Image

സിനിമക്കകത്തെ നീതികേടുകൾ സമൂഹം നിരീക്ഷിക്കുന്നു (എസ്.ശാരദക്കുട്ടി)

Published on 18 March, 2024
സിനിമക്കകത്തെ നീതികേടുകൾ സമൂഹം നിരീക്ഷിക്കുന്നു (എസ്.ശാരദക്കുട്ടി)

വേനൽ പരീക്ഷച്ചൂടിനിടയിലാണ് എൻ്റെ പ്രിയപ്പെട്ട രണ്ടു നടിമാരുടെ ആത്മഹത്യകൾ നടന്നത്. മാർച്ച് 17 ന് വിജയശ്രീ ജീവനൊടുക്കുമ്പോൾ ഞാൻ 9-ാം ക്ലാസിലെ പരീക്ഷക്കും May 1 ന് ശോഭ ജീവനൊടുക്കുമ്പോൾ ഞാൻ B.Sc മൂന്നാം വർഷ പരീക്ഷക്കും തയ്യാറാകുകയാണ്. മറക്കാനാവാത്ത പരീക്ഷക്കാലങ്ങൾ. ഇന്ന് വിജയശ്രീയുടെ ഓർമ്മ ദിവസം.
തിരുനക്കര ക്ഷേത്രോത്സവത്തിന് ഒരിക്കൽ വിജയശ്രീയുടെ നൃത്തമുണ്ടായിരുന്നു.

 സിനിമാതാരങ്ങളൊക്കെ കോട്ടയത്തു വന്നാൽ അന്നത്തെ സിനിമാമാസിക -  ചിത്രരമ ഉടമയായ ആസാദ് ശങ്കരൻ നായരുടെ വീട്ടിൽ വരാതിരിക്കില്ല. തിരുനക്കരയിലെ ഞങ്ങളുടെ വീടിന്റെ തൊട്ടുപിറകിലാണ് അനിയൻ ചേട്ടൻ എന്ന് കോട്ടയംകാർ വിളിക്കുന്ന ആസാദ് അനിയൻചേട്ടന്റെ വീടും സിനിമാ മാസിക പ്രസ്സും . സിനിമാ മാസിക പ്രസ്സിൽ നിന്ന് രാപകൽ നിലയ്ക്കാതെയുള്ള  ടകടക ശബ്ദം ഞങ്ങളുടെ ജീവിതത്തിന്റെ താളം തന്നെയായിരുന്നു. ഓരോ സിനിമാതാരത്തിന്റെയും ജീവിതവും പ്രണയങ്ങളും പ്രണയഭംഗങ്ങളും രഹസ്യങ്ങളും സിനിമാക്കാർക്കിടയിലെ ഗോസിപ്പുകളും ആത്മഹത്യകളും എല്ലാം കടലാസിൽ പതിയുന്ന ആ താളം കേട്ടാണ് , അതു വായിച്ചാണ് ഞാൻ ഒരു സ്വപ്നസദൃശമായ ജീവിതം മോഹിച്ചതും പാട്ടുപാടി ആട്ടമാടി നടന്നതും.
ഒരിക്കൽ അവിടെ വിജയശ്രീയും വന്നു. വിശ്വസിക്കാനാകാത്ത ലാളിത്യമായിരുന്നു അവരുടെ വേഷത്തിൽ. ഇളംനീല നിറമുള്ള ജോർജറ്റ് സാരിയും വെള്ളയിൽ നീലപ്പൊട്ടുകളുള്ള കൈ നീളമുള്ള ബ്ലൗസും . നക്ഷത്ര കിന്നരന്മാർ വിരുന്നു വന്നു എന്ന ഗാനരംഗത്തിലാണ് ഞാനവരെ അത്രക്ക് സുന്ദരിയായി കണ്ടിട്ടുള്ളത്. സിനിമക്കുള്ളിൽ കാണുന്നത്ര മുഴുത്ത വെച്ചുകെട്ടലുകളൊന്നും അവരുടെ രൂപത്തിലില്ലായിരുന്നു. അസാധാരണ അഴകുള്ള ഒരു സാധാരണ ശരീരം .

സിനിമാമാസികക്കാരുടെ വീട്ടിൽ സഹായത്തിനെത്തിയിരുന്ന ഓമന തന്നെയാണ് എന്റെ വീട്ടിലും അമ്മയെ അടുക്കള ജോലിയിൽ സഹായിക്കാനെത്തിയിരുന്നത്. സിനിമാക്കാരുടെ കഥകൾ ഓമന പൊടിപ്പും തൊങ്ങലും വെച്ച് പറയുന്നതു കേൾക്കാൻ ഞാൻ പോയിരിക്കും. സോമന് പുട്ടും കടലയുമാണിഷ്ടം, ജയഭാരതിയുടെ മുൻവരിപ്പല്ലുകൾക്കിടയിലെ വിടവിന് സിനിമയിൽ കാണുന്നതിലും ഭംഗിയുണ്ട് , സുജാതാ സോമന് കണങ്കാൽ വരെ മുടിയുണ്ട് , ഷീലക്ക് പൊന്നിന്റെ നിറമാണ് അങ്ങനെ ചെറിയ വിശേഷങ്ങൾ . ഓമനയുടെ ഭാഷയിൽ നിന്നാണ് ഞാൻ സിനിമാലോകങ്ങൾ മനസ്സിൽ കെട്ടിയുണ്ടാക്കിയത്.

ഒൻപതാം ക്ലാസിലെ വർഷാവസാന പരീക്ഷക്ക് മുറ്റത്തു കൂടി നടന്ന് പഠിക്കുന്ന സമയത്താണ് 1974 മാർച്ച് 17 ന്  ഓമന ഓടിക്കിതച്ചു വന്നു പറഞ്ഞത് വിജയശ്രീ ആത്മഹത്യ ചെയ്തുവെന്ന്. അമ്മയോട് ഓമന രഹസ്യമായി എന്തൊക്കെയോ പറയുന്നത് കേൾക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഇതിലും പതുക്കെ ഓമന മുൻപൊരിക്കലും സംസാരിച്ചിട്ടില്ല.

അൽപവസ്ത്രവേഷങ്ങളിൽ നിന്നു മാറി, അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ, 'ജീവിക്കാൻ മറന്നു പോയ സ്ത്രീ ' എന്ന ചിത്രത്തിൽ അവതരിപ്പിച്ചത് അവരുടെ ജീവിതത്തിലെ വലിയ സംതൃപ്തിയായിരുന്നു എന്ന് അന്ന് കേട്ടിരുന്നു. പിന്നീടെത്രയോ കാലത്തിനു ശേഷം ആ ചിത്രം ടെലിവിഷനിലോ മറ്റോ കണ്ടപ്പോൾ ഒരു മികച്ച അഭിനേത്രിയോട് മലയാള സിനിമാ ലോകം ചെയ്ത നീതികേട് ബോധ്യപ്പെട്ടു. വളരെ ഗൗരവ സ്വഭാവമുള്ള ഒരു കഥാപാത്രമായി  ജീവിതത്തിന്റെ സന്തോഷങ്ങളും സങ്കടങ്ങളും അവഗണനകളും അവർ അഭിനയിച്ചു. അവരുടെ ശരീരം എത്ര മാത്രം വിപണിസാധ്യതയുള്ളതാണെന്ന് തെളിയിക്കാൻ സിനിമാ മുതലാളിമാർ മത്സരിച്ചു. എങ്ങനെയും  കുടുംബം സംരക്ഷിക്കാനെത്തുന്ന പാവം സുന്ദരിമാർ ജീവിതം മടുത്തിട്ടും പിടിച്ചു നിന്നു .

സിനിമയിലെത്തുന്ന സാധാരണ പെൺശരീരങ്ങളെ എത്രയധികം നോവിച്ചിട്ടായിരുന്നിരിക്കും അവയെ സിലിക്കൺ നിർമ്മിത ശിൽപങ്ങളാക്കി മാറ്റിയിരിക്കുക!  മലയാള സിനിമയിലെ സംവിധായകർ costume ഡിസൈനർമാരെക്കൊണ്ട് ഏതെല്ലാം തരത്തിലായിരിക്കും പെൺശരീരങ്ങളെ തങ്ങളുടെ ഭാവനക്കൊത്തവണ്ണം കൊത്തിപ്പണിയിച്ചത് '! കടുത്ത വേനലിലും ചൂടിലും പൊള്ളിയും വിയർത്തും നൊന്തും അവർ ആടിയതും പാടിയതും കണ്ടാണ് ഒരു കാലത്തെ ആൺയൗവനങ്ങൾ  വികാരഭരിതരായത്. വെച്ചു കെട്ടെല്ലാം അഴിക്കുമ്പോൾ ദീർഘ നേരത്തേക്ക് അനുഭവപ്പെടുന്ന ശരീര വേദനയെ കുറിച്ച് അക്കാലത്തെ നടികൾ പിന്നീടു നടത്തിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. സിലിക്കൺ മുലകളും പുറത്തു തെളിയുന്ന തരത്തിൽ  മുഴച്ചു നിൽക്കുന്ന കൃത്രിമ മുലക്കണ്ണുകളും ശരീരത്തിനുണ്ടാക്കിയ ക്ഷതങ്ങളെ കുറിച്ചവർ പറയുന്നത് വായിച്ചിട്ടുണ്ട്.
അങ്കത്തട്ടും ആരോമലുണ്ണിയും ഒതേനന്റെ മകനും പൊന്നാപുരം കോട്ടയും പത്മവ്യൂഹവും ലങ്കാദഹനവും പോസ്റ്റുമാനെ കാണാനില്ലയും യൗവ്വനം വണ്ടിക്കാരി വരെയും എത്ര ചിത്രങ്ങൾ ! എത്ര ഗാനങ്ങൾ !

അത് ഒരു ആത്മഹത്യ തന്നെ ആയിരുന്നുവോ?  ദീദി ദാമോദരന്റെ നായിക എന്ന ചലച്ചിത്രം കണ്ട് എത്ര സങ്കടപ്പെട്ടു ഞാൻ ! ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ചല്ലാതെ കൊലപാതകത്തിന്റെ സാധ്യതകളെ കുറിച്ചാലോചിക്കാനുള്ള അറിവൊന്നും സിനിമാ ലോകത്തിനു പുറത്ത് അന്നുണ്ടായിരുന്നുവോ ? പൊന്നാപുരം കോട്ടകൾക്കകത്തെ വാർത്തകൾ പിടിക്കാൻ മാധ്യമങ്ങൾക്ക് ഇന്നത്തെയത്ര ഘ്രാണശേഷി അന്നുണ്ടായിരുന്നുവോ ? അറിയില്ല.
ഒടുവിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് കിടന്ന ആ ശരീരം കാണാൻ സിനിമാ മേഖലയിലെ സഹപ്രവർത്തകരിൽ രാഘവനൊഴികെ ആരും ചെന്നിരുന്നില്ലെന്നും കേട്ടിട്ടുണ്ട്. സിനിമയിലെ വമ്പൻ മുതലാളിമാരുടെ അപ്രീതി പിടിച്ചുപറ്റാൻ അവരാരും തയ്യാറല്ലായിരുന്നത്രേ!

 ഇന്നാണെങ്കിൽ ആ നടിക്ക് ഈ ഗതി വരില്ലായിരുന്നു എന്ന് ഒരു തോന്നലുണ്ടാകാറുണ്ട്. അതിജീവിത കളാകുമായിരുന്നിരിക്കും റോസിയും ശോഭയും സ്മിതയും പ്രേമയും മറ്റു പലരും. അവർക്ക് കുറെ കാലം കൂടി തങ്ങളുടെ അഭിമാനം സംരക്ഷിച്ച് തങ്ങളുടെ കലാജീവിതത്തിൽ സംതൃപ്തിയോടെ ജീവിച്ചിരിക്കാൻ ഒരു പക്ഷേ  കഴിഞ്ഞേനെ . സിനിമക്കു പുറത്തെ സമൂഹം സിനിമക്കകത്തെ നീതികേടുകളെ നിരീക്ഷിക്കുന്നുണ്ട്. പ്രതികരിക്കുന്നുമുണ്ട്.
വിജയശ്രീയുടെ അഴകുള്ള ഓർമ്മകളിൽ കണ്ണീരും നനവും പുരളുന്നു. ലളിതാംബിക അന്തർജ്ജനത്തിന്റെ പ്രതികാര ദേവത എന്ന കഥയിലേതു പോലെ ഒരദൃശ്യ സാന്നിധ്യമായി അവരുടെ വേദനകളും രോഷവും പകയും പുതുതലമുറയ്ക്ക് കരുത്തു പകരട്ടെ .

എസ്.ശാരദക്കുട്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക