Image

നോമ്പിൻ്റെ സാമൂഹിക സന്ദേശം (ഷുക്കൂർ ഉഗ്രപുരം)

Published on 15 March, 2024
നോമ്പിൻ്റെ സാമൂഹിക സന്ദേശം (ഷുക്കൂർ ഉഗ്രപുരം)

ആഗോള മനുഷ്യ സമൂഹം വിശ്വസിച്ചു പോരുന്ന മത പ്രത്യയ ശാസ്ത്രങ്ങളിലെല്ലാം വ്യത്യസ്ത രീതികളിലുള്ള വ്രതം നിലനിൽക്കുന്നുണ്ട് .അന്നപാനീയങ്ങളെല്ലാം സുബ്ഹ് മുതൽ വർജ്ജിച്ചുകൊണ്ട് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതാണ്  ഇസ്‌ലാം മത പ്രത്യയ ശാസ്ത്രത്തിലെ നോമ്പ് .ഇങ്ങനെ ഒരുമാസം നീണ്ടു നിൽക്കുന്ന വ്രതത്തിന് വ്യത്യസ്ത സാമൂഹിക വശങ്ങളുണ്ട്.മഹാത്മജി എഴുതിയത് പോലെ മുസ്ലിംകൾ വ്രതത്തിലൂടെ അവന്റെ ഉള്ളിലുള്ള മൃഗീയതകളെ സംസ്‌ക്കരിച്ചു നല്ല സ്വഭാവത്തിന് സ്വയം വിധേയമാകുന്ന ഒരു പ്രക്രിയകൂടിയാണ് റംസാൻ വ്രതം.നോമ്പിന്റെ സാമൂഹിക ശാസ്ത്രം പ്രവിശാലമാണ് .''പട്ടിണി  കിടക്കുന്നവന്റെ നോവ് നിങ്ങൾക്കറിയാൻ കൂടി വേണ്ടിയാണ് '' വ്രതം നിങ്ങളുടെ മേൽ നിര്ബന്ധമാക്കിയതെന്ന ഇസ്‌ലാമിക പ്രത്യയ ശാസ്ത്ര വചനം ചിന്തനീയമാണ് .

പണ്ഡിതനും പാമരനും ,രാജാവും സാധാരണക്കാരനും എല്ലാം ഇതുപോലെ പട്ടിണി കിടക്കുമ്പോൾ സോഷ്യലിസത്തിന്റെ ഒരു രീതി അവിടെ പ്രാവർത്തികമാകുന്നു .യഥാർത്ഥത്തിൽ സാമൂഹിക ശാക്തീകരണത്തിന്റെ ഒരു മുറ കൂടിയാണ് ഇസ്‌ലാമിലെ കഠിന വ്രതം .മനുഷ്യന്റെ ആസക്തികളെ വ്രതത്തിലൂടെ ഉന്മൂലനം ചെയ്തു സ്വയം ഉത്തമ സ്വഭാവത്തിലേക്ക് സംസ്ക്കരണം നടത്തുന്നതാണ് നോമ്പിന്റെ രീതി .പട്ടിണി മാത്രമല്ല വ്രതത്തിന്റെ ആത്മാവ് ,ശരീരത്തിലെ ഓരോ അവയവങ്ങൾക്കും നോമ്പുണ്ട് .എല്ലാ ശരീര അവയവങ്ങളെയും ചിന്തകളേയും വ്രതത്തിലേക്ക് പ്രവേശിപ്പിച്ചുകൊണ്ടുള്ള സമ്പൂർണ സംസ്ക്കരണമാണ് നോമ്പിന്റെ ഉദ്ദേശം.ഇതിലൂടെ സ്വഭാവ സംസ്ക്കരണം കൈവരിച്ച ഒരു സമൂഹത്തെ നിര്മിച്ചെടുക്കാൻ സാധിക്കും ,കൃത്യമായ സാമൂഹിക ക്രമം ഇതിലൂടെ സ്ഥാപിച്ചെടുക്കാനാവും .

റംസാനിലെ മറ്റൊരു ആരാധനയാണ് രാത്രിയിലെ സുദീർഘ നമസ്ക്കാരം ,ധനികനും ദരിദ്രനും,ചെറിയവനും വലിയവനും  എല്ലാം തുല്യതയോടെ ചേർന്ന് നിന്ന് കൊണ്ടുള്ള നമസ്ക്കാരം വംശ ,ദേശ ,വർണ്ണ വിവേചനകൾക്കെതിരായ സമത്വ സന്ദേശമുൾക്കൊള്ളുന്നതാണ്;ഇസ്‌ലാമിലെ സമത്വമെന്ന പ്രായോഗിക പ്രത്യയ ശാസ്ത്രത്തിലാകൃഷ്ടനായിക്കൊണ്ടാണ് 1965ൽ കറുത്ത വർഗ്ഗ കാരനായ  അമേരിക്കൻ ബോക്സി൦ഗ്  താരം ക്ളഷ്യസ് ക്ലേ  മുഹമ്മദലി ക്ലേ ആയി മാറുന്നത് .

റംസാനിൽ കൂടുതൽ ദാന ധർമ്മങ്ങൾ നൽകാനും ഇസ്‌ലാം കൽപ്പിക്കുന്നു,അതിനാൽ തന്റെ വാർഷിക സമ്പാദ്യത്തിലെ 2.5 % നിർബന്ധിത ദാനം നൽകാനും മുസ്ലിം തയ്യാറാകുന്നു.ഇതിലൂടെ സാമ്പത്തിക സമത്വവും ,ക്ഷേമവും ഉറപ്പുവരുത്താനാവും .ഖലീഫ ഉമറിന്റെ ഭരണ കാലത്ത് സുഭിക്ഷതയാൽ നിര്ബന്ധിത ദാനം പോലും സ്വീകരിക്കാൻ രാജ്യത്ത് പ്രചകളില്ലാതിരുന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട് .ഒരാൾ തന്റെ സഹജീവിയെ കാണുമ്പോൾ പുഞ്ചിരിക്കുന്നത്  പോലും ദാനമാണെന്നാണ് പ്രവാചകൻ പഠിപ്പിക്കുന്നത് ,നല്ല സാമൂഹിക ബന്ധങ്ങൾ സമൂഹത്തിൽ നില നിർത്താൻ  ഇത് സഹായിക്കുന്നു .

വിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവതീര്ണമായത് റംസാൻ മാസത്തിലാണ് .ഖുർആൻ വായനയുടെ കൂടി മാസമാണ് റംസാൻ ,അറിവിന്റെ കുത്തക വൽക്കരണത്തിനെതിരായും അറിവിന്റെ വരേണ്യ വൽക്കരണത്തെ ചെറുത്ത് അറിവിന്റെ സമത്വത്തെയും ജ്ഞാനത്തിന്റെ ഉൽകൃഷ്ടതയേയും ഉയർത്തിപ്പിടിക്കാൻ ഖുർആൻ നമ്മെ ദ്യോതിപ്പിക്കുന്നു.വായനയും ചിന്തയും ഔഷധവും ആരാധനയുമാണെന്ന് റംസാൻ നമ്മെ ഓർമ്മിപ്പിക്കുന്നു .

ഈന്തപ്പഴം കൊണ്ട് നോമ്പ് തുറക്കുക, അതില്ലെങ്കിൽ ശുദ്ധജലം കൊണ്ട് നോമ്പ് തുറക്കുക എന്ന് കല്പിക്കുമ്പോൾ മതം എളിമയുടെ നേർദിശയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നു മനസ്സിലാക്കാം ,കൊട്ടാരത്തിലും കുടിലിലും നോമ്പ് തുറക്കുന്നത് ഈന്തപ്പഴം കൊണ്ടായിരിക്കും അതില്ലെങ്കിൽ ജലം കൊണ്ടും; ഇതിലും സമത്വത്തിന്റെ വിശുദ്ധി കാണാനാവും . റംസാനിൽ കൂടുതൽ ഉദാരമാവാൻ  ഇസ്‌ലാം കൽപ്പിക്കുന്നു , അതിനാലാണ് റംസാൻ പ്രമാണിച്ചു പല ഇസ്‌ലാമിക രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ ജയിലിലെ തടവുകാരെ മോചിപ്പിക്കുന്നത് ;ഇത് കുറ്റവാളികളുടെ സംസ്ക്കരണത്തിനും പരിവർത്തനത്തിനും സഹായിച്ചേക്കാം.

പ്രാദേശികവും ,ദേശീയവും ,അന്തർദേശീയവുമായ തലങ്ങളിൽ പല ഇഫ്താർ സംഗമങ്ങളും നടക്കാറുണ്ട് .ഇവിടങ്ങളിലെല്ലാം സാമൂഹിക ഐക്യം (Social solidarity) നിർമിച്ചെടുക്കാനും സംഘര്ഷങ്ങള് ലഘൂകരിക്കാനും സാധിക്കുന്നു .റംസാൻ പ്രമാണിച്ചു കാശ്മീരിൽ നിരുപാധിക വെടിനിർത്തൽ പ്രഖ്യാപിച്ച ഇന്ത്യൻ ഗവണ്മെന്റ് നടപടി ശ്രദ്ധയര്ഹിക്കുന്നു .

വ്യത്യസ്ത മത പ്രത്യയ  ശാസ്ത്ര വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് നമ്മുടെ രാജ്യത്തെ മസ്‌ജിദുകളിലും ,ക്ഷേത്രങ്ങളിലും ,ചർച്ചകളിലും ,ഗുരുദ്വാരകളിലും നടക്കുന്ന ഇഫ്താർ സംഗമങ്ങൾ കലുഷിത കാലത്തെ ആഗോള സമൂഹത്തിനു വലിയ പാഠമാണ് പകർന്നു നൽകുന്നത്. വ്യത്യസ്ത സാമൂഹിക ക്രമം നിലനിൽക്കുന്ന സമൂഹങ്ങളിൽ വ്യത്യസ്ത രീതിയിലുള്ള സാമൂഹികോദ്‌ഗ്രഥന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.നമ്മുടെ അയൽ  സംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്രധാന നോമ്പ് വിഭവമാണ് നോമ്പ് കഞ്ഞി .റംസാൻ മാസമായാൽ എല്ലാ മസ്ജിദുകൾക്കും തമിഴ്‌നാട്  സർക്കാർ തന്നെ നേരിട്ട് സൗജന്യ അരി നാകുന്നുണ്ട്.പ്രശസ്തമായ ഇവിടുത്തെ നോമ്പ് കഞ്ഞി ഉലുവ,നെയ്യ് ,ഏലക്കായ ,മല്ലിച്ചെപ്പ് ,പുതിയിന ,പച്ചമുളക് ,ജീരകം,കറിവേപ്പില ,സവാള , തേങ്ങ , തക്കാളി   തുടങ്ങീ അനേകം പദാർത്ഥങ്ങൾ ചേർത്ത് നിര്മിക്കുന്നതാണ്  .ഇഫ്താറിന് സമയമായാൽ എന്നും അമുസ്ലിം അതിഥികൾ മസ്ജിദിലെത്തും ,അവരിലെ സ്ത്രീകളുൾപ്പെടെ പലർക്കും വീട്ടിൽ കൊണ്ട് പോകാൻ കഞ്ഞി നൽകും .ഇതിലൂടെ വലിയ സാമൂഹിക ദൗത്യമാണ് അവർ നിർവ്വഹിക്കുന്നത്.

മുസ്ലിം സമൂഹത്തിന്റെ നോമ്പിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വ്യത്യസ്ത പ്രത്യയ ശാസ്ത്രങ്ങളിൽ വിശ്വസിക്കുന്ന അനേകം പേര് നോമ്പനുഷ്ഠിക്കുമ്പോൾ അത് ലോകത്തിനു നൽകുന്ന മാനവിക സന്ദേശം ചെറുതല്ല. വളരെ പ്രഭാതത്തിലുണർന്നു സക്രിയമാവാനും ഉണർവ്വുള്ള  സമൂഹത്തെ നിര്മിച്ചെടുക്കാനും റംസാൻ പരിശീലനം നൽകുന്നു .ഒരുമാസത്തെ വ്രതം പൂർത്തീകരിക്കുന്നതിലൂടെ ഈദ് ആഘോഷിക്കുന്നതിനു മുമ്പായി ''ഫിത്വർ '' സകാത്ത് നൽകുന്നു ,ആ നാട്ടിൽ ഭക്ഷിക്കുന്ന മുഖ്യ ധാന്യമാണ് സകാത്തായി നൽകുന്നത് ,അവിടെ അന്നാരും പട്ടിണിയില്ലെന്നു ഉറപ്പു വരുത്തിയതിനു ശേഷമാണ് അവൻ ഈദ് ആഘോഷിക്കാൻ പോകുന്നത് .സാമൂഹിക  ക്ഷേമത്തിന്റെയും,ഐക്യത്തിന്റെയും ,ഹൃദയസംസ്‌ക്കരണത്തിന്റെയും ,സഹജീവികളോടുള്ള കാരുണ്ണ്യത്തിന്റെയും മൂല്യത്തെ ഓർമ്മിപ്പിക്കുന്നതാണ് റംസാനിന്റെ സാമൂഹിക സന്ദേശം.

 

Join WhatsApp News
Salih chennera 2024-04-05 11:20:31
Good👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക