Image

മരിക്കാത്ത ഓര്‍മ്മകളുമായ്...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 16 March, 2024
മരിക്കാത്ത ഓര്‍മ്മകളുമായ്...(എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ജനന മരണങ്ങള്‍ക്കിടയിലൊരിടവേളയത്രേ ജീവിതം ! ജീവിതനൗകയുടെ യാത്ര മൃത്യൂകവാടം വരെ മാത്രം !

'ജനിച്ചോരാരും മണ്ണില്‍ മരിക്കാതിരിക്കുന്നില്ല, മരിച്ചോരാരും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുമില്ല, മരിച്ചിട്ടു മൂന്നാം നാളിലുയിര്‍ പുണ്ടോനല്ലോ  ശ്രീയേശു ദേവന്‍.'!

ഓരോ മൃത്യുവും ജീവിച്ചിരിക്കുന്ന ഉറ്റവര്‍ക്കു വേദനാജനകമാണ്. സ്വാര്‍ത്ഥത കൊണ്ടാണ് ആ വേദനയുളവാകുന്നത്. ഒന്നായൊഴുകിയ ജീവനദി പകുതി വറ്റുമ്പോള്‍, ജീവന്റെ അംശമായ മക്കളും സോദരരും വേര്‍പെടുമ്പോള്‍, ഉണ്‍ടാകുന്ന വേദന സീമാതീതമാണ്, ഒരു നോവും തീരാതിരിക്കുന്നില്ല, ഒരു രാവും പുലരാതിരിക്കുന്നില്ല, ഒരിക്കലും മരണം നമ്മെ പിരിക്കുമെന്നോര്‍ക്കാതെയാണ് നാം ജീവിതം മുന്നോട്ടു നയിക്കുന്നത്. മരണം നിരാശാജനകവും വേദനാ നിര്‍ഭരവുമണെന്ന് അതനുഭവിക്കുമ്പൊഴേ അറിയുകയുള്ളു.  
    
എന്റെ പ്രിയ ഭര്‍ത്താവ് വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ ഇഹലോകവാസം വെടിഞ്ഞിട്ട് ഈ മാര്‍ച്ച് 20-ന് മൂന്നു വത്സരങ്ങള്‍ കഴിയുന്നു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം, കേരളത്തില്‍ കുമ്പഴ '‘St. Mary’s Valiya Cathedral' ല്‍ ഭൗതികശരീരം ഇവിടെനിന്നും കൊണ്‍ടുപോയി  അടക്കം ചെയ്തു. കോവിഡിന്റെ നിബന്ധനകളാല്‍ ഒരു വര്‍ഷം ന്യൂയോര്‍ക്ക് മേപ്പിള്‍ ഗ്രോവ് സെമിറ്ററിയിലെ മൊസോളിയത്തില്‍ സൂക്ഷിച്ചതിനുശേഷമാണ് 2022 മാര്‍ച്ചില്‍ കുമ്പഴയില്‍ കൊണ്‍ടുപോയി സംസ്‌ക്കരിച്ചത്. എന്നും ധൃതിയാര്‍ന്ന, ഒരു ജീവിതശൈലിയുടെ ഉടമ, വിദ്യാഭ്യാസത്തിനായ് അനേക വര്‍ഷങ്ങള്‍ ചെലവിട്ട് അഞ്ചു മാസ്റ്റര്‍ ബിരുദങ്ങള്‍, 69ാം വയസില്‍ ഡോക്ടറേറ്റ്  എന്നിവ നേടി, 51 വത്സരം അമേരിക്കന്‍ മണ്ണില്‍  ദൈവവേലയില്‍ വ്യാപൃതനായിരുന്ന, ദൈവത്തെയും ദേവാലയങ്ങളെയും എറ്റമധികം സ്‌നേഹിച്ച ആ മഹത് ജീവിതത്തിനു മുമ്പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്‍ട് ആ ദിവ്യസ്മരണയില്‍ ഞാന്‍ എകാന്തജീവിതം നയിക്കുന്നു,  പ്രിയപ്പെട്ട പരേതാത്മാക്കളുടെ സഹായവും സാന്നിദ്ധ്യവും ഞാന്‍ അനുഭവിക്കുന്നുമുണ്ട്.. 

വര്‍ഷങ്ങള്‍ മൂന്നു കടന്നെന്ന വാസ്തവം 
വാടാത്ത സൂനം പോല്‍ നില്‍പ്പിതെന്‍ ചിത്തത്തില്‍!
നൂറു ദിനങ്ങളായ് നീറും മനസുമായ്
തൊണ്‍ടയില്‍ ട്യൂബുമായ് കട്ടിലില്‍ ബന്ധനായ് 
ഓപ്പണ്‍ഹാര്‍ട്ടിന്‍ ബാക്കിപത്രമായ് വൈവിധ്യ
നൊമ്പരമൊന്നൊന്നായ് ബന്ധിതമാക്കയാല്‍, 
എകനായ് ആസ്പത്രിക്കോണിലായ് കോവിഡിന്‍
ക്രൂരൂമാം കരാള ഹസ്തത്തിന്‍ തേര്‍വാഴ്ച !
ഭക്ഷണ, പാനീയമൊന്നും ലഭിക്കാതെ
ഏകാന്ത വാസിയായ്ത്തീര്‍ന്ന് കടന്നതാ 
ണെന്‍ ദുഃഖവഹ്‌നി പടര്‍ത്തുന്നതെന്നുമേ!
ഇന്നും മഥിക്കുന്നെന്‍ ചിത്തത്തെയാവ്യഥ
എത്ര പരിതപ്തമെന്‍ ദിനമെന്നതും,
പൂര്‍ണ്ണസംഖ്യയറ്റ പുജ്യമായ് മാറിഞാന്‍
വായുവില്ലാത്തൊരു ബലൂണാണിന്ന് ഞാന്‍്,
ജീവിതത്തിന്റെ സുഗന്ധം നിലച്ചുപോയ്
ജീവക്കുവാനുള്ളൊരാശയുമറ്റുപോയ്,
ജീവിതമിന്നു പ്രകാശരഹിതമായ്,
ജീവിതമെത്രയോ നൈമിഷ്യമെന്നതോ
ജീവിക്കുന്നേരമറിയുന്നില്ലാരുമേ;  
ആരവമില്ലിന്ന് അമ്പാരിയില്ലിന്ന്
ആരും വരുന്നില്ലീയേകാന്ത വേശത്തില്‍
പ്രകാശമില്ലാത്ത സന്ധ്യകള്‍ രാവുകള്‍ !!
പ്രകാശജീവിതസ്മാരണം പേറുന്നു, 
എന്നിലെ സ്‌ത്രൈണത, മാതൃത്വം, കവിത്വം
ഉന്നമ്രമാക്കിയതെന്‍ കാന്തനെന്നതും,
സന്തോഷകാലങ്ങള്‍ ഓര്‍ത്തു കഴിയുന്നു
പ്രാര്‍ത്ഥനാ മന്ത്രങ്ങളുരുവിട്ടനിശം 
സംതൃപ്തമാക്കിയെന്‍ ജീവിതനൗകയെ 
സംശാന്തം മുന്നോട്ടു നീക്കുന്നനായകം !
ദൈവേച്ഛയാര്‍ക്കും തടുക്കുവാനാവില്ല
ദൈവമെന്നെ നടത്തുന്നുവെന്നാശ്വാസം !
പുത്രരിരുവരുമാവും വിധമെന്നില്‍
സംതുഷ്ടി ചേര്‍ക്കുന്നതാണെന്റെ സാന്ത്വനം !
ദുഃഖങ്ങള്‍ക്കവധി കൊടുത്തു നിശബ്ദം
ദുഃഖമോ, വേദനയോ അറ്റ ലോകത്തില്‍
ദൈവസവിധത്തില്‍ മല്‍ പ്രിയന്‍ശ്ല വാഴ്‌വത്?
ഭൂവിലെ ജീവിതശേഷ മൊരു നിത്യ
ജീവിതമുണ്ടെന്നുള്ളാശയില്‍ ജീവിപ്പേന്‍ !
ഭൂജീവിതത്തിലെ നന്മ തിന്മാഫലം
വിണ്‍ജീവിതത്തില്‍ ലഭിക്കുമെന്നുള്ളതും,
ജീവിതം ചൈതന്യവത്താക്കി ത്തീര്‍ക്കുവാന്‍
ദൈവമേ നിന്‍കൃപ നിത്യം നയിക്കണേ !! 

Join WhatsApp News
ASOKAN VENGASSERY 2024-03-16 07:27:38
ഹൃദയസ്പർശിയായ അനുസ്മരണക്കുറിപ്പ് . യോഹന്നാൻ ശങ്കരത്തിൽ അച്ചനെക്കുറിച്ചു ഏറെ നല്ല ഓർമ്മകൾ സൂഖിക്കുന്ന അനേകരിൽ ഒരാളാണു ഞാനും. എൻ്റെ പ്രിയ സുഹൃത്തായിരുന്ന പരേതനായ ശ്രീ ചാക്കോ ശങ്കരത്തിനൊപ്പം ന്യൂയോർക്ക് സന്ദർശിക്കുന്ന വേളകളിൽ അച്ചന്റേയും കുടുംബത്തിന്റെയും ആതിഥ്യസുഖം അനുഭവിക്കുവാൻ ഇടയായിട്ടുള്ളത് ഓർമ്മിക്കുന്നു. ആ വലിയ മനുഷ്യന്റെ ദീപ്തസ്മരണകൾക്കുമുമ്പിൽ നമിക്കുന്നു.
Sudhir Panikkaveetil 2024-03-16 13:26:31
വ്യക്തിപരമായ നഷ്ടങ്ങളെ ഓർത്ത് നിസ്സഹായനായ മനുഷ്യൻ വിലപിക്കുന്നു. സർവ്വശക്തനിൽ വിശ്വാസം അർപ്പിച്ചുകൊണ്ടാണ് അവന്റെ ശിഷ്ട ജീവിതം. ദുഖങ്ങൾക്ക് അവധി നൽകുമ്പോഴും വേദനകൾ തിങ്ങുന്ന മനസ്സ് വികാരപ്രക്ഷുബ്ധമാകുന്നു. കവയിത്രിയായ ഒരു വിധവയ്ക്ക് അവരുടേ നഷ്ടപ്പെട്ട മാംഗല്യസൗഭാഗ്യത്തെക്കുറിച്ച് വിവരിച്ചെഴുതാൻ കഴിയുന്നു. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ അച്ചന്റെ എല്ലാ ചരമവാര്ഷികത്തിലും കുത്തിക്കുറിക്കാറുണ്ട്. യശ്ശശരീരനായ പ്രിയ അച്ചന്റെ വേർപാട് എല്ലാവര്ക്കും വേദനയുളവാക്കിയ ദുഖമാണ്. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക