദ്യ പ്രസിഡന്റുമാണ്. 20 പേരുമായാണ് തുടങ്ങിയതെങ്കിലും നിലവിൽ ഇപ്പോഴത്തെ തലമുറയില്പെട്ടവർ ഉൾപ്പെടെ 200 ലധികം പേരുണ്ട്.ഓരോ വർഷവും കേരളത്തിൽ നിന്നുള്ള രണ്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുന്നുണ്ട്. കലാപരമായ കഴിവുകൾ ഇല്ലാത്തതുകൊണ്ട് അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാറില്ല. ക്ലാസിക്കൽ ഇംഗ്ലീഷ് മ്യൂസിക്ക് ആസ്വദിക്കാൻ വലിയ താല്പര്യമാണ്.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഭാര്യയും പങ്കാളിയാണല്ലോ?

ഭാര്യ ശാന്ത മോഹൻ മെഡിക്കൽ ഡോക്ടറാണ്. എല്ലാ വർഷവും സമ്പാദ്യത്തിൽ ഒരുപങ്ക് ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മാറ്റിവയ്ക്കുന്ന പതിവ് ഞങ്ങൾക്കുണ്ട്.അത്തരത്തിൽ കഴിഞ്ഞ വർഷം, കേരളത്തിൽ ഒരു ആശുപത്രിയിൽ ഡയാലിസിസ് മെഷീൻ നൽകാനാണ് ആലോചിച്ചത്. ഞങ്ങളുടെ സിഎസ്ഐ സഭയുടെ ബിഷപ്പായ തോമസ് സാമുവൽ തിരുമേനിയാണ് മല്ലപ്പള്ളി ജോർജ്ജ് മാത്തൻ മിഷൻ ആശുപത്രിയെക്കുറിച്ച് പറഞ്ഞത്. അവിടെ അന്വേഷിച്ചപ്പോൾ ഒരു ഡിജിറ്റൽ എക്സ് റേ മെഷീനാണ് അവർക്ക് കൂടുതൽ ആവശ്യമെന്ന് അറിഞ്ഞു.അതിന്റെ ഇൻസ്റ്റലേഷനു വേണ്ടി പോയപ്പോഴാണ് ആശുപത്രിയുടെ പരിതാപകരമായ അവസ്ഥ നേരിൽക്കണ്ടത്.

ആശുപത്രി നവീകരണം ഏറ്റെടുക്കാൻ പ്രേരകമായ എന്തെങ്കിലും അനുഭവം?

കുഞ്ഞുനാളിൽ സൺഡേ സ്‌കൂളിൽ ഞങ്ങൾ കുട്ടികൾ പാടുന്നൊരു ഇംഗ്ലീഷ് ഗാനമുണ്ടായിരുന്നു.അതിന്റെ വരികൾ കൃത്യമായി ഓർമ്മയില്ല.എന്നാൽ,അർത്ഥം മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. കാണിക്കയിൽ കാലണയും അരയണയും ഇടുമ്പോൾ ഞങ്ങൾ കുരുന്നുകൾ, ഇപ്പോൾ ഞങ്ങൾക്ക് ഇതിനുള്ള പാങ്ങേയുള്ളു,കൂടുതൽ പണം ഉണ്ടാകുന്ന കാലത്ത് കൂടുതൽ തരാമെന്ന് ദൈവത്തോട് പറയുന്നതാണ് ആ ഗാനം. അതേ ഗാനം ആശുപത്രിയുടെ ഇടനാഴിയിൽ വച്ച് ഓർത്തപ്പോൾ,അതൊരു ഉൾവിളിയായി തോന്നി. ദൈവം ഇതിനായി എന്നെ നിയോഗിച്ചതാകാമെന്ന് മനസ്സ് മന്ത്രിച്ചു.'എനിക്ക് ദീനം എന്ന് യാതൊരു നിവാസിയും പറകയില്ല' എന്ന ബൈബിൾ വചനം ജനങ്ങൾ ആരോഗ്യത്തോടെ ജീവിക്കണം എന്ന ആശയത്തിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. പിന്നെ,കൂടുതൽ ചിന്തിക്കാതെ ആശുപത്രിയുടെ നവീകരണം ഏറ്റെടുത്തു. മുപ്പത് കോടി രൂപയുണ്ടെങ്കിലേ അതിന്റെ പണി പൂർത്തിയാക്കാൻ സാധിക്കൂ.

അത്രവലിയ തുക സമാഹരിക്കാൻ സാധിക്കുമെന്ന് വിശ്വാസമുണ്ടോ?

ഞങ്ങൾക്കൊരു പ്രാർത്ഥനക്കൂട്ടമുണ്ട്. ദൈവത്തിൽ മനസ്സർപ്പിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ആശുപത്രിക്കുവേണ്ടിയുള്ള ഫണ്ട് റെയ്‌സിംഗിൽ സുമനസ്സുകളുടെ സഹായം ഒഴുകിയെത്തുന്നുണ്ട്. അമേരിക്കയിലെ ധാരാളം മലയാളികൾ കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തീവ്രമായി ആഗ്രഹിക്കുന്നവരാണ്. അതിനുള്ള ഒരവസരമായി ഇത് ഏറ്റെടുത്ത് ആശുപത്രിയുടെ പുനർനിർമ്മാണം പൂർത്തീകരിക്കാൻ സഹായിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എങ്ങനെ പോയാലും മൂന്നുനാലുവർഷം വേണ്ടിവരും ഈ പ്രൊജക്റ്റ് പൂർത്തീകരിക്കാൻ.

റവ.ജോർജ്ജ് മാത്തൻ കേരളത്തിലെയൊരു  നവോത്ഥാന നായകനായിരുന്നില്ലേ?

അതെ. ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമികൾക്കും  അയ്യങ്കാളിക്കും മുൻപേ കേരളത്തിൽ നവോഥാനത്തിന്റെ തിരികൊളുത്തിയ 'മല്ലപ്പള്ളി അച്ചന്' ചരിത്രം അർഹമായ സ്ഥാനം നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്.അടിമ ജാതിയിലെ ജനങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം ആരംഭിച്ചത് അദ്ദേഹമാണ്.മല്ലപ്പള്ളിക്കും അവിടുത്തെ ജനങ്ങൾക്കും അദ്ദേഹം നൽകിയ  മഹത്തായ സംഭാവനകൾക്കുള്ള ആദരവായി 1971-ൽ മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സിഎസ്ഐ ചർച്ചാണ് ജോർജ്ജ് മാത്തൻ മിഷൻ ഹോസ്പിറ്റൽ സ്ഥാപിച്ചത്.1847 മുതൽ 1863 വരെ തുടർച്ചയായി 16 വർഷം അദ്ദേഹം മല്ലപ്പള്ളി ഇടവകയിൽ സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിലെ ഈ പ്രദേശത്തെ ആംഗ്ലിക്കൻ സഭയിലെ ആദ്യത്തെ സ്വദേശി വൈദികനായിരുന്നു റവ. മാത്തൻ.

സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മല്ലപ്പള്ളി മിഷൻ ആശുപത്രി പുനർനിർമ്മിച്ചാൽ എത്ര പേർക്ക് അതിന്റെ ഗുണഫലം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്?

 മല്ലപ്പള്ളിയിലുള്ള അഞ്ചുലക്ഷത്തോളം പേർ ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. സിഎസ്ഐ സഭയ്ക്ക് കീഴിലാണെങ്കിലും നാനാമതസ്ഥരും ഇവിടെ ചികിത്സ തേടുന്നുണ്ട്. അതിൽ ഏറെയും  ദിവസവേതനക്കാരായ മുസ്‌ലിം സഹോദരങ്ങളാണ്. മതസാഹോദര്യത്തിന്റെ ഒരു സന്ദേശംകൂടി ഇതിലൂടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുകയാണ്. മതമോ വർണ്ണമോ വർഗ്ഗമോ നോക്കാതെ മനുഷ്യനെ മനുഷ്യനായി കാണാൻ എല്ലാവർക്കും കഴിയണം.

കുടുംബം?

ഞാനും ഭാര്യയും മകളും മകനും അടങ്ങുന്ന സന്തുഷ്ട കുടുംബം. മക്കൾ വിവാഹിതരായി രണ്ടുപേർക്കും ഓരോ മക്കൾ.  മൂത്തയാൾ ശില്പ എംബിഎ കരസ്ഥമാക്കിയത് കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡീൻ ലിസ്റ്റിൽ ഒന്നാം റാങ്കോടെയാണ്. യുഎസ് ബിസിനസ് ഇപ്പോൾ പൂർണമായും നോക്കി നടത്തുന്നത് മകളാണ്. ഇന്ന് കാണുന്ന രീതിയിൽ കമ്പനിയെ എത്തിച്ചതിൽ ശിൽപയുടെ പ്രയത്നം ചെറുതല്ല. മകളുടെ ഭർത്താവ് കൗഷിക് ലക്ഷ്മണൻ ആമസോണിൽ ഒരു ഡിപ്പാർട്മെന്റിന്റെ മേധാവിയാണ്.അവരുടെ മകൻ ആദി. ഇളയയാൾ ഷെയ്ൻ, ഷിക്കാഗോയിലെ പ്രശസ്തമായ ബൂത്ത് ബിസിനസ് സ്‌കൂളിൽ നിന്ന് മാനേജ്‍മെന്റിൽ എം.ബി.എ പൂർത്തിയാക്കിയ ശേഷം, 'മെഷറബിൾ' എന്ന അമേരിക്കൻ കമ്പനിയുടെ ഗ്ലോബൽ വൈസ്-പ്രസിഡന്റായി ജോലി ചെയ്യുന്നു . മരുമകൾ ആൻ ഒരു എൻ.ജി.ഓ യിൽ പ്രവർത്തിക്കുകയാണ്. അമേരിക്കനാണെങ്കിലും മകനേക്കാൾ മലയാളിത്തം ആനിനാണ്. നമ്മുടെ സംസ്കാരത്തെയും കലകളെയും അവർ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ട്.കയാൻ എന്നാണ് അവരുടെ കുഞ്ഞിന്റെ പേര്.പേരക്കുട്ടികൾ രണ്ടുപേരും മലയാളം പഠിക്കുന്നുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്കും കുടുംബത്തിന്റെ പൂർണമായ പിന്തുണയുണ്ട്.

ഭാവിപരിപാടികൾ?

അടുത്ത മൂന്നുനാലു വർഷത്തേക്ക് മല്ലപ്പള്ളി മിഷൻ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് മുൻ‌തൂക്കം നൽകാനാണ് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി ഇടയ്ക്കിടെ നാട്ടിലേക്ക് പോകേണ്ടിവരും. ഇന്ത്യയിലെ ഏഴ് സ്റ്റേറ്റുകളിൽ ഞങ്ങളുടെ പ്രോഡക്ട് ഉണ്ട്. അതിന്റെ മേൽനോട്ടം വഹിക്കുന്നത് ഞാനാണ്. ആഫ്രിക്കയിലെ ഗാനയിലുള്ള ഞങ്ങളുടെ  ഓഫീസ് അടുത്ത വർഷത്തോടെ നിർത്താനാണ് ഉദ്ദേശിക്കുന്നത്.  മൂന്നുനാലു പേരുമായി ചേർന്ന് മറ്റൊരു ബ്രഹത്തായ കമ്പനി ഏറ്റെടുക്കാനും പദ്ധതിയുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക