Image

ന്യൂയോര്‍ക്കില്‍ നോമ്പ് തുറക്കല്‍ (യു.എ.നസീർ)

Published on 17 March, 2024
ന്യൂയോര്‍ക്കില്‍ നോമ്പ് തുറക്കല്‍ (യു.എ.നസീർ)

എയർ ഇന്ത്യ ഫ്ലൈറ്റിൽ കോഴിക്കോട് നിന്ന്  മുംബേവഴി  ചൊവ്വാഴ്ച കാലത്ത് ന്യൂയോർക്കിൽ തിരിച്ചെത്തി എന്നറിഞ്ഞപ്പോൾ നാട്ടിലുള്ള  പല സുഹൃത്തുക്കൾക്കും  വിശ്വസിക്കാനായില്ല. കാരണം ഞായറാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് കല്യാണത്തിലും രാത്രിയിൽ സുഹൃത്തും നാട്ടുകാരനുമായ സമദാനിയുടെ  വളാഞ്ചേരിയിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിലും  എല്ലാം സജീവമായി കണ്ട ശേഷം  പെട്ടെന്ന്  ചൊവ്വാഴ്ച അമേരിക്കയിലെത്തി എന്നറിഞ്ഞപ്പോൾ പലർക്കും  അത്ഭുതം.

എന്നാൽ റംസാൻ സമയത്ത്  ഭക്ഷണക്രമീകരണത്തിനും നോമ്പു എടുക്കുന്നതിനും ന്യൂയോർക്കിൽ കുടുംബത്തോടൊപ്പമാണ് നല്ലത് എന്നത് കൊണ്ടും, ഈ മാസത്തിൽ തന്നെ അത്യാവശ്യ ഡോക്ടർ അപ്പോയ്മെൻ്റുകൾ ഉള്ളതു കൊണ്ടുമാണ് നാട്ടിലെ തെറാപ്പികളും മറ്റു ചില അത്യാവശ്യ ജോലികളും തൽക്കാലം നിർത്തി വെച്ചു  തിരിച്ചെത്തിയത്.  എത്തിയ ദിവസം തന്നെ ഒരു അബദ്ധം പറ്റിയത് എയർപോർട്ടിൽ വെച്ചാണ് തിരിച്ചറിഞ്ഞത്. വിൻ്റർ കഴിഞ്ഞതിനാൽ ചൊവ്വാഴ്ച ഒരു മണിക്കൂർ സമയക്രമം മാറ്റിയിരിക്കുന്നു. അത് കാരണം കാലത്ത് പത്ത് മണിക്ക് മുൻകൂട്ടി നിശ്ചയിച്ച ഡോക്ടർ അപ്പോയ്മെൻ്റിനു എയർ പോർട്ടിൽ നിന്നും വീട്ടിൽ പോകാതെ നേരെ പോയാലെ സമയം പാലിക്കാൻ കഴിയൂ എന്നത് കൊണ്ട് നീണ്ട യാത്രക്കു ശേഷം നേരെ ഡോക്ടർ ഓഫീസ്സിലേക്കാണ് പോയത്. എന്നാൽ നാട്ടിലെ കൊടും ചൂടിൽ നിന്ന് ഇപ്പോഴും തണുപ്പ് വിട്ടുമാറാത്ത ന്യൂയോർക്കിൽ എത്തിയപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ ജലദോഷവും തൊണ്ടയടപ്പും  പിടികൂടി. എന്നാലും ബുധനാഴ്ച മുതൽ നോമ്പ് എടുക്കുന്നതിനും മറ്റും യാതൊരു ബുദ്ധിമുട്ടും നേരിട്ടില്ല. വെള്ളിയാഴ്ച പതിവുപോലെ വെസ്റ്റ്ബറിയിലെ വീടിനുമുമ്പിൽ തന്നെയുള്ള പള്ളിയിൽപ്രാർത്ഥനക്ക്  മകൻ്റെയും സുഹൃത്തുക്കളുടെയും കൂടെ നടന്നു പോയപ്പോൾ ഇളംതപ്പുകൂടാതെ നേരിയ  ചാറ്റൽ  മഴയും അനുഭവപ്പെട്ടു.. എങ്കിലും നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടിൻ്റെ  അന്തരീക്ഷത്തിൽ നിന്നും മാറി വസന്തത്തെ വരവേറ്റു കൊണ്ടുള്ള മനോഹാരമായ കാലാവസ്ഥയിലെത്തിയപ്പോൾ ഒരു സമാധാനം ആശ്വാസം. വെള്ളിയാഴ്ച വൈകിട്ട് ഒരു ഹോട്ടലിലേക്ക് നോമ്പുതുറക്ക് സൗദി അറേബ്യയിലെ ജെഎൻഎച്ച് ഗ്രൂപ്പിന്റെ  അലി സ്നേഹപൂർവ്വം കുടുംബസമേതം ക്ഷണിച്ചപ്പോൾ പോകാതിരിക്കാനായില്ല കാരണം അലിയും സഹോദരൻ മുഷ്താഖും  ഇവിടെ വിദ്യാർത്ഥികൾ ആയിരിക്കുമ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ തന്നെ എപ്പോഴും ഇതുപോലെ എല്ലാ പരിപാടിക്കും   കുടുംബാംഗങ്ങളെ പോലെ തന്നെ ഉണ്ടായിരുന്നു  .

അമേരിക്കയിൽ എത്തിയ ഉടൻ  തന്നെ ഒരു ഇഫ്താർ പരിപാടിക്ക് പോയത് വളരെ നല്ല സന്തോഷകരമായ ഒരു അനുഭവമായി മാറി. വീട്ടിൽ നിന്ന് ഞാനും ഭാര്യ ഹസീനയും , മകൻ ഹുസ്നി , മരുമകൾ ആഷിഖ , കുട്ടികൾ കൂടാതെ തൊട്ടടുത്തു തന്നെ താമസിക്കുന്ന മകൾ നസ്റീന, മരുമകൻ ഹാരി കുട്ടികൾ എല്ലാവർക്കും  കൂടി തൊട്ടടുത്ത ഹിക്സ് വിൽ ഹോട്ടൽ സൺഷൈൻ  ൽ ആണ് ഇഫ്താർ ബഫെ ബുക്ക് ചെയ്തിരുന്നത്. ഹോട്ടലിൻ്റെ മുൻവശത്ത് ഇന്ത്യയിൽ നിന്നോ മറ്റോ കൊണ്ടു വന്ന ഓട്ടോറിക്ഷ യും സൈക്കിൾ റിക്ഷയും മറ്റും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമായിരുന്നു. ഹോട്ടലിന്നുത്തേക്ക് കയറുമ്പോൾ തന്നെ അറേബ്യൻ രാജ്യങ്ങളെ വെല്ലുന്ന രീതിയിൽ. റംസാൻ സന്ദേശങ്ങളും അലങ്കാരങ്ങളും അതീവ മനോഹരമായിരുന്നു എന്നു മാത്രമല്ല, നോമ്പു തുറക്കാൻ വരുന്ന  അഥിതികൾക്ക് ഒരു പ്രത്യേക ആംബിയൻസും നൽകുന്നതായിരുന്നു.
അകത്തെ മെയിൻ ഹാളിൽ ഒരു വശത്തായി രണ്ടു സനനോളം ആളുകൾക്ക് നമസ്ക്കരിക്കാനുള്ള തരത്തിൽ  മുസല്ലകൾ വിരിച്ചു വെച്ചിരിക്കുന്നത് കണ്ടു.  

നോമ്പു തുറക്കാൻ സമയം ആകുമ്പോഴെക്കും പല നാട്ടുകാരായ വ്യത്യസ്ത വേഷക്കാരായ ധാരാളം കുടുംബങ്ങൾ നോമ്പ് തുറക്കാൻ എത്തി ഒട്ടുമിക്ക എല്ലാ ടേബിളുകളും നിറഞ്ഞു തുടങ്ങി. എന്നാൽ നോമ്പു തുറക്കാൻ സമയമായപ്പോൾ എല്ലാവരും  നൂമ്പു തുറക്കാനുള്ള പലഹാരവിഭവങ്ങളും ജ്യൂസുകളും മറ്റും എടുക്കാൻ പോയപ്പോഴെക്കും അവിടെ നമസ്ക്കരിക്കാൻ വിരിച്ച മുസല്ലകൾ എടുത്തു മാറ്റിയതായി കണ്ടു. അന്വേഷിച്ചപ്പോൾ ആളുകൾ കൂടുതലായത് കൊണ്ട് നമസ്ക്കരിക്കാനുള്ള സൗകര്യം ഹോട്ടലിനു വെളിയിൽ പെട്ടെന്നു ഒരുക്കിയ ഒരു പന്തലിലേക്ക് മാറ്റിയതായി അറിയിച്ചു.  നാട്ടിലെ പോലെ ഇവിടെ പ്രസ്താനങ്ങൾ തമ്മിലുള്ള തർക്കങ്ങളും പ്രശ്‌നങ്ങളും ഇത് വരെ ഉടലെടുക്കാത്തത് കൊണ്ട് അവിടെ കൂടിയ  എല്ലാവരും  കൂട്ടത്തിൽ ബഹുമാനം തോന്നിക്കുന്ന ഒരു വ്യക്തിയെ മുൻ നിർത്തി ഹോട്ടലിനു വെളിയിൽ നിന്ന് നമസ്കാരം നിർവ്വഹിച്ചു. ഇതാണ് അമേരിക്കയുടെ പ്രത്യേകത. ഏതു വിഭാഗം ജനങ്ങൾക്കും അവരവരുടെ വിശ്വാസപ്രമാണമനുസരിച്ചു ജീവിക്കുവാനും പരസ്യമായി തന്നെ പ്രാർത്ഥനകൾ നടത്തുവാനും ഈ നാട് സ്വാതന്ത്ര്യം നൽകുന്നു. അതിൽ ആർക്കും ഒരു തരത്തിലുള്ള അസഹിഷ്ണതയും ഇല്ലെന്നു മാത്രമല്ല പോലീസും, അധികാരികളും പൊതുജനങ്ങളും ആവശ്യമായ ബഹുമാന ആദരവോടെ തന്നെ അവർക്ക് സംരക്ഷണവും സൗകര്യവും ചെയ്തു കൊടുക്കുകയും ചെയ്തു വരാറുണ്ട്.  തിരക്കെറെയുള്ള ന്യൂയോർക്ക് സിറ്റിയിൽ വരെ വിശേഷാവസരങ്ങളായ ജുമാ - റംസാൻ വേളകളിൽ പള്ളികൾ നിറഞ്ഞ് കവിഞ്ഞു പൊതു സ്ഥലങ്ങളിൽ ഇത് പോലെ പ്രാർത്ഥനകൾ നടക്കാറുണ്ട്.

തിരക്കുള്ള അവസരങ്ങളിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശരിയല്ലെങ്കിലും  അതിൽ ആരെങ്കിലും എന്തെങ്കിലും തരത്തിലുള്ള അമർഷങ്ങളോ അസഹിഷണതയോ പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഇത്രയും പറയാൻ കാരണം ഏതോ നാട്ടിൽ പൊതു സ്ഥലത്ത് പ്രാർത്ഥിക്കുന്ന ആളുകളെ ഒരു പോലീസുകാരൻ അക്രമിക്കുന്ന ഒരു വീഡിയോ ഇപ്പോൾ ഇവിടെ പ്രചരിച്ചു കൊണ്ടിരിക്കുന്നുന്നുണ്ട്. ന്യൂയോർക്ക് സിറ്റിയിലെ ഏറ്റവും തിരക്കേറിയ ടൈം സ്ക്വയറിലും രാത്രി നമസ്കാരം(ത്രാവീഹ്) നടക്കുന്ന ഒരു വീഡിയോ കാണാനിടയായി. അധികൃതരുടെ അംഗീകാരത്തോടെ 24 മണിക്കൂറും സന്ദർശക പ്രവാഹം നടക്കുന്ന  വേദിയിൽ  നൂറുക്കണക്കിനു  വിശ്വാസികളുടെ രാത്രി നമസ്കാരം  സഞ്ചാരികൾ കൗതുകത്തോടെ  വീക്ഷിക്കുന്നുണ്ടെങ്കിലും അത്തരം പൊതു  വേദികളിൽ ഒരു മതവിഭാഗം പ്രാർത്ഥന  നടത്തുന്നത് ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം. 

നമസ്കാര ശേഷം രുചികരവും വിഭവസമൃദ്ധവുമായ ഭക്ഷണങ്ങൾ അൺ ലിമിറ്റഡ് ആണെങ്കിലും . നമ്മുടെ ശരീരവും ആരോഗ്യവും നമ്മൾ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന തിരിച്ചറിവിൽ  ചെറിയ മെയിൻ കോഴ്സിനു ശേഷം അത്യാവശ്യം ഒന്നു രണ്ടു ഡിസർട്ടുകൾ സാമ്പിൾ നോക്കി കുട്ടികളുമായി പുറത്തെ കാഴ്ചകൾ കാണാൻ ഇറങ്ങി.  ന്യൂ ജഴ്സിയിൽ എം.എം.എൻ ജെ യുടെ ആദിമുഖ്യത്തിൽ നടക്കുന്ന ഇൻ്റർഫെയ്ത്ത്  സമൂഹ നൂമ്പ് തുറ തൊട്ട് ഈ വർഷം ചെറുതും വലുതുമായ ഇഫ്താറു കൾ ഇനിയും ഉണ്ടാകുമെങ്കിലും , കഴിഞ്ഞ ഓണം സദ്യ പോലെ വിവിധ ദേശക്കാരും വർണ്ണക്കാരും ആയ അപരിചിതരായ ഒരു വ്യത്യസ്ത ജനവിഭാഗങ്ങളുടെ  കൂട്ടത്തിൽ  സസന്തോഷം പരസ്പരം മനസ്സ് നിറഞ്ഞ ഒരു ഇഫ്താർ ഈ വർഷം തുടക്കത്തിൽ സമ്മാനിച്ച പ്രിയപ്പെട്ട  അലി യോടുള്ള സന്തോഷം മറച്ചു വെക്കുന്നില്ല. 

നാട്ടിൽ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പൗരത്വ വിഷയവും കത്തിക്കയറുവാൻ തുടങ്ങി എന്ന് തോന്നുന്നു. 24 ചാനലിൻ്റെ അമേരിക്കൻ ഡയലോഗിനു വേണ്ടി സുഹൃത്ത് വിശാഖ് വിളിച്ചപ്പോൾ ശക്തിയായ ജലദോഷവും തൊണ്ടയുടെ പ്രശ്നം കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടും പറഞ്ഞു നോക്കി. എന്നാൽ ഗാർഗിൾ ചെയ്യുവാനുള്ള സ്നേഹോപദേശമാണ് പകരം കിട്ടിയത്. ഏതായാലും എല്ലാം ശരിയാകാനും സമാദാനവും സന്തോഷവും നില നിർത്താനും  നമുക്ക് പ്രാർഥിക്കുകയല്ലാതെ മറ്റൊരു വഴി കാണുന്നില്ല.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക