Image

ഓസ്ക്കാറിൽ ഒഴിവാക്കപ്പെട്ടവർ ! (അനീഷ് ചാക്കോ)

Published on 17 March, 2024
ഓസ്ക്കാറിൽ ഒഴിവാക്കപ്പെട്ടവർ ! (അനീഷ് ചാക്കോ)

അർഹിച്ച അംഗീകാരങ്ങൾ  നേടി   അക്കാദമി അവാർഡ് നിശയിൽ ഒരു ഓസ്ക്കാർ പടയോട്ടമായിരുന്നു ക്രിസ് നോളൻ്റെ  ഓപ്പൻഹൈമർ നടത്തിയത് . ലോക ചരിത്രത്തെ രണ്ടായി തിരിച്ച ആറ്റം ബോംബ് നിർമ്മാണത്തിന്  ചുക്കാൻ പിടിച്ച ഒരു ശാസ്ത്രജഞൻ്റെ  ജീവിതത്തെ ആഴത്തിൽ ഒപ്പിയെടുക്കുകയും ഒരു കാലഘട്ടത്തിൻ്റെ ചരിത്രം പറയുകയും ചെയ്ത ഒരു ചിത്രം  .അതു പോലേ തന്നെ പുവർ തിങ്ങ്സും ഒന്നിലധികം അവാർഡുകൾ കരസ്ഥമാക്കി ഓസ്ക്കാർ വേദിയിൽ തിളങ്ങി നിന്നു.

ഓസ്ക്കാറിൽ അധികം തിളങ്ങാതെ പോയ എന്നാൽ ഓസ്ക്കാർ നോമിനേഷൻ ലഭിച്ച അതി മനോഹരമായ  അഞ്ചു സിനിമകളെ കുറിച്ചാണ് ഈ കുറിപ്പ് .ചരിത്രത്തിൽ നിന്നും സാമൂഹിക ജീവിതത്തിൽ നിന്നുമുള്ള കഥകളുടെ സ്രോതസ്സും, കെട്ടുറുപ്പുള്ള തിരക്കഥകളുടെ അടിസ്ഥാനവുമാണ്  ഈ സിനിമകളെ വ്യത്യസ്ത്തമാക്കുന്നത്.

അമേരിക്കൻ ഫിക്ഷൻ

എൻഷുവർ  എന്ന നോവലിനെ  ആസ്പദമാക്കി കോർഡ് ജെഫേർസൺ സംവിധാനം  ചെയ്ത അതിമനോഹരമായ ഒരു സാറ്റയറിക്കൽ  കോമഡി സിനിമയാണ് അമേരിക്കൻ ഫിക്ഷൻ. ബെസ്റ്റ് അഡോപ്പറ്റട്  സ്ക്രീൻ  പ്ലേക്കുള്ള അവാർഡ് കരസ്ഥമാക്കിയ ഈ ചിത്രം എഴുത്തുക്കാരനായ ഒരു പ്രോഫസറുടെ കഥ പറയുന്നു. ആഫ്രിക്കൻ അമേരിക്കൻ വംശജരായിട്ടുള്ള എഴുത്തുക്കാരെയും കലാപ്രവർത്തകരെയും സ്ഥിരാക്ഷരപ്പതിപ്പുകളായി വീക്ഷിക്കുകയും വിലയിരുത്തകയും ചെയുന്ന  പൊതു സമൂഹത്തിലേക്ക് തൻ്റെ കൃതികൾ അങ്ങനെയല്ല വിലയിരുത്തേണ്ടതും വായിക്കേണ്ടതും എന്ന് വാശി പിടിക്കുന്ന മോംഗ് എന്ന  പ്രശസ്തനല്ലാത്ത എഴുത്തുക്കാരൻ്റെ  പശ്ചാത്തലത്തിൽ എത്തുന്ന കഥയാണ് അമേരിക്കൻ ഫിക്ഷൻ . മോംഗ് പ്രശ്സ്ത്തിയാർജ്ജിക്കുന്നതാവട്ടെ  പതിവു രചനാ രീതികൾ കൈവിട്ട്  ഒരു സാധാരണ പുസ്തകത്തിന്  സഭ്യമല്ലാത്ത ഭാഷയിൽ എഴുതുകയും  പേരിടുകയും ചെയ്യുമ്പോഴാണ് -മുൻവിധികളുടെ ലോകത്തെ ആക്ഷേപ ഹാസ്യത്തിൻ്റെ മുൾമുനയിൽ നിറുത്തി തുലനം ചെയ്യുന്ന സിനിമ ശക്തമായ  കുടുബ ബന്ധങ്ങളുടെയും  വ്യക്തി ബന്ധങ്ങളുടെയും അടിത്തറയിൽ രൂപപ്പെടുത്തിയ മനോഹരമായ  കലാസൃഷ്ടിയാണ്. മികച്ച സഹനടനുള്ള അക്കാദമി നോമിനേഷൻ ലദിച്ച സ്റ്റർലിങ്ങ്
ബ്രൗൺ അവതരിപ്പിച്ച കഥാപാത്രം വേറിട്ടു നിൽക്കുന്നു .മലയാളത്തിൽ മമ്മുട്ടി അവതരിപ്പിച്ച കാതൽ എന്ന സിനിമയിലേ മാത്യു എന്ന കഥാപാത്രത്തെ ചെറുതായിട്ടെങ്കിലും ഓർമിപ്പിക്കുന്നു.

ദി ഹോൾഡോവർസ്

ഡേവിഡ് ഹെമിങ്ങ്സണിൻ്റെ തിരക്കഥയിൽ അലക്ക്സാണ്ടർ പെയ്ൻ സംവിധാനം ചെയ്ത അതി മനോഹരമായ ഒരു ക്രിസ്തുമസ്സ് ചിത്രമാണ് ദി ഹോൾഡോസേർസ്. 1935 ൽ പുറത്തിറങ്ങിയ ഒരു ഫ്രഞ്ച് സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അലക്സാണ്ടർ പെയ്ൻ  സംവിധാനം ചെയ്ത ചിത്രമാണിത് .സമ്പന്നരായ വിദ്യാർത്ഥികൾ പഠിക്കുന്ന ബാർട്ടൻ റെസിഡൻഷ്യൽ സ്ക്കൂളിൻ്റെ പശ്ചാത്തലത്തിൽ 1970 കളിലേ ഒരു ക്രിസ്തുമസ്സ് കാലത്തിൽ നടക്കുന്ന കഥയാണിത് .ക്രസ്തുമസ്സ് അവധിക്കാലത്ത് എല്ലാവരും വീടുകളിലേക്ക് അവധിക്കാല ആഘോഷങ്ങൾക്കായി പോവുമ്പോൾ ബാക്കിയായ ഒരു വിദ്യാർത്ഥിയും അദ്ധ്യാപകനും ആ സ്കൂളിലെ കുക്കും ഉൾക്കൊള്ളുന്ന ഒരു കൊച്ചു ലോകത്തിലേക്ക് ആകസ്മികമായി കടന്നു വരുന്ന വികാര നിർഭരമായ സന്ദർഭങ്ങളും അവരുടെ കുഞ്ഞ് ക്രിസ്തുമസാഘോഷങ്ങളുടെയും കഥയാണ് ഹോൾവോർസ് .പോൾ ജിയോമാറ്റി എന്ന പ്രതിഭയുടെ അസാമാന്യ അഭിനയ മികവ് എടുത്ത് പറയാതിരിക്കാനാവില്ല.  .സിനിമയിൽ ഉടനീളം ഒരു കണ്ണിൽ സോഫ്റ്റ് കോൺട്ടാകറ്റ്  ലെൻസ് ഉപയോഗിച്ചാണ്  പോൾ ജിയോമാറ്റി പോൾ ഹൺഹാമ് എന്ന പ്രോഫസറുടെ കഥാപാത്രത്തെ അനശ്വരമാക്കിയത് .
പോൾ ഹൺഹാമ് എന്ന പ്രോഫസർ ഹാർവാർഡ് സർവ്വകലാശാലയിൽ നിന്നും നിർഭാഗ്യവശാൽ പുറത്താക്കപ്പെടുന്നു. ഡിഗ്രി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിലും  തൻ്റെ പഴയ സ്ക്കൂളായ ബാർട്ടൻ സൂക്കൂളിൽ പ്രാചീന സംസ്ക്കാര പഠനങ്ങളുടെ പ്രോഫസറായി  ചേർന്ന് വർഷങ്ങളോളം അവിടെ ജോലി ചെയ്ത് വരുന്നു . പോൾ ഹൺഹാമിനെ ആർക്കും തന്നെ ഇഷ്ട്ടമല്ല .ഡോമിനിക്ക് സേസാ അവതരിപ്പിക്കുന്ന ആംഗസ്  ട്ടള്ളി എന്ന കഥാപാത്രവും ഡാവിൻ ജോയി റാൻഡോൾഫ് അവതരിപ്പിക്കുന്ന മേരി ലാബ് എന്ന കഥാപാത്രവും ചേർന്നുള്ള ഒരു   ക്രിസ്തുമസിൻ്റെ കഥയാണ് ഹോൾഡോവർ.ഒരോ കഥാപാത്രത്തേയും അവരുടെ വ്യക്തിത്വത്തങ്ങളെയും ആഴത്തിൽ   സംവിധായകൻ ഒപ്പിയെടുക്കുന്നു. കഥയിൽ ഉടനീളം വിരഹ  ശോകമായ കണ്ണുകൾ നിലനിറുത്തി കൊണ്ട്  മേരി ലാബ് എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ ഡാവിൻ ജോയിക്ക് അർഹിച്ച അംഗീകാരമായി സഹനടിക്കുള്ള ഓസ്ക്കാർ സമ്മാനം.കഥയുടെ അവസാനം ആംഗസ് ട്ടള്ളിയുടെ പഠനം മുടങ്ങാതിരിക്കാൻ സ്വയം കുറ്റം ഏറ്റെടുക്കുകയും  അക്കാരണത്താൽ സ്ക്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയുന്ന പ്രോഫസർ പോൾ ഹണ്ഹാമ് പ്രേക്ഷകരിൽ ഒരു നനവുള്ള ഓർമ്മയാവുന്നു.

അനാട്ടമി ഓഫ് എ ഫോൾ

മഞ്ഞുമൂടി കിടക്കുന്ന ആൽപ്പ്സ് പർവ്വത നിരകളുടെ പശ്ചാത്തലത്തിൽ ,ഒരു ശിശിരക്കാലത്തിൽ നടക്കുന്ന ഒരു ഫ്രഞ്ച് ത്രിലർ സിനിമയാണ് അനാട്ടമി ഓഫ് എ ഫോൾ .ഗ്രനോബിൾ എന്ന കൊച്ചു പട്ടണത്തിൽ  താമസമാക്കിയ എഴുത്തുകാരിയായ സാന്ഡ്ര വോയിട്ടറിൻ്റെ ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷതമായ  സംഭവങ്ങളുടെ ആകാംക്ഷ ഭരിതമായ ആവിഷ്ക്കാരമാണ് ഈ സിനിമ .വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ്   മരിക്കുന്ന സാൻഡ്രയുടെ ഭർത്താവ് സാമുവേലിൻ്റെ മരണം ഒരു കൊലപാതകമാണ് എന്ന് സ്ഥാപിക്കുന്ന പ്രോസിക്യുഷനെതിരെ സാഡ്രയും വക്കീലും ചേർന്ന്  നയിക്കുന്ന ഒരു  ചൂടേറിയ നിയമ പോരാട്ടത്തിൻ്റെ കഥയാണിത്. കോടതി മുറി വാദങ്ങളിലൂടെ സാൻഡ്രയുടെയും, സാമുവലിൻ്റെയും കുടുംബ ജീവിതത്തിലേക്ക്   ആഴത്തിൽ  കടന്ന്  അതിവൈകാരികമായ ഒത്തിരി മഹൂർത്തങ്ങളെ കീറിമുറിച്ച് വാദിക്കുമ്പോൾ യഥാർത്ഥത്തിൽ ഈ മരണത്തിന് ആരാണ് കുറ്റവാളിയെന്ന ആശങ്കയുടെ  മുൾമുനയിലാവുന്നു പ്രേക്ഷകർ . കണ്ണു കാണാനാവാത്ത അവരുടെ ഡാനിയേൽ എന്ന ഒരു കൊച്ചു പയ്യൻ കഥാപാത്രം പ്രേക്ഷക മനസ്സുകളിൽ ഒരു സഹാനുഭൂതി പടർത്തുന്നു .ഫ്രഞ്ച് നിയമ വ്യവ്സ്ഥിതികളിലെ പല രീതികളും വിവരിക്കുന്ന ചിത്രത്തിൽ പകുതിയും കോടതി മുറി രംഗങ്ങളാണ് .മികച്ച ഒർജിനൽ സ്ക്രീൻ പ്ലേക്കുള്ള അക്കാദമി അവാർഡ് കരസ്ഥമാക്കിയ ഈ സിനിമയിൽ എടുത്ത് പറയേണ്ടത് സാൻഡ്ര വോയിട്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാൻഡ്ര ഹുള്ളറിൻ്റെ അസാധാരണമായ അഭിനയ മികവാണ് .  കുറ്റവാളിയാണോ  നിരപരാധിയാണോ  എന്ന അവ്യക്തത  പ്രേക്ഷകമനസ്സിൽ കോരിയിടുന്ന അത്ഭുതകരമായ അഭിനയ മികവാണ് സാൻഡ്ര ഹുള്ളർ കാഴച്ച വെച്ചത് .

കില്ലർസ് ഓഫ്  ദി ഫ്ലവർ മൂൺ

മാർട്ടിൻ സോർസിസ്സിയുടെ ,ഹോളിവുഡിലെ അതികായൻമാരായ ലിയാനാർഡോ ദെ
ഡികാപ്രിയോയും റോബർട്ട് നീരോയും അവതരിപ്പിച്ച ഒരു പീരിയഡ് സിനിമയാണ് കില്ലർസ് ഓഫ് ഫ്ലവർ മൂൺ. അമേരിക്കൻ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായത്തിലേക്ക് വിരൽ ചൂണ്ടുന്ന സിനിമ ഒക്ക്ൽഹോമയിലേ ഒസാജെ ട്രൈബിലെ അമേരിക്കൻ ഇന്ത്യൻ വംശജരുടെ സംസകാരങ്ങളും ആചാരങ്ങളും ഒക്കെ എടുത്ത് കാണിക്കുന്നുണ്ട് .
1920 കളിൽ ഒസാജെ റിസർവേഷനിൽ നടന്ന മരണങ്ങളും അതേ തുടർന്നുണ്ടായ എഫ് .ബി. ഐ അന്വേഷണങ്ങളുടെയും കഥയാണ് കില്ലേർസ് ഓഫ് ഫ്ലവർ മൂൺ .റോബർട്ട് നീരോ അവതരിപ്പിക്കുന്ന  വില്യം ഹേൽ എന്ന കഥാപാത്രത്തിൻ്റെയരുകിലേക്ക്, ഒസാജെ ഇന്ത്യൻ റിസർവേഷനിലേക്ക്  ഒന്നാം ലോക മഹായുദ്ധത്തിലെ പട്ടാള സേവനത്തിന് ശേഷം താമസത്തിന് എത്തിയതാണ്  
ഏർണ്ണസ്റ്റ്  ബർക്കാട്ട് എന്ന  ലിയാ നാർഡോയുടെ കഥാപാത്രം. ഇന്ത്യൻ വംശജയായ  മോളിയുമായി പ്രണയിത്തിലാവുന്ന ഏർണ്സ്റ്റ് ബർക്കാട്ട് അവരുടെ വീട്ടുകാരുടെയും പ്രിയപ്പെട്ടൊരാളാവുന്നു. അവർക്ക് മൂന്നു കുട്ടികളും ഉണ്ടാവുന്നു. പക്ഷെ ആ കുടും ബത്തിലും  ആ ട്രൈബൽ റിസർവേഷനിലും പിന്നിട്  മരണങ്ങളുടെ ഒരു പരമ്പര തന്നെയാണ് നടക്കുന്നത് .മരണങ്ങൾക്ക് ചുക്കാൻ  പിടിക്കുന്നതാവട്ടെ ഹെയലും ബർകാട്ടും .ഇന്ത്യൻ വംശജരിൽ നിന്നും ആസൂത്രിതമായി
ഓയിൽ സമ്പന്നമായ ഒസാജെ റിസർവേഷനിലുള്ള മിനറൽ അവകാശങ്ങൾ തങ്ങളുടെ പരിധിയിൽ വരുത്താനുള്ള
അതിനീചമായ  നീക്കമായിരുന്നു അവിടെ നടന്ന കൊലപാതകങ്ങൾ. ലില്ലി ഗ്ലാഡ്സ്റ്റോൺ അവതരിപ്പിച്ച മോളി എന്ന കഥാപാത്രത്തിൻ്റെ സമർത്ഥമായ നീക്കങ്ങളുടെ ഫലമായി ഫെഡറൽ ഗവൺമെൻ്റ് ഏജെൻ്റസ് ഒസാജെയിൽ എത്തുന്നു .ഇതാണ്. എഫ് ബി. ഐ യുടെ ആദ്യത്തെ കേസ് എന്നും പറയപ്പെടുന്നു. ആ ഒരു കാലഘട്ടത്തെ പുനർസൃഷ്ടിക്കുന്നതിൽ  മാർട്ടിൻ സോർസ്സിസി വിജയിച്ചിരിക്കുന്നു . ലില്ലി ഗ്ലാഡ്സ്റ്റോണിൻ്റെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്. മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ് അവർക്ക് ലഭിക്കുകയും ചെയ്തു .

മൈസ്ട്രോ.

ബ്രാഡലി കൂപ്പറിൻ്റെയും  കാർലി മള്ളിഗണിൻ്റെയും അതിശക്തമായ അഭിനയ മികവ് കൊണ്ട് അതി ശ്രദ്ധേയമായ സിനിമയാണ്  മൈസ്ട്രോ. ഒരു കാലഘട്ടത്തിൽ അമേരിക്കയിലേ സംഗീത രംഗത്ത് ഇതിഹാസം എന്ന് കരുതപ്പെട്ടിരുന്ന മ്യൂസിക്ക് കമ്പോസറും കൺടക്ടറും ആയിരുന്ന ലിയാനാർഡ് ബേർണ്സ്റ്റയിൻ്റെ ജീവിതമാണ് മയ്സ്ട്രോ എന്ന സിനിമ.ഒരു കൺസേർട്ട് മാസ്റ്റർക്ക്  പങ്കെടുക്കുവാൻ കഴിയാതിരുന്നതു കൊണ്ട് യാതൊരു  തയ്യാറെടുപ്പുകളും ഇല്ലാതെ ആകസ്മികമായി മ്യൂസിക്ക് കൺടക്ടറായി ജീവിതം ആരംഭിക്കുന്ന ബർണ്സ്റ്റയിൻ്റെ കരിയർ പീന്നിട് കുതിച്ചുയുരുകയായിരുന്നു .നടിയായിരുന്ന ഫെലിസിയ മോണട്ലീഗറെ കല്യാണം കഴിച്ച ബർണ്സ്റ്റയിൻ്റെ ജീവിതത്തിലെ അറിയപ്പെടാത്ത വശങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് മൈസ്ട്രോ. അതി മനോഹരവും റോമാൻറിക്കും ആയ ഒരു പ്രണയ ബന്ധം ഫെലിസിയയുമായി നില നിൽക്കുമ്പോൾ തന്നെ ബർണസ്റ്റയിൻ്റെ ജീവിതത്തിൽ ആൺ സുഹൃത്തുക്കളും ഉണ്ടായിരുന്നതായും അയാൾ  ബൈസെക്ഷ്വൽ ആയിരുന്നു എന്നും കാണിച്ചു തരുന്ന ഒരു സമ്പൂർണ്ണ ജീവചരിത്ര സിനിമയാണ് മൈസ്ട്രോ.  ബർണ്സ്റ്റയിൻ എന്ന യുവാവിൽ നിന്നും ബർണ്ണസ്റ്റയിൻ്റെ വാർദ്ധക്യം വരെയുള്ള ജീവിത പരിവർത്തനങ്ങളെ  ,സിനിമയിലുടനീളം ആത്മാർത്ഥമായും മൗലികമായി അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു ബ്രാഡലി കൂപ്പർ. മ്യൂസിക്ക് കൺടട്ടിങ്ങ് രംഗങ്ങൾ ക്ലാസിക്ക് സംഗീതത്തിൻ്റെ മാസ്മരതിയിലേക്ക് പ്രേക്ഷകരെ കൈ പിടിച്ചു കൊണ്ടു പോകുന്നു .ന്യുയോർക്ക് മ്യുസിക്ക് കൺടക്ട്ടർ യാനി യോടൊപ്പം മാസങ്ങളോളം ഈ സിനിമക്കു വേണ്ടി ബ്രാഡലി കൂപ്പർ തയ്യാറെടുപ്പുകൾ നടത്തിയിരിന്നു .കൂടാതെ ആഴ്ചയിൽ അഞ്ച് ദിവസത്തോളം സംഗീതം അഭ്യസിച്ചിരുന്നു. ഒരു നല്ല ബയോപിക് ചിത്രമാണ് മൈയ്സ്ട്രോ.

Join WhatsApp News
Sathees Makkoth 2024-03-17 12:54:00
Super
Rajeevan Asokan 2024-03-17 23:47:26
Well written.👍👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക