Image

സ്ത്രനിയേരി ( ഇറ്റലിയിൽ -16 - മിനി ആന്റണി )

Published on 18 March, 2024
സ്ത്രനിയേരി ( ഇറ്റലിയിൽ -16 - മിനി ആന്റണി )

പ്രണയം... അതെത്രത്തോളം മനോഹരമാണ് എന്നറിയണമെങ്കിൽ പ്രണയിക്കുക തന്നെ വേണം. പ്രണയിക്കുന്ന ഒരാളുടെ ലോകം ഒരൊറ്റ ബിന്ദുവിലേക്ക് ചുരുങ്ങിയൊതുങ്ങും. ഒരപ്പൂപ്പൻതാടി പോലെ ഭാരമില്ലാതെ പറന്നു നടക്കും. ഒരാളുടെ സൗന്ദര്യം അതിൻ്റെ പാരമ്യത്തിലെത്തുന്നത് പ്രണയിക്കപ്പെടുമ്പോഴാണ്. കവിളുകൾ തുടുക്കുന്നത്, ചുണ്ടുകൾ നനവാർന്ന് ചുവക്കുന്നത്, കണ്ണുകളിൽ സ്വപ്നം മയങ്ങുന്നത് അങ്ങനെയങ്ങനെ ഒരാളേറ്റവും ഭംഗിയായി തന്നെയൊരുക്കുന്നത് പ്രണയിക്കപ്പെടുമ്പോഴാണ്. പ്രണയത്തിലയാൾ അല്ലെങ്കിലവൾ അലിഞ്ഞലിഞ്ഞില്ലാതാകും. അതൊരുതരം ലഹരിയാണ്.  സർവ്വതും തട്ടിയെറിയുന്ന കണ്ണുളന്ധമാക്കുന്ന മറ്റെല്ലാ സ്നേഹത്തേയും തിരസ്കരിക്കുന്ന ലഹരി.  ഒരൊറ്റയാളെന്ന സ്വാർത്ഥതയിൽ എന്തു ക്രൂരതക്കും മനസിനെ പാകപ്പെടുത്തുന്ന വിഭ്രാന്തി.  സ്വയമില്ലാതാകുമെന്നറിഞ്ഞിട്ടും  അഗ്നിയെ പുണരുംപോലെ പ്രണയത്തെ പുണരുന്നവർ. 

പ്രണയം എത്രത്തോളം വേദനാജനകമാണെന്നറിയണമെങ്കിലും പ്രണയിക്കണം. പ്രണയിക്കുന്നയാളാൽ തിരസ്ക്കരിക്കപ്പെടണം. അപ്പോൾ ഹൃദയം കീറി മുറിഞ്ഞൊലിക്കും. രക്തം വാർന്നൊഴുകി വിളറിവെളുക്കും. വിശപ്പുകെട്ട് മെലിഞ്ഞുണങ്ങും.   ഒരു കീടത്തേക്കാൾ വിലകെട്ടവളാണെന്ന സ്വയംബോധ്യത്തിൽ തകർന്നടിയും. എന്നിട്ടും ഒട്ടും നാണമില്ലാതെ സ്നേഹിക്കപ്പെടാനായി കേഴും. ഒരു ഭൃത്യയായെങ്കിലും പരിഗണിക്കണമെന്ന് യാചിക്കും. 

ഒരിക്കലും സ്വന്തമാക്കാനാവില്ലെന്ന തിരിച്ചറിവിലോ അത്തരം സ്വന്തമാക്കലുകളിൽ തകർന്നടിയുന്ന മറ്റു ജീവിതങ്ങളെ കുറിച്ചോർത്തോ സ്വന്തം സന്തോഷം ത്യജിക്കുന്ന ചിലരുണ്ട്. നീറുന്ന വേദനയിൽ സ്വന്തം സ്വത്വത്തെ മറന്ന് പ്രണയത്തിൽ നിന്ന് പരസ്പരമൊഴിഞ്ഞുമാറുന്ന പ്രണയിതാക്കളിൽ പ്രണയത്തിൻ്റെ മാസ്മരികതയും ഒന്നിക്കാനാവാത്തതിൻ്റെ വേദനയും ഒത്തുചേർന്നൊരു സമ്മിശ്ര ഭാവമുണ്ടാകും. ഓർമ്മകളിൽ ജീവിച്ച് ഒരിക്കലുമവസാനിക്കാത്ത പ്രണയചഷകം നുണഞ്ഞിറക്കിക്കൊണ്ടിരിക്കുന്നവർ.

പ്രണയമെന്തെന്ന് സ്വയമനുഭവിക്കുന്നതിന് മുൻപ് ഞാൻ ഇത്തരം അവസ്ഥകളിൽകൂടി കടന്നുപോകുന്നവരെ പുഛത്തോടെ മാത്രമേ കണ്ടിരുന്നുള്ളൂ. പൈങ്കിളിക്കഥകളും വായിച്ചുനടക്കുന്ന
കൂതറകളായ  മൂന്നാംകിടക്കാരായ ചിലർക്കുമാത്രമേ പ്രേമമെന്ന നാണംകെട്ട കാര്യം ചെയ്യാനൊക്കൂ എന്നാണ് ഞാനന്നൊക്കെ മനസിലാക്കി വച്ചിരുന്നത്.  ചെറുപ്പത്തിലേ എൻ്റെ മനസ്സിലടിച്ചു കയറ്റപ്പെട്ട ചില തെറ്റായ 
ചിന്തകളിൽ ഒന്നാണത്.  

ഇപ്പോൾ പ്രണയിക്കുന്നവരെ കാണുമ്പോൾ ഞാൻ സന്തോഷിക്കുന്നത് പ്രണയത്തിൻ്റെ മാസ്മരികത എനിക്കറിയാവുന്നതുകൊണ്ടാണ്. ആ സന്തോഷം ഞാനനുഭവിച്ചറിഞ്ഞതാണ്. പ്രണയിക്കുന്ന രണ്ടു പേരിലൊരാൾ ഭാവിയിൽ സഹിക്കാനാവാത്ത വേദനക്കിരയാകുമെന്നോ അതികഠിനമായ വിഷാദത്തിനടിമപ്പെടാൻ സാധ്യതയുണ്ടെന്നോ ഞാനപ്പോൾ ചിന്തിക്കാറില്ല. ഞാനെപ്പോഴും സന്തോഷങ്ങളെ ഓർത്തുവെക്കുകയും വേദനകളെ അതിവേഗം മറക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടായിരിക്കാം അതങ്ങനെ.

എൻ്റെ മരവിച്ചുകിടന്ന മനസിൽ പ്രണയത്തിൻ്റെ വിത്തിട്ടത് ലളിതേച്ചിയായിരുന്നു. എന്നാലാ വിത്ത് മുളച്ചതും വളർന്നതും കാണാൻ ലളിതേച്ചിയുണ്ടായിരുന്നില്ല. 

വാസ്വേട്ടല്ലാത്ത ലോകത്ത് 
ഞാനുംണ്ടാവില്ല്യ.  വാസ്വേട്ടനെ തന്ന്യാക്കിട്ട് എന്ക്ക് പോവാനും പറ്റില്ല്യ.  ൻ്റെ കണ്ണടയനേന് മുന്ന് അങ്ങേര് പോണംന്നാ ഞാനെപ്പ്ഴും പ്രാത്ഥിക്കണെ."

ചില സംസാരങ്ങൾക്കിടക്ക് ലളിതേച്ചി ഇങ്ങനെ പറയാറുണ്ടെങ്കിലും ഞാനത് കാര്യമാക്കിയിരുന്നില്ല. അപ്പനും അമ്മയും ഒരിക്കലും മരിക്കില്ലെന്നും വല്ലപ്പോഴും ഓടിക്കയറിച്ചെല്ലുമ്പോൾ
അവരവിടെ ആ കുന്നിൻചെരുവിലെ വീട്ടിൽ എന്നെയും നോക്കിയിരിപ്പുണ്ടാകുമെന്നുമാണ് എൻ്റെ വിചാരം. അതുപോലെ ലളിതേച്ചിയും വാസുവേട്ടനും അവരുടെ മുട്ടൻമാർക്കൊപ്പം എപ്പോഴും അവിടെയുണ്ടാകും എന്ന ചിന്തയായിരുന്നു എനിക്ക്. അല്ലെങ്കിൽ അവരുടെയൊക്കെ മരണത്തെപ്പറ്റി ഞാൻ ചിന്തിച്ചതേയില്ല. അന്നൊക്കെ എനിക്ക് മരിക്കാൻ ഭയമായിരുന്നു. മരിച്ചവരെ കാണുന്നതും മരണത്തെപ്പറ്റി ഓർക്കുന്നതും ഭയമായിരുന്നു.

തറയിലേക്ക് കുടുംബശ്രീ കടന്നുവന്നപ്പോൾ ഞാൻ സംഘം സെക്രട്ടറിയും ലളിതേച്ചി പ്രസിഡണ്ടുമായി.  പിന്നീട് എ.ഡി.സ്, സി ഡി .സ്  എന്നിങ്ങനെ ഞാൻ പൊതുപ്രവർത്തനവുമായി ഓടിനടന്നു.
ഒപ്പം എൻ്റെ ചെറിയ കന്നുകാലി കൃഷിയും വളർന്നു.

തുടക്കത്തിൽ എല്ലാ ജോലിയും ഒറ്റക്ക് ചെയ്യേണ്ടതുണ്ടായിരുന്നു. പുലർച്ചക്കെഴുന്നേറ്റ്
തൊഴുത്തു കഴുകി വൃത്തിയാക്കി. പശുക്കളെ കുളിപ്പിച്ച് കൈകൊണ്ടു പാല് കറന്നെടുത്തു.  വീട്ടിലുള്ളവർ എഴുന്നേൽക്കുന്നതിനു മുൻപേ പാലളന്ന് കുപ്പിയിലാക്കി.  കടമായിട്ടാണെങ്കിലും പാലൊരു തുള്ളിപോലും ബാക്കി വരാതെ ചിലവാകണം 
എന്നാഗ്രഹിച്ചു. അന്നത്തെ എൻ്റെ ഏറ്റവും വലിയ സന്തോഷം പാത്രത്തിൽ നിറയുന്ന പാലായിരുന്നു. പാലിൻ്റെ അളവു കൂടുന്ന ദിവസം ഞാനാഹ്ലാദിച്ചു. പാല് കുറയുന്ന ദിവസം ഞാനാകുലപ്പെട്ടു. സ്ഥിരക്കാർക്ക് കൊടുക്കാനുള്ള പാലിനായി പാൽ സൊസൈറ്റിയിലേക്കോടി. പോകുന്ന വഴിക്കെല്ലാം  തലേന്ന് കൊടുത്ത തീറ്റയിൽ കുറവു വന്നോ? പശുക്കൾക്ക് എന്തെങ്കിലും അസുഖമുണ്ടോ? എന്നെല്ലാമാലോചിച്ച് വിഷമിച്ചു. 

എല്ലാ പണിയും തീർത്ത് കുളിച്ച് വേഷം മാറി ഞാനടുക്കളയിൽ കയറും. മൂത്തവളെ  ഗൃഹപാഠത്തിനിരുത്തും.  ഒരുക്കി സ്കൂളിലാക്കും. ഇളയതിനെ വീടിനടുത്തുള്ള അംഗനവാടിയിലാക്കുന്നതോടെ  ഒരോട്ട പ്രദിക്ഷണം കഴിയും. അപ്പോൾ മുറ്റത്തെ പത്തുമണി പൂക്കൾ പാതി വിടർന്നിട്ടുണ്ടാകും.  പൂക്കൾ മുഴുവനായി വിടർന്നു കഴിയുമ്പോൾ അലാറമടിക്കുന്നതുപോലെ ആടുകൾ കരയാൻ തുടങ്ങും. അവരെയും അഴിച്ചിട്ട് അരിവാളും ചാക്കും കയറുമെടുത്ത് കോൾപ്പാടത്തേക്കിറക്കും. വിജനമായ പാടത്ത് അവരില്ലെങ്കിൽ ഒരുപക്ഷേ എനിക്ക് ഭയം തോന്നിയേനെ. താഴ്ച്ച കുറഞ്ഞ ഭാഗത്ത് ആടുകൾ നിരന്നുനിന്ന് പൊള്ളയുടെ ഇളം തലപ്പുകൾ വേഗത്തിൽ 
കടിച്ചകത്താക്കും.   അരയോളം വെളളത്തിലിറങ്ങി നിന്ന് ഞാനും പൊള്ളയരിഞ്ഞു കൂട്ടും. ചാക്ക് നിറയുമ്പോൾ വരമ്പത്തു കയറി തുടയിൽ തൂങ്ങിക്കിടക്കുന്ന
തടിച്ചുവീർത്ത അട്ടകൾക്കുമേൽ കയ്യിൽ കരുതിയ സോപ്പുരസും. അവ പിടഞ്ഞ് താഴെ വീഴുമ്പോൾ പൊടിയുപ്പ് കുടഞ്ഞിടും. പൊട്ടിയൊഴുകുന്ന രക്തത്തിലേക്ക് അറപ്പോടെ നോക്കും. അട്ടകളെ എനിക്കറപ്പായിരുന്നു. ഇൻ്റുവിൻ്റെ കൈ പോലെ, ചുണ്ടു പോലെ, ലിംഗംപോലെ എനിക്കറപ്പായിരുന്നു.ആടുകളുടെയും എൻ്റെയും ദേഹത്തുകയറുന്ന എട്ടോ പത്തോ അട്ടകൾ ഓരോ ദിവസവും പിളർന്നുചത്തു. 

"അവറ്റോളെന്തിനാ കൊല്ലണെ. നിൻ്റെ മേത്തെ പൊട്ടച്ചോരല്ലേ അവറ്റോള് കുടിക്കണെ "

ലളിതേച്ചി എന്നും ചോദിക്കും. എന്നാലും ഞാനത് നിർത്താറില്ല. അത്രയും എണ്ണം കുറയുമല്ലോയെന്നും ഒരിക്കലീപ്പാടം അട്ടകളില്ലാത്ത പാടമായി മാറിയാലോയെന്നുമുള്ള തോന്നലാണ് ഒരു കാരണം. രണ്ടാമത്തെ കാരണം ഇത്തിരി വിചിത്രമാണ്.  ചൊറിയുന്ന   തലയിലൂടെ കയ്യോടിക്കുമ്പോൾ അപ്രതീക്ഷിതമായി തടയുന്ന മുട്ടൻ പേനിനെ നഖത്തിൽ വച്ച് മുട്ടുമ്പോഴുണ്ടാവുന്നൊരു സംതൃപ്തി ഒരു സുഖം. വായിൽ വെള്ളം വരുന്ന തരത്തിലൊരറപ്പ്. അത്തരത്തിലൊരു സംഭവമാണ് പൊട്ടിയൊലിക്കുന്ന അട്ടയെ കാണുമ്പോഴും എനിക്കുണ്ടാവുന്നത്.

മൂന്നോ നാലോ ചാക്ക് നിറച്ചും പൊള്ളയരിഞ്ഞ് കഴിയുന്ന നേരത്താണ് മുട്ടൻമാർക്കും കൂടി കുറച്ച് പൊള്ളയരിയാം എന്നു പറഞ്ഞ് ലളിതേച്ചി വരാറ്. വെറുതെയാണ്. മുട്ടൻമാർ പൊള്ളയൊന്നും തിന്നില്ല. വള്ളിയും വയറയും തിന്ന് ശീലിച്ചവരാണവർ.  വെള്ളംകുടിച്ച് കനംവച്ച പൊള്ളപുല്ലുനിറച്ച ചാക്ക്  ഞാൻ തനിയെ വലിച്ച് തോളിലേറ്റും എന്നറിയാവുന്നതുകൊണ്ട് വരുന്നതാണ്. ഒരു കൈ സഹായിക്കാനാരെങ്കിലുമുണ്ടെങ്കിൽ  തലയിലേറ്റി സുഖമായി പുല്ലുംച്ചാക്ക് വീട്ടിലെത്തിക്കാം. അന്ന് എനിക്കതൊന്നും ഭാരമായി തോന്നിയിരുന്നതേയില്ല. 

തിരക്കുകളിൽ എൻ്റെ വായന തീർത്തും നിന്നു.  വായനയെ ശ്വാസംപോലെ കരുതിയിരുന്ന
എന്നിൽ നിന്ന് എത്ര വേഗമാണ് ആ ശീലം തീർത്തും എടുത്തു മാറ്റപ്പെട്ടത്. ഉത്തരവാദിത്വങ്ങളിലേക്ക് എടുത്തെറിയപ്പെടുമ്പോൾ ഒരാൾ മറ്റൊരാളായി മാറും. അല്ലെങ്കിൽ കാര്യമായ മാറ്റങ്ങളെങ്കിലുമുണ്ടാകും.  അയ്യങ്കോട്ടിലെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോകാൻ അപ്പൻ വരുന്നതും കാത്തിരുന്ന പഴയ ഞാനെവിടേയോ ഇല്ലാതായിരുന്നു. വീട്ടിലേക്ക് പോകുന്ന കാര്യം ഞാനാലോചിക്കാറേയില്ല. അത്യാവശ്യമെങ്കിൽ പകലോന്നോടിപ്പോയി വരും. അപ്പനും അമ്മയും എൻ്റെയീ മാറ്റത്തിൽ സന്തോഷിച്ചു. ഭർതൃവീട്ടിൽ നിന്ന് കുറ്റിയും പറിച്ച് മകൾ സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നത് ഏതു മാതാപിതാക്കളാണ് ഇഷ്ടപ്പെടുക. ത്യാഗം സഹിച്ചും മകളവിടെ തുടരണമെന്നു തന്നെയാണ് അവരാഗ്രഹിക്കുക . അതിലഭിമാനിക്കുകയാണ് ചെയ്യുക.ഈ കാലഘട്ടത്തിൽ പോലും അതിന് വലിയ മാറ്റം വന്നിട്ടില്ല എന്നതിലാണൽഭുതം.

അടുത്തുകൂടെ പോകുമ്പോഴെല്ലാം കുപ്പക്കുഴിയുടെ അടുത്തുകൂടിയാണ് താൻ പോകുന്നത് എന്ന വിധത്തിൽ ഇൻ്റു മൂക്കുചുളിച്ചു.  ഒരു പശുനോട്ടക്കാരിയുടെ നാറ്റമല്ല അയാളെ വിലവയ്ക്കാത്ത ബഹുമാനിക്കാത്ത അനുസരിക്കാത്ത ഒരുവൾക്കുള്ള നാറ്റത്തേയാണ് അയാൾ പ്രകടിപ്പിച്ചു കൊണ്ടിരുന്നത്.  ആണാണ് എന്ന കാരണത്താൽ ബഹുമാനം കിട്ടണമെന്നാഗ്രഹിച്ച
വിഡ്ഢിയായിരുന്നു അയാൾ.  ഞാനാ വീടുവിട്ടിറങ്ങുന്നതുവരെ ആ പുഛം  എനിക്ക് സഹിക്കേണ്ടി വന്നിട്ടുണ്ട്.  കണ്ടില്ലെന്ന് എത്ര നടിച്ചാലും 
അതെൻ്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു.

എൻ്റെ ഒറ്റയാൾ പോരാട്ടത്തിന് ഒരറുതി വന്നത് അവാന്തി വന്നതിനു ശേഷമാണ്.  എൻ്റെ ചെറിയ തൊഴുത്ത് പരിഷ്ക്കരിച്ച് അതൊരു ഫാമായി മാറ്റാനുള്ള കാരണക്കാരനും അവാന്തിയായിരുന്നു.

അവാന്തിയെന്നതൊരു 
ഇരട്ടപേരായിരുന്നു. ആ  വിളിപ്പേര് നാട്ടുകാർ  അവന് ചാർത്തിക്കൊടുത്തതായിരുന്നു. "അവാന്തി " എന്തൊരു പേരാണത്. എന്തർത്ഥത്തിലായിരിക്കാം ഇങ്ങനെയൊരു വിളിപ്പേരുണ്ടായത് എന്നൊക്കെ അവാന്തിയെ  പരിചയപ്പെട്ട കാലത്ത് ഞാൻ ചിന്തിച്ചിട്ടുണ്ട്. ഇവിടെ ഇറ്റലിയിലെത്തിയ ശേഷമാണ് 'അവാന്തി ' എന്നത് ഒരിറ്റാലിയൻ വാക്കാണെന്നും  'മുന്നോട്ട്' എന്നാണ് ആ വാക്കിൻ്റെയർത്ഥമെന്നും ഞാനറിയുന്നത്. ആ പേരിട്ടയാൾ ആരാണെങ്കിലും  അർത്ഥമറിയാതെ
ഇട്ടതായിരിക്കാമെങ്കിലും
അതുതന്നെയാണ് അവന് ഏറ്റവും യോജിച്ച പേര്.

ഒരു ദിവസം മകളെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് അവാന്തി വീട്ടിലേക്ക്  കയറി വന്നത്. മൂത്തവൾ മൂന്നാംക്ലാസിലും ഇളയവൾ മൂന്നുവയസുകാരിയുമായിരുന്ന സമയത്ത്.  താടിയും മുടിയും വളർന്നിറങ്ങിയിട്ടുണ്ട്. എന്നാൽ മുണ്ടും ഷർട്ടും ഒട്ടും മുഷിഞ്ഞിട്ടില്ല. ചുളുങ്ങിയിട്ടുമില്ല. അവാന്തി അങ്ങനെയാണ്. തേച്ചുമിനുക്കിയ മുണ്ടും ഷർട്ടും മാത്രമേ ധരിക്കൂ. അതും വെള്ളമുണ്ട് മാത്രം. 

എന്നേക്കാൾ നാലോ അഞ്ചോ വയസ് കൂടുതലുണ്ടാകും അവാന്തിക്ക് . എങ്കിലും ചേച്ചി എന്നേ വിളിക്കാറുള്ളൂ. ഉച്ചവരേക്കും അവൻ വളരെ ഡീസൻ്റായിരിക്കും. ഉച്ചനേരത്ത് ഒട്ടും ഡീസൻ്റല്ലതാനും. ഉച്ചവരെ അവാന്തി എന്തെങ്കിലുമൊക്കെ ജോലിയിലായിരിക്കും. അവാന്തി ചെയ്യുന്ന ജോലികളെ പറ്റി പറയാനാണെങ്കിൽ ഏറെയുണ്ട്. തറയിൽ അവാന്തിയുടെ സഹായം സ്വീകരിക്കാത്ത ഒരൊറ്റ വീടും ഉണ്ടാകില്ല.
പൂച്ചയേയോ കോഴിയേയോ രക്ഷിക്കാൻ കിണറ്റിലിറങ്ങുക, പ്ലാവിൽ കയറുക, വീട്ടിൽ കയറിയ പാമ്പിനെ തല്ലിക്കൊല്ലുക, തുടങ്ങി മറ്റുള്ളവർ ചെയ്യാൻ മടിക്കുന്ന എന്തുപണിയും അവാന്തി ചെയ്യും.

മരണവീട്ടിൽ അവാന്തി മുൻപന്തിയിലുണ്ടാകും. തറയിൽ മാത്രമല്ല തൊട്ടടുത്ത സ്ഥലങ്ങളിലും ശവം സ്ഫുടം ചെയ്യാനുള്ള കാര്യങ്ങളൊരുക്കുന്നത് അവാന്തിയാണ്. ചിരട്ടയും ഉണക്കച്ചാണകവുമടക്കം അതിനുവേണ്ട സാധനങ്ങളെല്ലാം  സ്വരുക്കൂട്ടി ചിതയൊരുക്കി ശവത്തിൻ്റെ
തലയോട്ടി പൊട്ടിയടരുന്ന ശബ്ദം കേൾക്കുന്നതുവരെ  അവാന്തിയവിടെ കാവലിരിക്കും.

തറയുടെ ഒരതിര് റെയിൽപ്പാതയാണെന്ന് ഞാൻ മുൻപേ പറഞ്ഞിരുന്നു. തീവണ്ടിയെ മരണവണ്ടിയെന്നാണ് തറക്കാർ വിളിക്കുന്നത്.  അതിന് കാരണമുണ്ട്.
റെയിൽപാതയുടെ ഇരുവശവും, തറയെത്തുന്നതിനു മുൻപും തറകഴിഞ്ഞും, നീണ്ട വിജനമായ നെൽപ്പാടമാണ്.   ജീവിതം മതിയാക്കാനാഗ്രഹിച്ച പലരും റെയിൽപാതയിലെ വലിയ വളവിനിപ്പുറം പാടത്തിനു നടുവിലായി അവരുടെ ശരീരമുപേക്ഷിക്കാറുണ്ട്. അലറിവിളിച്ചു വരുന്ന ഏതെങ്കിലുമൊരു തീവണ്ടിക്കു മുന്നിൽ. ചിലപ്പോൾ തലയും ഉടലും  വെവ്വേറെയായി കിടക്കും. മറ്റു ചിലപ്പോൾ ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ പെറുക്കി കൂട്ടേണ്ടിവരും.
അതെല്ലാം അവാന്തിയാണ് ചെയ്യുന്നത്.  ആ വിധത്തിൽ അവാന്തി കുറച്ചധികം പ്രസിദ്ധനാണ്.  

കുട്ടികളവനെ ഇഷ്ടപ്പെട്ടു. തറയിൽ നിന്ന് റെയിൽപാത കടന്ന് ഒന്നര കിലോമീറ്റർ നടക്കണം സ്കൂളിലേക്ക്. തറയിലെ കുട്ടികൾ ഒന്നിച്ചാണ് പോക്കും വരവും.   റെയിൽപാതക്കരികിൽ എല്ലാവരുമെത്തും വരെ കാത്തുനിൽക്കും. പിന്നെ രണ്ടോമൂന്നോ കൂട്ടമായി നടക്കാനാരംഭിക്കും. ചെറിയ കുട്ടികളെപ്പോഴും മുതിർന്നവർക്കിടയിലായിരിക്കും. കൃത്യം അവർ പുറപ്പെടുന്ന സമയത്ത് 
അവാന്തിയവിടെയെത്തും. അവരിൽ നിന്ന് ഇത്തിരിയകലം പാലിച്ച് സംരക്ഷകനെന്നപോലെ സ്കൂളുവരെ നിശബ്ദനായി നടക്കും.  

പിന്നെ കുറേനേരം ആളെ കാണില്ല. ആ സമയത്ത് ഏതെങ്കിലും ബാറിലായിരിക്കാം.  കാരണം പിന്നെയുള്ള അവാന്തിയുടെ പ്രവൃത്തികൾ  കണ്ട് കുടിച്ച് ലക്കില്ലാതായിട്ടാണെന്നും മയക്കമരുന്നടിച്ചിട്ടാണെന്നും അഭിപ്രായപ്പെടുന്നവരുണ്ടായിരുന്നു.
സൂര്യൻ തലക്കു മുകളിലെത്തിയാൽ  അവാന്തി മറ്റൊരാളാകുന്നതുകൊണ്ടാണ് ആളുകളങ്ങനെ പറയുന്നത്. റോഡിലൂടെ അലറിവിളിച്ചു നടക്കുന്ന മറ്റൊരവാന്തി . ആ അവാന്തിയുടെ  സംസാരം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. വ്യവസ്ഥിതിയോട് കലഹിക്കുന്ന അവാന്തി . പള്ളിനടയിലും അമ്പലനടയിലും നിന്ന് ദൈവത്തെ വെല്ലുവിളിക്കുന്ന, രാഷ്ട്രീയക്കാരെ തെറിപറയുന്ന അവാന്തി . സത്യത്തിൽ അതാണോ ശരിക്കുള്ള അവാന്തി . അതോ രാവിലെ കാണുന്ന ശാന്തനായ മനുഷ്യനോ? ഞാനതേവരെ കണ്ടിട്ടുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തനായ ഒരു മനുഷ്യൻ.

ഉച്ചതിരിഞ്ഞ് കുട്ടികൾ തിരികെ തറയിലെത്തുന്ന സമയത്ത്
അവാന്തിയും തിരികെയെത്തും. പിന്നെ അവാന്തി ഷാപ്പിലായിരിക്കും. എന്തിനാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്ന് പിന്നീട് ഞാൻ ചോദിച്ചിട്ടുണ്ട്. മറുപടിയില്ലായിരുന്നു.
ഒരുപക്ഷേ അവാന്തിക്കുപോലും അതറിയില്ലായിരിക്കും. കുട്ടികളോടൊപ്പമുള്ള അവാന്തിയുടെ യാത്ര എനിക്കാശ്വാസമായിരുന്നു. നഴ്സറി തുടങ്ങി എൻ്റെ മകൾ നടന്നാണ് സ്ക്കൂളിൽ പോകുന്നത്. കുറച്ച് ദൂരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുഞ്ഞിനെ ചേർത്തണമെന്ന് ഞാൻ വല്ലാതാഗ്രഹിച്ചിരുന്നു.  അവിടേക്ക് സ്കൂൾവാനും ഉണ്ടായിരുന്നു. എന്നാൽ ഇൻ്റു അനുവദിച്ചില്ല. അപ്പൻ്റെ അവകാശം അയാളവിടെ സ്ഥാപിച്ചെടുത്തു. അന്ന് എനിക്ക് വരുമാനമില്ലായിരുന്നു. അതുകൊണ്ട് എതിർക്കാനുള്ള ത്രാണിയുമില്ലായിരുന്നു. ആദ്യ ദിവസങ്ങളിൽ കുഞ്ഞിൻ്റെ ചുവന്നുതിണർത്ത കാൽപാദമുഴിഞ്ഞ് ഞാനെത്രയോ കരഞ്ഞിരിക്കുന്നു. അന്നവൾക്ക് അവാന്തിയെ പരിചയമുണ്ടായിരുന്നില്ല. പേടിയുമായിരുന്നു. പിന്നെപ്പിന്നെ കാലു വേദനിക്കുമ്പോൾ അവാന്തിയുടെ തോളാണ് അവൾക്കാശ്രയമാകാറുള്ളത്.  അവളേക്കാൾ ചെറിയൊരു കുട്ടി തറയിൽ നിന്ന് നഴ്സറിയിലേക്ക് പോകാൻ തുടങ്ങുന്നതു വരെ അത് തുടർന്നിരുന്നു.

അവാന്തിക്ക് ബുദ്ധികൂടി ഭ്രാന്തായതാണെന്നാണ് നാട്ടുകാർ പറയുന്നത്. ഭ്രാന്തില്ലാത്ത ആരെങ്കിലും ഇങ്ങനെയൊക്കെ ചെയ്യുമോ? ചില വട്ടുകൾ ഇങ്ങനെയുമാണ്. റെയിൽപ്പാതക്ക് മുകളിലെ കോളനിയിലായിരുന്നു അവാന്തിയുടെ വീട്. അവാന്തിയുടെ സഹോദരങ്ങളെല്ലാം വിദ്യാഭ്യാസമുള്ളവരും നല്ല നിലയിൽ ജീവിക്കുന്നവരുമായിരുന്നു. നല്ല ജീവിത സാഹചര്യങ്ങളിലേക്കെത്തിയപ്പോൾ അവരെല്ലാം നഗരങ്ങളിലേക്ക് ചേക്കേറി. എങ്കിലും അവർക്കെല്ലാം അവാന്തിയോട് വലിയ കാര്യമാണ്. അല്ലെങ്കിലും ആർക്കാണ് അവാന്തിയെ ഇഷ്ടമല്ലാത്തത്. കുറച്ചകറ്റി നിർത്തുമെങ്കിലും  എല്ലാവർക്കും അവാന്തിയോടിഷ്ടമായിരുന്നു.

നൂറുരൂപ വായ്പ വാങ്ങാനായാണ് അന്ന് അവാന്തി  വന്നത്. പിന്നീടതു കേട്ട് ലളിതേച്ചി പറഞ്ഞു.

" വല്ല്യേ അഭിമാന്യാ.   മുട്ടമ്മാരെ പിടിച്ചു വക്കണേന് വല്ലോം വാസേട്ടൻ കൊട്ത്താ വാങ്ങ്ല്ല്യവൻ.  നിൻ്റെന്ന് ചോച്ചെങ്കി അത് വല്ല്യൽഭുതാ."

ഞാൻ നൂറ് രൂപ കൊടുത്തു. ഒപ്പം ഒരുപകാരവും ആവശ്യപ്പെട്ടു. പുതിയ കിടാവിന് മൂക്കയറിടണം. അതിന് നല്ല ഊരാണ്. എന്നെക്കൊണ്ട് തന്നെ സാധിക്കുമെന്ന് തോന്നുന്നില്ല. അതുകൊണ്ട് അവാന്തിയെ കണ്ടപ്പോൾ എനിക്കതോർമ്മ വന്നു. അവൻ ചെറുപ്പക്കാരനും ആരോഗ്യവാനുമായിരുന്നു.

നാലഞ്ച് വർഷത്തെ കന്നുകാലി പരിപാലനം കൊണ്ട് ഞാനൊരു ചെറിയ കമ്പോണ്ടറായി മാറിയിരുന്നു. കയ്യിൽ കാശൊക്കെയായപ്പോൾ വാങ്ങിയ റിലയൻസിൻ്റെ കുഞ്ഞു ഫോണിലേക്ക് വരുന്ന കോളുകളിലധികവും മൃഗപരിപാലനുവുമായി ബന്ധപ്പെട്ടതായിരുന്നു. കുഞ്ഞ് തലതിരിഞ്ഞുവന്ന  ഒരാടിൻ്റെ പേറെടുക്കാനോ ഏതെങ്കിലും 
പശുവിന് അകിടുവീക്കമോ ദഹനക്കേടോ വന്നാലോ ഒക്കെ ആളുകൾ ആദ്യം വിളിക്കുന്നത് എന്നെയാണ്. 

അവാന്തി  കുട്ടികൾക്കൊപ്പം സ്കൂളിലേക്ക് പോയെങ്കിലും അധികം വൈകാതെ തിരിച്ചെത്തി. ഞാനപ്പോൾ പുല്ലരിഞ്ഞ് വന്നശേഷം പശുക്കൾക്ക് കൊടുക്കാനുള്ള വെള്ളം കലക്കിവയ്ക്കുകയായിരുന്നു. അടുത്തുള്ള വീടുകളിലെ അടുക്കള മുറ്റത്ത് ഒരോ കുടം കൊണ്ട് വച്ചിട്ടുണ്ട്. കഞ്ഞിവെള്ളവും  പഴത്തൊലിയും ഇട്ട് വയ്ക്കാൻ . വൈകിട്ട് അഞ്ചരയോടെ കഞ്ഞിവെള്ളം ശേഖരിക്കാനിറങ്ങും. മൂന്നോ നാലോ പ്രാവശ്യം നടക്കേണ്ടിവരും എല്ലാ വീട്ടുമുറ്റത്തുമെത്താൻ. അങ്ങനെ കൊണ്ടുവരുന്ന കഞ്ഞി വെളളത്തിൽ കുറച്ച് ചോളത്തവിട് ചേർത്തിളക്കിയാൽ പശുക്കൾക്ക് കുശാലായി.

പശുക്കൾ പാടത്തായിരുന്നു.  മഴക്കാലമായതിനാൽ വലിയ വെയിലുണ്ടായിരുന്നില്ല. വേനലിൽ രാവിലെ പശുക്കളെ പുറത്തിറക്കാറെയില്ല. ഇടക്ക് ദേഹം നനച്ചു കൊടുത്ത് തൊഴുത്തിൽ നിർത്തുകയേയുള്ളൂ. വന്നയുടനെ അവാന്തി പാടത്തേക്ക് പോയി. പശുക്കളെയഴിച്ചിട്ടു. അവർക്ക് വഴി മനപാഠമാണ്.  നേരെ നടന്ന് വീട്ടിലെത്തും.  കുറ്റിയും കയറുമെടുത്ത് അവാന്തി അവയ്ക്കു പുറകെയെത്തി.  പിന്നെ കിടാവിൻ്റെ മൂക്കുതുളച്ച്  അനായാസമായി മൂക്കയറിട്ടു.  എൻ്റെ പശുക്കളേതെന്ന് അവൻ മനസിലാക്കി വച്ചിരുന്നല്ലോ എന്ന് ഞാനൽഭുതപ്പെട്ടു.

"നീയെൻ്റെ കൂടെ കൂടിക്കോ 
അവാന്തി . എനിക്കിത്തിരി   ആയം കിട്ടൂലോ. ഇവറ്റോളെ നോക്കലും പഞ്ചായത്തും ഒക്ക്വായിട്ട് എനിക്കൊന്നിരിക്കാൻ നേരല്യ. "

തമാശയായി പറഞ്ഞതാണെങ്കിലും അവാന്തി അത് കാര്യമായിട്ടെടുത്തു.
അങ്ങനെ ആദ്യമായി ഞാനൊരാൾക്ക് ജോലി കൊടുത്തു.

ഇൻ്റുവിൻ്റെ ശക്തമായ എതിർപ്പിനെ ഞാൻ വകവച്ചില്ല. അസഭ്യത്തിൻ്റെ പാരമ്യം. വർഷങ്ങളായി കേൾക്കുന്നതാണ്.  
കഴിവുകെട്ടവൻ്റെ വിലാപമായിട്ടാണ് എനിക്കത് തോന്നാറ്. നിയന്ത്രണം വിടുന്ന ഒരു സമയത്ത് ഞാനയാളെ കൊന്നേക്കുമോ എന്ന ഭയം എപ്പോഴുമുണ്ടായിരുന്നു. അപ്പോഴെൻ്റെ കുഞ്ഞുങ്ങൾ. അവരില്ലായിരുന്നെങ്കിൽ ഞാനത് തീർച്ചയായും ചെയ്തേനെ.

വീടിനകത്തൊതുങ്ങുന്ന ഇത്തരം വൃത്തികേടുകൾ എനിക്കും എൻ്റെ മക്കൾക്കും മാത്രമാണറിയാമായിരുന്നത്. ഞാൻ പറഞ്ഞതിൽ നിന്ന് കുറച്ചൊക്കെ ലളിതേച്ചിക്കും അറിയാമായിരുന്നു. പുറത്തേക്ക് തെറിക്കുന്ന ചില ശീലുകൾ  പിന്നീട് അവാന്തിയുടെ ചെവിയിലെത്തപ്പെട്ടു കാണണം. 
ഇൻ്റുവിനോടുള്ള അതികഠിനമായ വെറുപ്പിനും എന്നോടുള്ള കരുതലിനും കാരണം അതായിരിക്കാം.

പുല്ലരിയാൻ പോകുന്നതൊഴിച്ചാൽ ബാക്കിയെല്ലാ ജോലിയും അവാന്തിയേറ്റെടുത്തു.
പിന്നീട് പുല്ലരിയാനും അവനൊരേർപ്പാടുണ്ടാക്കി. ഒരു കെട്ട് പുല്ലിനിത്ര രൂപയെന്ന നിരക്കിൽ  പുല്ലരിയാനാളെ കിട്ടി. 

കുടുംബശ്രീ വഴി ഞാനൊരു ലോണെടുത്തു. ആധുനിക സൗകര്യങ്ങളോടെ പുതിയ ഷെഡുണ്ടാക്കി.  കൂടുതൽ പശുക്കളെ വാങ്ങി. അവാന്തിക്ക്  സഹായത്തിനൊരാളെകൂടി വച്ചു. ഗോമൂത്രത്തിന് പോലും ചിലവുണ്ടായി.  അവാന്തി അതരിച്ചെടുത്ത് അടുത്തുള്ള വൈദ്യശാലയിലെത്തിച്ചു. 

ഇത്തരം ജോലിക്കിടയിലും അവാന്തി സ്ഥിരം പരിപാടികൾ തുടർന്നുകൊണ്ടേയിരുന്നു. കുട്ടികൾക്കൊപ്പമുള്ള നടത്തം. ഉച്ചനേരത്തെ നടനം. അത് നടനമാണെന്നാണ് എൻ്റെ അഭിപ്രായം.
നട്ടുച്ചക്കുമാത്രം ലക്കുകെടുത്തുന്ന ഏത് ബ്രാൻഡാണുള്ളത്. നല്ല കുടിയനാണെന്നുള്ളത് സത്യമാണ്.
ശവംവാരാനും ശവംകത്തിക്കാനും പോകുന്ന സമയത്ത് ഒരു ലിറ്ററെങ്കിലും കഴിക്കാറുണ്ടെന്ന് അവനെന്നോട് പറഞ്ഞിട്ടുണ്ട്.  ആ സമയത്തൊന്നും ഈ ഭ്രാന്തുണ്ടാകാറില്ലല്ലോ.

കുടിക്കുന്നതിൻ്റെ ദോഷത്തെപ്പറ്റി ആദ്യമായും അവസാനമായും ഞാനുപദേശിച്ച  ആ ദിവസം വ്യക്തമായ ഭാഷയിൽ അവാന്തി പറഞ്ഞു.

"ശവം കാണുന്ന സമയത്ത് പഴയ ചില കാര്യങ്ങൾ ഓർമ്മവരും. ആ സമയത്ത് ലഹരിയിലായിരിക്കണം. അപ്പോഴാ ഓർമ്മകൾക്ക് ശക്തികൂടും. ഞാനെന്നെ ഏറെ സ്നേഹിക്കുന്നതും ഏറെ വെറുക്കുന്നതും ആ സമയത്താണ്. എന്നിലെ ചെകുത്താനും ദൈവവും ഏറ്റുമുട്ടുന്നതും ആ സമയത്താണ്. ആരും ജയിക്കില്ല. ആരും തോൽക്കില്ല. ഒടുവിൽ അവർ തമ്മിലൊരു സമവായത്തിലെത്തുന്ന സമയത്ത് യുദ്ധഭൂമിയായിരുന്ന ഞാൻ തളരും. അപ്പോഴെണീക്കാനും ഇവൻ തന്നെ വേണം. ഇവരെ ഞാൻ തോൽപ്പിക്കുന്ന ഒരു ദിവസം വരും. ദൈവത്തെയും ചെകുത്താനെയും തോൽപ്പിക്കുന്ന ദിവസം." 

പണ്ട് പതിനാറുകാരനായിരുന്ന സമയത്ത് ഒരു   തീവണ്ടിക്ക് മുന്നിൽ ചാടി അച്ഛൻ ജീവിതമവസാനിപ്പിച്ചതും, ചിതറിത്തെറിച്ച അച്ഛൻ്റെ ശരീരം ഒരു കഷണം പോലും പട്ടികൾക്ക് കടിച്ചു വലിക്കാൻ കൊടുക്കാതെ വാരിക്കൂട്ടി പായിട്ട് മൂടി പോലീസുകാർ വരുന്നതുവരെ കാവലിരുന്നതും ലളിതേച്ചി പറഞ്ഞ് എനിക്കറിയാമായിരുന്നു. പച്ചമാംസത്തിൻ്റെ  ഉളുമ്പുമണം അറിയാതിരിക്കാൻ അവാന്തി ആദ്യമായി കുടിച്ചതന്നായിരുന്നു.  പിന്നീട് അതേ റെയിൽപ്പാതയിൽനിന്ന് അമ്മയുടെ ശരീരം  വാരിയെടുത്ത് ആർത്തലച്ച് കരഞ്ഞതും അതേയവാന്തി. ഇത്രയും കാലത്തിനിടയിൽ ചോര കണ്ടറപ്പുമാറിക്കാണണം. ശവം കണ്ട് ചങ്കുറച്ചുകാണണം.

"എൻ്റെ മോനെപ്പോലന്ന്യാ 
എന്ക്കവൻ . വാസേട്ടനും എന്തോരിഷ്ടാവ്നോട്. എന്നാ തിരിച്ചാ മൂരിക്ക് ഒരിഷ്ടോല്ല്യ."  എന്നോട് അവാന്തി സഹകരിക്കുന്നതുകണ്ട് ലളിതേച്ചി എപ്പോഴും പറയും. അത് ശരിയാണുതാനും. ലളിതേച്ചിയെ കണ്ടാൽ അവൻ സംസാരിക്കാൻ നിൽക്കാറില്ല. ഒഴിഞ്ഞുമാറി പോകാറാണ് പതിവ്. അല്ലെങ്കിലും അവാന്തിയങ്ങനെ ആരോടുമധികം സംസാരിക്കാറില്ല. ജോലിയൊക്കെ കൃത്യമാണെങ്കിലും എന്നോടും സംസാരം കുറവായിരുന്നു.

സൗകര്യങ്ങളോടെ ഫാം പുതുക്കുകയും അവാന്തിയും പുതിയൊരാളും സഹായത്തിനെത്തുകയും ചെയ്തതിനു ശേഷം  ലളിതേച്ചിയുമായി സംസാരിച്ചിരിക്കാൻ കൂടുതൽ സമയം കിട്ടാൻ തുടങ്ങി. അങ്ങനെ സംസാരിച്ചിരുന്ന ഒരു വൈകുന്നേരം. അവാന്തി ജോലിയെല്ലാം തീർത്ത് ഷാപ്പിലേക്ക് പോകാൻ നിൽക്കുകയാണ്. 

" ഇവ്നോടിനി കുടിക്കാനും ശവം വാരാനൊന്നും പോണ്ടാന്ന് പറഞ്ഞൂടെ നിന്ക്ക്. ഇവ്ട്പ്പൊ വേണ്ടോളം പണീണ്ടല്ലോ. പറ്റാണ്ങ്കില് ഒരു പെണ്ണെട്ടാൻ പറ.  പ്രായൊന്നും പോയ്ട്ട്ല്ല്യാലോ."
എന്നോടായിട്ടാണെങ്കിലും അവാന്തി കൂടി കേൾക്കട്ടെയെന്ന് കരുതി ലളിതേച്ചി പറഞ്ഞു.

" ഒന്ന് നന്നായി നടന്നോക്ക്യാലെന്താ
ചെക്കന്. ഞാനിങ്ങ്നോരോന്ന് പറയ്ണോണ്ട് ന്നെ കണ്ടൂടാ. "

അവാന്തിയുടെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ ശബ്ദമടക്കി ബാക്കി കൂടിപറഞ്ഞുകൊണ്ട് ലളിതേച്ചി നടന്നുപോയതിൻ്റെ പിറ്റേന്നാണ് അവാന്തി അവസാനമായി ശവം വാരിയത്.

ലളിതേച്ചിയുടെ വീടിനു മുന്നിൽനിന്ന്
ചിതറിത്തെറിച്ച ശരീരഭാഗങ്ങൾ വാരിയെടുത്ത് അവാന്തി ആർത്തലച്ചു കരഞ്ഞു.  വീടിനകത്ത് ഹൃദയം നിലച്ച വാസേട്ടൻ്റെ ശരീരം തണുത്തുമരവിച്ച്  കിടപ്പുണ്ടായിരുന്നു. ലളിതേച്ചി എന്നോടു പറഞ്ഞതുപോലെ തന്നെ ചെയ്തുകളഞ്ഞു.  മരണമെണ യാഥാർത്ഥ്യത്തെ അതിൻ്റെ എല്ലാ ഭീകരതയോടും കൂടിയുൾക്കൊള്ളാൻ എന്നെ പ്രാപ്തയാക്കിയ ദിവസം. മറ്റെല്ലാ ശബ്ദത്തിനും മുകളിൽ മുട്ടൻമാരുടെ  കരച്ചിലുയർന്നു കേട്ട അന്നത്തെ രാത്രിയിൽ രണ്ടു തലയോട്ടികൾ പൊട്ടിയടരുന്ന ശബ്ദം ഞാനും കേട്ടു. ആ രാത്രി മുഴുവൻ അവസാനകനലും  ചാരം മൂടുംവരേക്കും  അവാന്തി അവരുടെ ചിതക്കരികിൽ കുന്തുകാലിൽ കാവലിരുന്നു. ആത്മാക്കളുണ്ടെന്ന വിശ്വാസം ശരിയാണെങ്കിൽ കർമ്മബന്ധത്താൽ മക്കളായവരുടെ സ്നേഹതർപ്പണത്താൽ ആ ആത്മാക്കൾക്ക് ശാന്തി ലഭിച്ചുകാണണം.

 

( സ്ത്രനിയേരി - തുടരും ...)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക