Image

അമ്പതു നോമ്പിലെ ഞായർ ദിന ചിന്തകൾ (യേശു പിറവിക്കുരുടന് കാഴ്ച നല്കുന്നു : സൂസൻ പാലാത്ര)

Published on 17 March, 2024
അമ്പതു നോമ്പിലെ ഞായർ ദിന ചിന്തകൾ (യേശു പിറവിക്കുരുടന് കാഴ്ച നല്കുന്നു : സൂസൻ പാലാത്ര)

വി. യോഹന്നാൻ്റെ സുവിശേഷം : 9-ാം അദ്ധ്യായം നമുക്ക് ചിന്തിയ്ക്കാം. 

യോഹന്നാൻ: 9:1
അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
( യോഹന്നാൻ 9 : 1 )
And as Jesus passed by, he saw a man which was blind from his birth.
( John 9 : 1 )
 
അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.
( യോഹന്നാൻ 9 : 2 )
And his disciples asked him, saying, Master, who did sin, this man, or his parents, that he was born blind?
( John 9 : 2 )
അതിന്നു യേശു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.
( യോഹന്നാൻ 9 : 3 )

പിറവിയിലെ കുരുടനായിരുന്നവനോട് കരുണ തോന്നി യേശു അവനു സൗഖ്യം നല്കുന്നു. 

യേശുവിൻ്റെ ശിഷ്യന്മാർ യേശുവിനോട് ചോദിക്കുന്നത് ശ്രദ്ധിയ്ക്കുക: ഈ കുരുടൻ ജന്മനാ അന്ധനായി ജനിച്ചത് ഇവൻ്റെ കുറ്റംകൊണ്ടോ ഇവൻ്റെ അമ്മയപ്പന്മാരുടെ പാപം നിമിത്തമോ? യേശു പ്രതിവചിച്ചതിങ്ങനെ; ഇവൻ്റെ കുറ്റംനിമിത്തമോ, ഇവൻ്റെ അമ്മയപ്പന്മാരുടെ പാപം നിമിത്തമോ അല്ല, ദൈവപ്രവൃത്തി അവനിൽ വെളിപ്പെടുവാനത്രേ! യേശു തുടർന്നു; " ഞാൻ ലോകത്തിൽ ഇരിക്കുന്നേടത്തോളം, ലോകത്തിൻ്റെ വെളിച്ചം ആകുന്നു; ആർക്കും പ്രവർത്തിച്ചുകൂടാത്ത രാത്രി വരുന്നു " എന്നിട്ട്, യേശുവെന്നലോകത്തിൻ്റെ പ്രകാശമായവൻ, നിലത്ത് മണ്ണിൽതുപ്പി, മണ്ണുകുഴച്ച് ചേറുണ്ടാക്കി അവൻ്റെ കണ്ണിൽ പുരട്ടി, ശിലോഹാം കുളത്തിൽപോയി കഴുകുക എന്നു പറഞ്ഞു. ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർത്ഥം. 
യേശു, ദൈവപുത്രനാണ്. ദൈവം തൻ്റെ സ്വന്തപുത്രനെ പാപാന്ധകാരത്തിൽ മുഴുകിയ ലോകത്തെ രക്ഷിയ്ക്കാൻ മർത്ത്യാവതാരം നല്കി മന്നിലേയ്ക്ക് അയച്ചതാണ്. ശീലോഹാം എന്ന വാക്കിൻ്റെ അർത്ഥം അയയ്ക്കപ്പെട്ടവൻ. യേശുവിനും ശീലോഹാം എന്ന പദം തികച്ചും യോജിക്കുന്നു. 

ശീലോഹാംകുളത്തിൽ പോയി കണ്ണുകൾ കഴുകിയ. പിറവിയിലെ അന്ധനായവന് കാഴ്ചലഭിക്കുന്നു. അന്ധന് കാഴ്ച ലഭിച്ചതിൽ അദ്ഭുതപരതന്ത്രരായ ജനം അവനെ പള്ളിപ്പുരോഹിതൻ മുമ്പാകെ ഹാജരാക്കുന്നു. അവർ ഇവനെ കുരുടനായി മുമ്പേ കണ്ടിട്ടില്ല. അതിനാൽ കുരുടനായിരുന്നവൻ്റെ മാതാപിതാക്കളെ വിളിപ്പിച്ച് ചോദിക്കുന്നു; കാഴ്ച പ്രാപിച്ച ഈ യുവാവ് നിങ്ങളുടെ മകൻ തന്നെയോ? പള്ളിപ്രമാണികളെയും സമുദായത്തെയും ഭയമുള്ള ആ മാതാപിതാക്കൾ ഈ മകൻ നിമിത്തം അപമാനവും സങ്കടങ്ങളും അനുഭവിച്ചിട്ടുള്ളവരാണ്. അവർ പറയുന്നു; " ഇവൻ ഞങ്ങളുടെ മകൻ തന്നെ, എന്നാൽ ഇവൻ കാഴ്ച പ്രാപിച്ചതെങ്ങനെയെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ, അവനു പ്രായമുണ്ടല്ലോ, നിങ്ങൾ അവനോടുതന്നെ ചോദിയ്ക്കൂ "

കാഴ്ചപ്രാപിച്ച യുവാവിൻ്റെ ഉൾക്കണ്ണും കർത്താവ് തുറന്നിരുന്നു; നേരത്തെ കുരുടനായവൻ യേശുവാണ് തനിക്ക് ദർശനഭാഗ്യം നല്കിയതെന്ന് ഉച്ചത്തിൽ ഘോഷിയ്ക്കുന്നു, എന്നിട്ട്  ആ യുവാവ് പ്രമാണികളോട് ചോദിക്കുന്നു; "നിങ്ങളും  അവൻ്റെ ശിഷ്യനാകാൻ ആഗ്രഹിക്കുന്നുവോ " ഈഗോ മൂത്തുനില്ക്കുന്ന പള്ളിപ്രമാണികൾ അവനെ പള്ളിഭ്രഷ്ടനാക്കുന്നു. 
മാത്രമല്ല, ശബ്ബത്തിൽ കുരുടന് കാഴ്ചനല്കി ദൈവകല്പന യേശു ലംഘിച്ചെന്ന കുറ്റവും യേശുവിൽ ആരോപിയ്ക്കുന്നു. 
 

യേശു കാഴ്ചകൊടുത്തവനെ ഭ്രഷ്ടനാക്കി എന്നുകേട്ട യേശു അവനോട്: "നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചതിന്. അവൻ: " യജമാനനേ അവൻ ആരാകുന്നു, ഞാൻ അവനിൽ വിശ്വസിയ്ക്കാം" യേശുവോ " നീ അവനെ കണ്ടിട്ടുണ്ട്, നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നെ " യേശു താൻ ദൈവപുത്രനെന്ന് അവനോട് വെളിപ്പെടുത്തുന്നു. "കാണാത്തവർ കാണ്മാനും, കാണുന്നവർ കുരുടർ ആകുവാനും ഇങ്ങനെ ന്യായ വിധിയ്ക്കായി ഞാൻ ഇഹലോകത്തിൽ വന്നു എന്ന് യേശു വെളിപ്പെടുത്തുന്നു. 

ഇവിടെ നാം രണ്ടുകൂട്ടരെ കാണുന്നു, ഒരു കൂട്ടർ പുറമെ കാഴ്ചയുള്ളവർ എങ്കിലും ഉൾക്കണ്ണിലെ കാഴ്ച നഷ്ടപ്പെട്ടവരാണ്. അവരെക്കുറിച്ച് യഹോവ കല്പിക്കുന്നു; " അവർ എൻ്റെ കല്പനകളെ വ്യർത്ഥമായി ഭജിക്കുന്നു " ദൈവകല്പനയുടെ ഉൾക്കാമ്പ് നഷ്ടപ്പെടുത്താൻ ഇക്കൂട്ടർ ശ്രമിക്കുന്നതിനാലാവാം യേശു തൻ്റെ വീര്യപ്രവൃത്തികളിൽ ഏറിയഭാഗവും ചെയ്യുന്നത് ശബ്ബത്ത്ദിനങ്ങളിലാണ്. അക്കാലത്തെ യഹൂദരുടെ വ്യർത്ഥമായ ശബ്ബത്താചരണത്തെ യേശു അങ്ങനെ പൊളിച്ചെഴുതി. 
യേശു അവരോടു പറയുന്നു; " നിങ്ങൾ കുരുടർ ആയിരുന്നുവെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലായിരുന്നു. എന്നാൽ ഞങ്ങൾ കാണുന്നു എന്നു നിങ്ങൾ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നിലനില്ക്കുന്നു.

കാഴ്ചയില്ലാത്ത നേത്രങ്ങൾക്ക് കാഴ്ച ലഭ്യമാക്കുവാനും, ഉൾക്കാഴ്ചയില്ലാത്ത ജനത്തിന് ഉൾക്കാഴ്ചനല്കി കൂരിരുട്ടിൽനിന്ന്, അന്ധകാരത്തിമിരത്തിൽനിന്ന്  നിത്യപ്രകാശത്തിലേക്ക് എത്തിക്കാൻ യേശു ഏവരുടെയും ഉള്ളങ്ങളിൽ പ്രകാശിയ്ക്കട്ടെ.

യേശു പറയുന്നു;  "ആരും തിന്മയ്ക്കുപകരം തിന്മ ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക