Image

അപ്പൂപ്പന്റെ മോട്ടോറിറ്റ ( ഓർമ്മ : പി.സീമ )

Published on 17 March, 2024
അപ്പൂപ്പന്റെ മോട്ടോറിറ്റ ( ഓർമ്മ : പി.സീമ )

ആയുർവേദ ഔഷധങ്ങളുടെ ഗന്ധം എപ്പോഴും തങ്ങി നിൽക്കാറുള്ള അമ്മവീട് വൈക്കത്താണ്. എല്ലാവരെയും ഒരുപാട് സ്നേഹിച്ചിരുന്ന അപ്പൂപ്പന്റെ മരണാനന്തര ചടങ്ങുകൾക്കായി മക്കൾ  അവിടെ തങ്ങിയ ദിവസങ്ങൾ. മരണത്തിന്റെ ദുഃഖം അപ്പോഴും വിട്ട് മാറിയിരുന്നില്ല. 

പെട്ടെന്നാണ് അത് സംഭവിച്ചത്. അമ്മയുടെ രണ്ടാമത്തെ ചേച്ചിയിൽ അപ്പൂപ്പന്റെ ബാധ ആവേശിച്ചു. എണീറ്റിരുന്ന വല്യമ്മക്കു  മറ്റുള്ള ഒൻപതു  മക്കളും വെള്ളം കൊടുത്തു കൊണ്ടിരുന്നു. "നിന്റെ പത്തു മക്കളും നിന്നെ പൊന്നു പോലെ നോക്കു"മെന്നു  വല്യമ്മയിലൂടെ അപ്പുപ്പൻ അമ്മുമ്മയെ ആശ്വസിപ്പിച്ചു. 

വെള്ളം കുടിച്ചു കുടിച്ചു അല്പം കഴിയുമ്പോൾ വല്യമ്മയുടെ വയറും അപ്പൂപ്പന്റെ കുട വയർ പോലെ വീർത്തു വരുമോ എന്ന് ശങ്കിച്ച് ഞാൻ നിന്ന നേരത്താണ് എന്റെ അടുത്തു നിന്ന കുഞ്ഞമ്മയിലേക്കു ബാധ മാറി കയറിക്കൂടിയത്. എന്തെല്ലാമൊക്കെയൊ കുഞ്ഞമ്മയും പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എന്റെ കണ്ണുകൾ മുറ്റത്തു കിടക്കുന്ന അപ്പൂപ്പന്റെ മോട്ടോറിറ്റ വണ്ടിയിൽ ചുറ്റി പറന്നുകൊണ്ടിരുന്നു. വണ്ടിയിൽ കയറി അപ്പൂപ്പന്റെ കൂടെ ഒരു തവണ കൂടി സഞ്ചരിക്കാനും മനസ്സ് മോഹിച്ചു. 

ചുവന്ന റിബ്ബൺ കെട്ടി മുടിയിഴകൾ പാറിപ്പറത്തി യാത്ര ചെയ്യാനുള്ള മോഹം എന്നെ ഒരു കുസൃതിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ഞാൻ ഓടിച്ചെന്നു അപ്പൂപ്പന്റെ വണ്ടിയിൽ കയറി ചാരിയിരുന്നു ഹോൺ മുഴക്കി.. "കീ.. കീ ". അന്തം വിട്ട് നിന്ന എല്ലാവരും പൂമുഖത്തു വന്നു നോക്കി. 

"വണ്ടിയുടെ താക്കോൽ എവിടെ പോയെടാ. "ഞാൻ ആക്രോശിച്ചു. 

"ന്റെ വൈക്കത്തപ്പാ അവൾക്കും ബാധ കേറീന്നു തോന്നണു.. വേഗം താക്കോലെടുക്കു"അമ്മ പേടിയോടെ പറഞ്ഞു. 

അമ്മാവൻ അനുസരണ ഉള്ള കുട്ടിയെപ്പോലെ വന്നു ചോദിച്ചു. "അച്ഛന് എവിടെയാ പോകേണ്ടത്? "

"ഈ മുറ്റത്തു കൂടി ഒന്ന് വട്ടം കറക്കിയാ മതി. "ഉള്ളിൽ ചിരി പൊട്ടി  എങ്കിലും ഞാൻ ഗൗരവം വിടാതെ പറഞ്ഞു. 

വണ്ടി നിന്നപ്പോൾ ഒരു പാത്രത്തിൽ വെള്ളവുമായി എല്ലാവരും കൂടി വന്നു. 

"എനിക്ക് വെള്ളം ഒന്നും വേണ്ട. "ഗൗരവം വിടാതെ കൈയിൽ ഇരുന്ന ചൂരൽ ചുഴറ്റിക്കൊണ്ടു ഞാൻ പറഞ്ഞു. 
"പിന്നെ അച്ഛന് എന്താ വേണ്ടത്? "

"എനിക്ക് ഒരു അടപ്രഥമൻ കുടിക്കണം. വേഗം ഉണ്ടാക്കു. "എന്റെ ആജ്ഞ നിറവേറ്റാൻ എല്ലാവരും പരക്കം പാഞ്ഞു തുടങ്ങി. ഞാൻ വണ്ടിയിൽ ചാരി ഇരുന്നു മുറ്റത്തു തെന്നിപ്പാണ്ടി കളിക്കുന്ന പിള്ളേരുടെ മുഖത്തേക്ക് തുറിച്ചു നോക്കി. 

"അച്ഛൻ നോക്കണത് പോലെ തന്നെയാ. ആ കണ്ണട വെച്ച് കൊടുത്താലോ. "ആരോ കണ്ണടയുമായി ഓടി വന്നു. 

"കണ്ണട ഞാൻ ചോദിച്ചില്ലല്ലോ. ആരു പറഞ്ഞു കൊണ്ട് വരാൻ.. ഇരുന്നിടത്തു കൊണ്ട് വെക്കു ".ഞാൻ ചൂരൽ വീശി. (ആ ചൂരലിന്റെ ചൂട് അറിയാത്തവർ കുറവാണ്. )

അങ്ങനെ നാടകം അതി ഗംഭീരമായി തുടരുമ്പോഴാണ് അത് സംഭവിച്ചത്. വിഷുവിനു ഗുണ്ട് പൊട്ടിച്ച ശബ്ദം കേട്ടു പറന്നു പോയ പച്ചത്തത്ത തെങ്ങിൽ വന്നിരുന്ന് ഒരു ചിലക്കൽ. എല്ലാം മറന്നു ഞാൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു 

"ദേ കുഞ്ഞമ്മാവന്റെ തത്തമ്മ വന്നു. "പറഞ്ഞു കഴിഞ്ഞ് അബദ്ധം പറ്റിയല്ലോ എന്ന് കൈ കുടഞ്ഞു നിന്നപ്പോൾ അമ്മ പറഞ്ഞു 
"എനിക്ക് അപ്പോഴേ തോന്നീതാ ഇത് ഇവളുടെ കള്ളത്തരം ആണെന്ന്. "

അങ്ങനെ അച്ഛാ എന്ന് എന്നെ വിളിച്ചു എന്റെ  അമ്മ  എനിക്ക് പായസം കൊണ്ട് തരുമെന്ന വ്യാമോഹത്തെ ഞാൻ കുടഞ്ഞെറിഞ്ഞു. 

അടപ്രഥമൻ കുടിച്ചു കൊണ്ടിരുന്നപ്പോൾ  ഞാൻ കണ്ടു കുഞ്ഞമ്മാവന്റെ പച്ചത്തത്ത കുറച്ച് നേരം ആ മോട്ടോറിറ്റയിൽ ഇരുന്നു ചിലയ്ക്കുന്നതും പിന്നെ അകലേക്ക്‌ പറന്നു പോകുന്നതും.. അടുത്തിരുന്ന വല്യമ്മയെയും കുഞ്ഞമ്മയെയും ഞാൻ സൂക്ഷിച്ചു നോക്കി. പായസത്തെക്കുറിച്ചു അവരിലൂടെ അപ്പുപ്പൻ എന്തെങ്കിലും പറയും എന്ന് മോഹിച്ചു. പിന്നെ അറിയാതെ നിറഞ്ഞ  കണ്ണുകൾ മുറ്റത്തെ വണ്ടിയിലേക്ക് നീണ്ടു ചെന്നു. 

ഇപ്പോഴും ആ വണ്ടി അമ്മാവന്മാർ പെയിന്റ് ചെയ്തു പുതിയത് പോലെ സൂക്ഷിക്കുന്നു. ജീവിച്ചിരിക്കുന്നവർ വിട പറയുമ്പോൾ മറ്റുള്ളവർക്കായി എന്നും മനസ്സിൽ സൂക്ഷിക്കാൻ ഒരു സ്നേഹമുദ്ര എങ്കിലും ബാക്കി ഉണ്ടാകണം.

അടർത്തി മാറ്റാനാവാത്ത വിധം അവ അടയാളങ്ങൾ ആകുമ്പോൾ ജന്മം സാർത്ഥകമാകുന്നു. കാലത്തിന്റെ കുത്തൊഴുക്കിലും ആ പാദമുദ്രകൾ ഓർമ്മകളിലെ തെളിമയാർന്ന വഴികളിൽ ഇത് പോലെ തന്നെ ബാക്കിയുണ്ടാകും.

( ഇതിൽ ഇരിക്കുന്ന ചക്കരമുത്തുകളെ പോലെ ഒന്ന് കൂടി ആകണം എന്നൊരു മോഹം  ഈ വയസ്സുകാലത്തും എനിക്കിപ്പോൾ.... )

അപ്പൂപ്പന്റെ മോട്ടോറിറ്റ ( ഓർമ്മ : പി.സീമ )
Join WhatsApp News
Sudhir Panikkaveetil 2024-03-17 07:39:36
തത്തമ്മയെ കണ്ടു ഉണർന്ന കുട്ടിത്വം. വീട്ടുകാരെ വിഡ്ഢികളാക്കുന്ന കുട്ടിയുടെ മിടുക്കിൽ വായനക്കാർ രസിക്കുമ്പോൾ കുട്ടി , ഇപ്പോൾ മുതിർന്ന എഴുത്തുകാരി മനോഹരമായി ആ രംഗം അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ സീമ ജി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക