Image

ഡോ. തങ്കം മാത്യു: ചരിത്രം കുറിച്ച  പിഎച്ച്.ഡി; മൃഗങ്ങൾക്കും  മനുഷ്യർക്കും സേവനമെത്തിച്ച  ധന്യത 91-ലേക്ക്  

ഡോ. ടാജി  സൂസൻ എബ്രഹാം Published on 19 March, 2024
ഡോ. തങ്കം മാത്യു: ചരിത്രം കുറിച്ച  പിഎച്ച്.ഡി; മൃഗങ്ങൾക്കും  മനുഷ്യർക്കും സേവനമെത്തിച്ച  ധന്യത 91-ലേക്ക്  

വെറ്ററിനറി മെഡിസിനിൽ പിഎച്ച്.ഡി  നേടുന്ന ഇന്ത്യയിലെ ആദ്യ വനിത ഡോ. തങ്കം മാത്യു അടുത്ത മാസം 91 വയസ് പൂർത്തിയാക്കുമ്പോൾ  അവർ പിന്നിട്ട  വഴികളും  സ്ഥിരോത്സാഹത്തിന്റെയും നേട്ടങ്ങളുടെയും പോരാട്ടങ്ങളുടെയും  കഥകളും  കേൾക്കുന്നത് തന്നെ ആവേശകരമായ അനുഭവമാണ് .

മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് പൂച്ചകളോടും നായ്ക്കളോടും ഉള്ള നിറഞ്ഞ സ്‌നേഹത്തിൽ നിന്നാണ് ഡോ. തങ്കം മാത്യു തന്റെ ശ്രേഷ്ഠമായ കർമ്മമേഖലയിലേക്കുള്ള യാത്ര തുടങ്ങിയത്. കുട്ടിക്കാലത്ത് ജ്യേഷ്ഠൻ പരേതനായ പ്രൊഫ. ഫ്രാൻസിസ് തെക്കിനിയത്തിനൊപ്പം പരിക്കേറ്റ പക്ഷിയെയോ അണ്ണാനെയോ പശുക്കുട്ടിയെയോ പരിചരിക്കുക ആയിരുന്നു അവരുടെ വിനോദം.

Thankam Mathew releasing her 1st book on veterinary virology in 1987

1930-40 കാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് അധികമാരും  മുൻഗണന നൽകിയിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികളെ വിവാഹം കഴിച്ചയക്കണമെന്നതായിരുന്നു നാട്ടുനടപ്പ്.  എന്നാൽ സ്‌കൂൾ അധ്യാപകരും  പ്രിൻസിപ്പലുമായ വിദ്യാസമ്പന്നരായ   മാതാപിതാക്കൾ അതിനു വഴങ്ങിയില്ല.  മകളുടെ  പഠനത്തോടുള്ള   അഭിനിവേശത്തെ അവർ  നന്നായി പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസം നേടുകയെന്ന ആ തീരുമാനത്തെ സമൂഹവും ബന്ധുക്കളും നിരുത്സാഹപ്പെടുത്തിയെങ്കിലും   മാതാപിതാക്കളായ പരേതയായ മേരി കട്ടിക്കാരനും പരേതനായ പി.പി. ദേവസ്സി തെക്കിനിയത്തും മകൾക്കൊപ്പം നിന്നു. രണ്ട് ആൺമക്കളിൽ നിന്ന് യാതൊരു വേർതിരിവും കാണിക്കാതെ മകളെയും അവർ  വളർത്തി.

എറണാകുളത്തെ മഹാരാജാസ് കോളേജിൽ നിന്ന് സയൻസ് (ബോട്ടണി) ബിരുദ പഠനത്തിനിടയിൽ രോഗം ബാധിച്ച പൂച്ചയെ   മൃഗാശുപത്രിയിൽ എത്തിച്ച ദിവസമാണ് ഡോ. തങ്കം മാത്യുവിന് വെറ്ററിനറി പ്രൊഫഷൻ എന്ന ആഗ്രഹം മനസിലുദിച്ചത്.  നിരവധി മൃഗങ്ങൾ കഷ്ടപ്പെടുന്നത് കണ്ട അവർക്ക്  കൂടുതൽ വെറ്ററിനറി ഡോക്ടർമാരുടെ ആവശ്യമുണ്ടെന്നും മനസിലായി. അതേ സമയം വനിതാ മൃഗഡോക്ടർമാരെ ഒരിടത്തും കാണാനുമുണ്ടായിരുന്നില്ല. ഇന്ത്യയിലെ വെറ്ററിനറി കോളേജുകളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്ന് അവർ അന്വേഷിച്ചു. അന്ന്  അവിടെയുണ്ടായിരുന്ന സംസ്ഥാന മൃഗസംരക്ഷണ ഡയറക്ടർ ഡോ. മാധവമേനോൻ അത് കേൾക്കാനിടയായി. രസകരമായ ചോദ്യം കേട്ട്, മദ്രാസ് വെറ്ററിനറി കോളേജിൽ മാത്രമാണ് ഇന്ത്യയിൽ സ്ത്രീകൾക്ക് പ്രവേശനമെന്ന് അദ്ദേഹം പറഞ്ഞു.

 Dr Thankam Mathew with her colleagues at Kerala Veterinary College, 1958. -1959

ഉത്തർപ്രദേശിലെ വാരണാസിയിലുള്ള ബനാറസ് യൂണിവേഴ്സിറ്റിയിൽ  മാസ്റ്റർ ഓഫ് സയൻസ്  പ്രവേശനം നേടിയിരുന്നെങ്കിലും ആഗ്രഹമനുസരിച്ച് അവർ മദ്രാസ് വെറ്ററിനറി കോളേജിൽ  അപേക്ഷിച്ചു.   പ്രവേശനം കിട്ടി. കാമ്പസിലെ ഏക വിദ്യാർത്ഥിനിയായിരുന്നു അവർ.  ഒട്ടേറെ വെല്ലുവിളികൾ അവിടെ നേരിടേണ്ടി വന്നു. ആൺകുട്ടികളുടെ പൂച്ച കരച്ചിൽ, ലൈംഗിക പരാമർശമുള്ള കമന്റുകൾ, ക്ലാസ് റൂം തമാശകൾ എന്നിവയായിരുന്നു അവരെ കാത്തിരുന്നത്.

ആ പെൺകുട്ടിയുടെ ബുദ്ധിമുട്ടുകൾ കണ്ട ചില അധ്യാപകർ   ഇടവേളകളിൽ സ്റ്റാഫ് റൂമിൽ   വന്നിരിക്കാമെന്ന്  അവരോട് പറഞ്ഞു.  വനിതാ വിദ്യാർത്ഥികൾ  ഇല്ലാത്തതിനാൽ ഹോസ്റ്റലോ, മറ്റു താമസ സൗകര്യങ്ങളോ കാമ്പസിനകത്ത് ഉണ്ടായിരുന്നില്ല. YWCA  പോലെയുള്ള താമസസൗകര്യങ്ങളെയാണ് അന്ന് ആശ്രയിച്ചിരുന്നത്. ബസിലെ  യാത്രയും ബസുകൾ മാറിയികയറേണ്ടതും അതിനുള്ള  ഓട്ടവുമൊക്കെ നല്ല ബുദ്ധിമുട്ടായിരുന്നെന്ന് അവർ ഓർക്കുന്നു. ഹോസ്റ്റലിൽ വലിയ തിരക്ക്. വൃത്തിയുള്ള സ്ഥലവും നല്ല ഭക്ഷണവുമില്ലാതെ  അവിടത്തെ  താമസം  ഏറെ കഷ്ടപ്പെടുത്തി. എങ്കിൽപ്പോലും   കോളേജിലെത്തുമ്പോൾ അതെല്ലാം മറന്നു.  ക്ലാസുകൾ നന്നായി ആസ്വദിച്ചു.

Inauguration of  Indian Association of Lady Veterinarians , Kerala Veterinary College, 1985

അക്കാലത്തെ ചില സഹപാഠികളുമായുള്ള  സൗഹൃദങ്ങൾ ജീവിതാവസാനം വരെ തുടർന്നു.  പഠന പങ്കാളികളും അടുത്ത സുഹൃത്തുക്കളുമായി അവർ മാറി. അറിയപ്പെടുന്ന ആന വിദഗ്ധനും   കേരള വെറ്ററിനറി കോളേജ്  റിട്ട. ഡീനുമായിരുന്ന ഡോ. കൃഷ്ണ കൈമൾ,  കേരള വെറ്ററിനറി കോളേജ്  റിട്ട. ഡീനും പാത്തോളജി പ്രൊഫസാറുമായിരുന്ന ഡോ.  കൃഷ്ണൻ നായർ,  അനിമൽ ബ്രീഡിംഗ് ആൻഡ് ജനറ്റിക്സ് പ്രൊഫസാറായിരുന്ന മുകുന്ദൻ ജി, റിട്ട. പ്രൊഫസർ ഓഫ്  ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഡോ. നീലകണ്ഠൻ തുടങ്ങിയവർ.  

നിരവധി വെല്ലുവിളികൾക്കിടയിലും മദ്രാസ് വെറ്ററിനറി കോളേജിൽനിന്നും 1958-ൽ  ഉന്നത മെറിറ്റ് അവാർഡുകളോടെ അവർ  ബിരുദം നേടി. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ വനിതാ വെറ്ററിനറി ഡോക്ടർമാരിൽ ഒരാളായി  ഡോ. തങ്കം മാത്യു മാറി.

1958-ൽ തൃശൂർ മണ്ണുത്തിയിലുള്ള കേരള വെറ്ററിനറി കോളേജ് ഫാക്കൽറ്റിയിൽ  ആദ്യത്തെ വനിതാ അംഗമായി  ഡോ. തങ്കം മാത്യു തന്റെ കരിയർ തുടങ്ങി. ഡോ. വി പത്മനാഭൻ, ഡോ. രാധാകൃഷ്ണ കൈമൾ എന്നിവരോടൊപ്പം അവർ അനാട്ടമി ആൻഡ് ഹിസ്റ്റോളജി വിഭാഗത്തിൽ ലക്ചററായി.  

Meeting President of India at Rashtrapati Bhavan talking about IALV

മദ്രാസിൽ ഹോസ്ടലില്ലാതെ  താൻ  അനുഭവിച്ച വിഷമതകൾ ഇവിടെയുള്ള ഏതാനും വിദ്യാർത്ഥിനികൾ അനുഭവിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. അവർ തൃശൂരിലുള്ള YWCA യിൽ ആയിരുന്നു താമസം. ലേഡീസ് ഹോസ്റ്റലിന്റെ ആവശ്യകത ഡോ. മാത്യു അന്നത്തെ ഡീൻ ഡോ.എം.എൻ.മേനോനെ ബോധ്യപ്പെടുത്തി. അങ്ങനെ കാമ്പസിൽ ഒരു ലേഡീസ് ഹോസ്റ്റൽ തുടങ്ങാൻ  അദ്ദേഹം അനുമതി നൽകുകയും   സ്റ്റാഫ് ക്വാർട്ടേഴ്‌സിനടുത്ത്   ഒരു വീട് ഇതിനായി  നൽകുകയും ചെയ്തു. 1958-1959 കാലത്ത് കേരള വെറ്ററിനറി കോളേജിലെ ആദ്യത്തെ ലേഡീസ് ഹോസ്റ്റൽ തുടങ്ങി.  ഡോ. തങ്കം മാത്യുവായിരുന്നു ആദ്യത്തെ വാർഡൻ.

വിദ്യാർത്ഥിനികൾ ശുചീകരണത്തിനും പാചകത്തിനും   കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു. പഠിക്കാൻ സമയം കുറവ്.  അവർ ഇക്കാര്യം  തന്റെ പിതാവിനോട് പറഞ്ഞു. പിതാവിന്റെ  സഹായത്തോടെ   ഹോസ്റ്റലിൽ  ഒരു സ്ത്രീയെ നിയമിച്ചു. കൊച്ചമ്മ എന്ന് വിളിച്ചിരുന്ന അവർ പാചകവും ശുചീകരണവും വീട് സംരക്ഷണവുമെല്ലാം ഏറ്റെടുത്തു.

പതിറ്റാണ്ടുകൾക്ക് ശേഷം, വനിതാ വെറ്ററിനറി വിദ്യാർത്ഥികളുടെ എണ്ണം കൂടിയപ്പോൾ വലിയ ഹോസ്റ്റൽ ഔപചാരികമായി തുടങ്ങാൻ സർക്കാർ തീരുമാനിച്ചു. അങ്ങനെ 1955-ൽ പഴയ കോളജ് നിന്ന  സ്ഥലത്ത്  പുതിയ ഹോസ്റ്റൽ തുടങ്ങി. ഡോ. തങ്കം മാത്യു തന്നെയായിരുന്നു വാർഡൻ.  

Meeting Prime Minister of India to discuss about supporting women farmers 

മദ്രാസ് വെറ്ററിനറി കോളേജിൽ മാസ്റ്റേഴ്സ്  പഠനത്തിനായി പോകുന്നതുവരെ  അവർ ആ സ്ഥാനം തുടർന്നു.

വർഷങ്ങൾക്ക് ശേഷം അവർ കോളജിൽ മടങ്ങിയെത്തി.  അപ്പോഴേക്കും   മകൾ ഡോ. ടാജി സൂസൻ എബ്രഹാം (മാത്യു) പഠിക്കാനായി കാമ്പസിലെത്തിയിരുന്നു- 1985 മുതൽ 1991 വരെ.  1983-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട  പ്രിയദർശനി ഹോസ്റ്റലിൽ നൂറിൽ പരം വിദ്യാര്ഥിനികളുണ്ടായിരുന്നു. പഴയ കൊച്ചമ്മ അപ്പോഴും ജോലി ചെയ്യുന്നു. അവരെ സഹായിക്കാൻ കൂടുതൽ സ്റ്റാഫ്.  1958 ൽ താൻ  തുടക്കമിട്ട   ഹോസ്റ്റലിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം  മകളെത്തി എന്നത് ഡോ. തങ്കം മാത്യുവിനെ സംബന്ധിച്ചിടത്തോളം  ജീവിതത്തിലെ നാഴികക്കല്ലായി .

മൈക്രോബയോളജിയിൽ എംവിഎസ്സിക്ക് ശേഷം,  ഗവേഷണത്തോടുള്ള അഭിനിവേശം  കൈവിടാത്ത  ഡോ. തങ്കം  ബോംബെയിലെ പ്രശസ്തമായ ഹാഫ്‌കൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വൈറോളജിയിലും ഇമ്മ്യൂണോളജിയിലും  പിഎച്ച്.ഡി നേടി. 1967-ൽ ഈ നേട്ടം  സ്വന്തമാക്കുന്ന  ഇന്ത്യയിലെ ആദ്യത്തെ വനിതാ വെറ്ററിനറി ഡോക്ടറുമായി.

പിന്നീട് മദ്രാസിലെ സ്റ്റാൻലി ഹോസ്പിറ്റലിൽ പോസ്റ്റ്-ഡോക്‌ടറേറ്റിനുശേഷം അവർ 1970-കളുടെ തുടക്കത്തിൽ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസസിൽ ഉന്നത സ്ഥാനത്ത്  നിയമിതയായി.  അവിടെ മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ  രോഗങ്ങളെക്കുറിച്ചുള്ള വിവിധ ഗവേഷണ പ്രോജക്ടുകൾക്ക് നേതൃത്വം നൽകി. അതോടൊപ്പം തന്നെ  3 ചെറിയ പെൺമക്കളെ വളർത്തുന്നതിലും അവർ അർപ്പണബോധം കാട്ടി.

Drs. Zachariah and Thankam Mathew

മികച്ച വെറ്റിനറി ഗവേഷകനായ ഭർത്താവ് ഡോ. സക്കറിയ മാത്യു നൈജീരിയയിലെ കടുനയിൽ   ഫെഡറൽ ലൈവ്‌സ്റ്റോക്ക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ (FLD) ചീഫ് വെറ്ററിനറി ഓഫീസറായി നിയമിക്കപ്പെട്ടപ്പോൾ ഡോ. തങ്കവും പിന്തുടർന്നു.   അവിടെ, അവർ എഫ്എൽഡിയിലെ പ്രിൻസിപ്പൽ സയൻ്റിഫിക് ഓഫീസറായിരുന്നു, കൂടാതെ പബ്ലിക് ഹെൽത്ത് ലബോറട്ടറിയുടെ മേധാവിയും.

നൈജീരിയയിലെ അഞ്ചുവർഷത്തെ കരിയറിൽ സുപ്രധാനമായ നേട്ടങ്ങൾ ഈ ദമ്പതികൾ സ്വന്തമാക്കി. 1980-കളുടെ തുടക്കത്തിൽ യാങ്കരി ഗെയിം റിസർവിലെ മൃഗങ്ങൾക്കിടയിൽ   റൈൻഡർപെസ്റ്റ്  രോഗം (കന്നുകാലി പ്ലേഗ്)  പൊട്ടിപ്പുറപ്പെട്ടപ്പോൾ വിജയകരമായി അതിനെതിരെ പ്രവർത്തിക്കാൻ അവർക്കായി.   എപ്പിഡെമിയോളജിക്കൽ പഠനങ്ങൾ, രോഗം പൊട്ടിപ്പുറപ്പെടാനിടയായ സാഹചര്യങ്ങൾ എന്നിവയിൽ കൃത്യമായ ഇടപെടലുകൾ നടത്തി.  കൂടുതൽ വ്യാപനം തടയാനും ഡോ. തങ്കത്തിന് കഴിഞ്ഞു.  

മുന്നിലുള്ള പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു മുന്നോട്ട് പോയാണ് ഡോ. തങ്കം മാത്യു, തന്റെ വെറ്ററിനറി മെഡിസിൻ മേഖലയിൽ ഗണ്യമായ സംഭാവനകൾ   നൽകിയത്. പോക്‌സ് വൈറസുകളുടെ ഗ്രൂപ്പിലെ ഒരു പുതിയ അംഗമായി  ബഫലോ പോക്‌സ് വൈറസിനെ കണ്ടെത്തിയതിനു അവർ  ഏറെ പ്രശംസിക്കപ്പെട്ടു. ആ കണ്ടെത്തലിന്റെ വലിയ പ്രാധാന്യവും   വൈറസ് മ്യൂട്ടേഷന്റെ വലിയ സാധ്യതയും കാരണം,  അറ്റ്‌ലാന്റയിലെ സി.ഡി.സിയിലെ ശാസ്ത്രജ്ഞരിൽ നിന്നു പോലും അംഗീകാരം നേടാൻ  അക്കാലത്ത് അവർക്ക് സാധിച്ചു.

ഗവേഷണമേഖലയിലെ സംഭാവനകൾക്ക് പുറമേ പ്രസിദ്ധീകരണമേഖലയിലും ഡോ. തങ്കം  തന്റേതായ ഇടപെടലുകൾ നടത്തി. 1987 ൽ ഒരു വനിതാ മൃഗഡോക്ടർ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ  പബ്ലിഷിംഗ്  കമ്പനിയായ തജേമ പബ്ലിഷേഴ്സ് സ്ഥാപിച്ചു. വൈറോളജി, ഇമ്മ്യൂണോളജി, എപ്പിഡെമിയോളജി എന്നിവയെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങൾ അവർ പ്രസിദ്ധീകരിക്കുകയും എഴുതുകയും ചെയ്തിട്ടുണ്ട്.

പ്രൊഫഷണൽ ജീവിതത്തിൽ  പലവിധ  വെല്ലുവിളികളി നേരിട്ട അനുഭവത്തിൽ നിന്ന്  മറ്റ് വനിതാ മൃഗഡോക്ടർമാരുടെയും സ്ത്രീ കർഷകരുടെയും ജീവിതം മെച്ചപ്പെടുത്താൻ നിരന്തരം ശ്രമിക്കുന്ന  ആക്ടിവിസ്റ് ആയും  ഡോ. തങ്കം മാറി.

1985-ൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ലേഡി വെറ്ററിനേറിയൻസ് (IALV) ആരംഭിച്ച അവർ അതിന്റെ സ്ഥാപക സെക്രട്ടറിയായി. കേരള വെറ്ററിനറി കോളേജിൽ നടന്ന ഉദ്ഘാടന യോഗത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ മൃഗഡോക്ടർമാരായിരുന്നു പങ്കെടുത്തത്.  ഐഎഎൽവിയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ, സ്ത്രീ കർഷകരെ പിന്തുണയ്ക്കുന്ന യുഎൻഡിപി പദ്ധതികൾ കൊണ്ടുവരാനും പ്രവർത്തിച്ചു.

Dr. Thankam Mathew at the event when her grandson Tanisq received his Ph.D at the age of 19 last year.

1991-ൽ ബ്രസീലിലെ റിയോയിൽ നടന്ന വേൾഡ് വെറ്ററിനറി കോൺഗ്രസിലും  വേൾഡ് വിമൻ വെറ്ററിനറി അസോസിയേഷനിലും അവർ ഐഎഎൽവിയെ പ്രതിനിധീകരിച്ചു. അതോടൊപ്പം തന്നെ രാഷ്ട്രപതി  ആർ. വെങ്കിട്ടരാമൻ,   പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവരുമായും  കൂടിക്കാഴ്ച നടത്തി. മൃഗസംരക്ഷണത്തിനു പുറമെ വനിതാ കർഷകരുടെ പ്രയാസങ്ങളും അവർ നേരിടുന്ന വെല്ലുവിളികളും  അവർ അവരെ ധരിപ്പിച്ചു.

പിന്നീട് ഐഎഎൽവി കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയുൾപ്പെടെ വിവിധ സംസ്ഥാന ചാപ്റ്ററുകൾക്ക് തുടക്കമിട്ടു. ഐഎഎൽവി ഒരു വലിയ സംഘടനയായി വളർന്നുവെന്ന് താൻ  സൂചിപ്പിച്ചപ്പോൾ, 'ഇത്രയും സ്ത്രീകൾ വെറ്ററിനറി പ്രൊഫഷനിൽ ചേരുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്' എന്നായിരുന്നു അവരുടെ മറുപടിയെന്ന്  ഓർക്കുന്നു . ഏകദേശം 40 വർഷം മുമ്പ് അവർ  നട്ടു പിടിപ്പിച്ച ചെടി   വലിയൊരു  വൃക്ഷമായി.

ഡോ. തങ്കം മാത്യു, 1986-ൽ ന്യൂഡൽഹിയിൽ ഒരു വെറ്റിനറി, മെഡിക്കൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി സഥാപിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു വനിത നേതൃത്വം നൽകുന്ന സംരംഭമായി ഇത്. അമേരിക്കയിലേക്ക് കുടിയേറുന്നതുവരെ ഒരു ദശാബ്ദക്കാലം ഫിസിഷ്യൻമാർക്കും രോഗികൾക്കും മൃഗഡോക്ടർമാർക്കും ഇടയിൽ ഏറെ പേരുള്ള ലബോറട്ടറിയായിരുന്നു ഇത്.

ഒട്ടുമിക്ക സ്ത്രീകളും വീട്ടിലിരുന്ന് അമ്മമാരായിരുന്ന ഒരു കാലഘട്ടത്തിൽ, ഡോ. തങ്കം മാത്യു ദേശീയ- അന്തർദേശീയ തലത്തിൽ ശ്രദ്ധേയ ആയി വളരെ തിരക്കുള്ള പ്രൊഫഷണൽ ജീവിതം നയിച്ചു. അതോടൊപ്പം മൂന്നു മക്കളെയും വളർത്തി. മാതാപിതാക്കളുടെ പാത പിന്തുടർന്ന് വെറ്ററിനെറിയാനായി  ഡോ. ടാജി എബ്രഹാം. മറ്റു മക്കളായ   ഡോ. തൃപ്തി മാത്യു, ആരോഗ്യ വിദഗ്ധയും    ഡോ. ട്രിനി മാത്യു,   പകർച്ചവ്യാധി വിദഗ്ധയുമാണ്.

തൊണ്ണൂറാം വയസിലും ഡോ. തങ്കം    കംപ്യുട്ടർ ഉപയോഗിക്കുന്നു.   പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോൾ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ മരുമകൻ ബിജു  എബ്രഹാമിൻ്റെ സഹായം തേടുന്നു. നിരവധി നേട്ടങ്ങൾ കൈവരിച്ചുവെങ്കിലും ഇന്നും അവർ ജോലിയിൽ വിനയവും അർപ്പണബോധവും പുലർത്തുന്നു.

പ്രൊഫഷണൽ നേട്ടങ്ങൾക്ക് പുറമേ, എംബ്രോയ്ഡറി, ക്രോസ്-സ്റ്റിച്ചിംഗ്, തയ്യൽ, പൂന്തോട്ടപരിപാലനം എന്നീ  ഹോബികളും  അവർ തുടരുന്നു.

മുത്തശിയുടെ പാത കൊച്ചുമക്കളും പിന്തുടരുന്നതിൽ അവർ ആഹ്ലാദം പ്രകടിപ്പിക്കുന്നു. 19 വയസ്സുള്ള കൊച്ചുമകൻ ഡോ. തനിഷ്‌ക് മാത്യു എബ്രഹാം പിഎച്ച്ഡി നേടി. ഈ പ്രായത്തിൽ പി.എച്ച്.ഡി നേടിയ ലോകത്തിലെ അപൂർവം പേരിൽ ഒരാൾ.  18 വയസ്സുള്ള കൊച്ചുമകൾ ടിയാര എബ്രഹാം പിഎച്ച്ഡി പ്രോഗ്രാമിൽ പ്രവേശനം നേടി.  വലിയ പാരമ്പര്യമാണ് തലമുറകളിലൂടെ തുടരുന്നത്.

ഡോ. തങ്കം മാത്യു  91-ാം ജന്മദിനത്തോട് അടുക്കുമ്പോൾ, അവരുടെ ശ്രദ്ധേയമായ ജീവിതയാത്ര ലോകമെമ്പാടുമുള്ള മൃഗഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും പ്രചോദനമായി വർത്തിക്കുന്നു. വെറ്റിനറി മെഡിസിനിലെ സംഭാവനകളും അവരുടെ പയനിയറിംഗ് സ്പിരിറ്റും ഈ രംഗത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.  കൂടാതെ അവരുടെ സംഭാവനകൾ  ഭാവിയിലും  മൃഗഡോക്ടർമാർക്ക് , പ്രത്യേകിച്ച് വനിതാ മൃഗഡോക്ടർമാർക്ക്  പ്രചോദനമാകുമെന്നുറപ്പ്

ഡോക്ടർ സക്കറിയാ മാത്യു കുന്നംകുളം ചെറുവത്തൂർ കൊട്ടിലിൽ കുടുംബത്തിൽ നിന്നാണ്.   തങ്കം മാത്യുവിന്റെ തറവാട് തൃശ്ശൂർ ജില്ലയിൽ തന്നെയുള്ള പുതുക്കാട് ആണ്: പുഴകൻ കട്ടിക്കാരൻ കുടുംബം.

(ഡോ. ടാജി സൂസൻ എബ്രഹാം 1991-ൽ കേരള വെറ്ററിനറി കോളേജിൽ നിന്ന് വെറ്ററിനറി ബിരുദം കരസ്ഥമാക്കി. 1997-ൽ    യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ഡേവിസിൽ നിന്ന് പ്രിവന്റീവ് വെറ്ററിനറി മെഡിസിൻ ബിരുദം കരസ്ഥമാക്കിയത് ഏറെ അഭിമാനകരമായ നിമിഷമായിരുന്നു. ഡോ. തങ്കം മാത്യു ബിരുദദാനചടങ്ങിൽ പങ്കെടുത്തിരുന്നു. കാലിഫോർണിയയിലെ യുസി ഡേവിസിൽ താരതമ്യ പാത്തോളജിയിൽ പിഎച്ച്ഡി നേടി ടാജി  എബ്രഹാം ഉപരിപഠനം തുടർന്നു.

ഇതിനിടെ തന്റെ രണ്ട് കുട്ടികളെയും ഹോംസ്‌കൂളിൽ പഠിപ്പിക്കുന്നതിനായി   കരിയറിൽ നിന്നും ഒരു ബ്രേക്ക് എടുത്തു. ഇപ്പോൾ അമ്മയ്ക്കും കുടുംബത്തിനുമൊപ്പം കാലിഫോർണിയയിൽ  താമസം).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക