Image

ആശ നിരാശകൾ : ലാലു കോനാടിൽ

Published on 20 March, 2024
ആശ നിരാശകൾ : ലാലു കോനാടിൽ

നിരാശയ്ക്ക് രണ്ട് കാരണങ്ങളുണ്ട്
ഒന്ന്, സ്വന്തം ജീവിതത്തിലെ
അനുഗ്രഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല... 
രണ്ട്, തന്നെക്കാൾ ദുരിതങ്ങളിലൂടെ
നടന്നിട്ടും പിടിച്ചു നിൽക്കുന്നവരെ
കണ്ടിട്ടുമില്ല...

ഓരോരുത്തരുടെയും പ്രശ്നങ്ങളും
പോരായ്മകളും എണ്ണിത്തുടങ്ങിയാൽ
അവസാനമുണ്ടാകില്ല, കഴിഞ്ഞു പോയതും
വരാൻ സാധ്യതയുള്ളതുമായ എല്ലാ
പ്രതിസന്ധികളും ഒറ്റവരിയിൽ ദൃശ്യമാകും...

ഇതിനിടയിൽ പച്ചവെളിച്ചത്തിന്റെ ഒരു
സാധ്യതയും ആരും ആരായികയുമില്ല...

അവനവന്റെ നഷ്ടങ്ങളെക്കാൾ അന്യന്റെ
ആദായങ്ങളാണ് പലരെയും 
വിഷാദത്തിലാക്കുന്നത്...

പരാതിയും പരിഭവവും ജീവിതത്തിന്റെ
ഭാഗമാണ്, ആശയറ്റു പോകുന്നിടത്താണ്
തിരിച്ചുവരവ്  അസാധ്യമാകുന്നത്...

സ്വയം മരണം വരിച്ചവരോട് അവരുടെ
ജീവൻ വേർപ്പെടുന്നതിനു  തൊട്ടുമുൻപ്
എന്താണ് അവസാന ആഗ്രഹമെന്ന്
ചോദിച്ചാൽ - ഇനിയും ജീവിക്കണം എന്ന്
തന്നെയായിരിക്കും മറുപടി...

പക്ഷേ, ഒരു ദുർബല നിമിഷത്തിൽ എടുത്ത്
തെറ്റായ തീരുമാനം സ്വപ്നങ്ങൾക്കും
ആഗ്രഹങ്ങൾക്കും പൂർണ്ണവിരാമമിടും...

എനിക്കാരും വേണ്ട, ഞാൻ ഇനി ഉണ്ടാവില്ല
തുടങ്ങിയ ചിന്തകൾക്ക് സ്ഥായിഭാവമില്ല
താൽക്കാലിക വികാരങ്ങൾ മാത്രമാണത്...

അവയെ വലിച്ചു നീട്ടി വിചാരണ
ചെയ്യുന്നിടത്താണ് ജീവിതം
കൈവിട്ടു പോകുന്നത്...

ജീവിതം ആസ്വദിക്കാൻ, ഓരോ
നിമിഷത്തിലും അതിന്റെ സന്തോഷം
കണ്ടെത്തണം..

ഒരു ജീവിതവും ഒരുപോലെ അല്ലെന്നും
എല്ലാ ജീവിതങ്ങൾക്കും തനതായ
താളമുണ്ടെന്നും തിരിച്ചറിയണം...

ഒരേ വീട്ടിൽ താമസിക്കുന്നവർക്കും, ഒരേ
സ്ഥലത്ത് ജോലി ചെയ്യുന്നവർക്കും, ഒരേ
വഴിയിൽ യാത്ര ചെയ്യുന്നവർക്കും, ഒരേ
ജീവിതമല്ല എന്നും ഓർമ്മയിൽ വേണം...

അവനവന്റേതിൽ ആനന്ദിക്കാൻ
പഠിക്കണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക